സ്മാര്‍ട്ടായി യാത്രപോകാം; നിങ്ങളെ സഹായിക്കുന്ന ആപ്പുകളിതാ

യാത്ര പോകാന്‍ പറ്റിയ സമയമാണ് നവംബര്‍. തണുപ്പും സീസണല്‍ ഫെസ്റ്റിവലുകളും മാത്രമല്ല, വിദേശത്തേക്കൊക്കെ യാത്ര ചെയ്യുന്നവര്‍ക്കായി നിരവധി ഓഫറുകളും വിവിധ ടൂര്‍ കമ്പനികള്‍ നല്‍കുന്നുണ്ട്. ലോകത്തിലെ തന്നെ മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും ഷോള്‍ഡര്‍ സീസണെന്നാണ് ഒക്ടോബര്‍, നവംബര്‍ മാസങ്ങളെ വിശേഷിപ്പിക്കുന്നത്. വലിയ തിരക്കിനു മുന്നേ അനുഭവപ്പെടുന്ന തിരക്കു കുറഞ്ഞ സമയം എന്നിതിനെ വിശേഷിപ്പിക്കാം. സ്ഥലങ്ങള്‍ക്കു മാത്രമല്ല, വിമാന ടിക്കറ്റുകള്‍ക്കും ഹോട്ടല്‍ ഡീലുകള്‍ക്കും ഒക്കെ ഇത് ബാധകമാണ്. യാത്ര ചെയ്യാന്‍ വളരെ കാലമായി ആഗ്രഹിച്ചിരിക്കുന്നവര്‍ നിങ്ങളുടെ ബാക്ക് പാക്കുകള്‍ തയ്യാറാക്കിക്കോളൂ. ഇതാ നിങ്ങളുടെ യാത്രകളില്‍ കൂടെ കൂട്ടാന്‍ കുറച്ച് ആപ്പുകളെ കൂടെ പരിചയപ്പെടാം.

യാത്രയ്ക്കായി ഏത് സ്ഥലം തിരഞ്ഞെടുക്കണം എന്നതു മുതല്‍ എവിടെ റൂം എടുക്കണം, ഏത് ഭക്ഷണം കഴിക്കണം എന്നും കുറഞ്ഞ ചെലവില്‍ ലോകം ചുറ്റാനുള്ള പ്ലാനുകളും എല്ലാം ഈ ആപ്പുകള്‍ പറഞ്ഞു തരും. എവിടെ ടോയ്‌ലറ്റ് ഫെസിലിറ്റി ഉണ്ട്, എവിടെ ഫ്യുവല്‍ നിറയ്ക്കണം, പൈസ ഉള്ള എടിഎം കണ്ടു പിടിക്കുവാനും കാലാവസ്ഥ പറയുവാനും ഒക്കെ ആപ്പുകളുള്ളപ്പോള്‍ യാത്ര എളുപ്പവും ചിലവ് കുറയ്ക്കുന്നതുമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇനി ഫോട്ടോഗ്രഫിയും യാത്രയും ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ല ചിത്രങ്ങള്‍ പകര്‍ത്താനും ഈ ആപ്പുകള്‍ സഹായിക്കും.

ട്രാവ്കാര്‍ട്ട്

എവിടേക്കുള്ള യാത്രകളുമായിക്കൊള്ളട്ടെ, യാത്രയ്ക്കു വേണ്ടുന്ന വിവരങ്ങളെല്ലാം ഒറ്റയടിക്ക് ഒപ്പിച്ചെടുക്കുവാന്‍ പറ്റുന്ന ആപ്പാണ് ട്രാവ് കാര്‍ട്ട്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇന്റര്‍നെറ്റില്ലാതെ എളുപ്പത്തില്‍ ഉപയോഗിക്കുവാന്‍ സാധിക്കും എന്നതാണ്. സ്ഥലങ്ങളെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും കൂടാതെ അതുമായി ബന്ധപ്പെട്ട യാത്രാ വിവരങ്ങളും അടുത്തുള്ള ഹോട്ടലുകളിലെ ഓഫറുകള്‍, അടുത്തുള്ള സൗകര്യങ്ങള്‍ തുടങ്ങിയവ എല്ലാം ട്രാവ്കാര്‍ട്ട് വഴി ലഭിക്കും.

ട്രിപ്പ് അഡ്‌വൈസര്‍

യാത്രാ പ്രേമികളുടെ ഇഷ്ട ആപ്പാണ് ട്രിപ്പ് അഡ്‌വൈസര്‍. പേരു സൂചിപ്പിക്കുന്നതുപോലെ ട്രിപ്പ് അഡൈ്വസര്‍ ഒരു മികച്ച യാത്രാ ഉപദേഷ്ടാവാണ്. യാത്ര പോകുന്ന സ്ഥലങ്ങളെക്കുറിച്ച് കൃത്യമായ ഒരു ധാരണ ഉണ്ടാക്കുവാനും അതിനടുത്ത ഹോട്ടലുകള്‍, പിക്‌നിക് സ്‌പോട്ടുകള്‍, ആശുപത്രികള്‍, ദേവാലയങ്ങള്‍, ഗാരജ് ഒക്കെ ഇതില്‍ നിന്നും എളുപ്പത്തില്‍ ലഭിക്കും. കൂടാതെ എല്ലാത്തിനെയും കുറിച്ച് വളരെ കുറഞ്ഞ വരികളില്‍ മികച്ച റിവ്യൂ കാണുവാനും അതനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കുവാനും സാധിക്കും. ശരിയായ മാര്‍ഗ നിര്‍ദേശങ്ങള്‍ ആണെന്ന് ഉറപ്പുവരുത്താന്‍ നാല് സ്റ്റാറിന് മേലെയുള്ള റിവ്യൂ റേറ്റിംഗ് വേണം പരിഗണിക്കാന്‍.

മേക്ക് മൈ ട്രിപ്

വളരെ സാധാരണയായി ഉപയോഗിക്കപ്പെടുന്ന ആപ്പാണെങ്കിലും നല്ല വേഗതയില്‍ യാത്രാ കാര്യങ്ങള്‍ക്ക് ഒരു തീരുമാനത്തിലെത്തുവാന്‍ സഹായിക്കുന്ന ആപ്പാണ് ഇത്. യാത്രാ പ്രേമികളെ ഈ ആപ്പ് കുറച്ചൊന്നുമല്ല സഹായിക്കുന്നത്. ചെറു യാത്രകളാകട്ടെ, വലിയ യാത്രകളാകട്ടെ, ട്രെയിനിന്റെയും വിമാനത്തിന്റെയും സമയം അറിയുവാനും ടിക്കറ്റ് ബുക്ക് ചെയ്യുവാനും മികച്ച ഓഫറുകള്‍ വളരെ നേരത്തെ അറിയാനുമൊക്കെ ഇത് സഹായിക്കുന്നു.

ഗൂഗ്ള്‍ ട്രാന്‍സ്ലേറ്റ്

ഭാഷയറിയാതെ എങ്ങനെയാ തനിച്ച് യാത്ര ചെയ്യുന്നതെന്ന് ചിലര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ഈ പരാതി ഇനി ഈസിയായി പരിഹരിക്കാം. കേരളത്തിനു പുറത്തേയ്ക്കാണ് യാത്ര പ്ലാന്‍ ചെയ്യുന്നതെങ്കില്‍ ആദ്യം തന്നെ ഗൂഗ്ള്‍ ട്രാന്‍സ്ലേറ്റ് ഇന്‍സ്റ്റോള്‍ ചെയ്താല്‍ മതി. എത്തിച്ചേരുന്ന നാട്ടിലെ ഭാഷ അറിയാതെ വട്ടംതിരിയേണ്ടി വരുന്ന അവസ്ഥകളില്‍ ഏറ്റവും സഹായിക്കുന്ന ആപ്പാണിത്. ഭാഷ ഒരു പ്രശ്‌നമാക്കാതെ സുഖമായി യാത്ര ചെയ്യുവാന്‍ സഹായിക്കുന്ന ഈ ആപ്പില്‍ 130 ഓളം ഭാഷകളെ എളുപ്പത്തില്‍ ഉപയോഗിക്കുവാന്‍ കഴിയും. വിദേശികള്‍ നോര്‍ത്ത് ഇന്ത്യന്‍ ട്രാവലിനായി ഏറ്റവുമധികം ഉപയോഗിച്ച ആപ്പാണിതെന്ന് അടുത്തിടെ ഗൂഗ്ള്‍ തന്നെ പറഞ്ഞിരുന്നു. ഇനി ഭാഷ അറിയില്ല എന്നു പറഞ്ഞെന്തിന് മടിച്ചു നില്‍ക്കണം.

