നിങ്ങള്‍ക്കും വീട്ടില്‍ സംരംഭം തുടങ്ങാം; അവസരങ്ങളെ ഉപയോഗിക്കേണ്ടതെങ്ങനെ എന്ന് നോക്കൂ

By പ്രൊഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന്‍

വലിയ വ്യവസായങ്ങള്‍ നമ്മുടെ നാട്ടില്‍ സ്ഥാപിക്കാന്‍ വലിയ പ്രയാസമാണ്. എല്ലാവര്‍ക്കും അത് സാധിക്കില്ല. എന്നാല്‍ ഓരോ വീട്ടിലും ഒരു സംരംഭം തുടങ്ങാനുള്ള സാധ്യതയും അവസരവും ഇവിടെയുണ്ട്. കോവിഡ് വന്നപ്പോള്‍ എത്രയോ പേര്‍ മാസ്‌ക് നിര്‍മാണം തുടങ്ങി. പ്ലാസ്റ്റിക് നിരോധിച്ചപ്പോള്‍ തുണി സഞ്ചി നിര്‍മാണത്തിലേക്ക് ഒരുപാട് പേര്‍ വന്നു. വീടുകളിലെ ഒരു മുറി മതി ഇത്തരം സംരംഭങ്ങള്‍ക്ക്. ഇപ്പോള്‍ നാട്ടില്‍ ഓര്‍ഗാനിക് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരുണ്ട്. വീടുകളില്‍ സ്ത്രീകള്‍ ശുചിത്വത്തോടെ മായം ചേര്‍ക്കാതെ നിര്‍മിക്കുന്നതാണെന്ന ലേബലില്‍ കറിപ്പൊടികള്‍, അരിപ്പൊടി മുതലായവയൊക്കെ വില്‍പ്പന നടത്തിയാല്‍ അതത് ഗ്രാമങ്ങളില്‍ തന്നെ നല്ല രീതിയില്‍ കച്ചവടം നടത്താം.

നമ്മുടെ നാട്ടിലെ ഒട്ടേറെ ക്ഷേത്രങ്ങളുണ്ട്. അവിടെ ഉണക്കലരി, എണ്ണ, തിരിനൂല്‍, ശര്‍ക്കര എന്നിങ്ങനെ ഒട്ടേറെ സാധനങ്ങള്‍ വേണം. ഇവയില്‍ ഭൂരിഭാഗവും തമിഴ്നാട്ടില്‍ നിന്നാണ് വരുന്നത്. കോടികളുടെ ബിസിനസാണത്. ശബരിമല സീസണ്‍ തന്നെ എത്രയോ അവസരങ്ങള്‍ നല്‍കുന്നുണ്ടായിരുന്നു കേരളത്തിന്.

കൈത്തറി തുണിയും തോര്‍ത്തും

ലോകത്തിലെ ഏത് തുണിത്തരങ്ങളോടും മത്സരിക്കാന്‍ കഴിവുള്ള കൈത്തറി, ഖാദി തുണികള്‍ ഇവിടെയുണ്ട്. അതില്‍ ഭാവന വിരിയിക്കാന്‍ കെല്‍പ്പുള്ള കലാകാരന്മാരും ഇവിടെയുണ്ട്. നല്ല രീതിയില്‍ രൂപകല്‍പ്പന ചെയ്ത് നന്നായി മാര്‍ക്കറ്റ് ചെയ്താല്‍ വലിയ സാധ്യതയാണ് അതിലുള്ളത്. സ്‌കൂള്‍ യൂണിഫോം, ആശുപത്രി - ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള വസ്ത്രങ്ങള്‍, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്കുള്ള യൂണിഫോം എന്നിവയെല്ലാം ഈ തുണിത്തരങ്ങളില്‍ ചെയ്യാം. ഇതിന് സര്‍ക്കാരിന്റെ പിന്തുണ തുടര്‍ച്ചയായി വേണം. നമ്മുടെ ഖാദിയുടെ തോര്‍ത്തിനെ മികച്ച രീതിയില്‍ ഡിസൈന്‍ ചെയ്ത് മാര്‍ക്കറ്റ് ചെയ്താല്‍ വിജയം നേടാം. പ്ലാസ്റ്റിക്കിന് നേരെ ലോകസമൂഹം തന്നെ മുഖം തിരിക്കുകയാണ്. കേരളത്തില്‍ പ്രാദേശികമായി യഥേഷ്ടം ലഭിക്കുന്ന കൈതയോലയും മുളയും എല്ലാം ഉപയോഗിച്ച് പായ, കുട്ട, കരകൗശല വസ്തുക്കള്‍, ബാഗുകള്‍ എന്നുവേണ്ട എന്തും നിര്‍മിക്കാം. നമ്മുടെ പരമ്പരാഗത കലാകാരന്മാരുടെ കഴിവും വൈദഗ്ധ്യവും ഉപയോഗിച്ച് നൂതന ഡിസൈനില്‍ ഉല്‍പ്പന്നങ്ങളുണ്ടാക്കിയാല്‍ പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന ഒട്ടനവധി തനതായ ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെ സംരംഭകര്‍ക്ക് തന്നെ വിപണിയില്‍ അവതരിപ്പിക്കാന്‍ പറ്റും. മികച്ച ബ്രാന്‍ഡും സൃഷ്ടിക്കാം.

