വിപണി സൃഷ്ടിക്കാന്‍ ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജി

നിങ്ങളുടെ ബിസിനസ് പ്രകടനം നിങ്ങള്‍ക്ക് സ്വയം നിശ്ചയിക്കാനായാലോ? ഇന്‍ഡസ്ട്രിയിലെ മറ്റുള്ളവരോട് മത്സരിക്കുന്നതിന് പകരം നിങ്ങളുടെ ബിസിനസിന്റെ ഗതിവേഗം ക്രമപ്പെടുത്തി സവിശേഷമായ ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിച്ച് സാധ്യതകളേറെയുള്ള പുതിയ വിപണിയില്‍ നിന്ന് ലാഭം കൊയ്യല്‍ സ്വയം ചെയ്യാനായാലോ?

ഇത്തരമൊരു സാഹചര്യം ഉണ്ടാക്കുകയാണ് ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജിയുടെ ലക്ഷ്യം. പരമ്പരാഗത മത്സരങ്ങളില്‍ കുരുങ്ങി നില്‍ക്കാതെ മത്സരമില്ലാത്ത വിപണി എങ്ങനെ കണ്ടെത്താമെന്ന സിദ്ധാന്തമാണ് ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജി പറയുന്നത്.

ചാന്‍ കിമ്മും റിനീ മൗബോര്‍ഗനും ചേര്‍ന്ന് രചിച്ച ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജി എന്ന പുസ്തകത്തിലാണ് ഈ വാക്ക് ആദ്യമായി വെളിച്ചം കാണുന്നത്. വിപണി പങ്കാളിത്തത്തിനായി കടുത്ത മത്സരം നടക്കുന്ന റെഡ് ഓഷ്യന്‍ എന്ന പരമ്പരാഗത സ്ഥിതി വിശേഷത്തില്‍ നിന്ന് വിഭിന്നമായി മത്സരമില്ലാത്ത ഒരു വിപണി കണ്ടെത്താനുള്ള ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജി എന്ന മാര്‍ഗത്തെ കുറിച്ച് ഈ പുസ്തകം വിശദീകരിക്കുന്നു.

സംരംഭകന് ബ്ലൂ ഓഷ്യന്‍ എങ്ങനെ കണ്ടെത്താം?

എളുപ്പം കണ്ടുപിടിക്കാന്‍ പറ്റാത്ത ബ്ലൂ ഓഷ്യന്‍ കണ്ടെത്തുന്നതിനായി ഫോര്‍ ആക്ഷന്‍സ് ഫ്രെയിംവര്‍ക്ക് (Four Actions Framework) പരിഗണിക്കേണ്ടതുണ്ട്. ഒരു പുതിയ വാല്യു കര്‍വ് രൂപപ്പെടുത്തുമ്പോള്‍ ഉപഭോക്താവിന് മൂല്യ വര്‍ധനയ്ക്കുള്ള ഘടകങ്ങള്‍ രൂപപ്പെടുത്താന്‍ ഫോര്‍ ആക്ഷന്‍ ഫ്രെയിംവര്‍ക്ക് ഉപയോഗിക്കുന്നു. നാല് പ്രധാന ചോദ്യങ്ങളിന്മേലാണ് ഫോര്‍ ആക്ഷന്‍സ് ഫ്രെയിംവര്‍ക്കിന്റെ നിലനില്‍പ്പ്

ഉയര്‍ത്തുക: ഏത് ഘടകങ്ങളാണ് ഇന്‍ഡസ്ട്രിയുടെ നിലവാരത്തിന് മുകളില്‍ ഉയര്‍ന്നു നില്‍ക്കേണ്ടത്?

ഒഴിവാക്കുക: ഇന്‍ഡസ്ട്രിയിലെ ഏത് ഘടകമാണ് ഒഴിവാക്കേണ്ടത്?

കുറയ്ക്കുക:
ഇന്‍ഡസ്ട്രിയുടെ, നിലവാരമില്ലാത്ത ഏത് ഘടകങ്ങളാണ് കുറയ്‌ക്കേണ്ടത്?

സൃഷ്ടിക്കുക:
ഇന്‍ഡസ്ട്രി ഇതു വരെ ഓഫര്‍ ചെയ്യാത്ത ഏതു ഘടകമാണ് സൃഷ്ടിക്കേണ്ടത്?

ഈ ചോദ്യങ്ങള്‍ കമ്പനികളെ മത്സരത്തിന്റെ എല്ലാ ഘടകങ്ങളും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാന്‍ നിര്‍ബന്ധിതരാക്കുകയും മത്സരം സംബന്ധിച്ച് നടത്തിയ തെറ്റായ അനുമാനങ്ങള്‍ എന്തൊക്കെയെന്ന് കണ്ടെത്താന്‍ ബിസിനസ് ലീഡറെ സഹായിക്കുകയും ചെയ്യും.

ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജി സംബന്ധിച്ച നാല് പ്രധാന കാര്യങ്ങള്‍ ഇവയാണ്

* ഇത് വ്യത്യസതയും കുറഞ്ഞ ചെലവും പിന്തുടരുന്നു

വ്യത്യസ്തയും വിലക്കുറവുമാണ് ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജിയുടെ അടിസ്ഥാനം. ഉയര്‍ന്ന വില ഈടാക്കിയാല്‍ മികച്ച മൂല്യവും കുറഞ്ഞ വിലയ്ക്ക് നാമമാത്രമായ മൂല്യവും ഉപഭോക്താക്കള്‍ക്ക് നല്‍കാം എന്നതാണ് നമ്മള്‍ ധരിച്ചിരിക്കുന്നത്.
വിപണി ഇന്നു വരെ നല്‍കിയിട്ടില്ലാത്ത ആശയങ്ങള്‍ അവതരിപ്പിച്ച് വിപണിയിലെ മത്സരത്തിനുള്ള ഘടകങ്ങള്‍ ഇല്ലായ്മ ചെയ്ത്, മൂല്യത്തിനനുസരിച്ച വില എന്ന സിദ്ധാന്തം മാറ്റിയെഴുതാനാണ് ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജി ശ്രമിക്കുന്നത്.

* മത്സരമില്ലാത്ത വിപണി സൃഷ്ടിക്കുന്നു

ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജി മത്സരം ലക്ഷ്യം വെക്കുന്നില്ല. ഇന്‍ഡസ്ട്രിയുടെ അതിരുകള്‍ വികസിപ്പിച്ച് മത്സരം അപ്രധാനമാക്കി മാറ്റാനാണ് ഇതില്‍ ശ്രമിക്കുന്നത്. നിലവിലുള്ള വിപണിയില്‍ തുടര്‍ന്ന് അവിടെ മികച്ചതാകാനാണ് പരമ്പരാഗത മാര്‍ക്കറ്റിംഗ് തന്ത്രങ്ങളില്‍ നോക്കുന്നതെങ്കില്‍ ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജിയില്‍ അതിരുകള്‍ ഭേദിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിര്‍ത്തിക്കുള്ളില്‍ കിടന്ന് പ്രവര്‍ത്തിക്കുന്നതിന് പകരം ചിട്ടയായ പ്രവര്‍ത്തനങ്ങളോടെ ബ്ലൂ ഓഷ്യന്‍ സൃഷ്ടിക്കാനാണ് ശ്രമിക്കേണ്ടത്. ഇത് മത്സരമില്ലാത്ത വിപണിയും മികച്ച ലാഭത്തോടു കൂടിയുളള വളര്‍ച്ചയും നേടാനുള്ള അവസരം തുറക്കും.

* ഇത് അവസരം വര്‍ധിപ്പിക്കുന്നു, അപകടസാധ്യത കുറക്കുന്നു

ഏറെ അവസരങ്ങള്‍ ഉള്ളതും അതേസമയം റിസ്‌ക് കുറഞ്ഞതുമായ ഒന്നാണ് ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജി. ഏത് സ്ട്രാറ്റജിയും അത് റെഡായാലും ബ്ലൂ ആയാലും റിസ്‌കിനുള്ള സാധ്യത ഉണ്ട്. എന്നാല്‍ ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജി റിസ്‌ക് കുറക്കുന്നതിനും വിജയത്തിന്റെ അനുപാതം കൂട്ടുന്നതിനുമായി ഒരു
പുതിയ മാര്‍ഗം കാണിച്ചു തരുന്നു.

* എങ്ങനെ ഒരു വിന്‍-വിന്‍ സ്ട്രാറ്റജി ഉണ്ടാക്കാമെന്ന് കാണിച്ചു തരുന്നു

സമഗ്രമായ സമീപനത്തിലൂടെ മൂല്യം, ലാഭം, ജീവനക്കാര്‍ എന്നിവയെ എങ്ങനെ ക്രമീകരിക്കാമെന്ന് ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജി കാട്ടുന്നു. ഈ പുതിയ തന്ത്രങ്ങള്‍ക്കനുസരിച്ച് ക്രമീകരിക്കപ്പെടുമ്പോള്‍ ഉപഭോക്താവിനും കമ്പനിക്കും ജീവനക്കാര്‍ക്കും ഓഹരിയുടമകള്‍ക്കും വിജയം നേടാനുള്ള ആത്മവിശ്വാസം ലഭിക്കുന്നു. ഏത് സ്ട്രാറ്റജിയിലായാലും വിജയവും നിലനില്‍പ്പും ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി പല കാര്യങ്ങളും ചെയ്യേണ്ടതുണ്ട്. ഇത് ഒരു ബിസിനസ് മോഡല്‍ രൂപീകരിക്കുന്നതില്‍ ചെന്നെത്തുകയും അത് കമ്പനിയെ ലാഭം നേടാന്‍ പര്യാപ്തമാക്കുകയും ചെയ്യുന്നു. ഇത് ജീവനക്കാജീവനക്കാര്‍ക്ക് മികച്ച ആത്മവിശ്വാസം നല്‍കുവാനും അതിലൂടെ കമ്പനിയുടെ സ്ട്രാറ്റജി നടപ്പാക്കാന്‍ പ്രേരകമാകുകയും ചെയ്യുന്നു

