കുടുംബ ബിസിനസിന്റെ വിജയത്തിന് മുരുഗപ്പ ഗ്രൂപ്പില്‍ നിന്നും പകര്‍ത്താം 10 പ്രമാണങ്ങള്‍

ഇന്ത്യയിലെ മുന്‍നിര ബിസിനസ് കുടുംബമായ മുരുഗപ്പ ഗ്രൂപ്പിനെ ആഴത്തില്‍ വിശകലനം ചെയ്ത് ഒരു കുടുംബ ബിസിനസിന്റെ വിജയത്തിന് അത്യാവശ്യമായ 10 പ്രമാണങ്ങള്‍ അവതരിപ്പിക്കുകയാണ് പ്രൊഫ.കെ രാമചന്ദ്രന്‍. ഹൈദരാബാദിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ അസോസിയേറ്റ് ഡീന്‍ ആയിരുന്ന രാമചന്ദ്രന്‍ കുടുംബ ബിസിനസസില്‍ സ്പെഷ്യലൈസ് ചെയ്യുന്ന ഇന്ത്യയിലെ അറിയപ്പെടുന്ന വിദഗ്ധനാണ്. അദ്ദേഹം ധനം മാഗസിന് വേണ്ടി 2009 ല്‍ തയ്യാറാക്കിയ ലേഖനം വായിക്കാം.

1. വേണം അടിസ്ഥാന തത്വശാസ്ത്രം

കുടുംബത്തിന്റെ മൂല്യങ്ങളും പാരമ്പര്യവും കീഴ്വഴക്കങ്ങളും പരിരക്ഷിക്കുന്നതോടൊപ്പം തന്നെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുക എന്നതാണ് മുരുഗപ്പ ഗ്രൂപ്പിന്റെ അടിസ്ഥാനതത്വശാസ്ത്രം. അതുതന്നെയാണ് ഈ ഗ്രൂപ്പിന്റെ വിജയത്തിന്റെ അടിസ്ഥാനവും. കുടുംബാംഗങ്ങള്‍ക്കെല്ലാം തന്നെ കഠിനാധ്വാനം, സത്യസന്ധത, മികച്ച ബിസിനസ് അവബോധം, വിശ്വസ്തത, ധാര്‍മികത എന്നീ മൂല്യങ്ങളോട് ഒരുതരം വ്യക്തിപരമായ ആഭിമുഖ്യം എപ്പോഴും ഉണ്ടെന്ന് കാണാം. അതുപോലെ തന്നെ, ഉപഭോക്താക്കള്‍ക്ക് മുടക്കുന്ന പണത്തിന്റെ മൂല്യം ഉറപ്പാക്കുന്ന തരത്തില്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കുക, എല്ലാ ബിസിനസ് ഏര്‍പ്പാടുകളിലും ധാര്‍മികത മുറുകെപ്പിടിക്കുക, കമ്പനിയില്‍ പങ്കാളികളായ എല്ലാവര്‍ക്കും നിരന്തരമായ സംതൃപ്തി ഉറപ്പുവരുത്തുക എന്നീ കാതലായ തത്വങ്ങളാണ് ഗ്രൂപ്പിന്റെ ബിസിനസിനെ നയിച്ചുകൊണ്ടിരിക്കുന്നത്. വൈവിധ്യമാര്‍ന്ന മാര്‍ഗങ്ങളിലൂടെ സമഗ്രമായ സമൂഹ്യവികസനം സാധിക്കുക എന്നതാണ് ഗ്രൂപ്പിനെ മുമ്പോട്ട് നയിക്കുന്ന വിശാലദര്‍ശനം. ഓരോ കുടുംബാംഗവും കുടുംബത്തിന്‍േറയും ബിസിനസില്‍ നിന്നും സമ്പാദിക്കുന്ന ധനത്തിന്‍േറയും ട്രസ്റ്റിയായി പ്രവര്‍ത്തിക്കുകയും അതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങള്‍ മികച്ച രീതിയില്‍ നിറവേറ്റുകയും ചെയ്യുന്നു.