ആരും എല്ലാം കൈയില്‍ കൊണ്ടുവന്നുതരില്ല

കേരളത്തില്‍ ഒന്നും നടക്കില്ലെന്ന് പറയാം. പലവട്ടം ബാങ്കില്‍ കയറിയിറങ്ങേണ്ടി വരും. പ്രയാസങ്ങളെ അതിജീവിച്ചാല്‍ മാത്രമേ സംരംഭം കെട്ടിപ്പടുക്കാന്‍ പറ്റൂ. വി ഗാര്‍ഡ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ആത്മകഥയില്‍ അദ്ദേഹം എത്രയോ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. ഇതുപോലെയാണ് കേരളത്തിലെ വിജയികളായ സംരംഭകര്‍ ഉയര്‍ന്നുവന്നത്. ചെയ്യുന്ന ബിസിനസില്‍ താല്‍പ്പര്യം, ഇച്ഛാശക്തി, ഏതുകാര്യവും വിജയിപ്പിച്ചെടുക്കാനുള്ള മാനസിക കഴിവ് എന്നിവയുള്ളവര്‍ക്കുമാത്രമേ സംരംഭകത്വ രംഗത്തും തിളങ്ങാന്‍ പറ്റൂ. അതുപോലെ സംരംഭകരെ പ്രോത്സാഹിപ്പിക്കാനും അവരെ നേര്‍വഴിക്ക് നടത്താനും അവരുടെ നീക്കങ്ങള്‍ ശരിയായ വഴിയിലൂടെയാണോ എന്ന് പരിശോധിക്കാനും പറ്റിയ ഇക്കോ സിസ്റ്റവും ഇവിടെ വികസിച്ച് വരണം.

അവസരങ്ങളുടെ കലവറ

കേരളത്തിന്റെ ഏറ്റവും വലിയ വിഭവ സമ്പത്ത് അതിന്റെ കാലാവസ്ഥയാണ്. പോര്‍ച്ചുഗീസുകാര്‍ കുരുമുളക് കൊണ്ടുപോയപ്പോള്‍ കോഴിക്കോട് സാമൂതിരി പറഞ്ഞത് നമ്മുടെ തിരുവാതിര ഞാറ്റുവേല അവര്‍ക്ക് കൊണ്ടുപോകാന്‍ പറ്റില്ലല്ലോ എന്നാണ്. നമ്മുടെ ഈ വിഭവ സമ്പത്ത് നല്ല രീതിയില്‍, ഈ കോവിഡ് കാലത്തും വിനിയോഗിക്കണം. ആയുര്‍വേദത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ആ രംഗത്ത് സമാനതകളില്ലാത്ത പ്രസ്ഥാനം കെട്ടിപ്പടുത്ത വ്യക്തിയാണ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സ്ഥാപകന്‍ പി എസ് വാര്യര്‍. ആയുര്‍വേദ ഔഷധ സോപ്പ് രംഗത്തെ സാധ്യതകള്‍ മനസ്സിലാക്കി ആ രംഗത്തേക്ക് ഇറങ്ങിയ വ്യക്തിയാണ് ചന്ദ്രിക സോപ്പ് സ്ഥാപകന്‍ കേശവന്‍ വൈദ്യര്‍.

ശരീരത്തിന്റെ രോഗപ്രതിരോധി വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ലോകം ഇതുപോലെ തിരിച്ചറിയുന്ന കാലമുണ്ടായിട്ടില്ല. അതുപോലെ തന്നെ സോപ്പ് വിനിയോഗവും കൂടുന്നു. ഔഷധ കൂട്ടുകളാല്‍ മരുന്നുകളും സോപ്പുകളും എല്ലാം നിര്‍മിച്ചാല്‍ വിപണി ലഭിക്കുമെന്ന കാര്യം തീര്‍ച്ച. ടൂറിസം മേഖലയിലും കേരളീയ തനിമയോടെയുള്ള കാര്യങ്ങള്‍ കൊണ്ടുവരണം. പല പ്രമുഖ ഗ്രൂപ്പുകളും ടൂറിസം രംഗത്ത് വ്യത്യസ്തരായത്, കേരളീയ തനിമയോടെയുള്ള പ്രോപ്പര്‍ട്ടികള്‍ അവതരിപ്പിച്ചുകൊണ്ടാണ്. വലിയ മുടക്ക് മുതല്‍ ഇല്ലാതെ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള സാധ്യതകള്‍ ഇവിടെയുണ്ട്.

(പ്രൊഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന്‍ എഴുതിയ ലേഖനം. മാറിയ കാലത്തിനനുസരിച്ചുള്ള നൂതന ആശയങ്ങള്‍ വിവിധ രംഗങ്ങളിലുള്ളവ പങ്കുവയ്ക്കുന്ന ധനം മാഗസിനില്‍ പ്രസിദ്ധീകരിക്കുന്ന ലേഖന പരമ്പരയായ 'മാറ്റാം കേരളത്തിന്റെ മുഖച്ഛായ' എന്നതില്‍ നിന്നും എടുത്തത്. )

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it