എന്തുകൊണ്ടാണ് ബിസിനസുകൾ പരാജയപ്പെടുന്നത്?

എല്ലാ ബിസിനസുകള്‍ക്കും അതിന്റെ ആയുസില്‍ മൂന്ന് ഘട്ടങ്ങളുണ്ട്. സ്റ്റാര്‍ട്ടപ്പ്, എസ്ടാബ്ലിഷ്ഡ്, ലോങ്ങ് ടേം. പ്രാരംഭകാലം മുതല്‍ ആദ്യത്തെ അഞ്ച് വര്‍ഷം വരെയുള്ള കാലമാണ് സ്റ്റാർട്ടപ്പ് പീരീഡ്. ഏതൊരു സംരംഭത്തിന്റെയും ആറാം വര്‍ഷം മുതല്‍ 20 വർഷം വരെ 'എസ്ടാബ്ലിഷ്ഡ്' ബിസിനസായിട്ടായിരിക്കും അതിനെ കണക്കാക്കുക. 20 വർഷം മുതൽ 'ദീര്‍ഘകാലഘട്ട'ത്തിലേക്ക് പ്രവേശിക്കും.

സ്റ്റാര്‍ട്ടപ്പ് ഘട്ടത്തില്‍ വെച്ച് 50 ശതമാനം ബിസിനസുകളും പരാജയപ്പെടുന്നുവെന്നാണ് യുഎസില്‍ നടന്ന പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതിന് കാരണങ്ങള്‍ പലതുണ്ട്.

  • ആദ്യത്തേത് സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് അതത് മേഖലകളിലും ബിസിനസിലുമുള്ള പരിചയക്കുറവ് തന്നെയാണ്. അവര്‍ക്ക് ആ രംഗത്ത് മത്സരക്ഷമത കാണില്ല. മാത്രമല്ല അനുഭവ സമ്പത്തും കുറവായിരിക്കും.
  • മറ്റൊരു സുപ്രധാന ഘടകം ഫണ്ടിന്റെ ദൗര്‍ലഭ്യമാണ്. ഇപ്പോള്‍ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടുകളും പ്രൈവറ്റ് ഇക്വിറ്റിയും ഇന്നുണ്ടെങ്കിലും അത് ലഭിക്കാത്ത കാലം ഉണ്ടായിരുന്നു. ഇതെല്ലാം ഉണ്ടെങ്കിലും അവ കിട്ടാത്തവരും ഉണ്ട്.

എസ്റ്റാബ്ലിഷ്ഡ് ആയിക്കഴിഞ്ഞാല്‍ തകരില്ല എന്നൊന്നുമില്ല

സ്റ്റാര്‍ട്ടപ്പ് ഘട്ടം കഴിഞ്ഞ് അതിജീവിക്കുന്ന 50 ശതമാനം ബിസിനസ് സംരംഭങ്ങള്‍ എസ്റ്റാബ്ലിഷ്ഡ് ആയിക്കഴിഞ്ഞാല്‍ തകരില്ല എന്നൊന്നുമില്ല. 60 ശതമാനം ബിസിനസുകള്‍ തകരുന്നത് ഈ ഘട്ടത്തിലാണ്! യഥാര്‍ത്ഥത്തില്‍ ഇതൊരു ക്രിമിനല്‍ വേസ്റ്റാണ്. കാരണം ബിസിനസ് അടിയുറച്ച ഘട്ടത്തിലെത്തി. ലാഭം നേടാറായി. എന്നിട്ടും തകരുമ്പോള്‍ അത് സമൂഹത്തിനും സമ്പദ് വ്യവസ്ഥയ്ക്കും ആഘാതമാകും.

