ചെലവ് ചുരുക്കി ലാഭം വര്‍ധിപ്പിക്കാന്‍ പ്രായോഗികമായ 12 മാര്‍ഗങ്ങള്‍

ഞെട്ടിപ്പിക്കുന്ന വേഗത്തിലാണ് പല ബിസിനസുകളും അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്നത്. നോക്കിയ, കൊഡാക്, വൂള്‍വര്‍ത്ത്, ബിഎച്ച്എസ്, എച്ച്എംവി തുടങ്ങിയ പ്രശസ്ത ബ്രാന്‍ഡുകള്‍ അടച്ചു പൂട്ടുകയോ പൂട്ടാനൊരുങ്ങുകയോ ചെയ്യുന്നു. എന്താണ് അവയെ മല്‍സരക്ഷമമല്ലാതാക്കിയത്?

ഈ ഉല്‍പ്പന്നങ്ങള്‍/സേവനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുവാനും വിപണനം ചെയ്യുവാനും അവര്‍ ചെലവഴിച്ച തുക അവരുടെ വരുമാനത്തേക്കാള്‍ കൂടുതലായിരുന്നു, അത് സ്ഥാപനത്തെ തുടര്‍ച്ചയായി നഷ്ടത്തിലേക്കും ഒടുവില്‍ അടച്ചുപൂട്ടലിലേക്കും നയിച്ചു. ഇത് ഇപ്പോഴുള്ള ബിസിനസുകള്‍ക്ക് ഒരു മുന്നറിയിപ്പാണോ? അതെ എന്നുതന്നെയാണ് ഉത്തരം.

വരവും ചെലവും

വില്‍പ്പന വ്യാപ്തത്തിന്റെയും ഒരു യൂണിറ്റിന്റെ വില്‍പ്പന വിലയുടെയും ഫലമായ വരുമാനം കാലാനുസൃതമായി കുറയും. എന്നാല്‍ ശമ്പളം, അസംസ്‌കൃത വസ്തുക്കളുടെ വില, എനര്‍ജി കോസ്റ്റ് തുടങ്ങിയവ കാലാനുസൃതമായി കൂടും. ചെലവ് വരുമാനത്തേക്കാള്‍ കൂടുമ്പോള്‍ ലാഭം അപ്രത്യക്ഷമാകും.

വില്‍പ്പന വില കൂട്ടുകയും പ്രോഡക്റ്റിന്റെ ഫീച്ചറുകള്‍ കുറയ്ക്കുകയും ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും മറ്റുമായിരുന്നു ഇത്തരം സാഹചര്യങ്ങളില്‍ പഴയ കാലത്തെ നടപടികള്‍. എന്നാല്‍ ഇന്ന് ഇവ വിപരീതഫലം ഉണ്ടാക്കും. ഈ കുഴക്കുന്ന പ്രശ്‌നത്തെ എങ്ങനെ മറികടക്കും?

ചെലവു ചുരുക്കല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം.

എന്താണ് ചെലവു ചുരുക്കല്‍? ഉല്‍പ്പന്നത്തിന്റെ യുണിറ്റ് കോസ്റ്റ് കുറയ്ക്കാനായി ബിസിനസ് സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന വളരെ ആസൂത്രിതവും ചിട്ടയോടുകൂടിയതുമായ പ്രവര്‍ത്തനങ്ങളാണ് ചെലവു ചുരുക്കല്‍. 'ഉപഭോഗം കുറയ്ക്കുക/ഉപയോഗം വര്‍ധിപ്പിക്കുക' എന്ന ലക്ഷ്യത്തോടെയുള്ള ഒരു സമഗ്ര സമീപനമാണിത്. പ്രകടനം മെച്ചപ്പെടുത്താന്‍ ഏതു സമയത്തും നടപ്പാക്കാവുന്ന ഒരു സ്വയം പ്രേരിത സമീപനവുമാണിത്. എന്നാല്‍ മാറ്റത്തോടുള്ള വിമുഖത, പരാജയഭീതി, ചെലവു ചുരുക്കല്‍ ഉണ്ടാക്കാവുന്ന നെഗറ്റീവ് ഇമേജ് തുടങ്ങിയ കാരണങ്ങളാല്‍ ചെലവ് ചുരുക്കല്‍ കാര്യമായി നടപ്പാക്കാതെ പോകുന്നു.

