കോവിഡ് 19; ഇനി ഇങ്ങനെ മാറിമറിയും ബിസിനസ് ശൈലികള്‍

കോവിഡ് 19 എങ്ങനെയാണ് ബിസിനസ് നടത്തിപ്പുകളെ കീഴ്‌മേല്‍ മറിച്ചിരിക്കുന്നത്? ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിലെ വിദഗ്ധരുടെ നിരീക്ഷണങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഇതിനുള്ള മറുപടി ലഭിക്കും. അവര്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങളില്‍ ചിലത് ഇതൊക്കെയാണ്.


1. വിശ്വാസ്യതയിലൂന്നിയ കോര്‍പ്പറേറ്റ് സംസ്‌കാരം ഉടലെടുക്കും:

കോറോണ ബാധയെ തുടര്‍ന്ന് ലോകമെമ്പാടും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന പ്രവണത കരുത്താര്‍ജ്ജിക്കുകയാണ്. സീനിയര്‍ മാനേജ്‌മെന്റ് ഏറ്റവും കൃത്യമായി വിവരങ്ങളും ടീമില്‍ നിന്ന് അവര്‍ക്ക് വേണ്ട കാര്യങ്ങളും സുതാര്യവും വ്യക്തവുമായി ആശയവിനിമയം ചെയ്താലേ ടീമില്‍ നിന്ന് മികച്ച റിസള്‍ട്ടുണ്ടാകൂ. ഇവിടെ ടീമിനെ എല്ലാ അര്‍ത്ഥത്തിലും വിശ്വാസത്തിലെടുക്കേണ്ടി വരും. ടീമംഗങ്ങളും അവസരത്തിനൊത്തുയരും. കോറോണക്കാലം കഴിഞ്ഞാലും വിശ്വാസാധിഷ്ഠിതമായ സംസ്‌കാരം ബിസിനസുകളില്‍
വേരൂന്നി നില്‍ക്കും.

2. ഉപഭോക്താക്കളെ കൂടുതലായി സഹായിക്കും:

ഇതൊരു പരീക്ഷണകാലഘട്ടമാണ്. പലരും അവരുടെ ഉപഭോക്താവിനെ തങ്ങള്‍ ഏതെങ്കിലും വിധത്തില്‍ സഹായിക്കുന്നുണ്ടോയെന്ന് സ്വയം ചോദിച്ചിട്ട് കാലമേറെ കഴിഞ്ഞുകാണും. അവരെ എങ്ങനെ സഹായിക്കണമെന്നു പോലും അറിയുന്നുണ്ടാകില്ല. ചിലര്‍ക്ക് ഉപഭോക്താവിന് തങ്ങളുടെ സഹായം സുപ്രധാനമായ കാര്യമാണെന്ന വിശ്വാസം പോലും കാണില്ല. എന്നാല്‍ കോറോണയെ തുടര്‍ന്ന് ഏവരും ഉപഭോക്താവിന് പരമാവധി സഹായം ചെയ്തു കൊടുക്കാന്‍ തയ്യാറാകുന്നുണ്ട്. ഇത് ഇനി ബിസിനസുകളുടെ അവിഭാജ്യഘടകമായി മാറും. ബിസിനസ് സാരഥികള്‍ നേരിട്ട് സ്വന്തം ജീവനക്കാരും ഉപഭോക്താക്കളുമായി സംസാരിച്ച് ബിസിനസുകളെ കൂടുതല്‍ പ്രസക്തമാക്കുന്നുണ്ട്.

3. റിമോട്ട് വര്‍ക്കിംഗ് ടൂളുകള്‍ കൂടുതലായി ഉപയോഗിക്കും:

കോറോണ വന്നതോടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ജോലി ചെയ്യേണ്ട അവസ്ഥയാണ്. എന്നാല്‍ ബിസിനസ് നടത്തിപ്പ് സുഗമമാകുകയും വേണം. ഈ സാഹചര്യത്തില്‍ ബിസിനസുകാര്‍ കൂടുതലായി റിമോട്ട് വര്‍ക്കിംഗ് ടൂളുകള്‍ ഉപയോഗിച്ചു തുടങ്ങി. Slack, Zoom പോലുള്ള ടൂളുകള്‍ ബിസിനസ് സാരഥികളും ടീമംഗങ്ങളും ഒരുപോലെ ഉപയോഗിക്കുന്നു. മുന്‍കാലത്തേ പോലുള്ള ഓഫീസ് സംസ്‌കാരമല്ല ഇപ്പോള്‍. ടീമംഗങ്ങളിലേക്ക് ശരിയായ വിവരങ്ങള്‍ എത്തണം, അവരെ ഒന്നിച്ചു കൊണ്ടുപോകണം. ഇതിനൊക്കെ സ്‌കൈപ്പ് , സൂം എന്നിവ ഇപ്പോള്‍ ഉപയോഗിച്ച് തുടങ്ങിയാല്‍ പിന്നീട് സാഹചര്യം മാറിയാലും അവ ഓര്‍ഗനൈസേഷന്റെ ശൈലിയായി തന്നെ തുടരും.

ജീവനക്കാര്‍ ഓഫീസിലെത്താതെ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ അവരുടെ
ഉല്‍പ്പാദന ക്ഷമത വര്‍ധിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍
കൊറോണ പോലെ പകര്‍ച്ച വ്യാധി പിടിപ്പെട്ടിരിക്കുന്ന കാലത്ത് ജീവനക്കാരില്‍
ആശങ്കകള്‍ ഉണ്ടാകും. അതെല്ലാം അകറ്റി മാനസികമായി പിന്തുണ നല്‍കി
ഉല്‍പ്പാദനക്ഷമത കൂട്ടുന്ന ശൈലിയും ബിസിനസുകള്‍ സ്വീകരിക്കും.

4, ക്രിയാത്മക നിര്‍ദേശങ്ങള്‍ തുറന്ന മനസ്സോടെ സ്വീകരിക്കപ്പെടും:

കോറോണയ്ക്ക് മുന്‍പ് നമ്മുടെ ഓഫീസുകള്‍ക്ക് ചലനാത്മകത വളരെ കുറവായിരുന്നു. ജീവനക്കാര്‍ നിശ്ചിത സമയത്ത് വരും. ഇരുന്ന് ജോലി ചെയ്യും. മുഖാമുഖം നോക്കി ചര്‍ച്ചകള്‍ നടത്തും. ഈ അവസരത്തില്‍ പല കാര്യങ്ങള്‍ ചിലര്‍ മൂടിവെയ്ക്കും. ചിലത് തുറന്നുപറയും. പക്ഷേ ഇപ്പോള്‍ ഓഫീസുകള്‍ക്ക് ചലനാത്മക കൂടി. എവിടെയെല്ലാം ജീവനക്കാരുണ്ടോ അവിടെയൊക്കെയാണ് ഓഫീസ്. ഈ സാഹചര്യത്തില്‍ ബിസിനസ് സാരഥികള്‍ ടീമിനോട് ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തേണ്ടി വരും. അവരുടെ മനസിലുള്ളതെല്ലാം തുറന്നു പറയാന്‍ പ്രോത്സാഹിപ്പിക്കും. ജീവനക്കാരുടെ മാനസികാരോഗ്യത്തിനും അതാണ് മികച്ച മാര്‍ഗം. ഇത് കമ്പനികളില്‍ കൂടുതല്‍ മെച്ചപ്പെട്ട സംസ്‌കാരം വളര്‍ത്താനും ഉപകരിക്കും.

5. സ്റ്റാര്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രാക്ടീസുകള്‍ മറ്റൊരു തലത്തിലേക്ക് ഉയരും:

ഇപ്പോള്‍ ബിസിനസ് യാത്രകള്‍ ഇല്ല. ജീവനക്കാരുടെ യാത്രകള്‍ക്ക് നിയന്ത്രണമായി. പരമാവധി മനുഷ്യസ്പര്‍ശം കുറയ്ക്കാന്‍ ശ്രമിക്കുന്നു. വൃത്തിക്ക് വലിയ പ്രാധാന്യം ലഭിച്ചിരിക്കുന്നു. കോറോണ മാറിയാലും ഇവയില്‍ ചിലത് മാറില്ല. മഹാമാന്ദ്യകാലമാണ് ലോകത്തിലെ കമ്പനികളുടെ സ്റ്റാഫിംഗ് പാറ്റേണില്‍ വലിയ മാറ്റം വരുത്തിയത്. സ്ഥിരം ജീവനക്കാരും പാര്‍ട്ട് ടൈം ജീവനക്കാരും തമ്മിലുള്ള അതിനുശേഷം മാറി. കോറോണ കഴിയുമ്പോഴും യാത്രകള്‍ അത്യാവശ്യത്തിന് മാത്രമാകും. ജീവനക്കാരില്‍ പരമാവധി പേരെ വീട്ടിലിരുത്തി ജോലി ചെയ്യിക്കും. പുതിയ സപ്ലൈ ചെയ്‌നുകള്‍ കണ്ടെത്തും. സപ്ലൈ ചെയ്ന്‍ മാനേജര്‍മാര്‍ വളരെ ആഴത്തില്‍ പരിശോധിച്ച് ഓരോ കണ്ണിയുടെയും
പ്രശ്‌നങ്ങളും സാധ്യതകളും പഠിക്കും. അവരുടെ ജോലി കൂടുതല്‍ കടുപ്പമാകും.

6. ചിന്തകളുടെ തലം മാറും, പുതിയ ആശയങ്ങള്‍ വരും:

ആഗോളീകരണം എന്ന് എപ്പോഴും പറയാറുണ്ടെങ്കിലും ലോകം എത്രത്തോളം അന്യോന്യം
ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്ന് തെളിയാന്‍ കൊറോണ കാരണമമായി. ഒരു
ബിസിനസ് ആരംഭിക്കുമ്പോള്‍ ഇനി ചിന്തകള്‍ പഴയതുപോലാകില്ല. ലോകത്തിന്റെ ഏത്
കോണില്‍ നിന്നുള്ള എന്തും തങ്ങളുടെ ബിസിനസിന്റെയും അടിത്തറ ഇളക്കാമെന്നത്
വ്യക്തമായി. അതുപോലെ തന്നെ സമൂഹത്തില്‍ ഇനിയും വേണ്ട ചില കാര്യങ്ങളെ
കുറിച്ചുള്ള ഉള്‍ക്കാഴ്ചയും കൊറോണ നല്‍കിയിട്ടുണ്ട്. ആരോഗ്യപരിരക്ഷാ
സംവിധാനങ്ങളുടെ അപര്യാപ്തത, ആരോഗ്യ പരിരക്ഷ എല്ലാവിഭാഗങ്ങളിലേക്കും
ഇറങ്ങി ചെല്ലുന്നതിന്റെ ഏറ്റകുറച്ചിലുകള്‍, അടിയന്തരഘട്ടത്തില്‍ കുട്ടികളുടെ സംരക്ഷണത്തിനുള്ള കാര്യങ്ങള്‍, ബ്രോഡ്ബാന്‍ഡ് - ഇന്റര്‍നെറ്റ് ലഭ്യതയിലെ പ്രശ്‌നങ്ങള്‍ എന്നിവയിലെല്ലാം ബിസിനസ് സാധ്യതകളുമുണ്ട്. സാധാരണക്കാരായ ജനങ്ങളില്‍ ടെക്‌നോളജി വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതില്‍ വരെ സാധ്യത ഒളിഞ്ഞുകിടപ്പുണ്ട്.

7. ജീവനക്കാരും ഓഫീസ് കെട്ടിടവും കൂടുതല്‍ ആരോഗ്യമുള്ളതാകും:

ഇപ്പോള്‍ സര്‍ക്കാരുകള്‍ പുറമേ നിന്നുള്ളവര്‍ തങ്ങളുടെ നാട്ടിലേക്ക് പ്രവേശിക്കുന്ന എല്ലാ കവാടങ്ങളിലും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിശോധനകളും കര്‍ശനമാണ്. വാക്‌സിനേഷന്‍ ഹിസ്റ്ററിയും ശരീരത്തിന്റെ താപനിലയും ഇപ്പോള്‍ പരിശോധിക്കുന്നുണ്ട്. ഓഫീസുകളും ജീവനക്കാരുടെ ആരോഗ്യ പരിരക്ഷയില്‍ മുന്‍പെന്നത്തേക്കാള്‍ ശ്രദ്ധ ചെലുത്തുന്നു. കൊറോണ ലോകത്തിന് നല്‍കിയ പാഠം എക്കാലവും ഓര്‍ക്കുന്നതുകൊണ്ട് ഈ ശൈലികള്‍ പെട്ടെന്ന് മാറില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it