ബ്രാന്‍ഡ് ലോഗാ; സിംപിളാകണം, പവര്‍ഫുള്ളും!

ആയിരം വാക്കുകള്‍ക്ക് തുല്യമാണ് ഒരു നല്ല ചിത്രം എന്നര്‍ത്ഥം വരുന്ന ഇംഗ്ലീഷ് പഴമൊഴി നിങ്ങള്‍ കേട്ടുകാണുമല്ലോ. ബിസിനസ് ലോകത്ത് നമുക്ക് സുപരിചിതമായ ലോഗോകള്‍ (അടയാളചിഹ്നങ്ങള്‍) മാത്രം മതി അതേതേത് കമ്പനികളാണെന്ന് തിരിച്ചറിയാന്‍. ഒരു വശം കടിച്ച ആപ്പിളിന്റെ ആ ചിത്രം തന്നെയല്ലേ ആപ്പിള്‍ എന്നു നീട്ടി എഴുതുന്നതിനേക്കാള്‍ മനോഹരം. ഈ പംക്തിയില്‍ മുമ്പ് വിവരിച്ച ബ്രാന്‍ഡ് നാമങ്ങള്‍ പോലെ തന്നെ സുപ്രധാനമായ ഒരു സംഗതിയാണ് ബ്രാന്‍ഡ് ലോഗോകള്‍ എന്ന അടയാള ചിഹ്നങ്ങള്‍.
ഉപഭോക്താക്കള്‍ക്കിടയില്‍ ബ്രാന്‍ഡിനെപ്പറ്റി അവബോധം (Brand Awareness) ഉണ്ടാക്കാന്‍ നല്ലൊരു ലോഗോ സഹായിക്കുമെന്ന് പല കമ്പനികളും സാക്ഷ്യപ്പെടുത്തുന്നു. കമ്പനിയെയോ അല്ലെങ്കില്‍ അവരുടെ ഉല്‍പ്പന്നത്തെയോ സേവനത്തെയോ തിരിച്ചറിയാന്‍ സഹായിക്കുക എന്ന അടിസ്ഥാന ഉത്തരവാദിത്തം കൂടി ലോഗോകള്‍ക്ക് ഉണ്ട്. ഒരാളുടെ ഷര്‍ട്ടിന്റെ ലോഗോ മാത്രം നോക്കി അതേത് കമ്പനിയുടേതെന്ന് തിരിച്ചറിയുകയും അതൊരു നല്ല ബ്രാന്ഡാണോയെന്ന് വിലയിരുത്തുകയും ആ ബ്രാന്‍ഡ് ധരിക്കുന്ന ആളെപ്പറ്റിയൊരു പ്രാഥമിക ധാരണ രൂപീകരിക്കുകയും ചെയ്യുന്നവരാണ് ഇന്ന് നമ്മളില്‍ പലരും.
ബിസിനസ് ലോകത്ത് പലതരം ലോഗോകള്‍ പ്രചാരത്തിലുണ്ട്. ട്രേഡ്മാര്ക്കുകള് (ചിത്രങ്ങളല്ലാതെ വാക്കുകള്‍ കൊണ്ടു മാത്രം) ലോഗോകളായി വരുന്നതാണ് ഇതിലൊരു രീതി. 'സ്പെന്‍സേറിയന്‍' (SPENCERIAN) സ്ക്രിപ്റ്റില്‍ എഴുതിയിരിക്കുന്ന 'കൊക്കക്കോള' തന്നെയായിരിക്കും ഒരു പക്ഷേ ലോകത്തെ ഏറ്റവും തിരിച്ചറിയപ്പെടുന്ന ലോഗോകളില്‍ ഒന്ന്. 'കാറ്റൂള്' (CATULL) എന്ന ഫോണ്ടിലെഴുതിയ ഗൂഗിള്‍ ലോഗോ കംപ്യൂട്ടറിലും ഫോണിലും എന്നും നമ്മള് കാണുന്നു! അമൂര്‍ത്തമായ ആശയങ്ങളെ അടിസ്ഥാനമാക്കിയും കമ്പനി ചരിത്രത്തില്‍ നിന്നുമൊക്കെ ലോഗോകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇറ്റാലിയന്‍ എയര്‍ഫോഴ്സിന്റെ വിഖ്യാതനായ പൈലറ്റ് ഫ്രാന്‍സിസ്കോ ബാരക്കെയുടെ വിമാനങ്ങളില്‍ അദ്ദേഹം വരച്ചുവച്ചിരുന്ന ഒരു കുതിരയാണ് പിന്നീട് ഫെരാരി (Ferari) കമ്പനിയുടെ ലോഗോയായി മാറിയത്.
