ബോറടിച്ചിരിക്കേണ്ട! വരൂ വിര്‍ച്വല്‍ ടൂര്‍ പോയിവരാം; ലോകം മുഴുവന്‍ ചുറ്റാം, ഒപ്പം ഡിസ്‌നി വേള്‍ഡും കാണാം

കൊറോണ എന്ന ഭീകരന്‍ പാരവെച്ചത് ജോലിക്കും ബിസിനസിനും ദൈനംദിന ജീവിതത്തിനും മാത്രമല്ല, കാലങ്ങളായി പ്ലാന്‍ ചെയ്തുവെച്ച കുറേപേരുടെ യാത്രകള്‍ക്കു കൂടിയായിരുന്നു. പ്ലാന്‍ ഒന്നും നടന്നില്ലെങ്കിലും വീട്ടിലിരുന്നു തന്നെ മനസ്സില്‍ കയറിക്കൂടിയ ഇടങ്ങളും ലോകോത്തര മ്യൂസിയങ്ങളുമൊക്കെ കാണുവാന്‍ ഇതാ ഒരു സുവര്‍ണാവസരം, പോയിവരാം വിര്‍ച്വല്‍ ടൂര്‍. വീട്ടിലെ ലിവിംഗ് റൂമിലോ ബെഡിലോ ഇരുന്ന് തന്നെ കാണേണ്ട ലോകം തിരിച്ചും മറിച്ചും എത്ര സമയമെടുത്തു വേണമെങ്കിലും കാണാം എന്നതാണ് വിര്‍ച്വല്‍ ടൂറുകളുടെ അല്ലെങ്കില്‍ വിര്‍ച്വല്‍ യാത്രകളുടെ പ്രധാന ഗുണം. ഇതാ വീട്ടിലിരുന്നു തന്നെ കണ്ടു തീര്‍ക്കുവാന്‍ പറ്റിയ മികച്ച വിര്‍ച്വല്‍ ടൂറുകള്‍ പരിചയപ്പെടുത്താം. ഇതില്‍ പലതും സൗജന്യമാണെന്നിരിക്കെ ഇനിയെന്തിന് സമയം കളയണം. ഒരുങ്ങിക്കോളൂ വിര്‍ച്വല്‍ ടൂര്‍ കാണാന്‍.

മൊണാലിസയെ കണ്ടുവരാം

ഡാവിഞ്ചി കോഡിന്റെ മോണാലിസയോ വാന്‍ഗോഗിന്റെ പ്രശസ്ത ചിത്രങ്ങളോ ഒക്കെ നേരിട്ട് കാണമെങ്കിലും മിക്കവര്‍ക്കും അത് സാധിച്ചു എന്നുവരില്ല. ഈ ആഗ്രഹം സാധിക്കും. ഇതാ വിര്‍ച്വല്‍ ടൂര്‍ വഴിയുള്ള മ്യൂസിയം സന്ദര്‍ശനം നിങ്ങളെ കണ്ടു കൊതി തീരാത്ത ദൃശ്യ വിസ്മയങ്ങളിലൂടെ കൊണ്ടുപോകും. വിവിധ മ്യൂസിയങ്ങളിലൂടെ സൗജന്യ വിര്‍ച്വല്‍ ടൂറുകള്‍ ഗൂഗ്ള്‍ വഴി ലഭ്യമാണ്. പാരീസിലെ ലൂവ്രേ മ്യൂസിയം, ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയം, ആംസ്റ്റര്‍ഡാമിലെ റിജ്ക്‌സ് മ്യൂസിയം, വാന്‍ഗോഗ് മ്യൂസിയം, ലോസ് ആഞ്ചലസിലെ പോള്‍ ജെറ്റി മ്യൂസിയം തുടങ്ങിയവയെല്ലാം ഇതില്‍ പെടും.

ഗൂഗിള്‍ ആര്‍ട്‌സ് & കള്‍ച്ചര്‍

ഗൂഗിള്‍ ആര്‍ട് ആന്‍ഡ് കള്‍ച്ചര്‍ വഴിയും ലോകത്തിലെ പ്രശസ്തമായ മ്യൂസിയങ്ങള്‍ കാണാം. ഗൂഗില്‍ ആര്‍ട് ആന്‍ഡ് കള്‍ച്ചര്‍ പേജിലെ മ്യൂസിയം വ്യൂ വഴി നൂറുകണക്കിന് മ്യൂസിയങ്ങള്‍ കാണാനുള്ള സാധ്യതകള്‍ ഇവിടെയുണ്ട്. 3470 ഡിജിറ്റല്‍ ടൂറുകളാണ് മ്യൂസിയം, ക്ഷേത്രങ്ങള്‍, ദേവാലയങ്ങള്‍,പള്ളികള്‍ തുടങ്ങിയ വിഭാഗങ്ങളിലായി കാണുവാനുള്ളത്. ഈ അവസരം പാഴാക്കരുതേ.

ഈ സൈറ്റ് വഴി മ്യൂസിയങ്ങള്‍ മാത്രമല്ല, ലോക പ്രശസ്തമായ പല ഇടങ്ങളും നേരിട്ട് മുന്നില്‍ നില്‍ക്കുന്നതു പോലെ കാണാം. ലോക പൈതൃക സ്ഥാനങ്ങള്‍, പ്രശസ്തങ്ങളായ ദേവാലയങ്ങള്‍, ക്ഷേത്രങ്ങള്‍, സ്മാരകങ്ങള്‍ എന്നിവയുടെയെല്ലാം കാഴ്ച ഇവിടെ ലഭിക്കും. സ്റ്റോനണ്‍ ഹെന്‍ചുകള്‍, പിരമിഡ്, താജ്മഹല്‍, തുടങ്ങിയവെല്ലാം ടിക്കറ്റും തിരക്കുമൊന്നുമില്ലാതെ സൗകര്യം പോലെ മൊബൈല്‍ എടുത്ത് ഒറ്റ ക്ലിക്കില്‍ ആസ്വദിക്കാം.

നഗരവീഥികളിലൂടെ പറന്ന് നടക്കാം

ലോക്ഡൗണില്‍ കുടുങ്ങി കിടക്കുമ്പോള്‍ ചെയ്യുവാന്‍ പറ്റിയ കാര്യങ്ങളിലൊന്നാണ് പുതിയ നഗരത്തെ പരിചയപ്പെടുക എന്നത്. വീട്ടില്‍ കുടുങ്ങിപ്പോയ സഞ്ചാരികള്‍ക്ക് സമയം ചിലവഴിക്കാന്‍ ഇഥൊരു മികച്ച മാര്‍ഗമാണ്. യൂ ട്യൂബിലെ വിആര്‍ ഗോറില്ലയില്‍ 360 ഡിഗ്രി വ്യൂവിലുള്ള ആയിരക്കണക്കിന് നഗരങ്ങളുടെ വിആര്‍ ടൂറുകള്‍ ലഭ്യമാണ്. ലണ്ടന്‍, റോം, ജപ്പാന്‍, തുടങ്ങിയ ഇടങ്ങളുടെ മനോഹരമായ കാഴ്ചകള്‍ ഇവിടെ കാണാം. നോക്കൂ.

ലൈവായി കാണാം മൃഗങ്ങളെ

വിദേശ രാജ്യങ്ങളിലെ പ്രശശ്തമായ ചില മൃഗശാലകളിലും വന്യജീവി സങ്കേതങ്ങളിലും ലൈവായി കാഴ്ചകള്‍ പങ്കുവെക്കുന്നുണ്ട്. അതും ലോകപ്രശസ്തമായ കാലിഫോര്‍ണിയയിലെ മോണ്‍ടെറേ ബേ അക്വേറിയം, ബാള്‍ട്ടിമോറിയ നാഷണല്‍ അക്വേറിയം തുടങ്ങിയവയുടെ ഔദ്യോഗിക സൈറ്റുകളില്‍ ഇത്തരം കാഴ്ചകള്‍ കാണുവാന്‍ സാധിക്കും.

വരൂ ഡിസ്‌നി വേള്‍ഡില്‍ ഒഴുകി നടക്കാം

മുതിര്‍ന്നവര്‍ക്കു മാത്രമല്ല കുട്ടികള്‍ക്കും ലോക്ഡൗണ്‍ വിരസതയാണ് നല്‍കുന്നത്. വെക്കേഷന്‍ സമയമായിട്ടുകൂടി വീട്ടിലിരിക്കേണ്ടി വന്ന അവരെയും സന്തോഷിപ്പിക്കാം. ഡിസ്‌നി വേള്‍ഡിലേക്കുള്ള വിര്‍ച്വല്‍ ടൂര്‍ ഇതിന് നിങ്ങളെ സഹായിക്കും. മൊബൈല്‍ കണക്റ്റ് ചെയ്യാന്‍ കഴിയുന്ന ടിവിയുണ്ടെങ്കില്‍ കാഴ്ചകള്‍ കേങ്കേമം. ബാക്ഗ്രൗണ്ടില്‍ ഏതെങ്കിലും ഡിസ്‌നി സോംഗ് കൂടെ പ്ലേ ചെയ്ത് പോയാല്‍ സംഭവം കലക്കും.

സ്‌പേസില്‍ പോകാം തൂവല്‍ പോലെ

ഇനി മറ്റൊരു സുവര്‍ണാവസരം കൂടെ വിര്‍ച്വല്‍ ടൂര്‍ നല്‍കുന്നു. അമേരിക്കന്‍ ബഹിരാകാശ ഗവേഷണം നാസ ചെറിയ രീതിയില്‍ ബഹിരാകാശ യാത്രയുടെ വിര്‍ച്വല്‍ ടൂര്‍ നിങ്ങള്‍ക്ക് നല്‍കുന്നു. ഇരുട്ടുള്ള മുറിയിലിരുന്ന് ആസ്‌ട്രോനട്ട് ഗൈഡഡ് വീഡിയോകള്‍ കണ്ട് നോക്കൂ. ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനുകളിലേക്കുള്ള യാത്ര നിങ്ങളെ വിസ്മയിപ്പിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it