വിദേശത്തു നിന്നുള്ള യാത്രയ്ക്ക് വിലക്ക്;ടൂറിസം മേഖല നിശ്ചലം

ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് കനത്ത നിയന്ത്രണം

വന്നതില്‍ ആശങ്ക രൂക്ഷം. നയതന്ത്ര വിസകള്‍ ഒഴികെയുള്ള എല്ലാ വിസകളും

ഏപ്രില്‍ 15 വരെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം പ്രവാസി

സമൂഹത്തിന്റെ പരിഭ്രാന്തി രൂക്ഷമാക്കി.ഏറെക്കുറെ നിശ്ചലാവസ്ഥയിലായ

രാജ്യത്തെ ടൂറിസം ബിസിനസ് വലിയ തകര്‍ച്ചയിലേക്കു പതിക്കാനിടയാക്കും പുതിയ

സാഹചര്യമെന്ന് മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

സമുദ്രോല്‍പ്പന്നങ്ങളുള്‍പ്പെടെ

ഭക്ഷ്യ വിഭവങ്ങളുടെയെല്ലാം കയറ്റുമതിയും ഇറക്കുമതിയും പൂര്‍ണ്ണമായി

നിലയ്ക്കുന്ന അവസ്ഥയാണ് വന്നുചേരുന്നത്.വിസ നിയന്ത്രണങ്ങള്‍

ഇന്ത്യയിലേക്കുള്ള വിമാനങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് എയര്‍ലൈന്‍

എക്‌സിക്യൂട്ടീവുകള്‍ പറഞ്ഞു.വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ യഥേഷ്ടം

നിര്‍ത്തിവയ്ക്കുന്നു.കോവിഡ് -19 നെ 'മഹാമാരി'യായി ഡബ്ല്യുഎച്ച്ഒ

പ്രഖ്യാപിച്ചത് ആഗോളതലത്തില്‍ത്തന്നെ വ്യാമയാന ഗതാഗതത്തെ സാരമായി

ബാധിക്കുമെന്ന ഭീതിയും വ്യാപകം.

മെഡിക്കല്‍

വിസ കൈവശമുള്ളവര്‍ ഉള്‍പ്പെടെ അടിയന്തിരമായി ഇന്ത്യയിലേക്ക് പോകേണ്ട ഏതൊരു

വിദേശ പൗരനും ഇനി അടുത്തുള്ള ഇന്ത്യന്‍ മിഷനുമായി ബന്ധപ്പെടണമെന്നാണ്

നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഫെബ്രുവരിക്ക് ശേഷം ചൈന, ഇറ്റലി, ഇറാന്‍, ദക്ഷിണ

കൊറിയ, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്ന് വരുന്ന

ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ എല്ലാ യാത്രക്കാര്‍ക്കും 14 ദിവസത്തെ

ക്വാറന്റൈന്‍ ഇപ്പോള്‍ത്തന്നെ നിര്‍ബന്ധമാണ്.ഇക്കാരണത്താല്‍ത്തന്നെ

വിദേശത്തു നിന്ന് ടൂറിസ്റ്റുകളുടെ വരവ് നിലച്ചിരുന്നു.

114

രാജ്യങ്ങളില്‍ കോവിഡ് -19 ബാധയുടെ 118,000 കേസുകളും 4,291 മരണങ്ങളും

റിപ്പോര്‍ട്ട് ചെയ്തതോടെ ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) ഇതിനെ

'പാന്‍ഡെമിക്' അഥവാ 'മഹാമാരി'യായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇന്ത്യ

കര്‍ശന യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.ആരോഗ്യ, വ്യോമയാന, വിദേശകാര്യ

മന്ത്രിമാര്‍ യോഗം ചേര്‍ന്നാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിമാരുടെ സമിതി വിശദമായ

ശുപാര്‍ശകള്‍ സര്‍ക്കാരിനു നല്‍കിയിരുന്നു.

കോവിഡ്

-19 നെ മുന്‍നിര്‍ത്തി ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) ജനുവരി 30 ന് ആഗോള

പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണ് പ്രഖ്യാപിച്ചത്. അനാവശ്യ പരിഭ്രാന്തി

സൃഷ്ടിക്കുമെന്ന ആശങ്ക മൂലം കൊറോണ വൈറസ് ബാധയെ പകര്‍ച്ചവ്യാധി എന്ന്

വിളിക്കാന്‍ വിമുഖത കാണിച്ച ഡബ്ല്യുഎച്ച്ഒ ഇന്നലെ അഭിപ്രായം മാറ്റി

'മഹാമാരി' പ്രഖ്യാപിക്കുകയായിരുന്നു.പിന്നാലെ ഇന്ത്യ വിസ നിയന്ത്രണവും

പ്രഖ്യാപിച്ചു.

ഇതിനിടെ, കൊറോണ ഭീതിയുടെ

പശ്ചാത്തലത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിമാന

സര്‍വീസുകള്‍ സൗദി അറേബ്യ നിര്‍ത്തലാക്കിയത് മലയാളികള്‍ അടക്കമുള്ള

ഇന്ത്യക്കാരെ സാരമായി ബാധിക്കും. സൗദിയില്‍ നിന്ന് നാട്ടില്‍ പോകാന്‍

റീഎന്‍ട്രിയോ എക്സിറ്റോ വിസ നേടി കാത്തിരിക്കുന്നവര്‍ക്ക് രാജ്യം വിടാനും

നിലവില്‍ അതത് സ്വദേശങ്ങളില്‍ അവധിയില്‍ കഴിയുന്നവര്‍ക്ക് സൗദിയിലേക്ക്

മടങ്ങി വരാനും അധികൃതര്‍ 72 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്.

ഇഖാമയുള്ളവര്‍ക്കാണ് തിരിച്ചെത്താന്‍ 72 മണിക്കൂര്‍ സമയം

അനുവദിച്ചിരിക്കുന്നത്. ആരോഗ്യമേഖലയിലുള്ളവര്‍ക്ക് വിലക്ക് ബാധകമല്ല.

ഇന്ത്യക്ക്

പുറമേ പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, യൂറോപ്യന്‍ യൂണിയന്‍,

സ്വിറ്റ്‌സര്‍ലന്റ്, സുഡാന്‍, ഇത്യോപ്യ, എറിത്രിയ, കെനിയ, ജിബൂട്ടി,

സൊമാലിയ എന്നീ രാജ്യങ്ങളിലെ യാത്രകള്‍ക്കാണ് സൗദി താല്‍ക്കാലിക

വിലക്കേര്‍പ്പെടുത്തിയത്.ഇവിടെ നിന്നുള്ള യാത്രക്കാരെ

ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ രാജ്യത്തിനകത്ത് കയറ്റില്ല. 45 കൊറോണ

കേസുകളാണ് സൗദി അറേബ്യയില്‍ റിപ്പോട്ട് ചെയ്തിട്ടുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it