ബിസിനസിൽ ചെലവ് ചുരുക്കൽ ശ്രദ്ധിച്ചു വേണം, ഇല്ലെങ്കിൽ ഗുണത്തെക്കാൾ ദോഷമാകും

സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുന്ന കാലഘട്ടത്തില്‍ ഓരോ രൂപയും എണ്ണപ്പെട്ടതാണ്. എന്നുവെച്ച് ബിസിനസിലെ ചെലവുകള്‍ ഒറ്റയടിക്കങ്ങ് വെട്ടിച്ചുരുക്കാം എന്നുവിചാരിച്ചാല്‍ അത് കൂടുതല്‍ ദോഷം ചെയ്‌തേക്കാം. കാരണം ചെലവുചുരുക്കല്‍ മാര്‍ഗങ്ങള്‍ നിങ്ങളുടെ സ്ഥാപനത്തിന്റെ പ്രകടനത്തെ ബാധിച്ചെന്നിരിക്കും.

സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലഘട്ടത്തില്‍ തെറ്റുപറ്റിയാല്‍ അത് സ്ഥാപനത്തിന്റെ നിലനില്‍പ്പിന് വരെ ഭീഷണിയായേക്കും. അതുകൊണ്ട് വളരെ സൂക്ഷ്മമായ വിലയിരുത്തലിലൂടെ മാത്രമേ ഏതൊക്കെ മേഖലകളില്‍ ചെലവുചുരുക്കാന്‍ സാധിക്കുമെന്ന് തീരുമാനിക്കാനാകൂ.

ചെലവുചുരുക്കലിനുള്ള ചില മാര്‍ഗ്ഗങ്ങളാണ് താഴെപ്പറയുന്നത്. അവയുടെ വരുംവരായ്കകള്‍ കൃത്യമായി അവലോകനം ചെയ്ത് നിങ്ങളുടെ ബിസിനസിന് പ്രായോഗികമാണെങ്കില്‍ മാത്രം നടപ്പിലാക്കുക.

1. സ്ഥലം മാറുക

നഗരമധ്യത്തിലായിരിക്കും ഇപ്പോള്‍ നിങ്ങളുടെ വാടകയ്‌ക്കെടുത്ത ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മാസാമാസം അതിന് വലിയ വാടകയും വേണ്ടിവരും. അല്‍പ്പം മാറി കുറച്ചുകൂടി നല്ല ഓഫീസ് ഇതിലും കുറഞ്ഞ വാടകയ്ക്ക് ലഭ്യമാണോ എന്ന് അന്വേഷിക്കുക. സാമ്പത്തിക മാന്ദ്യസമയത്ത് നിരവധി കെട്ടിടങ്ങള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമുണ്ടാകാറുണ്ട്. വിലപേശി അവ കുറഞ്ഞ വാടകയ്‌ക്കെടുക്കാനാകും.

2. വാടകയ്ക്ക് കൊടുക്കാനാകുമോ?

നിങ്ങളുടെ ഓഫീസ് സ്വന്തം കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അത്രത്തോളം സ്ഥലം നിങ്ങള്‍ക്ക് ആവശ്യമുണ്ടോയെന്ന് പരിശോധിക്കുക. ഇല്ലെങ്കില്‍ മറ്റൊരു ഓഫീസിന് അത് വാടകയ്ക്ക് കൊടുക്കാം. അതുപോലെ തന്നെ വാടകയ്ക്ക് കെട്ടിടം എടുക്കുന്നവര്‍ ഒരു കെട്ടിടം മുഴുവനായി എടുത്ത് നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത സ്ഥലം വാടകയ്ക്ക് കൊടുക്കാം.

3. അഭിപ്രായങ്ങള്‍ സ്വീകരിക്കുക

ബിസിനസില്‍ ചെലവുചുരുക്കല്‍ നടത്താന്‍ മാനേജ്‌മെന്റ് മാത്രം തീരുമാനിച്ചതുകൊണ്ട് നടക്കില്ല. അക്കാര്യത്തില്‍ സ്ഥാപനത്തിലെ ഏറ്റവും താഴത്തെ തലത്തിലുള്ള ജീവനക്കാരുടെ വരെ സഹകരണം ആവശ്യമാണ്. അതുകൊണ്ട് ചെലവുചുരുക്കലാണ് നിങ്ങള്‍ ലക്ഷ്യമിടുന്നതെങ്കില്‍ എല്ലാവരും കൂട്ടി ഒരു മീറ്റിംഗ് നടത്തി അവരുടെ അഭിപ്രായങ്ങള്‍ തേടുക. ഏറ്റവും നല്ല നിര്‍ദ്ദേശങ്ങള്‍ക്ക് സമ്മാനം നല്‍കുക. സമാനമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരോടും ചോദിക്കാം.

4. ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത ഉറപ്പുവരുത്തുക

കോസ്റ്റ് കട്ടിംഗ് ഒരിക്കലും ജീവനക്കാരുടെ പ്രചോദനം ചോര്‍ത്തിക്കളയുന്നതായിരിക്കരുത്. പ്രത്യേകിച്ച് സാമ്പത്തികപ്രതിസന്ധി കാലഘട്ടത്തില്‍ അവരുടെ പൂര്‍ണ്ണമായ അര്‍പ്പണമനോഭാവം ആവശ്യമാണ്. ജീവനക്കാരുടെ കഴിവുകള്‍ പൂര്‍ണ്ണമായി വിനിയോഗിക്കാന്‍ സാധിക്കുന്ന വിധത്തില്‍ അവരെ ആവശ്യമെങ്കില്‍ ജോലിയില്‍ പുനര്‍വിന്യസിക്കുക.

5. വൈദ്യുതി ലാഭിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍

ബിസിനസുകളെ സംബന്ധിച്ചടത്തോളം പ്രധാന ചെലവുകളിലൊന്നാണിത്. കനത്ത വൈദ്യുതി ബില്‍ വരുന്ന സ്ഥാപനങ്ങളില്‍ എവിടെയൊക്കെ വൈദ്യുതി ലാഭിക്കാനാകുമെന്ന് ഈ രംഗത്തെ വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ തേടുക.

6. കടലാസിന്റെ ഉപയോഗം കുറയ്ക്കുക

ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തി പ്രിന്റുകള്‍ എത്രത്തോളം ഒഴിവാക്കാനാകുമെന്ന് ജീവനക്കാരുടെ സഹായത്തോടെ ചിന്തിക്കുക.

7. ടെലികോം, ഇന്റര്‍നെറ്റ് കണക്ഷനുകള്‍

ടെലികമ്യൂണിക്കേഷന്‍, ഇന്റര്‍നെറ്റ് എന്നിവയുടെ ചെലവ് ഏറ്റവും കുറഞ്ഞിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്നാല്‍ പല സ്ഥാപനങ്ങളും വളരെ നേരത്തെയുള്ള ഗ്രൂപ്പ് പ്ലാനുകളാണ് ഇപ്പോഴും തുടരുന്നത്. ടെലികോം സേവനദാതാക്കളോട് സംസാരിച്ച് ഏറ്റവും മികച്ച നിരക്ക് നേടിയെടുക്കുക.

8. യൂസ്ഡ് ഉപകരണങ്ങള്‍ വാങ്ങാം

ഓഫീസ് ഫര്‍ണിച്ചറുകള്‍, ഉപകരണങ്ങള്‍ എന്നിവ പുതിയത് തന്നെ വേണമെന്നില്ല. വളരെ കുറഞ്ഞകാലം ഉപയോഗിച്ച ഫര്‍ണിച്ചറും ഉപകരണങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭിച്ചേക്കാം. സാമ്പത്തികമാന്ദ്യസമയത്ത് പ്രവര്‍ത്തനം അവസാനിപ്പിച്ച സ്ഥാപനങ്ങള്‍ അവര്‍ തങ്ങളുടെ സാധനസാമഗ്രികള്‍ കുറഞ്ഞ വിലയ്ക്ക് വിറ്റേക്കാം.

9. സാങ്കേതികവിദ്യ

ടെക്‌നോളജി പരമാവധി പ്രയോജനപ്പെടുത്തി പണം ലാഭിക്കാം. ഉദാഹരണത്തിന് മീറ്റിംഗിനായി യാത്ര ചെയ്യുന്നതിന് പകരം വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഉപയോഗപ്പെടുത്താനാകുമോയെന്ന് ചിന്തിക്കാം.

10. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്

വളരെ ചെലവുകുറഞ്ഞ് നിങ്ങളുടെ ഉപഭോക്താക്കളിലേക്ക് എത്താന്‍ സഹായിക്കുന്ന സോഷ്യല്‍ മീഡിയ സങ്കേതങ്ങള്‍ സാമ്പത്തിക പ്രതിസന്ധികാലത്ത് നിങ്ങളുടെ ബിസിനസിനെ ഏറെ സഹായിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it