ബിസിനസില്‍ ഞങ്ങൾ ശ്രദ്ധിക്കുന്ന 3 മേഖലകൾ: സംരംഭകർ മനസുതുറക്കുന്നു

പ്രതിസന്ധികള്‍ നിറഞ്ഞ കാലഘട്ടത്തില്‍ നിന്നും പ്രതീക്ഷയോടെ പുതിയ പദ്ധതികള്‍ മെനഞ്ഞ് മുന്നേറുകയാണ് കേരളത്തിലെ വിവിധ രംഗങ്ങളിലെ ബിസിനസുകാര്‍. നഷ്ടമായ വിപണി തിരിച്ചു പിടിക്കുക എന്നത് മാത്രമല്ല അവരുടെ മുന്നിലുള്ള ലക്ഷ്യം.

ഉപഭോക്താവിന്റെ മാറുന്ന അഭിരുചികള്‍ക്കൊപ്പം സഞ്ചരിച്ച് മാറുന്ന കാലത്തിനനുസരിച്ച് പുതിയ വിപണന മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതും അത്യന്താപേക്ഷിതമായിരിക്കുന്നു. അതോടൊപ്പം സ്വന്തം സ്ഥാപനത്തെ നവീകരിച്ച് ആധുനിക കാലത്തിന് അനുസൃതമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടതുമുണ്ട്.

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കാലത്തിനൊത്ത് മാറുവാന്‍ എന്തൊക്കെ കാര്യങ്ങളിലാകും കേരളത്തിലെ സംരംഭകര്‍ ശ്രദ്ധ പതിപ്പിക്കുക? വിവിധ മേഖലകളില്‍ നിന്നുള്ള സംരംഭകര്‍ അവര്‍ ഈ വര്‍ഷം ഏതൊക്കെ കാര്യങ്ങള്‍ക്കാകും ഊന്നല്‍ നല്‍കുക എന്ന് വെളിപ്പെടുത്തുന്നു.

ഇവരുടെ നീക്കങ്ങളില്‍ നിന്നും മറ്റുള്ളവര്‍ക്ക്, പ്രത്യേകിച്ച് പുതു സംരംഭകര്‍ക്ക് പഠിക്കാന്‍ ഏറെ കാര്യങ്ങളുണ്ട്.

ട്രേഡിംഗില്‍ ശ്രദ്ധയൂന്നും

പി ജെ ജോര്‍ജ് കുട്ടി, എംഡി, സ്പിന്നര്‍ പൈപ്പ്സ്

Georgekutty pk spinner group കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയം ഒരു മുന്നറിയിപ്പു പോലെയാണ് കാണുന്നത്. മാനുഫാക്ചറിംഗ് രംഗത്ത് മാത്രം നിന്നാല്‍ ഇത്തരം സംഭവങ്ങള്‍ വരുമ്പോള്‍ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ തന്നെ പ്രയാസമാകും. ചരക്ക് സേവന നികുതി വന്നതോടെ ട്രേഡിംഗ് രംഗത്ത് കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായിട്ടുണ്ട്. അതുകൊണ്ട് പിവിസി പൈപ്പ്സ് അടക്കം ഞങ്ങളുടെ മാനുഫാക്ചറിംഗ് മേഖലയുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ ട്രേഡിംഗ് ഏറ്റെടുത്ത് നടത്താന്‍ പദ്ധതിയുണ്ട്.

നിലവിലെ പ്രതിസന്ധികളില്‍ ബിസിനസ് വിപുലീകരണത്തിനും വൈവിധ്യവല്‍ക്കരണത്തിനും ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും അമിതമായി ആശ്രയിക്കുന്നത് അപകടകരമാകും. അതുകൊണ്ട് തന്നെ സ്വന്തം ഫണ്ട് വിനിയോഗിച്ചുള്ള പടിപടിയായുള്ള ബിസിനസ് വിപുലീകരണമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. പിവിസി ഫിറ്റിംഗ്സ് രംഗത്ത് ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനും ശ്രമമുണ്ട്. ഉല്‍പ്പന്നശ്രേണി വിപുലീകരിക്കാന്‍ ഇതുമൂലം സാധിക്കും.

ബിസിനസ് വൈവിധ്യവല്‍ക്കരിക്കും, സ്വന്തം ബ്രാന്‍ഡ് അവതരിപ്പിക്കും

ടെന്നി ജോസ്, ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്റ്റര്‍, ടെന്നിജോസ് ലിമിറ്റഡ്

tenny jose tenny jose Limitedവിദേശ നാണയ വിനിമയത്തിലെ ചാഞ്ചാട്ടങ്ങള്‍, രാജ്യാന്തര വിപണിയില്‍ 100 ശതമാനം ശുദ്ധമായ വുഡ് പള്‍പ്പിനുണ്ടായ വില വര്‍ധന എന്നിവ മൂലം ബിസിനസ് രംഗത്ത് പ്രതിസന്ധി നേരിട്ട വര്‍ഷമാണ് കഴിഞ്ഞുപോയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേപ്പര്‍ ഇറക്കുമതി ചെയ്യുന്ന സ്ഥാപനം എന്ന നിലയ്ക്ക് ടെന്നി ജോസ് ലിമിറ്റഡിന് ഇക്കാരണങ്ങള്‍ കൊണ്ട് കഴിഞ്ഞ വര്‍ഷം പ്രതീക്ഷിച്ച തോതില്‍ ബിസിനസ് വര്‍ധിപ്പിക്കാന്‍ സാധിച്ചില്ല.

പിന്നീട് ഞങ്ങള്‍ അത് തിരിച്ചുപിടിച്ചുവെങ്കിലും, ഒരു മേഖലയില്‍ തന്നെ നിലനില്‍ക്കുമ്പോഴുള്ള റിസ്‌ക് കുറയ്ക്കാന്‍ മറ്റ് രംഗങ്ങളിലേക്കും കൂടി ബിസിനസ് വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഗ്രൂപ്പ് ബിസിനസിന്റെ 90 ശതമാനം പേപ്പറിനെ കേന്ദ്രീകരിച്ചായിരുന്നുവെങ്കില്‍ ഇനിയത് 60 ശതമാനമാകും. 40 ശതമാനം ഇതര മേഖലകളില്‍ നിന്നുള്ളതാക്കും.

ബിസിനസ് കണ്‍സോളിഡേഷനാണ് മറ്റൊരു സംഗതി. പേപ്പര്‍ സ്റ്റോക്ക് ചെയ്ത് വില്‍പ്പന ചെയ്യുന്ന രീതി ദക്ഷിണേന്ത്യയില്‍ മാത്രമാക്കും. മറ്റിടങ്ങളില്‍ കണ്ടെയ്നര്‍ ബുക്ക് ചെയ്ത് നേരിട്ടെത്തിച്ചു നല്‍കുന്ന ശൈലിയിലേക്ക് മാറും. ചെറിയൊരു മാര്‍ജിന്‍ മാത്രമേ ഇതിലൂടെ ലഭിക്കുകയുള്ളൂ. പക്ഷേ വിദേശ നാണയ വിനിമയത്തിലെ ചാഞ്ചാട്ടങ്ങള്‍ വലിയ തോതില്‍ കമ്പനിയെ ബാധിക്കില്ല.

ഇന്ത്യയിലെ മില്ലുകള്‍ റീ സൈക്ക്ള്‍ഡ് പള്‍പ്പ് ഉപയോഗിക്കുമ്പോള്‍ ഞങ്ങളുടേത് 100 ശതമാനം വുഡ് പള്‍പ്പില്‍ നിന്നുള്ള പേപ്പറാണ്. ഇത് സ്വന്തം ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. മികച്ച ബ്രാന്‍ഡ് പ്രതിച്ഛായ സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിക്കും. ഒപ്പം മൂല്യവര്‍ധനയും ലഭിക്കും. എക്സ്‌ക്ലൂസിവ് ഡിസ്ട്രിബ്യൂട്ടര്‍മാര്‍ വഴിയാകും ഇവയുടെ വിപണനം. ഇതേ ചാനലിലൂടെ കൂടുതല്‍ എഫ്എംസിജി ഉല്‍പ്പന്നങ്ങളും വിപണിയിലെത്തിക്കാനാകും.

കേരളത്തിനു പുറത്തേക്കും വളരണം

ഷീല കൊച്ചൗസേപ്പ്, മാനേജിംഗ് ഡയറക്ടര്‍, വിസ്റ്റാര്‍ ക്രിയേഷന്‍സ്

വളര്‍ച്ചയിലുണ്ടായ കഴിഞ്ഞ വര്‍ഷത്തെ കുറവ് പരിഹരിച്ചു മുന്നോട്ടുപോവുക എന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. 30-35 ശതമാനം വളര്‍ച്ചയെങ്കിലും നേടാനായാല്‍ മാത്രമേ കഴിഞ്ഞ വര്‍ഷത്തെ കുറവ് നികത്താന്‍ കുറച്ചെങ്കിലും സാധിക്കൂ. അതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഒരു സംസ്ഥാനത്ത് മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാതെ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി ബിസിനസ് വ്യാപിപ്പിക്കുക എന്നതാണ് ആദ്യത്തെ തീരുമാനം. കാരണം കേരളത്തില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അത് ബിസിനസിനെ തകര്‍ച്ചയിലേക്ക് കൊണ്ടുപോകുന്ന അവസ്ഥ വരും.

അയല്‍ സംസ്ഥാനങ്ങളില്‍ കൂടി സാന്നിധ്യം ശക്തമാക്കുകയാണെങ്കില്‍ ഇത്തരം അനിശ്ചിതത്വങ്ങളെ ഒരു പരിധിവരെയെങ്കിലും പ്രതിരോധിക്കാനാകും. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലേക്കും ശ്രദ്ധകേന്ദ്രീകരിക്കും. പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കാതെ നിലവിലുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുകയാണ് മറ്റൊരു കാര്യം. എല്ലാ ശ്രേണിയിലും വേണ്ടത്ര ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അവയിലുള്ള പോരായ്മകള്‍ പരിഹരിക്കാനാണ് ശ്രമം. അതായത് വില്‍പ്പന കുറവുള്ള വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി അവയില്‍ നിന്നുള്ള വരുമാനവും വര്‍ധിപ്പിക്കുക.

പരസ്യങ്ങളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ഉല്‍പ്പന്നങ്ങളിലേക്ക് ആളുകളെ ആകര്‍ഷിക്കാനുള്ള കാര്യങ്ങള്‍ ചെയ്യുകയാണ് മൂന്നാമത്തെ കാര്യം. കൂടുതല്‍ വിസിബിലിറ്റി ഉണ്ടായാല്‍ മാത്രമേ ഉല്‍പ്പന്നം വിറ്റുപോവുകയുള്ളു. അതിനായി നല്ല രീതിയില്‍ പരസ്യങ്ങള്‍ നല്‍കാനുള്ള ആലോചനയമുണ്ട്.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ശക്തമാക്കും

അഭയ്, സിഇഒ, ട്രയം മാര്‍ക്കറ്റിംഗ് & കണ്‍സള്‍ട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്

ഇപ്പോഴത്തെ അവസ്ഥയില്‍ വളര്‍ച്ച നേടാനായില്ലെങ്കിലും നിലനില്‍ക്കുക എന്നതാണ് ആവശ്യം. അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് ഞങ്ങള്‍ നടത്തുന്നത്. ടെക്നോളജി പ്ലാറ്റ്ഫോം ശക്തിപ്പെടുത്തുകയാണ് ആദ്യത്തെ കാര്യം. ആളുകള്‍ കൂടുതലായി ഓണ്‍ലൈനിലേക്ക് മാറുകയാണ്.

അതിന്റെ ഗുണഫലം നേടാനായി ടെക്നോളജിക്ക് കൂടുതല്‍ പ്രധാന്യം നല്‍കുകയാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍ പോലുള്ള കാര്യങ്ങള്‍ ചെയ്ത് ആളുകളിലേക്ക് കൂടുതലായി എത്താനുള്ള വഴികള്‍ നോക്കുന്നുണ്ട്. അടുത്തതായി ഉപഭോക്തൃബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ്. അതായത് റിപ്പീറ്റഡ് കസ്റ്റമേഴ്സിനെ നേടിയെടുക്കാന്‍ പ്രയ്ത്നിക്കണം. നിലവിലുള്ള ഉപഭോക്താക്കളെ കൊണ്ടു തന്നെ പുതിയ ഉല്‍പ്പന്നങ്ങളും വാങ്ങിപ്പിക്കുക.

കസ്റ്റമര്‍ ബേസ് കൂട്ടുക എന്നത് ചെലവേറിയ കാര്യമാണ്. അതേ പോലെയാണ് കേരളത്തിനു പുറത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്നതും. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് വേണ്ടിയുള്ള ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ടേയിരിക്കണം.

മൂന്നാമത്തേത് സാമ്പത്തിക അച്ചടക്കമാണ്. നമ്മള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും കോസ്റ്റ് മാനേജ് ചെയ്യുക. ചെലവു കുറയ്ക്കുക എന്നല്ല ഇതിനര്‍ത്ഥം. പകരം ഉള്ള പണം നന്നായി വിനിയോഗിക്കുക.

നേരത്തെ കൂടുതല്‍ പണം ചെലവഴിച്ച് കൂടുതല്‍ ബിസിനസ് നേടുക എന്നൊരു രീതിയായിരുന്നു. മറ്റു ബിസിനസുകളിലേക്ക് തിരിയാതെ, പണം വക മാറ്റാതെ കോര്‍ ബിസിനസില്‍ പൂര്‍ണമായും ശ്രദ്ധിച്ചു മുന്നോട്ടു പോകണം.

കസ്റ്റമര്‍ സപ്പോര്‍ട്ടിന് ഊന്നല്‍

ലേഖ ബാലചന്ദ്രന്‍, മാനേജിഗ് പാര്‍ട്ണര്‍, റെസിടെക് ഇലക്ട്രിക്കല്‍സ്

ക്വാളിറ്റി മെച്ചപ്പെടുത്താന്‍ വേണ്ട കാര്യങ്ങള്‍ക്കാണ് ഞങ്ങള്‍ ഈ വര്‍ഷം ഊന്നല്‍ നല്‍കുന്നത്. സ്റ്റാര്‍ റേറ്റിംഗ് നിര്‍ബന്ധമായിരിക്കുന്നതിനാല്‍ അത് നേടിയെടുക്കാനുള്ള കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. മാര്‍ക്കറ്റില്‍ കൂടുതല്‍ സ്വീകാര്യത നേടിയെടുക്കാന്‍ ഇതു വഴി സാധിക്കും.

കസ്റ്റമര്‍ റിലേഷന്‍ കൂടുതല്‍ ദൃഢമാക്കുന്നതിനുള്ള നടപടികളും കൈക്കൊണ്ടു വരികയാണ്. കഴിഞ്ഞ പ്രളയകാലത്തൊക്കെ ഒരു പാടു പേര്‍ക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട്. അവര്‍ക്ക് പരമാവധി കസ്റ്റമര്‍ സപ്പോര്‍ട്ട് ഞങ്ങള്‍ നല്‍കി വരുന്നു.

പിന്നെ ഏതു സ്ഥാപനത്തിന്റേയും നിലനില്‍പ്പ് അവിടുത്തെ ജീവനക്കാരെ ആശ്രയിച്ചാണ്. അവരുടെ വൈദഗ്ധ്യം വര്‍ധിപ്പിച്ചാല്‍ മാത്രമേ ബിസിനസ് നിലനിര്‍ത്തികൊണ്ടു പോകാനാകൂ.

അതിനാല്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ ട്രെയ്‌നിംഗ് നല്‍കി അവരെ മത്സരക്ഷമരാക്കി മാറ്റാനും ശ്രമിക്കുന്നുണ്ട്. വിപണിയിലെ മത്സരത്തില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ വളരെ നന്നായി അധ്വാനിക്കേണ്ട കാലഘട്ടമാണിത്. ഏതുല്‍പ്പന്നമാണെങ്കിലും ആഗോളതലത്തിലെ കമ്പനികളുമായാണ് നമ്മള്‍ മത്സരിക്കേണ്ടി വരുന്നത്. അതിനു ജീവനക്കാരുടെ വൈദഗ്ധ്യം ഇതില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഘടകമാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it