വെയ്‌സ്

തെക്കും വടക്കും അറിയാന്‍ ജിപിഎസ് സംവിധാനമില്ലേ എന്നു പറഞ്ഞു കേള്‍ക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ജിപിഎസിന്റെ കാര്യത്തില്‍ പുലികള്‍ പലതുണ്ടെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ പലതും ഉപകാരപ്പെടാറില്ല. ഇങ്ങനെ ജിപിഎസ് ആപ്പുകള്‍ പണി തരുന്ന അവസരങ്ങളില്‍ ഉപയോഗിക്കുവാന്‍ പറ്റിയതാണ് WAZE എന്ന ജിപിഎസ് ആപ്പ്. സ്പീഡും റൂട്ടും മാത്രമല്ല, റോഡിലെ ക്യാമറയുടെ വിവരം വരെ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്ന ആപ്പാണിത്.

അക്യൂ വെതര്‍

ഇവിടുത്തെ കാലാവസ്ഥ കണ്ടു മാത്രം യാത്ര പ്ലാന്‍ ചെയ്യരുതേ. എവിടേക്ക് യാത്ര പോയാലും അവിടുത്തെ കാലാവസ്ഥ അറിയാം. കാലാവസ്ഥയില്‍ വരാനിടയുള്ള മാറ്റങ്ങളും അറിയാം. കാലാവസ്ഥയുടെ കാര്യത്തില്‍ എല്ലാ സഹായങ്ങളും കൃത്യതയോടെ ചെയ്തു സഹായിക്കുന്ന ആപ്പാണ് അക്യൂ വെതര്‍.

ഗൂഗിള്‍ മാപ്‌സ്, ലെന്‍സ്

'എന്റെ ഗൂഗ്ള്‍ ദൈവങ്ങളെ കാത്തോളണേ…' ഇന്‍സ്റ്റാഗ്രാമിലെ ട്രാവല്‍ ലവേഴ്‌സിനിടയില്‍ ഹിറ്റ് ആയ ഡയലോഗ് ആണിത്. കാരണം മറ്റൊന്നുമല്ല ഗൂഗ്ള്‍ നല്‍കുന്ന ട്രാവല്‍ സപ്പോര്‍ട്ട് തന്നെ. ഏറ്റവും അടുത്തുള്ള പെട്രോള്‍ പമ്പ്, ടോയ്‌ലറ്റ്, എടിഎം തുടങ്ങി ആവശ്യമുള്ളതെന്തും കണ്ടു പിടിച്ചു തരുവാന്‍ ഗൂഗിള്‍ മാപ്പ് സഹായിക്കുന്നത്രയും മറ്റാരും ചെയ്യില്ല! മാപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഓഫ് ലൈനില്‍ ഉപയോഗിക്കുവാന്‍ സാധിക്കുന്ന സൗകര്യമാണ് ഗൂഗിള്‍ മാപ്‌സ് നല്‍കുന്നത്. കാര്‍, ടൂ വീലര്‍ വഴികള്‍ പ്രത്യേകം മാപ്പ് ചെയ്തിരിക്കുന്നതിനാല്‍ ടൂവീലര്‍ ട്രിപ്പ് പോകുന്നവര്‍ക്കും ഏറെ ഗുണകരമാണ്.

ഇനി ഫോട്ടോഗ്രഫി പ്രേമികളാണ് നിങ്ങളെങ്കിലോ. ക്യാമറ മാത്രം ഉപയോഗിച്ച് മുന്നിലുള്ള കാര്യങ്ങളെയും വിവരങ്ങളെയും കണ്ടു പിടിക്കുവാന്‍ സഹായിക്കുന്ന ആപ്പാണ് ഗൂഗില്‍ ലെന്‍സ്. ക്യൂആര്‍ കോഡ്, ചിത്രങ്ങള്‍ പെയിന്റിംഗുകള്‍ തുടങ്ങിയവ ഉപയോഗിച്ച് ലൊക്കേഷന്‍ കണ്ടെത്തുവാന്‍ ഇത് സഹായിക്കുന്നു.

ഡെയ്‌ലി

ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ

ലഭിക്കാൻ join Dhanam

Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it