മൂല്യം, ലാഭം, ജീവനക്കാര്‍ എന്നിവയുടെ ക്രമീകരണത്തിലൂടെ, ഉപഭോക്താവിനും കമ്പനിക്കും ഓഹരിയുടമകള്‍ക്കും ഗുണകരമായ രീതിയിലുള്ള വിജയതന്ത്രം രൂപപ്പെടുത്തുന്നതില്‍ ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജി സമഗ്രമായ സമീപനം മുന്നോട്ടു വെക്കുന്നു.

ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജി വിജയകരമായി
നടപ്പാക്കിയ സംരംഭങ്ങള്‍

ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജി വിജയകരമായി നടപ്പാക്കിയതിന് ഉദാഹരണമാണ് ആപ്പിള്‍. അവര്‍ നിലവിലുള്ള ആവശ്യകത ഉപയോഗപ്പെടുത്തിയല്ല ലാഭവും വളര്‍ച്ചയും ലക്ഷ്യമിട്ടത്. മറിച്ച് ഇന്‍ഡസ്ട്രിയുടെ അതിരുകള്‍ മാറ്റിവരച്ച് പുതിയ വിപണിയും ഡിമാന്‍ഡും സൃഷ്ടിച്ചെടുക്കുകയായിരുന്നു. ഐ മാക്, ഐ പോഡ്, ഐ ഫോണ്‍, ഐ പാഡ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ പുതിയ വിപണി സൃഷ്ടിക്കുന്നതില്‍ ആപ്പിളിനെ സഹായിച്ചു. ഇതിന്റെ ഫലമായി കമ്പനിയുടെ മൂല്യം ക്രമാതീതമായി വളര്‍ന്നു.

റിബേറ്റോ ഡിസ്‌കൗണ്ടോ ഉള്ളപ്പോള്‍ മാത്രമേ സാധാരണ നിലയില്‍ ആളുകള്‍ ഹാന്‍ഡ്‌ലൂം ഉല്‍പ്പന്നങ്ങള്‍ വാങ്ങാറുള്ളൂ. ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജി പ്രകാരം ഇതിന് അല്‍പ്പം നിറവും, സ്റ്റൈലും നല്‍കി Fab India യെ പോലെ റീ ബ്രാന്‍ഡ് ചെയ്യുമ്പോള്‍ എന്തു സംഭവിക്കും? അത് വിജയിച്ചൊരു ബിസിനസ് മോഡലായും ബ്രാന്‍ഡായും മാറുന്നു.

ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജി പ്രകാരം സാധാരണയില്‍ സാധാരണമായ കാപ്പിക്ക് എന്തു മാറ്റം വരുത്താനാകുമെന്നതിന്റെ ഉദാഹരണമാണ് Starbucks ഉം Cafe Coffee Day-യും. അതാത് മേഖലകളില്‍ മത്സരം നേരിടുന്നവരാണ് ഓരോരുത്തരും. ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജി നമ്മെ മത്സരമില്ലാത്തതും വളര്‍ച്ചയ്ക്ക് അവസരം നല്‍കുന്നതുമായ ലാഭകരമായ ഒരു വിപണി സൃഷ്ടിക്കാന്‍ സഹായിക്കും.

ലേഖകന്‍ - റോഷന്‍ കൈനടി, പ്രമുഖ അഗ്രിപ്രണറാണ് . കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്നു. അദ്ദേഹം പ്രസിഡന്റ് ആയിരിക്കെയാണ് കേരളത്തിലെ മന്ത്രിമാര്‍ക്കായി ലീഡര്‍ഷിപ്പ് വര്‍ക്ക്‌ഷോപ്പും കേരളത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് 'എന്റെ ജീവിതം, എന്റെ സന്ദേശം' എന്ന വിഷയത്തില്‍ പ്രഭാഷണ പരമ്പരയും സംഘടിപ്പിച്ചത്. ഭൂമി ഏറ്റെടുക്കല്‍ കടമ്പകളില്ലാതെ റോഡ് വികസനത്തിനായി അദ്ദേഹം അവതരിപ്പിച്ച സ്‌കൈ വേ പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഫോണ്‍: +91 98950 94940. ഇ മെയ്ല്‍: roshan.kynadi@gmail.com

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it