എസ്ഐപിയ്ക്ക് മ്യൂച്വൽ ഫണ്ട് കണ്ടെത്തണോ: ഇതാ ഈ നാലു വഴികൾ സഹായിക്കും

നല്ല വിളവ് കിട്ടാന്‍ കര്‍ഷകര്‍ എന്താണ് ചെയ്യുക? നല്ല വിത്ത്, നല്ല മണ്ണില്‍, കാലാനുസൃതമായി പരിചരിച്ച് വളര്‍ത്തും. അല്ലേ? സമ്പത്ത് ആര്‍ജ്ജിക്കുന്നതിന്റെ കാര്യത്തിലും വേണം ഇതുപോലെ ചില കാര്യങ്ങള്‍.
പറഞ്ഞുവരുന്നത് എസ്‌ഐപിയുടെ കാര്യമാണ്. കുറച്ചുകാലമായി സാധാരണക്കാരായ നിക്ഷേപകരുടെ പ്രിയപ്പെട്ട നിക്ഷേപ മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ടുകള്‍ അവതരിപ്പിച്ചിരിക്കുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍. പേരും സൂചിപ്പിക്കും പോലെ മുറപോലെ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാനുള്ള മാര്‍ഗമാണിത്.
അസോസിയേഷന്‍ ഓഫ് മ്യുച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി) യുടെ കണക്കുകള്‍ പ്രകാരം 2016 ഏപ്രിലില്‍ എസ്‌ഐപിയിലേക്കുള്ള പ്രതിമാസ പണം വരവ് 3,122 കോടി രൂപയായിരുന്നുവെങ്കില്‍ 2020 മെയ് മാസത്തില്‍ ഇത് 8,123 കോടി രൂപയാണ്. 2020 മാര്‍ച്ചില്‍ 8,641 കോടി രൂപയെന്ന റെക്കോര്‍ഡ് നിരക്കിലായിരുന്നു.
ഇതിനിടെ പാതിവഴിയില്‍ നിര്‍ത്തി പോകുന്ന എസ്‌ഐപിയുടെയും പുതിയതായി ആരംഭിക്കുന്ന എസ്‌ഐപിയുടെയും തമ്മിലുള്ള അനുപാതം അടുത്തിടെ റെക്കോര്‍ഡ് ഉയരത്തിലെത്തിയിട്ടുണ്ട്. അതായത് പുതുതായി തുടങ്ങുന്ന എസ്‌ഐപിയുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ പാതിവഴിയില്‍ നിര്‍ത്തിപോകുന്നുണ്ട്. കാരണം കോവിഡ് 19 മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയൊക്കെ തന്നെയാകും.
ഒരു എസ്‌ഐപി നിക്ഷേപകനെ സംബന്ധിച്ചിടത്തോളം, തന്റെ പ്രതിമാസ നിക്ഷേപം ലക്ഷ്യം കാണമെങ്കില്‍ രണ്ട് കാര്യങ്ങള്‍ അത്യാവശ്യമാണ്.
ഒന്നാമത്തേത്: നിക്ഷേപം ദീര്‍ഘകാലത്തേക്കാവണം. രണ്ടാമതായി, നിക്ഷേപം നടത്താനുള്ള ഫണ്ട് ബുദ്ധിപൂര്‍വ്വം തെരഞ്ഞെടുത്തതാകണം.
എങ്ങനെയാണ് എസ്‌ഐപിയ്ക്ക് വേണ്ട ഫണ്ട് ബുദ്ധിപൂര്‍വ്വം തെരഞ്ഞെടുക്കുക?
നിക്ഷേപകര്‍ പൊതുവേ സ്‌കീമുകളുടെ സമീപകാല പ്രകടനം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് നടത്തുക. ഇത് ശരിയാകണമെന്നില്ല. ചില ഫണ്ടുകള്‍ വിപണി ഉയര്‍ന്ന തലത്തിലാകുമ്പോള്‍ മികച്ച റിട്ടേണ്‍ നല്‍കിയെന്നിരിക്കും. വിപണി താഴുമ്പോള്‍ അതുപോലെ തന്നെ ഇടിയും. ദീര്‍ഘകാലം ഏതാണ്ട് സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കുന്ന ഫണ്ടുകളാണ് എസ്‌ഐപിയ്ക്ക് അനുയോജ്യം. ഹ്രസ്വകാലത്തേക്ക് ശരാശരിയില്‍ കവിഞ്ഞ പ്രകടനം കാഴ്ചവെയ്ക്കുന്ന ഫണ്ടുകള്‍ എസ്‌ഐപി നിക്ഷേപം നടത്താന്‍ തെരഞ്ഞെടുക്കുന്നത് ഉചിതമാകില്ല.
