കോവിഡിന് ശേഷം എസ്എംഇ മേഖലയില്‍ ജീവനക്കാരെ നിയമിക്കുന്നതിലും വരും മാറ്റങ്ങള്‍; ദീപേഷ് മാമ്പറ്റ എഴുതുന്നു

ജോലിയും ജീവിതവും കോവിഡ് 19 ന് മുന്‍പും ശേഷവും എന്ന് രണ്ടായി തരം തിരിക്കേണ്ടി വരും. ജീവിതത്തില്‍ മാത്രമല്ല സംരംഭക മേഖലയിലും കോവിഡ് കൊണ്ടുവന്ന മാറ്റങ്ങള്‍ അത്രമേലാണ്. ഗ്ലോബല്‍ ട്രെന്‍ഡിലേക്ക് മാറിയുള്ള പ്രവര്‍ത്തന ശൈലികള്‍ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ പോലും അവലംബിക്കാന്‍ തുടങ്ങിയിരിക്കുന്നു. ജീവനക്കാരെ നിയമിക്കുന്നതിലും സംരംഭങ്ങളുടെ പ്രവര്‍ത്തന രീതിയിലുമെല്ലാം ഇത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. സംരംഭങ്ങളുടെ വളര്‍ച്ച ജീവനക്കാരിലൂടെയാണ് നിര്‍ണയിക്കുന്നത്. അതിനാല്‍ തന്നെ പരമ്പരാഗത രീതിയില്‍ നിന്നു മാറി ജോലി ചെയ്യാന്‍ ജീവനക്കാര്‍ ഇനിയുള്ള കാലം നിര്‍ബന്ധിതരാകും. ഇതുവരെ ജീവനക്കാരുടെ നിയമനത്തില്‍ എസ്എംഇകള്‍ പ്രാധാന്യം നല്‍കിയിരുന്നത് മൂന്ന് കാര്യങ്ങള്‍ക്കാണ്. Affordability, Adaptability, Knowledge/ Experience. എസ്എംഇ മേഖലിയിലെ സ്ഥാപനങ്ങള്‍ പൊതുവേ 'അഫോര്‍ഡബിലിറ്റി'യ്ക്കാണ് ഏറെ പ്രാധാന്യം കൊടുക്കാറുള്ളത്. സ്ഥാപനങ്ങള്‍ക്ക് താങ്ങാവുന്ന ശമ്പള സ്‌കെയിലില്‍ നിയമനങ്ങള്‍ നടത്തുക, ആ ജീവനക്കാരില്‍ സംതൃപ്തരാകുക. കോസ്റ്റ് പരിഗണിക്കുമ്പോള്‍ ഇതല്ലാതെ നിവൃത്തിയില്ല എന്ന അവസ്ഥയിലാണ് പല കമ്പനികളും. രണ്ടാമത് തങ്ങളുടെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ് അഥവാ 'അഡാപ്റ്റബിലിറ്റി'. കൂടുതല്‍ പഠനത്തിനും സ്‌കില്‍ വളര്‍ത്തലിനുമൊക്കെ വളരെ ചെറിയ പ്രാധാന്യം നല്‍കുകയും മുന്‍പരിചയത്തിന് പ്രാധാന്യം നല്‍കലുമായിരുന്നു ഇതുവരെ ചെയ്തിരുന്നത്. ഇപ്പോള്‍ തന്നെ ജോലി ചെയ്യുന്ന രീതികളില്‍ വര്‍ക്ക് ഫ്രം ഹോം പോലുള്ള ധാരാളം മാറ്റങ്ങള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു. വിര്‍ച്വല്‍ മീറ്റിംഗുകളും ഓണ്‍ലൈന്‍ റിവ്യൂകളും വര്‍ക്ക് ഫ്രം ഹോം മോഡും എല്ലാം നമുക്ക് പരിചിതമായി. എന്നാല്‍ ഒരുപരിധി വരെ സമ്പൂര്‍ണ മാനവ വിഭവ ശേഷിയെയും പല കമ്പനികള്‍ക്കും പുതിയ ശൈലിയിലേക്ക് പറിച്ചു നടാന്‍ കഴിഞ്ഞിട്ടില്ല. സംരംഭകര്‍ കൊറോണയ്ക്ക് ശേഷം തങ്ങളുടെ നിയമന രീതിയകളിലും ചില മാറ്റങ്ങള്‍ കൊണ്ടുവരണം.
മാറ്റങ്ങളെ ഉള്‍ക്കൊള്ളാനാകണം
കോവിഡ് വന്നതിനുശേഷമുള്ള മാറ്റങ്ങളെക്കുറിച്ച് ചില സംരംഭകരുമായി സംസാരിച്ചപ്പോഴാണ് തങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് അവര്‍ വെളിപ്പെടുത്തുന്നത്. എല്ലാ ജീവനക്കാര്‍ക്കും കമ്പനിയോട് കൂറുകാണിക്കണമെന്നുണ്ട്. എന്നാല്‍ രണ്ട് പ്രധാന പ്രശ്‌നങ്ങളാണ് പലരും നേരിടുന്നത്. ഒന്ന് പുതിയ മാറ്റങ്ങളിലേക്ക് മാറാന്‍ കഴിയുന്നില്ല. രണ്ട് മാറ്റങ്ങള്‍ക്കൊപ്പം മുന്നോട്ട് പോകാന്‍ വേണ്ട ഇന്‍ഫ്രാസ്ട്രക്ചര്‍ അഥവാ ചുറ്റുപാടുകളിലല്ല അവരെന്നുള്ളതാണ്. എല്ലാ ദിവസവും ജോലിക്കെത്തുകയും ഓഫീസില്‍ കൃത്യമായി ജോലി ചെയ്യുകയും ചെയ്തിരുന്ന ഒരാള്‍ പെട്ടെന്ന് വീട്ടിലിരിക്കേണ്ടി വരുമ്പോള്‍ അതേ ഉല്‍പ്പാദന ക്ഷമത ലഭിക്കണമെന്ന് വാശിപിടിക്കാനാകുമോ? എന്നാല്‍ താന്‍ ചെയ്യുന്ന ജോലികള്‍ ഓഫീസിലിരുന്നല്ലാതെ തന്നെ പൂര്‍ണതയോടെ എവിടെ ഇരുന്നും ചെയ്യാം എന്നു വാഗ്ദാനം നല്‍കാന്‍ ജീവനക്കാരന് തടസ്സമായത് അത്തരം സന്നാഹങ്ങളിലേക്ക് മാറാനുള്ള ബുദ്ധിമുട്ടും അതിനു വേണ്ട സൗകര്യമില്ലായ്മയുമാണ്. ഒരു ലാപ്‌ടോപ്പോ ബ്രോഡ് ബാന്‍ഡോ ഇന്ന് മുന്തിയ മൊബൈല്‍ ഫോണിനേക്കാള്‍ താഴെ മാത്രമേ ചെലവ് വരുന്നുള്ളൂ എന്നതിനാല്‍ അത് ജീവനക്കാരന് ഉണ്ടോ എന്ന് ഉറപ്പു വരുത്താന്‍ കഴിയാതെ പോയി. എന്നാല്‍ ഏത് സാഹചര്യത്തിലേക്കും മാറാന്‍ ജീവനക്കാരന് കഴിയും എന്ന ഉറപ്പ് നിയമനത്തിന്റെ വേളയില്‍ തന്നെ നോക്കിയാല്‍ ഈ പ്രതിസന്ധി ഉണ്ടാകില്ല. ഉദാഹരണത്തിന് ഒരു ബിടുബി സെയ്ല്‍സ് മാന് കസ്റ്റമേഴ്‌സിനെ പോയി കണ്ട് കൊണ്ട് പ്രവര്‍ത്തിക്കാന്‍ പ്രയാസമുണ്ടാകില്ല. എന്നാല്‍ അയാള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യം വരുമ്പോള്‍ ക്ലയന്റുകളെ എങ്ങനെ മാനേജ് ചെയ്യണം, എങ്ങനെ ഓണ്‍ലൈന്‍ സെയ്ല്‍സ് നടത്തണം എന്നൊക്കെ അറിഞ്ഞാല്‍ ഈ ഘട്ടത്തിലും ജോലി തടസ്സപ്പെടുകയില്ല. ഭാവിയില്‍ നടക്കുന്ന നിയമനങ്ങളില്‍ കമ്പനി നോക്കുക ഇത്തരത്തില്‍ മാറാന്‍ കഴിയുന്ന ജീവനക്കാരെയാണോ നിയമിക്കുന്നത്
എന്നാകും.
ഒന്നിലധികം റോളും ഓള്‍റൗണ്ടര്‍മാരും
ഇന്നലെ വരെ അക്കൗണ്ടിംഗ് ജോലികള്‍ മാത്രം ചെയ്തിരുന്ന ഓഫീസ് സ്റ്റാഫിന് ഇന്ന് അത്യാവശ്യം ചില അഡ്മിനിസ്‌ട്രേഷന്‍ ജോലി കൂടെ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും എന്ന് പല ഇടത്തരം സംരംഭങ്ങള്‍ക്കും തോന്നിത്തുടങ്ങിയിരിക്കുന്നു. ഒരു ജീവന്കകാരന്റെ അഭാവത്തില്‍ അയാളുടെ ജോലികള്‍ കൃത്യതയോടെ ചെയ്യാന്‍ അറിയുന്ന മറ്റൊരാള്‍ കോസ്റ്റ് കട്ടിംഗിന് മാത്രമല്ല കമ്പനിയുടെ മുടക്കമില്ലാത്ത പ്രവര്‍ത്തനത്തെയും സഹായിക്കും. എംഎസ്എംഇകളില്‍ പ്രത്യേകിച്ചും മള്‍ട്ടി സ്‌കില്‍ ടാലന്റ് ഉണ്ടെങ്കിലേ ഇനിയുള്ള കാലത്ത് പിടിച്ച് നില്‍ക്കാനാകൂ. അല്ലെങ്കില്‍ പെട്ടെന്ന് കാര്യങ്ങള്‍ പഠിച്ചെടുക്കാനുള്ള കഴിവുകളുള്ളവരെയാകും ഇനി നിയമിക്കുക.
കോണ്‍ട്രാക്റ്റ് എംപ്ലോയ്‌മെന്റ്/ ഔട്ട്‌സോഴ്‌സിംഗ്
എല്ലാ ജോലികളും ഓഫീസിനുള്ളില്‍ തന്നെ നടത്തിയിരുന്ന കാലം ഇന്നില്ല. ഓഫീസുകളില്ലാതെയും ' സ്ഥാപനം' അതിന്റെ ഉറപ്പോടെ നടന്നു പോകുന്നത് എങ്ങനെയെന്ന് നാം കണ്ടു കഴിഞ്ഞു. സ്റ്റാഫിന്റെ കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇത് സാധ്യമാകുന്നത്. എന്നാല്‍ 60 ജീവനക്കാരുള്ള ഒരു കമ്പനിയില്‍ പെട്ടെന്ന് പ്രവര്‍ത്തനം നിലച്ചാല്‍ ജീവനക്കാരെ പിരിച്ചു വിടല്‍ ഒരു പോംവഴിയേ അല്ല. എന്നാല്‍ 40 ജീവനക്കാരെ മാത്രം സ്ഥിരനിയമനത്തില്‍ വയ്ക്കുകയും ഒരു പ്രത്യേക ഉല്‍പ്പാദന/ സര്‍വീസ് മേഖലയിലേക്കുള്ളവരെ കോണ്‍ട്രാക്റ്റ് അല്ലെങ്കില്‍ ഡെയ്‌ലി വേജസ് ആയി നിയമിക്കുകയോ ചെയ്തിരുന്നെങ്കില്‍ ലോക്ഡൗണോ മറ്റ് പ്രതിസന്ധിയോ പോലുള്ളവ നേരിടുമ്പോള്‍ എത്രമാത്രം ചെലവ് ചുരുക്കാം എന്നത് ബോധ്യപ്പെട്ടുവല്ലോ. ഇനി ഇതില്‍ ഒരു നിശ്ചിത ശതമാനം ഔട്ട്‌സോഴ്‌സ് ചെയ്യുകയായിരുന്നു ചെയ്തിരുന്നതെങ്കിലോ. അപ്പോഴും സ്ഥാപനത്തിന് ലാഭം തന്നെ. ഇനിയുള്ള കാലം സ്റ്റാഫിനെ നിയമിക്കുന്നതില്‍ ഇത്തരം കാര്യങ്ങള്‍ കൂടെ എംഎസ്എംഇ മേഖലയിലെ സംരംഭങ്ങള്‍
കണക്കിലെടുത്തേ മതിയാകൂ. ഇതൊരു ട്രെന്‍ഡ് ആയി മാറുമെന്നാണ് പഠനങ്ങളും സൂചിപ്പിക്കുന്നത്.