എന്റെ ഇത്രയും കാലത്തെ അനുഭവത്തില്‍ ഈ ഘട്ടത്തിലെ പരാജയത്തിന് കാരണങ്ങള്‍ പലതുണ്ട്. കേള്‍ക്കുമ്പോള്‍ ആര്‍ക്കും അത്ര എളുപ്പം ദഹിക്കണമെന്നില്ല. കാരണം ഈ കാരണങ്ങള്‍ പൊതുവേയുള്ള വിശ്വാസങ്ങളില്‍ നിന്നും ധാരണങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. അതായത് കോണ്‍ട്രാറിയന്‍ കാഴ്ചപ്പാടാണ് ഇതില്‍ എനിക്കുള്ളത്. എന്റെ അഭിപ്രായത്തില്‍ ഈ ഘട്ടത്തില്‍ ബിസിനസ് തകരുന്ന കാരണങ്ങള്‍ പലതാണ്.

ചെലവ് ചുരുക്കുന്നതിന് നല്‍കുന്ന അമിത ശ്രദ്ധ: ലാഭം കൂട്ടാന്‍ ശ്രമിക്കുന്നതിന് പകരം പലരും ചെലവ് നിയന്ത്രിച്ചു നിര്‍ത്താനാണ് ശ്രമിക്കുക. ചെലവ് ചുരുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ പലപ്പോഴും ബിസിനസിന്റെ വളര്‍ച്ചയെയും ലാഭത്തെയും പ്രതികൂലമായി ബാധിക്കും. ഇതെങ്ങനെയെന്ന് മനസിലാക്കാന്‍ ഒരു ഉദാഹരണം പറയാം.

കോഴിക്കോട് ചാരിറ്റി ട്രസ്റ്റിന് കീഴിലുള്ള ഒരു ആശുപത്രിയുടെ കണ്‍സള്‍ട്ടന്‍സി സേവനം ഞാന്‍ നിര്‍വഹിക്കുന്നുണ്ട്. കോഴിക്കോട് നഗരത്തിലെ വന്‍കിട ആശുപത്രികളുമായി താരതമ്യം ചെയ്യുമ്പോള്‍ കിടക്കകളുടെ എണ്ണം ഇവിടെ കുറവാണ്. ചാരിറ്റി ട്രസ്റ്റിന് കീഴിലുള്ള ആശുപത്രി എന്ന നിലയില്‍ എത്തിക്കലായും കുറഞ്ഞ ചെലവിലും ചികിത്സ നല്‍കുന്ന എന്നതാണ് ആശുപത്രിയുടെ ലക്ഷ്യം.

പക്ഷേ ആശുപത്രി ലാഭകരമാകുകയും വേണം. അല്ലെങ്കില്‍ പ്രസ്ഥാനം നിലനില്‍ക്കില്ല. ആശുപത്രിയെ ലാഭത്തിലാക്കാനുള്ള വഴികള്‍ ആലോചിക്കുന്നതിനിടെ അവിടത്തെ മനുഷ്യ വിഭവശേഷി എത്രമാത്രമുണ്ടെന്ന് നോക്കി. നഴ്‌സുമാരുടെയും അനുബന്ധ ജീവനക്കാരുടെയും വേതനം അടുത്തിടെ വര്‍ധിച്ചതുകൊണ്ട് പലരും ജീവനക്കാരുടെ എണ്ണം പരമാവധി കുറച്ചു.

ഒരിക്കല്‍ ആശുപത്രിയിലെ അറ്റന്റര്‍മാരുടെ എണ്ണമെത്രയെന്ന് മാനേജ്‌മെന്റിനോട് തിരക്കി. അവര്‍ കൃത്യമായ കണക്കും പറഞ്ഞു. ആശൂപത്രിയില്‍ പല സമയത്തും പല കാലത്തും തിരക്ക് വിഭിന്നമായിരിക്കും. ചിലപ്പോള്‍ കുറേ രോഗികള്‍ വരും. ചിലപ്പോള്‍ കുറച്ച്. ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് ഏറ്റവും കുറഞ്ഞത് എത്ര അറ്റന്റര്‍മാര്‍ വേണമെന്ന് ആരാഞ്ഞപ്പോള്‍ മറുപടി 20 എന്നായിരുന്നു. കൂടിയത് 80 എണ്ണവും.

