ബിസിനസ് വളര്‍ത്താനുള്ള 5 വഴികള്‍

അതിരുകള്‍ കടന്ന് പടര്‍ന്ന് പന്തലിച്ചൊരു സംരംഭം. ഒരു സംരംഭകന്റെ എക്കാലത്തെയും ആഗ്രഹമിതാകും. എന്നാല്‍ വളരെ കുറച്ചു പേര്‍ക്ക് മാത്രം ഇത് സാക്ഷാല്‍കരിക്കാനാകുമ്പോള്‍ മറ്റനേകം സംരംഭകര്‍ക്കിത് സ്വപ്‌നമായി മാത്രം അവശേഷിക്കും. എന്തുകൊണ്ടാണിത്? കാരണങ്ങള്‍ പലതു കാണും. എന്നിരുന്നാലും ഒരു ബിസിനസിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് അവശ്യം വേണ്ട ഘടകങ്ങളെ കുറിച്ചുള്ള അജ്ഞതയോ അത്തരം കാര്യങ്ങളില്‍ പുലര്‍ത്തുന്ന അശ്രദ്ധയോ ഒക്കെയാകാം ബിസിനസ് വളര്‍ച്ചയ്ക്ക് വിഘാതമാകുന്നത്. സംരംഭം വളര്‍ത്താന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില ഘടകങ്ങളുണ്ട്.

കാഷ് ഫ്‌ളോ

ഒരു ബിസിനസിന്റെ ജീവരക്തമേതെന്ന ചോദ്യത്തിന് ഉത്തരമൊന്നേയുള്ളൂ. കാഷ് ഫ്‌ളോ. ബിസിനസില്‍ മറ്റെന്തിനേക്കാളും പ്രധാനം കാഷ് ഫ്‌ളോയ്ക്കുണ്ടെന്ന് ഞാന്‍ പറയും. ഇന്ന് എത്ര കാഷ് ലഭിക്കും. നാളെ ഏതൊക്കെ ചെക്കുകള്‍ നല്‍കണം. വരവെത്ര, ചെലവെത്ര, ഓരോ അവശ്യത്തിനും അതത് സമയത്ത് പണം ലഭിക്കുന്നുണ്ടോ, സംരംഭത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനുള്ള മൂലധനമുണ്ടോ, ഫണ്ട് വകമാറ്റി ചെലവഴിക്കുന്നുണ്ടോയെന്നൊക്കെ കൃത്യമായി നിരീക്ഷിക്കണം. ഭാവിയില്‍ വരാനിടയുള്ള ചെലവുകള്‍ കൂടി കാണാതെ ബിസിനസ് വളര്‍ത്താന്‍ ഇറങ്ങിത്തിരിക്കരുത്.

കേരളത്തില്‍ ഒരു പ്രമുഖ റീറ്റെയ്ല്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുണ്ടായിരുന്നു. അവര്‍ ഒരു പ്രത്യേക ഘട്ടത്തില്‍ വന്‍ വികസന പദ്ധതി ആവിഷ്‌കരിച്ചു. നാട്ടിലെമ്പാടും സ്റ്റോറുകളുടെ ശൃംഖല ആരംഭിക്കാന്‍ ഷോറൂമുകളെടുത്തു. ഫണ്ട് വന്‍തോതില്‍ ഈ രംഗത്ത് ചെലവിട്ടതിനാല്‍ സപ്ലെയര്‍മാര്‍ക്ക് പണം നല്‍കാന്‍ സാധിക്കാതെ വന്നു. ഇതോടെ റീറ്റെയ്ല്‍ സ്‌റ്റോറിലേക്കുള്ള വിതരണം നിര്‍ത്തി. അങ്ങനെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഷെല്‍ഫുകള്‍ കാലിയാകാന്‍ തുടങ്ങി. വേണ്ട സാധനങ്ങള്‍ കടയില്‍ ലഭിക്കാതെ വന്നതോടെ ഉപഭോക്താക്കള്‍ കയറാതെയായി. ഇതോടെ ആ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല തകര്‍ന്നടിഞ്ഞു.

ഇതുപോലെ നിരവധി ഉദാഹരങ്ങള്‍ എടുത്തുകാട്ടാനുണ്ട്. പണം മികച്ച രീതിയില്‍ മാനേജ് ചെയ്യുക എന്നതാണ് ബിസിനസില്‍ നിര്‍ണായകമായ കാര്യം. ഏത് അവസരത്തിലും കാഷ് ഫ്‌ളോ ഉറപ്പാക്കണം.

നിങ്ങളുടെ ഉപഭോക്താവിനെ അറിയുക

ബിസിനസുകാരെ, എന്തിനാണ് നിങ്ങളുടെ ഉല്‍പ്പന്നം അല്ലെങ്കില്‍ സേവനം മറ്റൊരാള്‍ വാങ്ങുകയോ തേടുകയോ ചെയ്യുന്നത്? എന്താണ് നിങ്ങളുടെ ഉപഭോക്താവ് ശരിക്കും തേടുന്നത്? നിങ്ങളുടെ ഉല്‍പ്പന്നം വാങ്ങുന്നതു കൊണ്ടോ സേവനം ഉപയോഗപ്പെടുത്തുന്നതു കൊണ്ടോ അവര്‍ ലക്ഷ്യമിടുന്ന പ്രയോജനമെന്താണ്? അത് കൃത്യമായി അറിയണം.

ഉദാഹരണത്തിന് മാഗസിന്‍ പ്രസാധക രംഗമെടുക്കാം. എന്തിനാണ് ഒരാള്‍ ഒരു മാഗസിന്‍ വായിക്കുന്നത്? മാനസികോല്ലാസത്തിനാണെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ അതിനപ്പുറം അവരുടെ ജീവിതാവസ്ഥകളിലെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം അവര്‍ അതില്‍ നിന്ന് തേടുന്നുണ്ടാകും.

ജീവിതം മെച്ചപ്പെടുത്താനുള്ള കാര്യങ്ങള്‍ തെരയുന്നുണ്ടാകും.

പുരുഷന്മാര്‍ക്കുള്ള ഒരു ഷര്‍ട്ട് ബ്രാന്‍ഡിന്റെ മാര്‍ക്കറ്റിംഗ് രീതി നമുക്കൊന്നു നോക്കാം. ഒരു ഷര്‍ട്ട് ബ്രാന്‍ഡ് അതിന്റെ ഉപഭോക്താക്കളോട് പറയുന്നു, ഈ ഷര്‍ട്ടിന്റെ തുണി അങ്ങേയറ്റം മൃദുവാണ് എന്ന്. സ്വാഭാവികമായും ഉപഭോക്താവിന്റെ മനസില്‍ ചോദ്യമുയരും - അതുകൊണ്ട് എന്താ മെച്ചം. ഷര്‍ട്ട് ധരിക്കാന്‍ അങ്ങേയറ്റം സുഖപ്രദമാകുമെന്ന് മറുപടി നല്‍കാം. വീണ്ടും ചോദ്യം വരും, അതുകൊണ്ട്? അങ്ങേയറ്റം റിലാക്‌സ് ആകാം.

റിലാക്‌സ് ആയാല്‍ : നന്നായി ജോലി ചെയ്യാം

നന്നായി ജോലി ചെയ്താല്‍ : കരിയറില്‍ വളരാം

അങ്ങനെ വളര്‍ന്നാല്‍ : നിങ്ങള്‍ക്ക് അന്തിമമായ നിര്‍വാണം നേടാം

നോക്കൂ, ഒരു ഷര്‍ട്ട് അതിന്റെ ഉപയോക്താവിന് വാഗ്ദാനം ചെയ്യുന്നതെന്താണ് എന്ന്. ഇതുപോലെ ഉപഭോക്താവിന്റെ ഉദ്ദേശ്യ ലക്ഷ്യം, കൃത്യമായി അറിഞ്ഞ് അത് നല്‍കാന്‍ സാധിക്കണം. അതായത് ഉപഭോക്താവിനെ കൃത്യമായി അറിയണം.

എന്തിന് ഒരു ഉല്‍പ്പന്നം അല്ലെങ്കില്‍ സേവനം ഉപയോഗിക്കുന്നു എന്നതിന് ഉപഭോക്താവ് പല മറുപടികളും നല്‍കിയെന്നിരിക്കാം. ആ മറുപടികള്‍ അവരുടെ പക്ഷത്തുനിന്ന് നോക്കിയാണ് വിശകലനം ചെയ്യേണ്ടത്. മാത്രമല്ല, നിങ്ങളുടെ ഉപഭോക്താവിനെ അറിയാന്‍ നിക്ഷേപം നടത്താനും മടിക്കരുത്. ഉപഭോക്താവിനെ അറിഞ്ഞ് മാര്‍ക്കറ്റിംഗ് നടത്തുക എന്നത് ലളിതമായ കാര്യമല്ല. ഉപഭോക്താവിനെ അറിയാന്‍, ഒരു വ്യക്തിയെ നമ്മള്‍ പരിചയപ്പെടുമ്പോള്‍ അയാളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതു പോലെ, ഏറെ ചോദ്യങ്ങള്‍ ചോദിക്കണം. അവരുടെ വാങ്ങല്‍ ശൈലികള്‍ നിരീക്ഷിക്കണം.

എന്താണ് നിങ്ങള്‍ നല്‍കുന്ന പരിഹാരം?

യഥാര്‍ത്ഥത്തില്‍ ഉപഭോക്താവ് പണം നല്‍കി ഒരു ഉല്‍പ്പന്നവും വാങ്ങുന്നില്ല. പകരം അവര്‍ അവരുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് കാണുന്നത്.

അവരുടെ പ്രശ്‌നങ്ങള്‍ പലതാകാം. ചിലര്‍ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നുണ്ട്. അവര്‍ നോക്കുന്നത് ചില കാര്യങ്ങളാകാം. മറ്റു ചിലര്‍ ഷോപ്പുകളില്‍ പോയി മാത്രമേ ഉല്‍പ്പന്നങ്ങള്‍ വാങ്ങൂ.

അതിനു പിന്നിലും ചില കാര്യങ്ങള്‍ കാണും.

ഒരു ഉപഭോക്താവിന്റെ വാങ്ങല്‍ രീതി കൃത്യമായി അറിയാന്‍ അവരെ കൃത്യമായി നിരീക്ഷിക്കണം. നിങ്ങള്‍ ലക്ഷ്യമിടുന്ന ഉപഭോക്താവ് എങ്ങനെയാണ് ഉല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ സേവനങ്ങള്‍ വാങ്ങുന്നതെന്ന് അവരുടെ വാങ്ങല്‍ രീതി കൃത്യമായി നിരീക്ഷിച്ച് അറിയണം.

ഉപഭോക്താക്കളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ അറിയുക. എന്നിട്ട് അതിന് ഏറ്റവും മികച്ച പരിഹാരം നല്‍കുക. ഇതിലൂടെ മാത്രമേ ബിസിനസ് വളരൂ. അതുപോലെ സുപ്രധാനമായ ഒരു കാര്യമാണ് Never be Everything to Everybody. എല്ലാ ഉപഭോക്താവിനും എല്ലാം നല്‍കാന്‍ ശ്രമിക്കരുത്. ഉപഭോക്താവിന്റെ ഒരു പ്രശ്‌നത്തിനാണ് പരിഹാരം കാണുന്നതെങ്കില്‍ അതില്‍ ഫോക്കസ് ചെയ്യണം.

ഐ.റ്റി രംഗത്തെ പല സംരംഭകരെയും കണ്ടിട്ടുണ്ട്. അവരുടെ ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള പ്രസന്റേഷനുകളും ശ്രദ്ധിച്ചിട്ടുണ്ട്. പലരും ഉല്‍പ്പന്നത്തിന്റെ സവിശേഷതകളെ കുറിച്ചും മറ്റും വാചാലരായിരിക്കും. എന്നാല്‍ ഇത് ഉപഭോക്താവിന് എന്ത് മെച്ചമാണ് നല്‍കുക എന്നതിനെ കുറിച്ച് വിശദീകരിക്കാറില്ല.

നിങ്ങളുടെ വ്യത്യസ്തത നിലനിര്‍ത്തുക

വിപണിയില്‍ ഒന്നല്ല ഒട്ടനവധി ഉല്‍പ്പന്നങ്ങളുണ്ട്. സേവനങ്ങളും. ഒരേ മേഖലയില്‍ തന്നെ നിരവധി നിരവധി. ആ ബഹളത്തിനിടയില്‍ നിങ്ങളുടെ ഉല്‍പ്പന്നമോ സേവനമോ ഉപഭോക്താവ് ശ്രദ്ധിക്കണമെങ്കില്‍ അത്യുച്ചത്തില്‍ അത് വിളിച്ചുപറയേണ്ടിയിരിക്കുന്നു. എല്ലായ്‌പ്പോഴും അത് ഫലപ്രദമാകണമെന്നില്ല. അപ്പോള്‍ എങ്ങനെ ഉപഭോക്താവിന്റെ മുന്നിലേക്കും മനസിലേക്കും എത്താം?

അതിനുള്ള മികച്ച മാര്‍ഗം വ്യത്യസ്തത പുലര്‍ത്തുക എന്നതാണ്. ഉല്‍പ്പന്നങ്ങളില്‍ തീര്‍ച്ചയായും സമാനതയുള്ള ഘടകങ്ങള്‍ (Points of parity) ഉണ്ടാകും. എന്നാല്‍ അതോടൊപ്പം വ്യത്യസ്തമായ ഘടകങ്ങളിലൂടെ (Points of difference) വേറിട്ട് നില്‍ക്കാന്‍ കഴിയണം. ഒരു ഉപഭോക്താവ് അവരുടെ പ്രശ്‌നത്തിന് പരിഹാരം തേടുമ്പോള്‍ അവര്‍ക്ക് അതുവരെ പരിചിതമായ കാര്യങ്ങള്‍ ഉല്‍പ്പന്നത്തിലോ സേവനത്തിലോ തേടും. അപ്പോള്‍ സമാന മേഖലയിലുള്ള ഉല്‍പ്പന്നമോ സേവനമോ നല്‍കുന്നതെല്ലാം നിങ്ങളും നല്‍കുന്നുണ്ടെന്ന് ഉപഭോക്താവിന് വ്യക്തമാകണം (points of parity). അതിനപ്പുറം നിങ്ങള്‍ നല്‍കുന്ന വ്യത്യസ്തമായ ഘടകങ്ങളെന്തെന്നാണ് points of difference ലൂടെ വ്യക്തമാക്കേണ്ടത്.

ഇന്നവേറ്റീവ് ആകുക

നിങ്ങളുടെ ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ മാറി മാറി വരാം. അവരുടെ പ്രശ്‌നങ്ങള്‍ മാറി വരാം. അപ്പോഴൊക്കെ നിങ്ങളുടെ ഉല്‍പ്പന്നത്തിന്റെ / സേവനത്തിന്റെ പ്രസക്തി നഷ്ടമാകരുത്. സാഹചര്യങ്ങള്‍ എത്രയേറെ മാറിയാലും എപ്പോഴും പ്രസക്തമായി നില്‍ക്കാനുള്ള വഴിയാണ് ഇന്നവേറ്റീവ്, പുതുമയുള്ള കാര്യങ്ങള്‍ തേടി പിടിച്ച് അത് ഉള്‍ക്കൊണ്ട് ഉല്‍പ്പന്നമോ സേവനമോ നവീകരിക്കുക എന്നത്.

ഇന്നത്തെ സാഹചര്യത്തില്‍ നിര്‍ണായകമായ ഘടകം കൂടിയാണിത്.


സ്റ്റാറാണ്, വനിതാ സംരംഭകര്‍

ഒരു കുടുംബത്തിന്റെ കാര്യങ്ങള്‍ നല്ല കയ്യടക്കത്തോടെ കൊണ്ടുപോകുന്നവരാണ് സ്ത്രീകള്‍. അവര്‍ക്ക് കുടുംബത്തിന്റെ ബജറ്റ് ആസൂത്രണം ചെയ്യാനറിയാം. വരവ് ചെലവുകള്‍ അവലോകനം ചെയ്ത് സാമ്പത്തിക ബാധ്യത വരുത്താതെ കുടുംബത്തെ പരിപാലിക്കാനറിയാം. കുടുംബത്തിലെ എല്ലാ അംഗങ്ങളെയും ഒത്തൊരുമയോടെ മുന്നോട്ടു കൊണ്ടുപോകാനും

പുരുഷന്മാരേക്കാള്‍ വൈഭവം സ്ത്രീകള്‍ക്കാണ്.

ഒരു ബിസിനസിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഘടകങ്ങളാണ് കാഷ്, കസ്റ്റമര്‍, സംരംഭത്തിലെ ജീവനക്കാര്‍ എന്നിവ.

പണം കൈകാര്യം ചെയ്യുന്നതിലും ഉപഭോക്താവിന്റെ മനസറിയുന്നതിനും വനിതാ സംരംഭകര്‍ക്ക് പ്രത്യേക സിദ്ധി തന്നെയുണ്ട്. സംരംഭത്തിലെ ഓരോ ജീവനക്കാരെയും അടുത്തറിഞ്ഞ് അവരെ പ്രോത്സാഹിപ്പിച്ചും

പ്രചോദിപ്പിച്ചും കൂടെ കൊണ്ടുപോകാനുള്ള കഴിവ് വനിതാ സംരംഭകര്‍ക്ക് ഏറും.

അതുകൊണ്ടു തന്നെ വനിതാ സംരംഭകര്‍ക്ക് മികച്ച രീതിയില്‍ ബിസിനസിനെ മുന്നോട്ടു നയിക്കാനും വളര്‍ത്താനും സാധിക്കും. അവരുടെ ഉളളിലുള്ള തനതായ കഴിവുകള്‍ തന്നെ ഇതിനായി വിനിയോഗിച്ചാല്‍ മതി.


ബിസിനസിനെ ബോണ്‍സായ് ആക്കരുത്!

ബോണ്‍സായ് മരങ്ങളെ ശ്രദ്ധിച്ചിട്ടില്ലേ? യഥാര്‍ത്ഥത്തില്‍ വന്‍ മരങ്ങള്‍ തന്നെയാണവ. പക്ഷേ അവയുടെ വേരും ചില്ലകളും വെട്ടിയൊതുക്കി കൂട്ടികെട്ടി വളര്‍ച്ച മുരടിപ്പിച്ച് ബോണ്‍സായ് ആക്കി മാറ്റും.

ബിസിനസിനെ ഒരിക്കലും ബോണ്‍സായ് ആകാന്‍ അനുവദിക്കരുത്. അതിനെ പടര്‍ന്നു പന്തലിക്കാന്‍ അനുവദിക്കണം. അതിന് അനുസൃതമായ വിധത്തിലുള്ള നയങ്ങളും ചുവടുവെപ്പുകളുമാണ് സ്വീകരിക്കേണ്ടത്.

ബിസിനസിന്റെ എല്ലാ ഘട്ടത്തിലും നിരന്തരമായ പരിപോഷണം അനിവാര്യമാണ്. സംരംഭത്തിന്റെ ബാലാരിഷ്ടത കഴിഞ്ഞാല്‍ പിന്നെ അവ തനിയെ വളരുമെന്ന് കരുതരുത്. സംരംഭത്തെ ഒരിക്കലും വെട്ടിയൊതുക്കാതെ മതിയായ

പരിചരണം നല്‍കി തന്നെ വളര്‍ത്തുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it