ശീലമാക്കൂ ഈ സവിശേഷതകള്‍; വിജയം നിങ്ങളെ തേടിയെത്തും

വിജയികള്‍ക്കു മാത്രമുള്ള പ്രത്യേകതകളെക്കുറിച്ചും വിജയിക്കാന്‍ ചിന്ത പോലെ പ്രവൃത്തിയും പോസിറ്റീവായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തമാക്കുകയാണ് രാജ്യാന്തര തലത്തില്‍ പ്രശസ്തനായ മോട്ടിവേഷണല്‍ സ്പീക്കര്‍ ശിവ് ഖേര. 21 ഭാഷകളിലായി 3.3 ദശലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞ ബെസ്റ്റ് സെല്ലറായ'യു കാന്‍ വിന്‍'അടക്കം 14 പുസ്തകങ്ങളുടെ രചയിതാവും 20 ലേറെ രാജ്യങ്ങളിലായി പ്രചോദനത്തിന്റെ പാഠങ്ങളുമായി പറന്നു നടക്കുന്ന ബിസിനസ് കണ്‍സള്‍ട്ടന്റും സംരംഭകനുമായ ശിവ് ഖേര ധനത്തിന് 2016 ല്‍ അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്ന് :

'വിജയികള്‍ വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യുന്നില്ല. അവര്‍ വ്യത്യസ്തമായി കാര്യങ്ങള്‍ ചെയ്യുന്നു' എന്ന താങ്കളുടെ പ്രശസ്തമായ ട്രെയ്ഡ് മാര്‍ക്ക് വാചകത്തെ വായനക്കാര്‍ക്കായി ഒന്നു വിശദീകരിക്കാമോ? വിജയികള്‍ക്ക് പരാജിതര്‍ക്കില്ലാത്ത രണ്ടു പ്രധാന സ്വഭാവ സവിശേഷതകളുണ്ട്. സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും വിജയികള്‍ ചെയ്യേണ്ടത് ചെയ്തിരിക്കും. രണ്ടാമതായി, പ്രയാസമുള്ളതാണെങ്കില്‍ പോലും, വിജയം നേടാനായി കൂടുതല്‍ അധ്വാനിക്കാന്‍ അവര്‍ തയ്യാറാകും.

രാവിലെ മൂടിപ്പുതച്ച് ഉറങ്ങാന്‍ വിജയികള്‍ക്കും പരാജിതര്‍ക്കും ഒരുപോലെ ഇഷ്ടമാണ്. എന്നാലും വിജയികള്‍ നേരത്തെ ഉണരും. പ്രശസ്തരായ പെര്‍ഫോമേഴ്‌സിന്റെ കാര്യം ചിന്തിച്ചു നോക്കൂ. 'എനിക്ക് പനിയാണ്. അതുകൊണ്ട് ഇന്ന് എന്റെ പെര്‍ഫോമന്‍സ് അത്ര നന്നായിരിക്കില്ല' എന്ന് ഏതെങ്കിലും ഗായകരോ നര്‍ത്തകരോ പറഞ്ഞു കേട്ടിട്ടുണ്ടോ? ഏതു സാഹചര്യത്തിലും അവര്‍ ഏറ്റവും നല്ല പ്രകടനം കാഴ്ചവയ്ക്കും. നാല് ഒളിംപിക്‌സുകളിലായി 28 മെഡലുകള്‍ നേടിയ മൈക്കിള്‍ ഫെല്‍പ്‌സ്, 2008 ലെ ബീജിംഗ് ഒളിംപിക്‌സില്‍ മാത്രം എട്ട് സ്വര്‍ണ മെഡലുകള്‍ നേടി ചരിത്രം കുറിച്ച നീന്തല്‍ താരമാണ്. ബീജിംഗ് ഒളിംപിക്‌സിനു മുമ്പ് കൈയ്ക്ക് പൊട്ടല്‍ ഉണ്ടായപ്പോള്‍ ഇനി പഴയതുപോലെ നീന്താനാവില്ലെന്ന് ഡോക്ടര്‍ പറഞ്ഞതാണ്. പക്ഷേ, കൈകള്‍ക്കു പകരം കാലുകളുടെ ശക്തി ഉപയോഗപ്പെടുത്തിക്കൊണ്ട് അപൂര്‍വ റെക്കോഡിലേക്ക് നീന്തിയെത്തി. അവസാന ഇനത്തില്‍ സെക്കന്റിന്റെ നൂറിലൊരംശത്തിനാണ് എതിരാളിയെ തോല്‍പ്പിച്ചത്. കാലുകൊണ്ടുള്ള കുതിപ്പിലാണ് ആ മുന്നേറ്റം സാധ്യമായത്. ഇത്തരത്തിലാണ് വിജയികള്‍ വ്യത്യസ്തമായി കാര്യങ്ങള്‍ ചെയ്യുന്നത്.