2. ബ്രാന്‍ഡ് പ്രതിച്ഛായ ഉയര്‍ത്തിപിടിക്കണം

കുടുംബത്തിന്റെ ശക്തമായ പാരമ്പര്യവും കുടുംബാംഗങ്ങളുടെ വ്യത്യസ്തമായ കഴിവുകളും തമ്മിലുള്ള അസാമാന്യപൊരുത്തത്തിലൂടെ ഉരുത്തിരിഞ്ഞ മാനേജ്മെന്റ് ശൈലിയും ചേര്‍ന്ന് സൃഷ്ടിച്ചെടുത്തതാണ് മുരുഗപ്പ കുടുംബത്തിന്റെ അടിസ്ഥാന വിഭവശേഷി. കുടുംബത്തിന്റെ ഐക്യവും കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്നേഹ ബന്ധവും അവരെ കടുംപിടുത്തങ്ങളില്ലാതെ ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും സഹായിക്കുന്നു. ഉല്‍പ്പാദനരംഗത്തെ മല്‍സരക്ഷമത, സാമ്പത്തിക വിഭവശേഷി, ടീം ഓറിയന്‍േറഷന്‍, നല്ല ഭരണ രീതികള്‍ എന്നീ കാതലായ വിഭവശേഷികള്‍ പോഷിപ്പിച്ചു വളര്‍ത്തുന്നതിന് ഗ്രൂപ്പ് മുന്‍തൂക്കം നല്‍കുന്നുണ്ട്. അതോടൊപ്പം, ബിസിനസിന്റെ ബ്രാന്‍ഡ് പ്രതിഛായ സൂക്ഷ്മമായി നിരീക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നു. സംക്ഷിപ്തമായി പറഞ്ഞാല്‍, സ്വന്തം സവിശേഷത നിലനിര്‍ത്താനും അടിസ്ഥാന ലക്ഷ്യങ്ങളോടും മൂല്യങ്ങളോടും താദാത്മ്യം പ്രാപിക്കുവാനുമുതകുന്നവിധം കാതലായ വിഭവശേഷികള്‍ വളര്‍ത്തിയെടുക്കുകയെന്ന കാഴ്ചപ്പാടാണ് കുടുംബത്തിനും ബിസിനസിനും ഒരുപോലെ ഉള്ളത്.

3. വേണം സുതാര്യതയും തുറന്ന ആശയ വിനിമയവും

കുടുംബ വേദികളിലും കുടുംബ സംഗമങ്ങളിലും നടക്കുന്ന തുറന്ന ആശയ വിനിമയത്തിലൂടെയും ചര്‍ച്ചകളിലൂടെയും തീരുമാനങ്ങളെടുക്കുന്ന രീതിയാണ് ഏറ്റവും മികച്ചതെന്നാണ് മുരുഗപ്പാ കുടുംബം വിശ്വസിക്കുന്നത്. ക്രിയാത്മക വിമര്‍ശനവും തുറന്ന പ്രതികരണ ങ്ങളും പ്രോല്‍സാഹിപ്പിക്കുന്ന ഒരു വ്യവസ്ഥിതിയാണ് ഇത്. ദൈനംദിന പ്രവര്‍ത്തന മേഖലയില്‍ നിന്ന് കമ്പനിയുടെ ഭരണത്തിന്റെ മേല്‍ത്തട്ടിലേക്ക് കുടുംബങ്ങള്‍ ഉയര്‍ന്നു വരാനും കമ്പനി കെട്ടുറപ്പുള്ള ഒന്നായി നിലനിര്‍ത്തിക്കൊണ്ടുപോകാനും സാധിക്കുക എന്നതാണ് ഇതിനു പിന്നിലെ ആശയം. സുതാര്യതയും ഭരണത്തിന്റെ ഫലപ്രാപ്തിയും മെച്ചമായ രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ ഗ്രൂപ്പ് ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇതിന്റെ ഉത്തമ ഉദാഹരണമാണ് 1999ല്‍ ഉടമസ്ഥതയും ദൈനംദിനം നടത്തിപ്പും തമ്മില്‍ വേര്‍തിരിച്ചതും MCB രൂപവല്‍ക്കരിച്ചതും. കുടുംബത്തിനു പുറത്തുനിന്നുള്ള ചെയര്‍മാനും, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും, ഡയറക്റ്റര്‍മാരും ഗ്രൂിന്റെ ഭരണസാരഥ്യത്തിലേക്ക് വന്നുവെന്നതും നിര്‍ണായകമായ ഒന്നായിരുന്നു. മികവിലും സീനിയോറിറ്റിയിലും അധിഷ്ഠിതമായ ഒരു പിന്തുടര്‍ച്ചാരീതിക്കും തലമുറയേതെന്നതിനെ ആശ്രയിച്ചുള്ള നീതി പൂര്‍വമായ പ്രതിഫല നിര്‍ണയത്തിനും തുടക്കമിടുകയും ചെയ്തു.