എന്തുകൊണ്ട് ഈ ഡിസൈന്‍
കമ്പനിയുടെ ജന്മസ്ഥലത്തെ സൂചിപ്പിക്കുന്ന ലോഗോ ഡിസൈനുകളും കുറവല്ല. പ്രത്യേകിച്ച് ആ സ്ഥലം ആ ഉല്‍പ്പന്ന/സേവനത്തിന് അറിയപ്പെടുന്നതാണെങ്കില്. സാന്‍ഫ്രാന്‍സിസ്കോയിലെ ഗോള്‍ഡന്‍ ഗേറ്റ് പാലത്തിനെ കുത്തനെയുള്ള വരകള്‍ കൊണ്ടു ചിത്രീകരിച്ചപ്പോള്‍ ഉണ്ടായതാണ് സിസ്കോ (CISCO) എന്ന ഐ.റ്റി ഭീമന്റെ ലോഗോ. ഇങ്ങനെയുള്ള ലോഗോകള്‍ക്ക് പിന്നിലുള്ള ആശയവും ചരിത്രവുമെല്ലാം ഉപഭോക്താക്കള്‍ക്ക് മനസിലാക്കി കൊടുക്കാനായി പലപ്പോഴും കമ്പനികള്‍ക്ക് ഉചിതമായ പരസ്യ തന്ത്രങ്ങള്‍ സ്വീകരിക്കേണ്ടതായും വന്നേക്കാം. ഇങ്ങനെ വാക്കുകള്‍ കൊണ്ടല്ലാതെ രൂപപ്പെടുത്തിയെടുത്ത ലോഗോകള്‍ക്ക് ഭാഷയുടെയും സംസ്കാരത്തിന്റെയും പരിമിതികളുണ്ടാവില്ല, എന്നൊരു ഗുണവുമുണ്ട്.
ലോഗോകള്‍ ബിസിനസ് ലോകത്തിന്റെ മാത്രം കുത്തകയാണെന്ന് പറയാനാവില്ല. പാരമ്പര്യം, ഉടമസ്ഥാവകാശം, സ്ഥലം എന്നിവയെല്ലാം സൂചിപ്പിക്കാനായി രാജ്യങ്ങളും കുടുംബങ്ങളും നൂറ്റാണ്ടുകളായി അടയാള ചിഹ്നങ്ങള്‍ ഉപയോഗിച്ചുവരുന്നു. അങ്കിള്‍ സാം അമേരിക്കയെയും മേപ്പിള്‍ മരത്തിന്റെ ഇലകള്‍ കാനഡയെയും സൂചിപ്പിക്കാനായി ഉപയോഗിക്കാറുണ്ടല്ലോ. ബ്രിട്ടാനിയയുടെയും ബോംബെ ഡയിങ്ങിന്റെയും ഉടമസ്ഥരായ വാഡിയ കുടുംബം അവരുടെ കുടുംബ അടയാള ചിഹ്നം തന്നെയാണ് കോര്‍പ്പറേറ്റ് ലോഗോയായി സ്വീകരിച്ചിട്ടുള്ളത്.
ബ്രാന്‍ഡ് നാമങ്ങള്ക്കില്ലാത്ത ഒരു മെച്ചം ലോഗോകള്ക്കുണ്ട്. മാറുന്ന കാലത്തിനനുസരിച്ച് അവ നവീകരിക്കാവുന്നതാണ്. നമ്മുടെ കൊച്ചി വിമാനത്താവളം (CIAL) ഈയിടെ കുരുത്തോല തോരണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയൊരു ലോഗോ അവതരിപ്പിച്ചത് നിങ്ങള്‍ ശ്രദ്ധിച്ചു കാണുമല്ലോ. അല്‍പ്പകാലം മുമ്പ് എയര്‍ടെല്ലും അവരുടെ ലോഗോ പുതുക്കിയിരുന്നു. എന്നാല്‍ വ്യക്തമായ കാരണങ്ങളില്ലാതെ ലോഗോ മാറ്റുന്നത് ഉപഭോക്താവിന്റെ മനസില്‍ സംശയം സൃഷ്ടിക്കാനും അതുവരെയുണ്ടാക്കിയെടുത്ത ബ്രാന്‍ഡ് പ്രതിച്ഛായക്ക് കളങ്കം വരുത്താനും ഇടയുണ്ട്.