സാധാരണയായി വിജയിക്കാനാകാത്തവരെ എങ്ങനെ ആ തലത്തിലേക്ക് ഉയര്‍ത്താം?

വിജയികള്‍ക്ക് പോസിറ്റീവായ സ്വഭാവ സവിശേഷതകള്‍ സ്വാഭാവികമായി കിട്ടുന്നതാണ്. റിഫ്‌ളക്‌സ് ആക്ഷന്‍ പോലെ പോസിറ്റീവായ പ്രതികരണങ്ങള്‍ അവരില്‍ നിന്നുണ്ടാകുന്നു. എന്നാല്‍, പരാജിതരെ സംബന്ധിച്ചിടത്തോളം നെഗറ്റീവായ പ്രത്യേകതകള്‍ അവരുടെ സ്വഭാവത്തിന്റെ ഭാഗമായിട്ടുണ്ടാകാം, അത് പിന്നീട് ശീലങ്ങളായും മാറിയിട്ടുണ്ടാകാം. ഇത് കുട്ടിക്കാലം മുതല്‍ സംഭവിക്കുന്ന പ്രക്രിയയാണ്. നാല് വയസാകുമ്പോഴേക്കും ഒരാളുടെ സ്വഭാവത്തിന്റെയും മൂല്യബോധത്തിന്റെയും 90 ശതമാനം രൂപപ്പെട്ടിട്ടുണ്ടാകും. കുഞ്ഞുനാളില്‍ത്തന്നെ വേരുറച്ചു പോയ മോശം ശീലങ്ങള്‍ക്കു പകരം നല്ല ശീലങ്ങള്‍ മനസില്‍ ഉറപ്പിക്കണമെങ്കില്‍ ബോധപൂര്‍വമായ പരിശ്രമം വേണം.

മോട്ടിവേഷണല്‍ ട്രെയ്‌നിംഗുകള്‍ എത്രമാത്രം ഗുണകരമാണ്, അതില്‍ നിന്ന് പ്രയോജനം ലഭിക്കണമെങ്കില്‍ എന്തു ചെയ്യണം?

മോട്ടിവേഷണല്‍ ട്രെയ്‌നിംഗിലൂടെ പ്രകടമായ പരിവര്‍ത്തനമുണ്ടാകുന്നത് 10 ശതമാനം ആളുകള്‍ക്ക് മാത്രമാണ്. കാരണം, അവര്‍ ട്രെയ്‌നിംഗില്‍ പറയുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നു. പലരും ട്രെയ്‌നിംഗ് കഴിയുമ്പോള്‍ ലഭിക്കുന്ന പുസ്തകങ്ങളോ കിറ്റുകളോ പിന്നീട് തുറന്നു നോക്കുകയില്ല; അതനുസരിച്ച് പ്രാക്ടീസ് ചെയ്യുകയില്ല. അവര്‍ക്കതിന് കഴിയാത്തതു കൊണ്ടല്ല, പക്ഷേ ചെയ്യാത്തതു കൊണ്ടാണ് പ്രയോജനം ലഭിക്കാതിരിക്കുന്നത്. മോട്ടിവേഷ ണല്‍ ട്രെയ്‌നിംഗ് പ്രയോജനകരമാകണമെങ്കില്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക തന്നെ വേണം. മാറ്റേണ്ട ശീലങ്ങള്‍ ഏതെന്നു മനസിലാക്കി അവ മാറ്റുകയും, വളര്‍ത്തിയെടുക്കേണ്ട ശീലങ്ങള്‍ വളര്‍ത്തിയെടുക്കുകയും വേണം.