4. ആദരണീയ നേതൃത്വം ഉണ്ടാകണം

കുടുംബത്തിന്റെ കാര്യത്തിലായാലും ബിസിനസിന്റെ കാര്യത്തിലായാലും ശ്ലാഘനീയമായ നേതൃത്വം മുരുഗപ്പ ഗ്രൂപ്പിന് എക്കാലവും ഉണ്ടായിരുന്നു. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന വ്യക്തിക്കാണ് കുടുംബത്തിന്റെ മുമ്പോട്ടുള്ള പോക്ക് വിഭാവനം ചെയ്യുന്നതിന്റെയും അത് ഫലപ്രദമായി നടപ്പിലാക്കുന്നതിന്‍േറയും ചുമതല. ഇത് എല്ലാ അഹംഭാവങ്ങളും നിയന്ത്രിച്ചുകൊണ്ട്, ഓരോ വ്യക്തിയുടെയും കഴിവുകള്‍ക്കനുസൃതമായ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് നേതൃനിരയിലേക്ക് കുടുംബാംഗങ്ങളെ വളര്‍ത്തിയെടുക്കുന്ന ഒരു പ്രക്രിയയാണ്. MCB യുടെ രൂപവല്‍ക്കരണം, കൂടുതല്‍ ചിട്ടയുള്ളതും വ്യവസ്ഥാപിതവും നേതൃത്വപരവുമായ സംഭാവനകളും പൈതൃകവും പുതിയ തലമുറയ്ക്കും ഗ്രൂപ്പിലെ പുതിയ പ്രൊഫഷണലുകള്‍ക്കും നല്‍കാന്‍ സഹായകമായി. ബിസിനസിന്റെ സങ്കീര്‍ണത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതേറ്റവും അനുഗ്രഹമായി. കുടുംബത്തിനു പുറത്തുനിന്നുള്ള പ്രൊഫഷണലുകളെ, അവരുടെ വ്യക്തിതാല്‍പ്പര്യങ്ങളും കമ്പനിയുടെ ദീര്‍ഘകാല ലക്ഷ്യങ്ങളുമായി ഇഴചേര്‍ക്കുന്ന തരത്തില്‍ വാര്‍ത്തെടുക്കുവാനുള്ള ചുമതല സീനിയേഴ്സിന്റേതായി. ബിസിനസിന്റെ സ്ഥായിയായ വളര്‍ച്ചയ്ക്ക് പുറത്തുനിന്നുള്ള CEOയുടെ പങ്കും ഏറെ വിലമതിക്കപ്പെട്ടു.