ഇങ്ങനെ ഒരു ഞാണിന്മേല് കളിയായതുകൊണ്ട് പല കമ്പനികളും ലോഗോ ഡിസൈനിംഗ് ബ്രാന്‍ഡ് കണ്‍സള്‍ട്ടന്റുകളെയും ഗ്രാഫിക് ഡിസൈനര്മാരെയുമെല്ലാം ഏല്‍പ്പിക്കുന്നു. നമുക്ക് സുപരിചിതമായ 'ടാറ്റാ' ലോഗോ ഡിസൈന്‍ ചെയ്ത വോള്‍ഫ് ഒലിന്‍സ് (Wolff Olins) പോലുള്ള വമ്പന്‍ ബ്രാന്‍ഡ് കണ്‍സള്‍ട്ടന്‍സികള്‍ ഇന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. മലയാളിയുടെ ബൗദ്ധിക വ്യവഹാരത്തില്‍ സ്ഥിരമായി കടന്നുവരാറുള്ള സാല്‍വദോര്‍ ദാലിയും സത്യജിത് റേയുമെല്ലാം ലോഗോ ഡിസൈന്‍ ചെയ്തിട്ടുണ്ട്! ഇറ്റാലിയന്‍ കമ്പനി 'പെര്ഫെറ്റിവാന് മെല്ല'യുടെ (ആല്‍പ്പന്‍ ലീബെ മിഠായി ബ്രാന്‍ഡിലൂടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പരിചയമുള്ള കമ്പനി) 'ചുപ്പാചുപ്പ്സ്' (Chupachups) എന്ന ബ്രാന്‍ഡിനു വേണ്ടിയാണ് ദാലി തന്റെ കരവിരുത് പുറത്തെടുത്തതെങ്കില്‍ രൂപ ബുക്സിന്റെ ലോഗോയാണ് റേ-യുടെ സൃഷ്ടി. ഐ.ബി.എമ്മിന്റെയും എന്റോണിന്റെയും എല്ലാം ലോഗോ വരച്ച പേള്‍ റാന്‍ഡ്, ഐലവ് ന്യൂയോര്‍ക്ക് എന്ന ഒറ്റ ലോഗോയിലൂടെ പേരെടുത്ത മില്‍റ്റണ്‍ ഗ്ളാസര്‍ എന്നിവരാണ് ഈ രംഗത്തെ മറ്റു പ്രശസ്തര്‍.
ഏതുതരം ലോഗോയും നന്നായി രൂപകല്‍പ്പന ചെയ്യാന്‍ ചില മാനദണ്ഡങ്ങള്‍ ബ്രാന്‍ഡുകള്‍ സ്വീകരിക്കാറുണ്ട്. ലോഗോയിലൂടെ സൂചിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ആശയം അടിസ്ഥാനമാക്കി കുറെ പ്രാരംഭ ഡിസൈനുകള്‍ സൃഷ്ടിക്കുന്നു. ഇവയില്‍ മികച്ചത് കമ്പനികള്‍ക്ക് തെരഞ്ഞെടുക്കാം. നിറം, ആകൃതി, സ്റ്റൈല്‍ എന്നിവയിലെല്ലാം ഒരു 'ബാലന്‍സ്' (Balanced Design) കൊണ്ടുവരാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കണ്ണില്‍ കുത്തുന്ന നിറങ്ങള്‍ ഒഴിവാക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വ്യത്യസ്തതയുള്ള, എന്നാല്‍ ലളിതമായ ഡിസൈനുകളാണ് മാര്‍ക്കറ്റില്‍ വിജയിച്ചിട്ടുള്ളത്. ബ്രാന്‍ഡിന്റെ ലക്ഷ്യങ്ങളും മൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന ലോഗോ ആവണം നമ്മുടെ ഡിസൈന്‍. ബ്രാന്‍ഡ് നാമം, കഥാപാത്രങ്ങള്‍, പരസ്യവാചകങ്ങള്‍ എന്നിങ്ങനെയുള്ള ബ്രാന്‍ഡ് ഘടകങ്ങള്‍ക്കുള്ള (Brand Elements) മാനദണ്ഡങ്ങള്‍ ലോഗോകള്‍ക്കും ബാധകമാണ്. മനസ്സില്‍ പതിയാനും ഇഷ്ടപ്പെടാനുമുള്ള സാധ്യത, കാലാനുസൃതമായി നവീകരിക്കാനും നിയമപരമായി സംരക്ഷിക്കാനുമുള്ള എളുപ്പം എന്നിവ ലോഗോകള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ മനസില്‍ വെക്കണം.
വിവരങ്ങള്‍ക്ക് കടപ്പാട്: പ്രൊഫ. ജോഷി ജോസഫ്,
കോഴിക്കോട് ഐഐഎമ്മിലെ മാര്‍ക്കറ്റിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍. ബിസിനസ് കണ്‍സള്‍ട്ടിംഗ് രംഗത്തും ശ്രദ്ധേയനാണ്.
ഇ മെയ്ല്: joshyjoseph@iimk.ac.in
അരവിന്ദ് രഘുനാഥന്
കോഴിക്കോട് ഐഐഎമ്മിലെ മാര്‍ക്കറ്റിംഗ് വിഭാഗം ഗവേഷക വിദ്യാര്‍ത്ഥി യാണ് അരവിന്ദ് രഘുനാഥന്. പ്രമുഖ ബിസിനസ് ക്വിസ് മാസ്റ്ററാണ്. ഇ മെയ്ല്: arvindr08fpm@iimk.ac.in