ബിസിനസിലെയും ജീവിതത്തിലെയും വിജയത്തിനായി വളര്‍ത്തിയെടുക്കേണ്ട കഴിവുകള്‍ ഏതൊക്കെയാണ്?

ബിസിനസിലും ജീവിതത്തിലും വിജയം ആഗ്രഹിക്കുന്നവര്‍ പ്രധാനമായും മൂന്ന് സ്‌കില്ലുകള്‍ വളര്‍ത്തിയെടുക്കണം. പെര്‍സുവേഷന്‍സ്‌കില്‍സ് (സ്വാധീനിക്കാനും ബോധ്യപ്പെടുത്താനും വില്‍ക്കാനും ഈ സ്‌കില്‍ ആവശ്യമാണ്), പീപ്പിള്‍ സ്‌കില്‍സ്, പ്രയോറിറ്റൈസിംഗ് സ്‌കില്‍സ്. സ്‌കില്ലിനേക്കാള്‍ പ്രധാനമാണ് ഇച്ഛാശക്തി അഥവാ വില്‍. ഓരോ തവണയും റിംഗില്‍ വീഴുമ്പോള്‍ പ്രശസ്ത ബോക്‌സറായ മുഹമ്മദ് അലി തന്നോടു തന്നെ പറയുമായിരുന്നു- എഴുന്നേല്‍ക്കുക, ഒരിക്കല്‍ കൂടി. വിജയത്തിന്റെ വഴിയില്‍ വീഴ്ചകളുണ്ടാകുമ്പോള്‍ വീണ്ടും എഴുന്നേല്‍ക്കാനും പരിശ്രമിക്കാനുമുള്ള ഇച്ഛാശക്തി വിജയം ആഗ്രഹിക്കുന്നവര്‍ക്ക് നിശ്ചയമായും ഉണ്ടായിരിക്കണം. അതനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണം. പോസിറ്റീവ് തിങ്കിംഗ് മാത്രം വിജയം നേടിത്തരില്ല. പോസിറ്റീവായി ചിന്തിക്കുന്നതിനോടൊപ്പം പോസിറ്റീവായി പ്രവര്‍ത്തിക്കുകയും വേണം. മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും തയ്യാറാകണം.

വിജയിക്കാനായി ഏതൊക്കെ ഗുണങ്ങള്‍ വ്യക്തികളില്‍ ഉണ്ടായിരിക്കണം?

നമുക്കറിയാം, വ്യക്തികളെ നമ്മുടെ സ്ഥാപനത്തിലെടുക്കുന്നത് കഴിവു നോക്കിയാണ്. എന്നാല്‍ അവരെ പുറത്താക്കുന്നത് സ്വഭാവം നോക്കിയാണ്. നമ്മുടെ വൈദഗ്ധ്യത്തിന് മികച്ച പ്രതിഫലം ലഭിക്കും. എന്നാല്‍, നമ്മുടെ മോശം പെരുമാറ്റത്തിന് അതനുസരിച്ചുള്ള പ്രതികരണമാണ് ലഭിക്കുക. അതിനാല്‍ ഏതു മേഖലയിലും വിജയിക്കാന്‍ സത്യസന്ധത, മൂല്യബോധം, മര്യാദ, സാമൂഹികമായ പെരുമാറ്റരീതികള്‍ തുടങ്ങിയ വ്യക്തിഗുണങ്ങള്‍ ആവശ്യമാണ്. ഈ ഗുണങ്ങള്‍ ഉള്ളവര്‍ക്കാണ് ലോകത്തെ മുന്നോട്ട് നയിക്കുവാന്‍ കഴിയുക.

ആറ്റിറ്റിയൂഡ്, വാല്യൂസ്, വിഷന്‍ ഇവ മൂന്നുമാണ് വിജയത്തിന്റെ ബ്ലൂ പ്രിന്റ്. മല്‍സരബുദ്ധിയോടെ പ്രവര്‍ത്തിക്കണമെങ്കില്‍ വിജയിക്കണമെന്നുള്ള ആഗ്രഹം അതിതീവ്രമായിരിക്കണം. വിജയത്തിലേക്കു പായുമ്പോള്‍, വേഗത്തേക്കാള്‍ പ്രധാനമാണ് ദിശാബോധമെന്ന് പ്രത്യേകം ഓര്‍ക്കുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it