5. മല്‍സരക്ഷമതയ്ക്ക് മുന്‍തൂക്കം വേണം

ഇളം തലമുറയ്ക്ക് നേട്ടങ്ങള്‍ കൊയ്യാനും പുരോഗതി കൈവരിക്കുവാനുള്ള അഭിനിവേശം സൃഷ്ടിക്കുവാനായി അവരെ യുക്തമായ രീതിയില്‍ വാര്‍ത്തെടുക്കുവാന്‍ മുരുഗപ്പ കുടുംബം ബദ്ധശ്രദ്ധമാണ്. വിദ്യാഭ്യാസം, പരിശീലനം, ചുമതലകള്‍ ഏല്‍പ്പിക്കല്‍ തുടങ്ങിയ രംഗങ്ങളിലെല്ലാം ഈ ശ്രദ്ധ ഏറെ പ്രകടമാണ്. ഇളം തലമുറയെ ബിസിനസിന്റെ കാതലായ ചുമതലകള്‍ ഏല്‍പ്പിക്കുന്നതിന് മുമ്പ് വിദേശത്തുപോയി വേണ്ട പരിചയം സമ്പാദിക്കുവാന്‍ അവസരം കൊടുക്കാറുണ്ട്. ഇളംതലമുറ കഴിയുന്നിടത്തോളം ഒരുമിച്ച് ജീവിക്കുവാനും സമയം ചെലവഴിക്കാനും അതുവഴി കുടുംബ ബന്ധം ഊട്ടിയുറപ്പിക്കുവാനും ശ്രദ്ധിക്കാറുണ്ട്. ബിസിനസ് രംഗത്തെ മികവ് തന്നെയാണ് ഏറ്റവും പ്രധാനമായ മാനദണ്ഡം. മല്‍സരക്ഷമത ഉറപ്പുവരുത്താന്‍ ഏറ്റവും പറ്റിയ CEOയെ തെരഞ്ഞെടുക്കുക, പ്രകടന മികവ് ഉറപ്പുവരുത്താന്‍ ബിസിനസ് യഥാസമയം പുനഃസംഘടിപ്പിക്കുക, ഉയര്‍ന്ന ഗുണമേന്മ നിലനിര്‍ത്താന്‍ യത്നിക്കുക എന്നീ കാര്യങ്ങള്‍ക്ക് ഗ്രൂപ്പ് മുന്‍തൂക്കം കൊടുക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. വരുമാനത്തിലെ സ്ഥായിയായ വളര്‍ച്ചയ്ക്കും, കമ്പനിയുടെ ജൈവീക (സ്വാഭാവിക)വും ജൈവീകേതരവുമായ (ഏറ്റെടുക്കലുകളിലൂടെ) വളര്‍ച്ചയ്ക്കും പിന്നില്‍ ഇതൊക്കെയാണുള്ളത്.

6. ദീനാനുകമ്പ പ്രകടിപ്പിക്കണം

ഇളംതലമുറയിലെ കുടുംബാംഗങ്ങളെ ബിസിനസില്‍ വിജയിക്കുവാനുള്ള മല്‍സരക്ഷമത കൈവരിക്കുവാന്‍ പരിശീലിിക്കുന്നതോടൊം തന്നെ അവരില്‍ ദീനാനുകമ്പയുടെ വിത്തുകള്‍ പാകാനും കുടുംബം ശ്രദ്ധിക്കുന്നു. സമീപത്തുള്ള ഗ്രാമങ്ങളുടെയും നഗരപ്രാന്തങ്ങളുടെയും വികസനത്തിനു സഹായിക്കുന്ന തരത്തില്‍ നിരവധി ജീവകാരുണ്യ/സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഗ്രൂപ്പ് ഏറെ ഊന്നല്‍ കൊടുക്കുന്നുണ്ട്. ഇതിന് നേതൃത്വം കൊടുക്കുന്നത് കൂടുംബത്തിലെ സ്ത്രീകളാണ്. തൊഴില്‍സ്ഥലത്ത് എല്ലാ ജീവനക്കാരേയും ബഹുമാനത്തോടയും ശ്രദ്ധയോടെയും ആണ് കാണുന്നത്. സ്ഥാപനത്തില്‍ ശക്തമായ സാമൂഹ്യബന്ധങ്ങള്‍ പോറ്റിവളര്‍ത്തി അതുവഴി ജീവനക്കാരും സ്ഥാപനവുമായുള്ള ബന്ധം ഊട്ടിയുറിച്ച് അവരെ ദീര്‍ഘകാലം കമ്പനിയില്‍ നിലനില്‍ക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒരു സമീപനമാണ് ഗ്രൂപ്പിനുള്ളത്.

7. കാട്ടണം പുതുമയോട് അഭിനിവേശം

കുടുംബാംഗങ്ങളുടെ പുരോഗതിക്കായി കാലാകാലങ്ങളില്‍ ഉയര്‍ന്നുവരുന്ന പുത്തന്‍ സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ മുരുഗപ്പ ഗ്രൂപ്പ് പ്രത്യേകം ശ്രദ്ധ കാണിക്കാറുണ്ട്. അനിതര സാധാരണമായ സംരംഭക താല്‍പ്പര്യവും, മറ്റുള്ളവര്‍ കടന്നുചെല്ലാന്‍ മടിക്കുന്ന മേഖലകളില്‍ ചുവടുവെപ്പ് നടത്തുവാനുള്ള ധൈര്യവും മുരുഗപ്പ ഗ്രൂപ്പിന്റെ മുഖമുദ്രയാണ്. റിസ്‌കെടുക്കുക, പുരോഗമനപരമായി കര്‍മനിരതരാകുക, അവസരങ്ങള്‍ പരമാവധി പ്രയോജനെപ്പടുത്തുംവിധം ചുറ്റുപാടുകളെ കൈകാര്യം ചെയ്യുക എന്നിവയൊക്കെ ഈ ഗ്രൂപ്പിന്റെ കരുത്താണ്.

8. മാറ്റങ്ങളെ സ്വാഗതം ചെയ്യുക

അടിസ്ഥാന മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ, കാലത്തിന്റെ മാറ്റങ്ങള്‍ക്കുനുസൃതമായി കുടുംബ കീഴ്വഴക്കങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതില്‍ എക്കാലവും ഗ്രൂപ്പ് മുന്‍പന്തിയിലാണ്. കുടുംബത്തിന് പുറത്തുനിന്നുള്ളവരെ നേതൃ നിരയിലേക്ക് കൊണ്ടുവന്നുവെന്നുള്ളതു തന്നെ ഇതിനേറ്റവും പ്രകടമായ ഉദാഹരണമാണ്. പഠിക്കുവാനും സംഭാവന ചെയ്യുവാനും മുന്നോട്ട് കുതിക്കുവാനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഗ്രൂപ്പ് ശക്തമായി വിശ്വസിക്കുന്നു. അതോടൊപ്പം തന്നെ, മുന്‍കൈയെടുക്കുന്നവരെ അംഗീകരിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുക, സൃഷ്ടിപരമായ കഴിവുകളേയും നൂതന ചുവടുവെപ്പുകളേയും വിലമതിക്കുകയും അംഗീകരിക്കുകയും ചെയ്യുക തുടങ്ങിയ നിലപാടാണ് ഗ്രൂപ്പിനുള്ളത്.

9. കൃത്യമായ ചട്ടങ്ങള്‍ ആവിഷ്‌കരിക്കുക

തലമുറകളുടെ പഴക്കത്തിനനുസൃതമായി നീതിപൂര്‍വമായ പ്രതിഫലം നല്‍കുന്നതിലും ഗ്രൂപ്പ് ശ്രദ്ധിക്കുന്നു. സ്ത്രീ/പുരുഷ/പ്രായ ഘടകങ്ങളെ കണക്കിലെടുത്ത് ചുമതലകള്‍ വീതിക്കുന്നതിലും മുരുഗപ്പ ഗ്രൂപ്പ് മാതൃകയാണ്. നാനോന്മുഖകമായ ഒരു ചട്ടക്കൂടും, ക്ലിപ്തമായ പ്രവര്‍ത്തന വിഭാഗങ്ങളും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ബോര്‍ഡ് ഓഫ് ഡയറക്റ്റേഴ്സുമാണ് ഗ്രൂപ്പിന്റെ ബിസിനസ് സംവിധാനത്തിനുള്ളത്. എല്ലാ തീരുമാനങ്ങളും ചിട്ടയായ പ്രക്രിയകള്‍ക്കനുസൃതമാണ്.

