ജീവനക്കാരെ പ്രചോദിപ്പിക്കാന്‍ ഒഴിവാക്കൂ, ഇത്തരം അബദ്ധങ്ങള്‍!

ലോകത്തെ 35 ശതമാനത്തോളം കമ്പനികളില്‍ മാത്രമേ തികച്ചും പ്രചോദിതരായ ജീവനക്കാരുള്ളൂവെന്നാണ് കണ്ടെത്തല്‍. ഒരു സംരംഭകനെക്കാള്‍ വളരെയധികം ഊര്‍ജ്ജസ്വലരും ആവേശഭരിതരും ക്രിയാത്മകമായി ചിന്തിച്ച് പ്രവര്‍ത്തിക്കുന്നവരുമായ വലിയൊരു സംഘം ജീവനക്കാര്‍ ഒരു സ്ഥാപനത്തിലുണ്ടെങ്കില്‍ എന്തായിരിക്കും ആ സംരംഭത്തിന്റെ കുതിപ്പും വളര്‍ച്ചയുമെന്നത് ഊഹിക്കാന്‍പോലും സാധിക്കില്ല.

ഇത്തരത്തില്‍ പ്രചോദിതരായ ഒരു സംഘം ജീവനക്കാര്‍ തങ്ങളുടെ സ്ഥാപനത്തിലും ഉണ്ടായിരിക്കണമെന്ന് ഏതൊരു സംരംഭകനും ആഗ്രഹിച്ചുപോകും. എന്നാല്‍ ജീവനക്കാരുമായുള്ള ഇടപെടലിലും അവരെ മാനേജ് ചെയ്യുന്നതിലും സംരംഭകര്‍ വരുത്തുന്ന ചില അബദ്ധങ്ങള്‍ അവരെ ഡീമോട്ടിവേറ്റ് ചെയ്യുക മാത്രമല്ല മികച്ച പ്രകടനം കാഴ്ചവക്കുന്നതില്‍ നിന്നും ജീവനക്കാരെ പിന്നോക്കം നയിച്ചേക്കാനും സാദ്ധ്യതയുണ്ട്. സംരംഭകര്‍ വരുത്തുന്ന അത്തരം ചില അബദ്ധങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുക.

1.പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലായ്മ

ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതാണ് സംരംഭകര്‍ വരുത്തുന്ന ഒരു പ്രധാന തെറ്റ്. അവരുടെ ചുമതലകളില്‍ അവര്‍ എല്ലായ്‌പ്പോഴും നിയന്ത്രിക്കപ്പെടുന്നുവെന്ന തോന്നല്‍ ജീവനക്കാര്‍ക്ക് ഉണ്ടാകുന്നത് ഗുണകരമല്ല. സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുമുള്ള അവസരം ജീവനക്കാര്‍ക്കുണ്ടായിരിക്കണം. അതുണ്ടെങ്കില്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിക്കും.

2.നൈപുണ്യ വികസനമില്ലായ്മ

ജീവനക്കാരുടെ വൈദഗ്ധ്യം വികസിപ്പിക്കാനുള്ള അവസരങ്ങള്‍ ഒരിക്കലും അവര്‍ക്ക് നിഷേധിക്കരുത്. പകരം ഓരോ വര്‍ഷവും അതിനുള്ള അവസരങ്ങള്‍ കണ്ടെത്തി നല്‍കുന്നതിനായിരിക്കണം സംരംഭകന്‍ ശ്രമിക്കേണ്ടത്. മാര്‍ക്കറ്റിംഗ് മാനേജര്‍, എച്ച്.ആര്‍ മാനേജര്‍, പ്രൊഡക്ഷന്‍ മാനേജര്‍, ടെക്‌നീഷ്യന്‍ തുടങ്ങി ഏത് റോളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കും അവരുടെ അറിവും പരിചയവും ഉപയോഗിക്കാനും അവ മെച്ചപ്പെടുത്താനും വേണ്ട അവസരം നല്‍കണം. ഇത്തരം നടപടികള്‍ അവരില്‍ പ്രൊഫഷണല്‍ സംതൃപ്തിയുളവാക്കും.

3 .ടീം അവബോധമില്ലായ്മ

മികച്ചൊരു ടീമിനെ വളര്‍ത്താതെ വ്യക്തിഗത ഫോക്കസ് മാത്രം നല്‍കുന്നത് വളര്‍ച്ചക്ക് ഉപകരിക്കുകയില്ല. അനന്യസാധാരണവും സദാ വിജയം കൊയ്യുന്നതുമായ ശക്തമായൊരു ടീമിന്റെ ഭാഗമാണ് തങ്ങളെന്ന ധാരണ ഓരോ ജീവനക്കാരനും ഉണ്ടാകണം. ഒരു ലൂസിംഗ് ടീമിന്റെയോ അല്ലെങ്കില്‍ ഒരു ശരാശരി ടീമിന്റെയോ ഭാഗമാണ് തങ്ങളെന്ന തോന്നല്‍ അവര്‍ക്കുണ്ടായാല്‍ അവരുടെ പ്രകടനം കുത്തനെ താഴേക്കായിരിക്കും പോകുന്നത്.

3 അംഗീകാരമില്ലായ്മ

ജീവനക്കാരുടെ മികച്ച പ്രവര്‍ത്തനങ്ങളെയും സംഭാവനകളെയും നിരാകരിക്കുന്നതോ കണ്ടില്ലെന്ന് നടിക്കുന്നതോ ശരിയായ നടപടിയല്ല. അത് അവരെ നിരാശാഭരിതരാക്കുകയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ മോശമായ പ്രകടനത്തിന് വഴിയൊരുക്കുകയും ചെയ്യും. ഉദാഹരണമായി ജീവനക്കാര്‍ വിശദമായി പഠിച്ചു നല്‍കിയ ഒരു പ്രോജക്ട് റിപ്പോര്‍ട്ടിനെ സംരംഭകന്‍ അലസമായി അലമാരക്കുള്ളില്‍ വച്ചുപൂട്ടിയാല്‍ തങ്ങളുടെ പരിശ്രമത്തിന് യാതൊരു വിലയുമില്ലെന്ന വസ്തുത അവര്‍ക്ക് ബോദ്ധ്യമാകും.

സംരംഭകരുടെ ഭാഗത്ത് നിന്നുള്ള ഇത്തരം വിഴ്ചകള്‍ ഒഴിവാക്കിയാല്‍ തന്നെ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകും. അതിലൂടെ ഉല്‍പാദനക്ഷമത ഇരട്ടിക്കുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ ജീവനക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ അര്‍ത്ഥമുണ്ടെന്ന കാര്യം അവര്‍ക്കും ബോദ്ധ്യപ്പെടേണ്ടതുണ്ട്. എങ്കില്‍ മാത്രമേ വ്യക്തികളെന്ന നിലയിലും ടീമെന്ന നിലയിലും അവര്‍ കൂടുതല്‍ പ്രചേദിതരാകുകയുള്ളൂ. ഉദാഹരണമായി ഒരു സംരംഭത്തിന്റെ ഭാഗമാകുന്നതോടെ ജീവനക്കാരന് സ്വയം മാറാനും കമ്പനിയെയും ഇന്‍ഡസ്ട്രിയെയും മാറ്റുന്നതിനും ലോകത്തെ തന്നെ മാറ്റിമറിക്കുന്നതിനും സാധിക്കുമെന്നു വന്നാല്‍ പിന്നീടൊരിക്കലും അയാളെ ആരും പ്രചോദിപ്പിക്കേണ്ട ആവശ്യമുണ്ടാകില്ല.
_____________________________________________________
(ടൈക്കോണ്‍ കേരള 2019ല്‍ ആഗോള ബിസിനസ് സംരംഭമായ ഓലം ഇന്റര്‍നാഷണലിന്റെ കോ-ഫൗണ്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ സണ്ണി വര്‍ഗീസ് നടത്തിയ പ്രഭാഷണത്തെ ആസ്പദമാക്കി തയ്യാറാക്കിയത്്)

N.S Venugopal
N.S Venugopal  

Related Articles

Next Story

Videos

Share it