സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ ഗുണ്ടായിസം; വായ്പ എടുത്തവര്‍ ഭീതിയില്‍

കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ വായ്പ തിരിച്ചടവ് മുടങ്ങിയവരെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ കളക്ഷന്‍ ഏജന്റുമാര്‍ ഭീഷണിപ്പെടുത്തുന്നതായി വ്യാപക പരാതി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലാവര്‍ക്ക് ആശ്വാസമേകാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പാ മോറട്ടോറിയം പോലും പല പ്രമുഖ സ്വകാര്യ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ഇടപാടുകാര്‍ക്ക് നല്‍കിയിട്ടില്ല. മാത്രമല്ല, വായ്പാ തിരിച്ചടവ് മുടങ്ങിയവരെ ഭീഷണിപ്പെടുത്തുന്ന നടപടികളും വര്‍ധിക്കുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വേട്ടയാടല്‍ നടപടികള്‍ നേരിടുന്നവര്‍ക്ക് നിയമ സഹായം നല്‍കാന്‍ കേരള ചേംബര്‍ യൂത്ത് ഫോറം രൂപീകരിച്ച പരാതി പരിഹാര സെല്ലിലേക്ക് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എത്തിയിരിക്കുന്നത് നൂറുകണക്കിന് പരാതികളാണ്.

''സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നും ഞങ്ങള്‍ക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ട്. 600 രൂപ അടവ് തെറ്റിയ ഒരു വ്യാപാരിക്ക് മുന്നില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ആറ് കളക്ഷന്‍ ഏജന്റുമാരാണ് മണിക്കൂറുകളോളം കുത്തിയിരുന്നത്. തനിച്ച് താമസിക്കുന്ന ഒരു വീട്ടമ്മ ഫോണില്‍ ഞങ്ങളോട് കരഞ്ഞുകൊണ്ടാണ് സംസാരിച്ചത്. ഫെബ്രുവരി മുതല്‍ ജോലി നഷ്ടമായ അവര്‍ക്ക് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ വായ്പ തിരിച്ചടയ്ക്കാന്‍ സാധിച്ചിട്ടില്ല. അവരുടെ ഫഌറ്റിന് മുന്നില്‍ ഏജന്റുമാര്‍ മണിക്കൂറുകളോളം നില്‍ക്കുന്നു. സാധാരണക്കാര്‍ വലിയ ആശങ്കയിലാണ്,'' കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തിലുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ കണ്‍വീനര്‍ രാജേഷ് നായര്‍ ചൂണ്ടിക്കാട്ടുന്നു.

വ്യാപാരികളും സാധാരണക്കാരും വേട്ടയാടപ്പെടുന്നു

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം തൊഴില്‍ നഷ്ടമായവരും ബിസിനസ് രംഗത്ത് തിരിച്ചടി നേരിട്ടവരുമാണ് ഇപ്പോള്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ ജപ്തി നടപടികളും ഭീഷണികളും അനുഭവിക്കുന്നത്. വ്യക്തിഗത വായ്പകള്‍, ബിസിനസ് ആവശ്യത്തിന് പ്രതിദിന തിരിച്ചടവ് വ്യവസ്ഥയില്‍ വായ്പ എടുത്തവര്‍ തുടങ്ങിയവരെല്ലാം ആശങ്കയിലാണ്.

വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയവരെ ഭീഷണിപ്പെടുത്തുക, ബന്ധുക്കള്‍ - സുഹൃത്തുക്കള്‍ - അയല്‍വാസികള്‍ എന്നിവരുടെ മുന്നില്‍ വെച്ച് അപമാനമുണ്ടാകുന്ന വിധത്തില്‍ സംസാരിക്കുക, വ്യക്തിഹത്യ നടത്തുക തുടങ്ങിയ പലവിധ രീതികളാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ കണക്ഷന്‍ ഏജന്റുമാര്‍ സ്വീകരിക്കുന്നതെന്ന് രാജേഷ് നായര്‍ ചൂണ്ടിക്കാട്ടുന്നു. ''പണമില്ലാത്തതുകൊണ്ടാണ് അവര്‍ തിരിച്ചടയ്ക്കാത്തത്. അപമാനം ഭയന്ന് പലരും എല്ലാം ഉള്ളില്‍ ഒതുക്കുകയാണ്. ആത്മധൈര്യമില്ലാത്തവര്‍ ഈ ഘട്ടത്തില്‍ കടുംകൈ പ്രവര്‍ത്തിച്ചാല്‍ വെറും വാര്‍ത്തയായി അതും ഒതുങ്ങും. അത് പാടില്ല. പ്രതിസന്ധി ഏവര്‍ക്കുമുണ്ടാകും. അതില്‍ നിന്ന് മറികടന്ന്, വായ്പ തിരിച്ചടയ്ക്കാന്‍ അവര്‍ക്ക് സാവകാശം നല്‍കുകയാണ് വേണ്ടത്. അതിനായാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരിക്കുന്നത്. കേരളത്തില്‍ ഇത്തരം ഗുണ്ടായിസം പാടില്ല,'' രാജേഷ് നായര്‍ പറയുന്നു.

വെറും രണ്ടുദിവസം കൊണ്ട് തന്നെ നൂറുകണക്കിന് പരാതികള്‍ ആക്ഷന്‍ കൗണ്‍സിലിന് ലഭിച്ചുകഴിഞ്ഞു. പല ധനകാര്യസ്ഥാപനങ്ങളും വായ്പക്കാര്‍ക്ക് മോറട്ടറിയം നല്‍കിയിട്ടില്ല. നല്‍കിയവര്‍ തന്നെ റിസര്‍വ് ബാങ്ക് പറഞ്ഞ കാലയളവിനേക്കാള്‍ കുറഞ്ഞ കാലയളവിലാണ് നല്‍കിയിരിക്കുന്നത്. ഇതെല്ലാം ആക്ഷന്‍ കൗണ്‍സിലിന് ലഭിക്കുന്ന പരാതികളില്‍ തെളിയുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ഡോ. ബിജു രമേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പരാതികള്‍ മുഖ്യമന്ത്രിയുടെയും കേന്ദ്ര സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകളുടെയും ശ്രദ്ധയില്‍ പെടുത്താനുള്ള നീക്കത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍. മോറട്ടോറിയം നല്‍കാനുള്ള വിവേചനാധികാരം അതത് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മാത്രമാണെന്നാണ് കളക്ഷന്‍ ഏജന്റുമാരുടെ അവകാശവാദം. ''കേരളത്തിലെ ആയിരക്കണക്കിന് ഇടപാടുകാര്‍ ഇപ്പോള്‍ സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്. ഞങ്ങള്‍ക്ക് അവരോട് പറയാനുള്ളത്, നിങ്ങള്‍ തനിച്ചല്ല. മതിയായ നിയമസഹായം ലഭ്യമാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട,'' രാജേഷ് നായര്‍ പറയുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ കളക്ഷന്‍ ഏജന്റുമാരില്‍ നിന്ന് ഭീഷണിയും ജപ്തി നടപടികളും നേരിടുന്നവര്‍ക്ക് പരാതി പരിഹാര സെല്ലുമായി ബന്ധപ്പെടാം.

ഇ മെയ്ല്‍: infokcci968@gmail.com, ഫോണ്‍: 9446416400, 94959 54885.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it