10. മാനവ വിഭവ ശേഷി വികസിപ്പിക്കുക

മാനവ വിഭവശേഷി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ അപൂര്‍വവൈദഗ്ധ്യം ഈ ഗ്രൂപ്പിനുണ്ട്. മുതിര്‍ന്നവര്‍ ഇളംതലമുറയെ ഭാരിച്ച ഭാവി ചുമതലകള്‍ ഏറ്റെടുക്കുവാന്‍ പര്യാപ്തമായ നിലയില്‍ വിവിധ മാനേജീരിയല്‍ മേഖലകളില്‍ കരുതലോടെ പരിശീലിപ്പിച്ച് കഴിവുകള്‍ വികസിപ്പിച്ച് വളര്‍ത്തിയെടുക്കുന്ന രീതിതന്നെയാണൊരുദാഹരണം. ഗുണമേയുള്ള ജീവനക്കാരെ റിക്രൂട്ട് ചെയ്യുക, ജീവനക്കാര്‍ക്ക് മികച്ച രീതിയിലുള്ള പരിശീലനം നല്‍കുക, ശരിയായ മൂല്യങ്ങള്‍ ജീവനക്കാരില്‍ വളര്‍ത്തിയെടുക്കുക, പരസ്പരവിശ്വാസം ഉറപ്പുവരുന്ന ഒരു അന്തരീക്ഷം സ്ഥാപനത്തില്‍ നിലനിര്‍ത്തുക, തുറന്ന ആശയ വിനിമയം, ടീം സ്പിരിറ്റ്, വലുപ്പത്തിനനുസരിച്ചുള്ള പ്രവര്‍ത്തന ശൈലി, ഇവയൊക്കെ മുരുഗപ്പ ഗ്രൂപ്പിന്റെ കരുത്താണ്. ക്ലിപ്തമായ ലക്ഷ്യവും, നിശ്ചിതമായ തന്ത്രങ്ങളും, ചട്ടക്കൂടും, പ്രക്രിയകളും കൊണ്ട് മുന്നേറുന്നതുമൂലം മുരുഗപ്പ ബിസിനസ് ഗ്രൂപ്പും കുടുംബവും ഒരുപോലെ ശക്തവും ദീര്‍ഘകാല നിലനില്‍പ്പുമുള്ള സ്ഥാപനങ്ങളായി പരിണമിച്ചിരിക്കുന്നു. രണ്ടിനും ഒരു മികവുറ്റ സ്ഥാപനത്തിന്റെ ദൃഢവും, മൃദുവുമായ എല്ലാ ഘടകങ്ങളുടേയും ശക്തമായ ഒരു ചേരുവയുണ്ട്. മാനുഷിക ബന്ധങ്ങളാണ് രണ്ടിന്‍േറയും വിജയത്തിന്റെ ഒരു അടിസ്ഥാന ഘടകം. അങ്ങനെ നോക്കുമ്പോള്‍, ഒരു മികവുറ്റ സ്ഥാപനത്തിനാവശ്യമായ എല്ലാ ഘടകങ്ങളും ഉദാത്തമായി മുരുഗപ്പ ഗ്രൂപ്പില്‍ ഒത്തുചേര്‍ന്നിരിക്കുന്നുവെന്നു കാണാം. പഴമയുടെ നല്ലവശങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട്, പുതിയ വഴിത്താരകളിലേക്ക് ധീരമായി കടന്നുചെല്ലുവാനുള്ള സന്നദ്ധതയാണ് ഏതു സ്ഥാപനത്തിനേയും മികവുറ്റതാക്കുന്നതും ദീര്‍ഘകാലം നിലനില്‍ക്കുവാന്‍ സഹായിക്കുന്നതും. മികച്ച ബിസിനസ് കീഴ്വഴക്കങ്ങളും രീതികളുമാണ് ഈ ജൈത്രയാതയ്ക്ക് കരുത്തേകുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it