സാമാന്യ സ്ഥിതിയില്‍ ഇതിന്റെ ശരാശരി അതായത് 50 അറ്റന്റര്‍മാരെ നിയമിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന ധാരണയിലെത്താം. പക്ഷേ ഞങ്ങള്‍ അതല്ല ചെയ്തത്. ആ ആശുപത്രിയില്‍ ഔട്ട് പേഷ്യന്റ് വിഭാഗം വളരെ ശക്തമാണ്. എപ്പോഴും ഡോക്ടര്‍മാരുണ്ട്. രോഗികളും സദാസമയമുണ്ട്. കിടക്കകളുടെ എണ്ണം കുറവാണെങ്കിലും അറ്റന്റര്‍മാരുടെ എണ്ണം ഏറ്റവും ഉയര്‍ന്ന തലത്തിലുള്ളത് തന്നെ എടുത്തു. ഏറ്റവും തിരക്കേറിയ സമയം വേണ്ടിവരുന്നത്ര അറ്റന്റര്‍മാരെ നിയമിച്ചു.

ഓപ്പറേഷന്‍ തിയേറ്ററുകളില്‍ പരമാവധി ശസ്ത്രക്രിയ നടക്കുമെന്ന ധാരണയില്‍ തന്നെ ആ വിഭാഗത്തിന് വേണ്ടി മാത്രം പരിശീലനം സിദ്ധിച്ച പരമാവധി അറ്റന്റര്‍മാരെ നിയമിച്ചു. ഏതൊരു ആശുപത്രിയുടെ വരുമാനം വര്‍ധിപ്പിക്കുന്ന ഒരു ഘടകമാണ് അവിടത്തെ ശസ്ത്രക്രിയകളുടെ എണ്ണം. രണ്ടു തരത്തിലുള്ള ശസ്ത്രക്രിയകളാണ് പ്രധാനമായും നടക്കുക. മേജറും മൈനറും.

മൈനര്‍ ശസ്ത്രക്രിയകള്‍ക്ക് അനസ്‌തേഷ്യ വേണ്ടിവരില്ല.
കേരളത്തിലെ ആശുപത്രികളിലെ ശരാശരി ശസ്ത്രക്രിയകളുടെ എണ്ണം 3 - 3.5 ആണ്. എന്നാല്‍ കോഴിക്കോട്ടെ ഈ ആശുപത്രിയില്‍ ഇത് 5 - 5.5 ആണ്. നിലവില്‍ അവിടെയുള്ള സുസജ്ജമായ ഓപ്പറേഷന്‍ തിയേറ്ററിന്റെ ശേഷി പരമാവധി വിനിയോഗിക്കാന്‍ സാധിക്കുന്നതിന് കാരണം പരിശീലനം സിദ്ധിച്ച അറ്റന്റര്‍മാരുടെ സാന്നിധ്യം തന്നെയാണ്. ഇതോടെ ആശുപത്രിയില്‍ വരുമാനം കൂടി. അറ്റന്റര്‍മാര്‍ക്ക് അധികമായി നല്‍കേണ്ടി വരുന്ന വേതനത്തെ കുറിച്ചോര്‍ത്ത് ചെലവ് ചുരുക്കിയിരുന്നുവെങ്കില്‍ ഈ വരുമാന വര്‍ധന സാധ്യമാകുമായിരുന്നില്ല.

ബൂം സമയത്ത് വളര്‍ച്ച അതിവേഗത്തിലാക്കുക: നല്ല കാലം വരുമ്പോള്‍ എല്ലാവരും പിന്തുടരുന്ന ഒരു കാര്യമാണിത്. കൈയില്‍ പണമുണ്ടാകും വിപണിയുണ്ടാകും അത് നേടാന്‍ അങ്ങേയറ്റം അഗ്രസീവായൊരു വളര്‍ച്ചാ പദ്ധതിയുണ്ടാക്കും. എന്നാല്‍ എക്കാലവും ഇതുണ്ടാവില്ല. കൈയിലുള്ള പണവും വിഭവവും നിക്ഷേപിച്ചുകഴിഞ്ഞാല്‍ ബിസിനസുകള്‍ ക്ഷയിക്കുകയും ചെയ്യും.

ലീഡര്‍ഷിപ്പില്‍ വരുന്ന മാറ്റം: ഇക്കാലഘട്ടത്തിലാണ് പൊതുവേ ബിസിനസുകളുടെ സാരഥ്യത്തില്‍ മാറ്റങ്ങള്‍ വരുന്നത്. ബിസിനസ് ചെറിയ നിലയില്‍ നിന്ന് കെട്ടിപ്പടുത്ത വ്യക്തി മാറി പുതിയ തലമുറ വരാം. അല്ലെങ്കില്‍ മറ്റാരെങ്കിലുമൊക്കെ സാരഥ്യം ഏറ്റെടുക്കാം. ഇവര്‍ക്ക് ബിസിനസുകളുടെ ആന്തരികമായ കാര്യങ്ങളെ കുറിച്ച് കൃത്യമായ ധാരണയുണ്ടാകണമെന്നുമില്ല.

കൂടുതൽ വായിക്കാം: നിങ്ങളുടെ ബിസിനസിന് വേണം ഈ 6 വാക്‌സിനേഷനുകൾ

ദീര്‍ഘകാലം നിലനിന്ന കമ്പനികളും തകരും!

ഈ ഘട്ടവും കടന്ന കമ്പനികള്‍ ഇനി തകരില്ല എന്നും കരുതരുത്. കേരളത്തിലും ഇന്ത്യയിലും രാജ്യാന്തരതലത്തിലും ദീര്‍ഘ കാലമായി നിലനില്‍ക്കുന്ന കമ്പനികള്‍ തകര്‍ന്ന ചരിത്രമുണ്ട്. എന്‍ റോണ്‍, പോളറോയ്ഡ്, കോഡക്, സ്വിസ് എയര്‍ തുടങ്ങിയവ രാജ്യാന്തരതലത്തിലുള്ള ഉദാഹരണങ്ങളാണ്.
എന്തുകൊണ്ടാകാം ഈ കമ്പനികള്‍ തകരുന്നത്? പ്രധാന കാരണങ്ങള്‍ ഇവയാണ്.

  • സൂദീര്‍ഘ കാലഘട്ടത്തിലെ വിജയങ്ങള്‍ ഇത്തരം ബിസിനസുകളുടെ സാരഥികളെ ധാര്‍ഷ്ട്യക്കാരാക്കിയിട്ടുണ്ടാകാം. ഇതോടൊപ്പം ഇദ്ദേഹം പറയുന്നതിനൊക്കെ യെസ് മൂളുന്ന ഒരു സംഘമാകും കൂടെ. അല്ലെങ്കില്‍ അത്തരക്കാര്‍ മാത്രമേ അവിടെ കാണൂ. ഇതിന്റെ രണ്ടിന്റെയും ഫലമായി അനാവശ്യമായ റിസ്‌കും കൂടി എടുക്കും.
  • രണ്ടാമതായി ഇത്തരം പ്രസ്ഥാനങ്ങളുടെ ഫോക്കസ് കസ്റ്റമറില്‍ നിന്നു മാറും. പകരം കമ്പനി ഈ രംഗത്തേക്ക് വളരുന്നു. അങ്ങോട്ട് പോകുന്നു എന്നൊക്കെ കോര്‍പ്പറേറ്റ് തലത്തിലെ തീരുമാനങ്ങളെടുക്കും. കസ്റ്റമര്‍ക്ക് ആവശ്യമുള്ളതാണോ ഇത്. അവരുടെ മാറുന്ന താല്‍പ്പര്യമെന്ത് എന്നൊക്കെ നോക്കാന്‍ മറക്കും. അതോടെ പതനം ആരംഭിക്കും.
  • മൂന്നാമതായുള്ള പ്രധാന കാരണം അപ്രതീക്ഷിതമായ വെല്ലുവിളികളാണ്. മുന്‍കാലങ്ങളില്‍ ഒരു ബിസിനസിന്റെ ആയുഷ്‌കാലത്ത് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒരിക്കല്‍ മാത്രമാണ് നടന്നിരുന്നത്. എന്നാല്‍ ഇന്നതല്ല. സ്ഥിതി. അപ്രതീക്ഷിതമായി ബിസിനസുകളെ കടപുഴക്കി മാറ്റാന്‍ കരുത്തുള്ള കാര്യങ്ങള്‍ അടിക്കടി കടന്നുവന്നുകൊണ്ടേയിരിക്കുന്നു.