പ്രകൃതി തന്നെ ചെലവുചുരുക്കല്‍ രീതികള്‍ നമുക്ക് കാണിച്ചുതരുന്നുണ്ട്. ജലത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിനു വേണ്ടി മരങ്ങള്‍ ഇല പൊഴിക്കുന്നതും (Minimise consumption), സൂര്യപ്രകാശം പരമാവധി ഉപയോഗപ്പെടുത്തായി സൂര്യകാന്തി സൂര്യന്റെ ഭ്രമണത്തിനൊപ്പം ചായുന്നതും (Maximise utilisation) വിജയകരമായ ചെലവു ചുരുക്കലിന് പ്രകൃതിയില്‍ നിന്നുള്ള ഉദാഹരണങ്ങളാണ്.

ബ്രെയ്ക്ക് ഈവന്‍ ചലഞ്ച്

കറന്‍സി പിന്‍വലിക്കല്‍, സാമ്പത്തികമാന്ദ്യം, എണ്ണയുല്‍പ്പാദക രാജ്യങ്ങളുടെ നടപടികള്‍, പണത്തിന്റെ കുറവ്, പുറമേ നിന്നുള്ള മറ്റു ഘടകങ്ങള്‍ എന്നിവയെല്ലാം ഇതിനകം തന്നെ കഷ്ടത്തിലായിരുന്ന ബിസിനസുകളുടെ പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടി. അതിനെ നേരിടാന്‍ ചെലവെല്ലാം മരവിപ്പിച്ചാല്‍ കടയിലെത്തുന്നവരുടെ എണ്ണം (Footfall) കുത്തനെ കുറയും. ആളുകള്‍ വാങ്ങാനായുള്ള തീരുമാനം പിന്നത്തേക്ക് മാറ്റും. അടിസ്ഥാന ആവശ്യങ്ങള്‍ പോലും മാറ്റിവെക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുകയാണ്.

ഹോട്ടല്‍, സിനിമ, ടെക്‌സ്റ്റൈല്‍സ്, റിയല്‍ എസ്‌റ്റേറ്റ്, ട്രാവല്‍, ടൂറിസം, വൈറ്റ് ഗുഡ്‌സ്, കോണ്‍ഫറന്‍സ്, പബ്ലിഷിംഗ്, ഹൗസ് ബോട്ട്‌സ്, സര്‍വീസ് ഔട്ട്‌ലെറ്റ്‌സ് മുതലായ മേഖലകളില്‍ മാത്രമല്ല ആശുപത്രികളില്‍ പോലും വരുമാനത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്.

ബിസിനസ് വ്യാപ്തം കുറയുമ്പോള്‍ ബ്രെയ്ക്ക്ഈവനിലെത്താല്‍ (ലാഭവും നഷ്ടവും ഒരുപോലെ ആയിരിക്കുന്ന അവസ്ഥ) കഴിയാതെ വരും. എങ്ങനെ ബ്രെയ്ക്ക്ഈവനിലെത്താം? ഫിക്‌സ്ഡ് കോസ്റ്റുകള്‍ ഒഴിവാക്കുക/കുറയ്ക്കുകയാണ് ഒരേയൊരു മാര്‍ഗം.

ചെലവു ചുരുക്കലിന്റെ പ്രയോജനങ്ങള്‍

ചെലവു കുറയുന്നതിനു പുറമേ ചെലവു ചുരുക്കല്‍ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ വിലപിടിപ്പുള്ള വിഭവങ്ങള്‍ സംരക്ഷിക്കുവാനും കഴിയും. ബാഹ്യമായ ഘടകങ്ങള്‍ വ്യത്യാസപ്പെടുമ്പോഴും അതിനോട് മികവോടെ പൊരുത്തപ്പെടുവാന്‍ തക്കവണ്ണം എപ്പോഴും ക്രമീകൃതവും പ്രവര്‍ത്തനക്ഷമവും ആയിരിക്കാന്‍
സഹായിക്കും. അതിലധികം എന്തുവേണം? ചെലവു ചുരുക്കല്‍ മൂലമുള്ള പ്രയോജനങ്ങള്‍ എവിടെയും ചോര്‍ന്നു പോകാതെ കമ്പനിയുടെ ലാഭത്തിലേക്ക് ചേര്‍ക്കപ്പെടുന്നു.

ലാഭം വര്‍ധിപ്പിക്കുന്നതില്‍ ചെലവു ചുരുക്കലിന്റെ സ്വാധീനം: ചെലവു ചുരുക്കലിനും വര്‍ധിക്കുന്ന വരുമാനത്തിനും ലാഭത്തിന്മേലുള്ള സ്വാധീനത്തിന്റെ ഒരു താരതമ്യം ടേബിളില്‍ കാണിച്ചിരിക്കുന്നു. ലാഭത്തില്‍ 140 ശതമാനം എന്ന വലിയ നിരക്ക് ചെലവു ചുരുക്കലിന് സമാനതകളില്ലെന്ന് കാണിച്ചുതരുന്നു.

പ്രയോജനം ലഭിക്കുന്ന മേഖലകള്‍

സര്‍വീസ്, മാനുഫാക്ചറിംഗ്, പബ്ലിക് യൂറ്റിലിറ്റി, കണ്‍സ്ട്രക്ഷന്‍, സ്റ്റാര്‍ട്ടപ്പ് തുടങ്ങി ഏതു ബിസിനസിലും ചെലവ് ചുരുക്കല്‍ നടപ്പിലാക്കാം. കെഎസ്ആര്‍ടിസി, കെഎസ്ഇബി, റെയ്ല്‍വേ തുടങ്ങിയ പബ്ലിക് യൂട്ടിലിറ്റികള്‍ക്കും ഗുണകരമാണ്. സ്‌പൈസ് ജെറ്റ്, അശോക് ലൈലാന്‍ഡ് തുടങ്ങിയവയ്ക്ക് വിജയകരമായി ചെലവുചുരുക്കല്‍ നടപ്പാക്കിയതിന്റെ വിജയകഥകള്‍ പറയാനുണ്ട്.

പുറത്തുനിന്നുള്ള ഭീഷണികള്‍ ലഘൂകരിക്കാനും മത്സരത്തെ നേരിടാനും ബിസിനസുകള്‍ കോടികള്‍ ചെലവഴിക്കാറുണ്ട്. ഏറ്റവും കുറവ് സാമ്പത്തിക വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്നതും (Bootstrapping) ആന്തരിക പ്രവര്‍ത്തനങ്ങള്‍ സുസംഘടിതമാക്കുന്നതും മല്‍സരത്തെ നേരിടാന്‍ തക്കവിധം ബിസിനസുകളെ ശക്തിപ്പെടുത്തും, വിജയം നിലനിര്‍ത്താനും സഹായിക്കും.

1. സാധിക്കുന്നിടത്തെല്ലാം ഫിക്‌സ്ഡ് കോസ്റ്റിനെ വേരിയബ്ള്‍ കോസ്റ്റാക്കി മാറ്റുക. അതിനുള്ള ചില മാര്‍ഗങ്ങളാണ് ആവശ്യാനുസരണമുള്ള നിയമനം, വിഭവങ്ങള്‍ പങ്കിടല്‍, വാങ്ങലിനു പകരം ലീസിനെടുക്കല്‍, ഔട്ട്‌സോഴ്‌സിംഗ്, പ്രകടനത്തിന് അനുസരിച്ചുള്ള വേതനം തുടങ്ങിയവ.
നിങ്ങളുടെ ട്രാവല്‍ ഏജന്‍സിയില്‍ മൂന്ന് ബസുണ്ടെന്നിരിക്കട്ടെ. അവ ഓടിയാലും ഇല്ലെങ്കിലും വാഹനത്തിന്റെ സിസി, ഡ്രൈവറുടെയും കണ്ടക്റ്ററുടെയും ശമ്പളം, ഇന്‍ഷുറന്‍സ് തുടങ്ങിയ ഫിക്‌സഡ് കോസ്റ്റ് അതിന്മേല്‍ ഉണ്ടാകും. എന്നാല്‍ ബസുകള്‍ ലീസിനെടുക്കുകയോ സബ് കോണ്‍ട്രാക്റ്റ് എടുക്കുകയോ ചെയ്താല്‍ ചെലവുകുറയ്ക്കാം.

2. ഒരു ഓര്‍ഡര്‍ നടപ്പിലാക്കാനുള്ള കാലതാമസം കുറയ്ക്കുക. ഇന്‍വോയ്‌സുകള്‍ വേഗത്തില്‍ നല്‍കുക. നിങ്ങളുടെ ബിസിനസ് കണ്‍സ്ട്രക്ഷന്‍ മേഖലയോ ഹോട്ടലോ ഏതുമാകട്ടെ ഓര്‍ഡറുകള്‍ കൃത്യമായി നടപ്പാക്കുന്നത് അമിതചെലവ് കുറയ്ക്കും. ഒരു വര്‍ഷം കൊണ്ട് കെട്ടിടം പണിയണം എന്ന ഓര്‍ഡര്‍ തെറ്റിച്ചാല്‍ നിര്‍മാണച്ചെലവു കൂടുമല്ലോ.

3. അസംസ്‌കൃത വസ്തുക്കള്‍, ഫിനിഷ്ഡ് ഗുഡ്‌സ്, ഉപഭോക്താവ്, വാഹനം, നിങ്ങളുടെ ജീവനക്കാര്‍ എന്നിങ്ങനെ ഏതുമാകട്ടെ, എല്ലാ യാത്രകളുടെയും ദൂരം കുറയ്ക്കുക. എട്ടു നിലകളിലും പോകുന്ന മൂന്ന് ലിഫ്റ്റുകള്‍ നിങ്ങള്‍ക്കുണ്ടെന്നിരിക്കട്ടെ, രണ്ടെണ്ണം ഒന്നാം നില മുതല്‍ അഞ്ചാം നിലവരെയും ഒരെണ്ണം അഞ്ചാം നില മുതല്‍ എട്ടാം നില വരെയും പോകട്ടെ.

4. 5S (Sort/Set/Shine/Standardise/Sustain) നടപ്പിലാക്കുക. അടുക്കും ചിട്ടയും വൃത്തിയുമുള്ള ഒരിടം ചെലവും അപകടങ്ങളും അനിഷ്ടസംഭവങ്ങളും കുറയ്ക്കും; നഷ്ടപ്പെട്ട വിലപിടിപ്പുള്ള സാധനങ്ങള്‍ വീണ്ടെടുക്കാനും എളുപ്പമായിരിക്കും. കൃത്യമായി തരംതിരിച്ച് ഡോക്യുമെന്റുകള്‍ സൂക്ഷിച്ചുട്ടുള്ള ഫയലിംഗ് സംവിധാനം ഒരു ഓഫീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കും.

5. എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുക. ജീവനക്കാരില്‍ നിന്നും ആശയങ്ങള്‍ സ്വീകരിക്കുകയും, നടപ്പാക്കുകയും ചെയ്യുക. നേട്ടങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുക. അവരുടെ ദിനചര്യയുമായി ബന്ധപ്പെട്ടതായതിനാല്‍ ചെലവുചുരുക്കാനുള്ള മികച്ച വഴികള്‍ അവര്‍ക്കു നിര്‍ദേശിക്കാനാകും.

6. ആശയവിനിമയത്തിനുള്ള ചെലവുകള്‍- സ്‌കൈപ്പ്, വാട്ട്‌സ്ആപ്പ്, ഇമെയ്ല്‍ പോലുള്ള ഇന്റര്‍നെറ്റ് അധിഷ്ഠിതമായ ടൂളുകള്‍ ഉപയോഗിക്കുക. ഒന്‍പത് മുതല്‍ ഏഴു വരെ ബിഎസ്എന്‍എല്‍ കോള്‍ ഉപയോഗിക്കാം. സന്ദര്‍ശനങ്ങള്‍ക്കു പകരം വിഡിയോ കോണ്‍ഫറന്‍സിംഗ് നടത്താം.

7. കൊറിയര്‍ ചെയ്യുന്നത് കുറയ്ക്കുക. എന്നും ഓഫീസിന്റെ എല്ലാ ബ്രാഞ്ചുകളിലേക്കും സാധനങ്ങള്‍ കൊറിയര്‍ ചെയ്യുന്ന പതിവ് പല ഓഫീസുകളിലുമുണ്ട്. അതിന്റെ മാത്രം കണക്കെടുത്താല്‍ ലക്ഷങ്ങള്‍ ആ ഇനത്തില്‍ പോകുന്നു എന്നു മനസിലാക്കാനാകും. അത്യാവശ്യമെങ്കില്‍, ആഴ്ചയില്‍ ഒരിക്കല്‍ കൊറിയര്‍ ചെയ്താല്‍ നല്ലൊരു തുക ലാഭിക്കാം.

8. നിര്‍ബന്ധമല്ലെങ്കില്‍ വ്യത്യാസവും വൈവിധ്യവും കുറയ്ക്കുക. ഉദാഹരണത്തിന് നിങ്ങളുടെ പ്രൊഡക്ഷന്‍ വിഭാഗത്തില്‍ 10 യൂണിറ്റാണ് ഉല്‍പ്പാദിപ്പിക്കുന്നതെങ്കില്‍ എന്നും അങ്ങനെയായിരിക്കണം. അല്ലാതെ 9, 11, 12 എന്നിങ്ങനെ യൂണിറ്റുകളുടെ എണ്ണം മാറാന്‍ പാടില്ല. നിങ്ങളുടെ കട തുറക്കുന്ന സമയം 10 മണി എന്നു നിശ്ചയിച്ചിട്ടുണ്ടെങ്കില്‍, എന്നും ആ സമയത്ത് തുറക്കുക. അത് പത്തേകാലും പത്തരയുമാകാന്‍ പാടില്ല. അതുപോലെ, കുറഞ്ഞ ബിസിനസ് വ്യാപ്തമുള്ള ഉല്‍പ്പന്നം/സര്‍വീസില്‍ നിന്ന് പിന്‍വാങ്ങുക.

9. എല്ലാ പ്രവര്‍ത്തനങ്ങളും മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക. വാക്കുകള്‍ കൊണ്ട് വിവരിക്കാവുന്നതിന്റെ അപ്പുറത്താണ് അതിന്റെ പ്രാധാന്യം.

10. പാഴ്‌ചെലവ് കുറയ്ക്കുക. പ്രതിഫലം കിട്ടാത്ത ഏതു പ്രവൃത്തിയും പാഴ്‌ചെലവാണ്.

11. സൂര്യപ്രകാശം, ഉയരം, കാറ്റ്, മഴവെള്ളം, തണല്‍ തുടങ്ങിയ പ്രകൃതി വിഭവങ്ങളെല്ലാം പരമാവധി ഉപയോഗപ്പെടുത്തുക. സ്വാഭാവിക പ്രകാശം മുറികള്‍ക്കുള്ളില്‍ ആവശ്യത്തിനുണ്ടെങ്കില്‍ പകല്‍ ലൈറ്റ് ഇടുന്നതുമൂലമുള്ള കറന്റ് ചാര്‍ജ് കുറയ്ക്കാം.

12. പല പ്രവൃത്തികള്‍ യോജിപ്പിച്ചുകൊണ്ടും (Combining) ഒരേസമയം പല പ്രവൃത്തികള്‍ (Multitasking) ചെയ്തുകൊണ്ടും 'ഇക്കണോമീസ് ഓഫ് സ്‌കെയ്ല്‍/സ്‌കോപ്പ്' (ഒരു ഉല്‍പ്പന്നത്തിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിച്ചതുമൂലം ആവറേജ് കോസ്റ്റില്‍ വരുത്തുന്ന ചെലവുചുരുക്കലുകളും, പല ഉല്‍പ്പന്നങ്ങള്‍ ഒരേസമയം നിര്‍മിക്കുമ്പോള്‍ ആവറേജ് കോസ്റ്റില്‍ വരുത്തുന്ന ചെലവുചുരുക്കലുകളും) പരമാവധി പ്രയോജനപ്പെടുത്തുക.

ലേഖകന്‍ നൈനാന്‍ പി.ചാണ്ടി - ഡെല്‍റ്റഈറ്റ കോസ്റ്റ് റിഡക്ഷന്‍ കണ്‍സള്‍റ്റന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയക്റ്ററാണ് . Address: T.C 3/1946 -12, MGRA, Marappalam, Thiruvananthapuram, Kerala- 695004, Phone: 0471- 485 2076

Phone: 0471 485 2076

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it