നല്ല ഫണ്ടുകള്‍ എങ്ങനെ തെരഞ്ഞെടുക്കാം?
ആപേക്ഷിക പ്രകടനം: നിക്ഷേപകര്‍ ഫണ്ടിന്റെ പ്രകടനം ആ കാറ്റഗറിയിലെ ഇതര സ്‌കീമുകളുമായും വിവിധ വിപണി സാഹചര്യങ്ങളിലെ ആ ഫണ്ടുമായി ബന്ധപ്പെട്ട ബെഞ്ചുമാര്‍ക്കുമായി താരതമ്യം ചെയ്യുക. സെബിയുടെയും ക്രിസിലിന്റെയുമെല്ലാം പ്ലാറ്റ്‌ഫോമുകള്‍ ഇതിന് നിക്ഷേപകരെ സഹായിക്കും.
ഫണ്ട് മാനേജര്‍: നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ഫണ്ട് മാനേജരുടെ ട്രാക്ക് റെക്കോര്‍ഡും പരിശോധിക്കണം. ഫണ്ട് മാനേജര്‍ ആരാണ്? അവരുടെ പശ്ചാത്തലം എന്താണ്? വിവിധ വിപണി സാഹചര്യങ്ങളില്‍ ഈ ഫണ്ട് മാനേജര്‍ നേതൃത്വം നല്‍കിയ ഫണ്ടുകളുടെ പ്രകടനം എങ്ങനെയായിരുന്നു? ഇതൊക്കെ പരിശോധിക്കുക.
മറഞ്ഞിരിക്കുന്ന റിസ്‌കുകള്‍ അറിയുക: പലപ്പോഴും മികച്ച റിട്ടേണ്‍ ലഭിക്കുമ്പോള്‍ അതില്‍ മറഞ്ഞിരിക്കുന്ന, ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിയാത്ത റിസ്‌ക് ഘടകങ്ങള്‍ കാണും. ഫണ്ടിന്റെ റിസ്‌കും റിട്ടേണും പരിശോധിക്കണം.
പോര്‍ട്ട്‌ഫോളിയോ ഘടകങ്ങള്‍: നിങ്ങള്‍ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്ന എസ്‌ഐപിയുടെ പോര്‍ട്ട്‌ഫോളിയോ കംപോണന്റ്‌സ് പരിശോധിക്കണം. ഏത് സെക്ടറുകളിലാണ് നിക്ഷേപം, ആ കമ്പനികളുടെ വൈവിധ്യവല്‍ക്കരണം ഏതെല്ലാം മേഖലകളിലാണ്, ഫണ്ടിലെ സ്റ്റോക്കുകളുടെ ധനലഭ്യത എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങള്‍ നോക്കണം.
വേറെയുമുണ്ട് ചില കാര്യങ്ങള്‍
എസ്‌ഐപി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം സ്‌കീം തെരഞ്ഞെടുക്കല്‍ എന്നാല്‍ ഒരു വണ്‍ ടൈം കാര്യമല്ല. വാര്‍ഷികാടിസ്ഥാനത്തില്‍ എസ്‌ഐപി സ്‌കീമുകള്‍ പുനഃരവലോകനം ചെയ്യണം.
കൃത്യമായ ഇടവേളകളില്‍ നടക്കുന്ന പുനഃപരിശോധനകളും റീ ബാലന്‍സിംഗും മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോയിലെ മോശം പ്രകടനം നടത്തുന്ന കളകളെ പറിച്ചുകളയാനും ടോപ് പെര്‍ഫോര്‍മറെ പുനഃസ്ഥാപിക്കാനും ഉപകരിക്കും.
ഇത്തരം പുനഃപരിശോധനകള്‍ നിക്ഷേപകര്‍ക്ക തങ്ങളുടെ നിക്ഷേപം ശരിയായ പാതയിലാണോ മുന്നേറുന്നത് എന്ന് നോക്കാനും ഉപകരിക്കും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine