കമ്പനി നിയമഭേദഗതി: മാറ്റങ്ങൾ എന്തെല്ലാം?

ജൂലൈ 26 ന് ലോക്‌സഭ പാസാക്കിയ കമ്പനി നിയമ ഭേദഗതി ബില്ലിൽ സിഎസ്ആർ സംബന്ധിച്ച ചട്ടങ്ങളിലുൾപ്പെടെ മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. ബില്ലിലെ ഭേദഗതികൾ കമ്പനീസ് ആക്ടിൽ (2013) എന്തെല്ലാം മാറ്റങ്ങളാണ് കൊണ്ടുവരികയെന്ന് നോക്കാം.
ഡിമെറ്റീരിയലൈസ്ഡ് ഷെയറുകളുടെ ഇഷ്യൂ
2013 ലെ ആക്ട് പ്രകാരം, ചില വിഭാഗത്തിലെ പബ്ലിക് കമ്പനികൾ ഡീമാറ്റ് ഫോമിൽ മാത്രമേ ഓഹരികൾ ഇഷ്യൂ ചെയ്യാവൂ. ഈ രീതി മറ്റു വിഭാഗങ്ങളിലെ അൺലിസ്റ്റഡ് കമ്പനികൾക്ക് കൂടി ബാധകമാക്കണമെന്നാണ് ബില്ലിലെ നിർദേശം.
നിയമലംഘനങ്ങൾക്കുള്ള ശിക്ഷ
2013 ലെ നിയമത്തിൽ 81 നിയമലംഘനങ്ങൾ പിഴയോ ജയിൽ ശിക്ഷയോ ലഭിക്കാവുന്നതായിട്ടുണ്ട്. ഇത് കോടതിയിൽ തീർപ്പാക്കുന്നവയുമാണ്. പുതിയ ബിൽ അനുസരിച്ച് ഇതിൽ 16 നിയമ ലംഘനങ്ങൾ സിവിൽ ഡീഫോൾട്ടുകൾ ആയി പ്രഖ്യാപിക്കും.
കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി
നിലവിൽ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിക്കായി (CSR) തുക മാറ്റിവെക്കേണ്ട കമ്പനികൾ, മുഴുവൻ ഫണ്ടും ചെലവഴിക്കാഞ്ഞത് എന്തുകൊണ്ടാണെന്ന് അവരുടെ വാർഷിക റിപ്പോർട്ടിൽ അറിയിക്കണം. പുതിയ ബിൽ പ്രകാരം, ചെലവഴിക്കാത്ത CSR ഫണ്ട് കമ്പനീസ് ആക്ടിന്റെ ഷെഡ്യൂൾ 7 പ്രകാരമുള്ള ഏതെങ്കിലും ഫണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണം. ഇത് ആറു മാസത്തിനുള്ളിൽ ചെയ്യുകയും വേണം.
ഓഡിറ്റർമാരെ ഡീബാർ ചെയ്യുന്നത്
നിയമമനുസരിച്ച്, മോശം നടത്തിപ്പ് തെളിയിക്കപ്പെടുന്ന സാഹചര്യത്തിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് ആയി പ്രവർത്തിക്കുന്ന ഒരു അംഗത്തേയോ കമ്പനിയെയോ ആറു മാസം മുതൽ 10 വർഷം വരെ ഡീബാർ ചെയ്യാൻ നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റിയ്ക്ക് അധികാരമുണ്ട്. പുതിയ ബിൽ അനുസരിച്ച് ഇക്കൂട്ടരെ കമ്പനിയുടെ ഓഡിറ്റർ ആയി നിയമിക്കുന്നതിനോ കമ്പനിയുടെ വാല്യൂവേഷൻ നടത്തുന്നതിനോ വിലക്കാൻ അധികാരം ലഭിക്കും.
ചാർജുകളുടെ രജിസ്‌ട്രേഷൻ
നിലവിലെ നിയമമനുസരിച്ച് കമ്പനിയുടെ പ്രോപ്പർട്ടിയുടെ മേൽ എന്തെങ്കിലും ചാർജുകൾ ഉണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ അവ രജിസ്റ്റർ ചെയ്തിരിക്കണം. രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ അനുമതിയോടെ ഇത് 300 ദിവസം വരെ നീട്ടാം. ബിൽ അനുസരിച്ച് ഈ ഡെഡ്‌ലൈൻ 60 ദിവസമാക്കി ഉയർത്തും. പരമാവധി 60 ദിവസം കൂടിയേ ഈ ഡെഡ്‌ലൈൻ നീട്ടിക്കിട്ടൂ.
അനുമതി
നിലവിലെ നിയമമനുസരിച്ച് ഒരു വിദേശ കമ്പനിയുമായി ബന്ധപ്പെട്ട ഇന്ത്യൻ കമ്പനിക്ക് സാമ്പത്തിക വർഷത്തിൽ മാറ്റം ഉണ്ടെങ്കിൽ അതിന് നാഷണൽ കമ്പനി ലോ ട്രിബ്യുണലിന്റെ (NCLT) അനുമതി നേടണം. പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ ചില രേഖകളിൽ മാറ്റം വരുത്തണമെങ്കിലും NCLT അനുമതി നൽകണം. പുതിയ ബിൽ അനുസരിച്ച് ഇത്തരം അനുമതികൾ നൽകാനുള്ള അധികാരം കേന്ദ്ര ഗവണ്മെന്റിന് ലഭിക്കും.
തീർപ്പാക്കൽ
ഇപ്പോഴത്തെ നിയമമനുസരിച്ച് 5 ലക്ഷം വരെ പിഴയീടാക്കാവുന്ന കുറ്റങ്ങൾ റീജിയണൽ ഡയറക്ടർക്ക് തീർപ്പാക്കാം. ഈ പരിധി 25 ലക്ഷമാക്കി ഉയർത്താനാണ് ബില്ലിലെ നിർദേശം.
വിലക്ക്
നിലവിൽ ഒരു കമ്പനി ഉദ്യോഗസ്ഥന്റെ കെടുകാര്യസ്ഥതയ്ക്കുള്ള ശിക്ഷാ നടപടികളിൽ ഇളവ് നേടാൻ ഓഹരിയുടമകൾക്ക് NCLT യെ സമീപയ്ക്കാം. പുതിയ ബിൽ അനുസരിച്ച്, NCLT ഈ ഓഫിസർക്കെതിരെ ഓർഡർ പുറപ്പെടുവിച്ചാൽ, അദ്ദേഹത്തിന് അഞ്ച് വർഷത്തേക്ക് മറ്റൊരു സ്ഥാനം വഹിക്കുന്നതിനാവില്ല.