ആഗോള ടൂറിസം രംഗത്ത് തൊഴില്‍ നഷ്ടം 7.5 കോടി

കോവിഡ് 19 മൂലം ടൂറിസം വ്യവസായം നിശ്ചലാവസ്ഥയിലായിലായതിനാല്‍ ആഗോള സമ്പദ്വ്യവസ്ഥയ്‌ക്കേറ്റിരിക്കുന്നത് വന്‍ ആഘാതമാണെന്ന് യു. എന്‍ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ട്രാവല്‍ ഓര്‍ഗനൈസേഷന്റെ (യുഎന്‍ഡബ്ല്യുടിഒ) വിലയിരുത്തല്‍. ആഗോള ജിഡിപിയുടെ 10 ശതമാനം വരുന്ന ഈ വ്യവസായ മേഖലയുടെ ചരിത്രത്തില്‍ മുമ്പൊരിക്കലും സംഭവിക്കാത്ത തകര്‍ച്ചയാണുണ്ടായിരിക്കുന്നതെന്നും ലോകത്താകമാനമായുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ 96 ശതമാനവും പൂട്ടിക്കിടക്കുകയാണെന്നും ഇതു സംബന്ധിച്ചു പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

മറ്റ് യുഎന്‍ ഏജന്‍സികളുമായി സഹകരിച്ച് മാഡ്രിഡിലെ ആസ്ഥാനത്തു നിന്ന് കൊറോണ വൈറസ് പ്രതിസന്ധിയെ സൂക്ഷ്മമായി നിരീക്ഷിച്ചു സമാഹരിച്ചുകൊണ്ടിരിക്കുന്ന ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് യുഎന്‍ഡബ്ല്യുടിഒ യുടെ റിപ്പോര്‍ട്ട്. ആഗോളതലത്തിലുള്ള മൊത്തം തൊഴിലാളികളില്‍ 10 ശതമാനം പേര്‍ പ്രവര്‍ത്തിച്ചുവരുന്ന മേഖലയാണ് ടൂറിസം. കോടിക്കണക്കിനു പേരുടെ തൊഴിലാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നതെന്ന് ഗ്ലോബല്‍ ടൂറിസം ക്രൈസിസ് കമ്മിറ്റി യോഗത്തിനു മുന്നോടിയായി യുഎന്‍ഡബ്ല്യുടിഒ സെക്രട്ടറി ജനറല്‍ സൂറബ് പോളോളികാഷ്വിലി പറഞ്ഞു.

വീഡിയോ-ടെലികോണ്‍ഫറന്‍സ് വഴി ലോകമെമ്പാടുമുള്ള പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരുന്ന ഗ്ലോബല്‍ ടൂറിസം ക്രൈസിസ് കമ്മിറ്റി വൈറസ് പ്രതിസന്ധിക്കു ശേഷം ടൂറിസം വ്യവസായത്തിന്റെ പുനരുദ്ധാരണത്തിനു മുന്‍കൂട്ടി സ്വീകരിക്കേണ്ട നടപടികളില്‍ വ്യാപൃതമായിക്കഴിഞ്ഞു. അതിര്‍ത്തികള്‍ എന്നത്തേക്ക് വീണ്ടും തുറക്കാനാകുമെന്ന വിലയിരുത്തലിനു തുടക്കമായി. വിനോദ സഞ്ചാരികള്‍ നിരവധി ആഴ്ചകളിലെ ഒറ്റപ്പെടലില്‍ നിന്ന് പുറത്തുവരുമ്പോള്‍ ഉണ്ടാകാനിടയുള്ള സാഹചര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെപ്പറ്റിയും സൂക്ഷ്മ പഠനങ്ങള്‍ നടക്കുന്നുണ്ട്.

ടൂറിസം മേഖലയ്ക്ക് നഷ്ടമായിക്കഴിഞ്ഞ സുസ്ഥിര സാമ്പത്തിക വളര്‍ച്ച തിരിച്ചുപിടിക്കാന്‍ വലിയ ശ്രമങ്ങള്‍ അനിവാര്യമാണെന്ന് യുഎന്‍ഡബ്ല്യുടിഒ സെക്രട്ടറി ജനറല്‍ പറഞ്ഞു. 2008-2009 സാമ്പത്തിക പ്രതിസന്ധിയിലും 2003 ല്‍ സാര്‍സ് പൊട്ടിപ്പുറപ്പെട്ട സമയത്തും മികച്ച പ്രതിരോധം തെളിയിച്ച ട്രാക്ക് റെക്കോര്‍ഡുള്ള ടൂറിസം രംഗത്തിന് സമനില വീണ്ടെടുക്കാന്‍ വൈകാതെ സാധ്യമാകുമെന്നപ്രതീക്ഷയാണ് അദ്ദേഹത്തിനുള്ളത്. അതേസമയം, സാമ്പത്തികവും രാഷ്ട്രീയവുമായ പിന്തുണ ഇക്കാര്യത്തില്‍ ആവശ്യമാണ്.

യുഎന്‍ഡബ്ല്യുടിഒയുടെ കണക്കനുസരിച്ച്, 2020 ല്‍ ആഗോള അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 മുതല്‍ 30 ശതമാനം വരെ കുറയാനിടയുണ്ട്. ഇത് മൂലമുണ്ടാകുന്ന നഷ്ടം 30 - 50 ബില്യണ്‍ ഡോളര്‍ വരും.ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 2009 ല്‍ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം 4 ശതമാനമാണ് കുറഞ്ഞത്. 2003 ലെ സാര്‍സ് വൈറസ് ബാധയുടെ കാലത്ത് വെറും 0.4 ശതമാനം മാത്രമേ കുറഞ്ഞുള്ളൂ. 2020 ന്റെ ആദ്യ പകുതിയില്‍ അന്താരാഷ്ട്ര വിമാന യാത്രികരുടെ എണ്ണം 503 ദശലക്ഷം കുറഞ്ഞ് 607 ദശലക്ഷമാകുമെന്ന കണക്കും നിലവില്‍ ടൂറിസം മേഖലയ്ക്ക് ആശ്വാസം പകരുന്നതല്ല.

നിലവില്‍ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട ഏകദേശം ഏഴര കോടി ജോലികള്‍ അപകടത്തിലാണെന്ന് ഈ രംഗത്തെ വ്യവസായ ഗ്രൂപ്പായ വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ (ഡബ്ല്യുടിടിസി) ചൂണ്ടിക്കാട്ടി. ഏഷ്യ-പസഫിക് മേഖലയില്‍ മാത്രം 49 ദശലക്ഷം ജോലികള്‍ നഷ്ടമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.ഏഷ്യയിലും ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റിലുമാണ് കൂടുതല്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it