'അധികാരങ്ങൾ പങ്കുവെയ്ക്കുക എന്നാൽ ജോലി മറ്റുള്ളവരുടെ തലക്കിടുക എന്നല്ല അർത്ഥം'

അധികാരങ്ങൾ പങ്കുവെയ്ക്കുക എന്നാൽ ജോലി മറ്റുള്ളവരുടെ തലക്കിട്ട് മാറിനിൽക്കുക എന്നല്ല അർത്ഥമെന്ന് വി-ഗാർഡ് സ്ഥാപകനും ചെയർമാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. ജീവനക്കാരുമായി ഉത്തരവാദിത്തങ്ങൾ പങ്കിടുമ്പോൾ എന്തെല്ലാം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണമെന്ന് ഈയിടെ 'ധന'ത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വിവരിക്കുകയുണ്ടായി.
"ഒരു ഉത്തരവാദിത്തം ആരെയെങ്കിലും ഏൽപ്പിച്ചാൽ അത് ചെയ്യാൻ അവരെ പ്രാപ്തരാക്കുക കൂടി വേണം. അവരെ ശക്തിപ്പെടുത്തണം." പറഞ്ഞു കൊടുക്കുന്ന കാര്യങ്ങളിൽ വ്യക്തതയുണ്ടെന്ന് ഉറപ്പാക്കാൻ എത്ര സമയം വേണമെങ്കിലും ചെലവഴിക്കാൻ തനിക്ക് മടിയില്ലെന്ന് ചിറ്റിലപ്പിള്ളി പറയുന്നു.
ഇതിന് ഒരു ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് അദ്ദേഹത്തിന്റെ ഡ്രൈവറെത്തന്നെയാണ്. തന്റെ ഓരോ മീറ്റിംഗുകളും പരിപാടികളും അതിന്റെ സ്ഥലം, തീയതി ഉൾപ്പെടെ കുറിച്ചു വെക്കുന്നത് ഡ്രൈവറാണ്. അടുത്ത ദിവസം എവിടെയെങ്കിലും പോകേണ്ടതായിട്ടുണ്ടെങ്കിൽ തലേദിവസം ഓർമ്മിപ്പിക്കുക, ഗൂഗിൾ മാപ്പിൽ നോക്കി പോകേണ്ട സ്ഥലം, ദൂരം, യാത്രക്ക് എടുക്കേണ്ട സമയം ഇതെല്ലം മനസിലാക്കി തന്നെ അറിയിക്കുക... ഈ ജോലികളെല്ലാം അദ്ദേഹത്തിന്റെയാണ്. ഇക്കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ എത്ര സമയം എടുത്താലും ക്ഷമയോടെ താൻ ചെയ്യുമെന്ന് ചിറ്റിലപ്പിള്ളി പറയുന്നു.
വിജയം ഒരു വ്യക്തിയിൽ ഒതുങ്ങുന്നതല്ല എന്നതാണ് ബിസിനസുകൾ ആദ്യം മനസിലിക്കേണ്ടത്," അദ്ദേഹം ചൂണ്ടിക്കാട്ടി. ബിസിനസിലായാലും പ്രൊഫഷനിലായാലും ആരും ഒഴിവാക്കാൻ കൂടാത്തവരല്ല (indispensable) എന്ന തോന്നൽ എപ്പോഴും ഉണ്ടായിരിക്കണം.
ശക്തമായ ഒരു ടീം ഉണ്ടായിരുന്നു എന്നതാണ് വി-ഗാർഡിന്റെ വിജയത്തിന് പിന്നിലെ ഒരു ഘടകം. ജോലിയിൽ അവർക്ക് പ്രവർത്തന സ്വാതന്ത്ര്യം ധാരാളം നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.