ബിസിനസുകളുടെ അന്തകനായി ബ്ലാക്ക് സ്വാനുകള്‍!

ബിസിനസില്‍ ബ്ലാക്ക് സ്വാനുകളോ? ഉണ്ട്. അങ്ങേയറ്റം അപ്രതീക്ഷിതമായ കാര്യങ്ങളാണിവ. മാത്രമല്ല, ദൂരവ്യാപകമായ ഫലങ്ങള്‍ അത് ബിസിനസില്‍ സൃഷ്ടിക്കും. മാത്രമല്ല, നമുക്ക് ഊഹിക്കാന്‍ പോലും പറ്റാത്തവയാകും പലതും.

ആഗോളവല്‍ക്കരണത്തെ തുടര്‍ന്ന് ബ്ലാക്ക് സ്വാന്‍ സംഭവങ്ങള്‍ അടിക്കടി സംഭവിക്കുന്നുണ്ടെന്ന് മാത്രമല്ല അതിന്റെ സ്വാധീനവും വര്‍ധിച്ചിരിക്കുന്നു. ഇത് മനസിലാക്കാന്‍ കേരളത്തിലെ അടുത്തിടെ നടന്ന കാര്യങ്ങള്‍ പരിശോധിക്കാം.

സാധാരണ സാമ്പത്തിക മാന്ദ്യങ്ങള്‍ ചാക്രികമായി നടക്കാറുണ്ട്. എന്നാല്‍ കേരളത്തില്‍ നോക്കൂ. 2015ല്‍ ഗള്‍ഫ് പ്രതിസന്ധി, 2016ല്‍ നോട്ട് നിരോധനം മൂലമുണ്ടായ പ്രശ്‌നങ്ങള്‍. 2017ല്‍ ജിഎസ്ടിയിലേക്കുള്ള മാറ്റം മൂലമുണ്ടായ പ്രശ്‌നങ്ങള്‍, 2018ല്‍ വരള്‍ച്ച, നിപ്പ വൈറസ്, പിന്നെ പ്രളയം, 2019ല്‍ കടുത്ത ട്രഷറി നിയന്ത്രണത്തിന്റെ കാലമാകും. കേന്ദ്രത്തില്‍ നിന്ന് അധികമായി ഫണ്ട് ലഭിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവ് കാലിയാകും. അതാണ് അവസ്ഥ. വരള്‍ച്ച മറ്റൊരു ഘടകമാകും ഈ വര്‍ഷം.

(ധനം റീറ്റെയ്ൽ ആൻഡ് ബ്രാൻഡ് സമ്മിറ്റ് & അവാർഡ് നൈറ്റിൽ നടത്തിയ പ്രഭാഷണത്തിൽ നിന്ന്)

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here . നമ്പർ സേവ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.

Tiny Philip
Tiny Philip  

ഇന്ത്യയിലും ജിസിസി രാഷ്ട്രങ്ങളിലുമായി സ്ഥായിയായ ബിസിനസ് മോഡലുകൾ വളർത്തിയെടുക്കുന്നതിന് വേണ്ടി ദീർഘകാല അടിസ്ഥാനത്തിൽ സംരംഭകരുമായി ചേർന്ന് പ്രവർത്തിക്കുന്ന ബിസിനസ് അഡ്വൈസർ. 1992ൽ IIM (L) നിന്ന് PGDM എടുത്തതിന് ശേഷം ബിസിനസ് അഡ്വൈസർ ആയി പ്രവർത്തനം ആരംഭിച്ച അദ്ദേഹം റിസൾട്സ് കൺസൾട്ടിങ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആണ്

Related Articles

Next Story

Videos

Share it