ശരിയായ എച്ച്ആര്‍ മെക്കാനിസം
എസ്എംഇ സംരംഭങ്ങളില്‍ യഥാര്‍ത്ഥ മാനവ വിഭവശേഷീ സംവിധാനം ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകള്‍ എന്നത്തേതിനേക്കാളും ഈ കൊറോണ കാലത്ത് മനസ്സിലാക്കിയിട്ടുണ്ടാകും. വര്‍ക്ക് ഫ്രം ഹോം, സമയക്രമീകരണങ്ങളിലുള്ള മാറ്റമനുസരിച്ച് ജോലി ചെയ്യാനുള്ള ഫ്‌ളെക്‌സി ടൈമിംഗ് എന്നിവ ജീവനക്കാര്‍ക്ക് സ്വീകാര്യമാകണമെങ്കില്‍ അത്തരത്തില്‍ തയ്യാറാക്കിയ ജോബ് ഡിസ്‌ക്രിപ്ഷനുകളും കമ്പനിക്കുണ്ടായിരിക്കണം. അല്ലെങ്കില്‍ പുതിയ രീതികളോട് അത്ര സ്വീകാര്യത ഉണ്ടായിരിക്കണമെന്നില്ല. മാത്രമല്ല ജോലികള്‍ വിവിധ സാഹചര്യങ്ങളില്‍ എങ്ങനെ ഒക്കെ കൃത്യതയോടെ ഫ്‌ളെക്‌സിബിള്‍ ആയി ചെയ്യാം, എങ്ങനെ പുതിയ രീതികള്‍ സ്വീകരിക്കാം. പുതിയ മാറ്റങ്ങള്‍ വന്നാലും അവയിലേക്ക് മാറാന്‍ മനസ്സുകൊമ്ടും സ്‌കില്ലുകള്‍ കൊണ്ടും ഒരുങ്ങിയിരിക്കാം എന്ന് ജീവനക്കാരെ ബോധ്യപ്പെടുത്തുന്ന എച്ച് ആര്‍ സംവിധാനങ്ങള്‍ ഇനി വരണം. എച്ച് ആര്‍ സംവിധാനങ്ങളില്‍ പല കമ്പനികള്‍ക്കും ഒരു പൊളിച്ചെഴുത്തു തന്നെ വേണ്ടിയും വന്നേക്കാം. ജോലി നോക്കുന്നവരും ജോലിക്കാരെ നിയമിക്കാന്‍ പോകുന്നവരും ഒരേ പോലെ ചോദിക്കേണ്ട ചോദ്യമാണ്, നിങ്ങള്‍ കൊറോണക്കാലത്തിനുശേഷമുള്ള പുത്തന്‍ ശൈലികളിലേക്ക് മാറാന്‍ സജ്ജരാണോ?
ലേഖകന്‍ ടാലന്റ് അക്യുസിഷന്‍ ആന്‍ഡ് പെര്‍ഫോമന്‍സ് മാനേജ്‌മെന്റ് സ്ഥാപനമായ ഹയര്‍ സ്റ്റാര്‍ ഡോട്ട് കോമിന്റെ സ്ഥാപകനാണ്. e-mail: deepesh@teemarindia.com
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline