കോവിഡ് കാലത്തും ബ്രാന്‍ഡിംഗ് ചെയ്യാം, ഉപഭോക്താക്കളെ നിലനിര്‍ത്താം; സംരംഭകര്‍ അറിയേണ്ട കാര്യങ്ങള്‍

കോവിഡ് 19 എല്ലാ മേഖലകളെയും ബാധിച്ചിരിക്കുകയാണ്. സമൂഹത്തിന്റെ വിവിധ മേഖലകളെ കോവിഡ് ബാധിക്കുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ സംരംഭകരും പകച്ചു നില്ക്കുന്നു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പലരും വര്‍ക്ക് ഫ്രം ഹോം ആണ് തെരഞ്ഞെടുത്തിരിക്കുന്ന മാര്‍ഗം. സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ മാറി മറിയുന്നു, ഇന്നേവരെ കാണാത്ത സാഹചര്യങ്ങളിലൂടെ ജനങ്ങള്‍ കടന്നു പോകുന്നു എന്നതെല്ലാം അവരുടെ ഉപഭോഗ സംസ്കാരത്തെയും ബാധിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ പുതിയൊരു ഉപഭോക്തൃ സംസ്കാരം കൂടെ ഉടലെടുത്തിരിക്കുകയാണ്. എങ്ങനെയെന്നല്ലേ, പറയാം. വീട്ടില്‍ തന്നെ അടച്ചിരുന്നുള്ള ഷോപ്പിംഗാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ നേരത്തെ തന്നെ ശക്തമാക്കിയവര്ക്ക് ഇത് മികച്ച അവസരമാണ് നല്‍കിയത്. എന്നാല്‍ ഇതുവരെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സജീകരിക്കാത്തവരുടെ കാര്യമോ. അവര്‍ക്കും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലൂടെ തങ്ങളുടെ ഉപഭോക്താക്കളുടെ അടുത്തെത്താനുള്ള നിരവധി മാര്‍ഗങ്ങള്‍ ലഭ്യമാണ്.
ഉപഭോക്താക്കള്‍ ഓടിടി (ഓവര്‍ ദ് ടോപ്- ഡിജിറ്റല്‍ വിഡിയോ പ്ലാറ്റ്ഫോമുകള്) പോലുള്ള ഡിജിറ്റല്‍ ലോകത്താണ് ഇന്ന് കൂടുതല്‍ സമയം ചെലവിടുന്നത്. അപ്പോള്‍ ഉപഭോക്താക്കള്‍ നമുക്കരികിലേക്ക് എത്തിയില്ലെങ്കില്‍ അവര്‍ക്കരികിലേക്ക് നമ്മള് എത്തണമെന്നത് തന്നെയാണ് മാര്‍ഗം. അവശ്യ സര്‍വീസുകള്‍ക്കാണ് ജനങ്ങള്‍ മുന്‍ഗണന നല്‍കുക. എന്നാല്‍ നിങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവര്‍ക്ക് പിന്നീടും പ്രയോജനപ്പെടുന്നതായിരിക്കാം. അത് മുന്നില്‍ കണ്ടു കൊണ്ടു വേണം ഡിജിറ്റല്‍ ബ്രാന്‍ഡിംഗ് സെറ്റ് ചെയ്യേണ്ടതും. അവര്‍ ഇപ്പോഴും നമ്മുടെ ഉപഭോക്താക്കള്‍ തന്നെയാണെന്ന കാര്യം മറക്കാന്‍ പാടില്ല എന്നതാണ് സത്യം. ഉപഭോക്താക്കളെ ഡിജിറ്റലായി കൂടെ നിര്‍ത്താനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടതിന്റെ പ്രാധാന്യവും ഇവിടെയാണ്. എങ്ങനെയാണെന്ന് നോക്കാം.
ഡിജിറ്റല്‍ സാന്നിധ്യം അറിയിക്കൂ
പ്രാഥമികമായും വേണ്ടത് നിങ്ങളുടെ സാന്നിധ്യം ഡിജിറ്റലിലൂടെ അവരുടെ അടുത്തേക്ക് എത്തിക്കുക എന്നതു തന്നെയാണ്. ഉദാഹരണത്തിന് നിങ്ങള്‍ നിങ്ങളുടെ ബ്രാന്‍ഡ് ചെയ്ത ആരോഗ്യ മുന്നറിയിപ്പുകള്‍ നിങ്ങളുടെ സാന്നിധ്യം വിളിച്ചോതുന്ന, എന്നാല്‍ അവര്ക്കുപകാരപ്പെടുന്ന സന്ദേശങ്ങള്‍ അവരിലേക്ക് നല്‍കാം. ഇത് തന്നെ വലിയ തോതില്‍ അല്ലെങ്കില്‍ ഒരുമാസ് ഓഡിയന്‍സിലേക്ക് എത്താന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ചെയ്യുന്ന മികച്ച ടീമിന്റെ സഹായം തേടാം. ഓര്‍ക്കുക നിങ്ങള്‍ പോലും അറിയാതെ നിങ്ങള്‍ ബ്രാന്‍ഡ് ചെയ്യുകയാണ്.
സെയ്ല്‍സ് ഇല്ലാത്തപ്പോഴും ബന്ധം നിലനിര്‍ത്തൂ
ഉപഭോക്താക്കള്‍ക്ക് നിങ്ങള്‍ നല്കുന്ന കരുതല്‍ അവര്‍ക്ക് വളറെ വിലപ്പെട്ടതാണെന്നത് മറക്കരുത്. നിങ്ങള്‍ ചെയ്യുന്ന മാര്‍ക്കറ്റിംഗ് എല്ലാം തന്നെ നിങ്ങളുടെ ഉല്‍പ്പന്നമോ സേവനമോ വില്ക്കാന് ആയിരുന്നിരിക്കാം. എന്നാല്‍ വില്‍പ്പനയോ ബിസിനസോ നടക്കാത്തപ്പോഴും നിങ്ങള്‍ ഉപഭോക്താക്കളുമായുള്ള ബന്ധം നിലനിര്‍ത്തണം. അതിനായി ഡിജിറ്റല്‍ പോള്‍ പോലുള്ളവ ഉപയോഗപ്പെടുത്താം. നിങ്ങളുടെ സോഷ്യല്‍മീഡിയ പേജില്‍ അവരെ പങ്കെടുപ്പിച്ചും രസിപ്പിച്ചും അവരെ നിലനിര്‍ത്താന്‍ കഴിയുന്ന ആക്റ്റിവിറ്റികള്‍ ചെയ്യാം.
തിരികെ വരട്ടെ ഉപഭോക്താക്കള്‍
നിങ്ങളുടെ ഉപഭോക്താക്കള്‍ ലോക്ഡൗണ്‍ കാലം കഴിഞ്ഞ് വീണ്ടും 'ബയേഴ്സ'് ആയി നിങ്ങള്‍ക്കരികിലേക്ക് എത്തേണ്ടവരാണ്. ഒരുപക്ഷെ അവരുടെ പരിഗണനാ ലിസ്റ്റില്‍ നിങ്ങളുടെ ഉല്‍പ്പന്നമോ സേവനമോ ഉണ്ടാകണമെന്നില്ല. അല്ലെങ്കില്‍ വളരെ പെട്ടെന്ന് ആവശ്യമായി വരുന്നതാവില്ല നിങ്ങളുടെ ഉല്‍പ്പന്നമോ സേവനമോ ഒന്നും. എന്നിരുന്നാലും നിങ്ങള്‍ക്ക് ആ ഉപഭോക്താക്കളെയും നിലനിര്‍ത്തിയേ മതിയാകൂ. ഇവിടെയാണ് നിങ്ങള്‍ക്ക് പ്രീ ബുക്കിംഗ് പോലുള്ളവ സഹായകമാകുന്നത്. ഉദാഹരണത്തിന് നിങ്ങളുടെ സംരംഭം ഫര്‍ണിച്ചര്‍ സെയ്ല് ചെയ്യുന്ന സ്ഥാപനം ആണെന്നിരിക്കട്ടെ. ഓണ്‍ലൈനിലൂടെ നിങ്ങള്‍ക്ക് ഫര്‍ണിച്ചര്‍ ബുക്കിംഗ് & ഡെലിവറി ഇപ്പോള്‍ സാധ്യമല്ലെങ്കിലും പിന്നീട് ഡെലിവറി ചെയ്യുന്ന രീതിയില്‍ ബുക്കിംഗ് നടത്താനുള്ള ഓഫറുകള്‍ നല്‍കാം. അതായത്, ഇപ്പോള്‍ ബുക്ക് ചെയ്താല്‍ അത്ര ശതമാനം ഡിസ്കൗണ്ട്, ഡെലിവറി ലോക്ഡൗണിന് ശേഷം എന്നത് പോലുള്ള ഓഫറുകള്‍. ഇത്തരത്തില്‍ ഓരോ സംരംഭത്തിനും വ്യത്യസ്തമായ രീതികള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് നല്കുന്നു.
അവരുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ നിങ്ങളുടെ സാന്നിധ്യം
ഇന്ന് എല്ലാവരും തങ്ങളുടെ മൊബൈല്‍ ഫോണുകളിലും ലാപ്ടോപ്പുകളിലും ഏറെ സമയം ചെലവിടുമ്പോള്‍ നിങ്ങളുടെ സാന്നിധ്യം അവിടെ ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം. ഏത് തരത്തില്‍ ഉപഭോക്താക്കളിലേക്കെത്താം എന്നത് വ്യത്യാസപ്പെട്ടിരിക്കും. എന്നാല്‍ മികച്ച ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മാര്‍ഗങ്ങളിലൂടെ അവരിലേക്കെത്താം എന്നതാണ് അറിയേണ്ടത്. ഹോട്ട്സ്റ്റാര്‍ അത്തരത്തിലൊരു മികച്ച ഉദാഹരണമാണ്. ആളുകള്‍ ഏറ്റവും ആക്റ്റീവ് ആയിരിക്കുന്ന സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ എത്താനാണ് ശ്രദ്ധിക്കേണ്ടത്.
ഉപഭോക്താക്കള്‍ക്കൊപ്പം സമയം ചെലവിടാം
ഇന്ന് നിങ്ങളുടെ ഉപഭോക്താക്കളെല്ലാം അവരുടെ വീടുകളില്‍ അടച്ചിരിപ്പാണെന്നത് ഒരു പോരായ്മയായി കാണാതെ അവരുടെ അരികില്‍ നിങ്ങളുടെ ബ്രാന്‍ഡിനെ എത്തിക്കാനുള്ള ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ നോക്കാം. നിങ്ങളുടെ ഭാവിയിലെ ബിസിനസിനെ ഒരു തരത്തിലും ബാധിക്കാത്ത തരത്തില്‍ നിങ്ങള്‍ക്ക് അവരുടെ ഇടയില്‍ തന്നെ ഡിജിറ്റല്‍ സാന്നിധ്യമായി നില്‍ക്കാനുള്ള വ്യത്യസ്തമായ വഴികള്‍ തേടാം. ഉദാഹരണത്തിന് നിങ്ങളുടെ സംരംഭം ഒരു ഷോപ്പിംഗ് മാളില്‍ പ്രവര്ത്തിക്കുന്നതാണെന്നിരിക്കട്ടെ. ലോക്ഡൗണില്‍ ആ ഷോപ്പിംഗ് മാളിലെ സൂപ്പര്‍ മാര്‍ക്കറ്റ് മാത്രമായിരിക്കാം പ്രവര്‍ത്തിക്കുക. എന്നാല്‍ ആ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് ആളുകള്‍ക്ക് എത്താന്‍ കഴിയാത്ത അവസരത്തില്‍ നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ ഡെലിവറി സര്‍വീസുകളുടെ സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് അവശ്യ സാധനങ്ങളുമായി അവരുടെ വീട്ടു പടിക്കലെത്താം.
അവസരങ്ങളെ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. ഈ സമയവും കടന്നു പോകും. എന്നാല്‍ നിങ്ങളുടെ ബിസിനസിനെ പിടിച്ചു നിര്‍ത്താന്‍ ഉപഭോക്താക്കളെ നിലനിര്‍ത്തിയേ മതിയാകൂ. അതിന് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തന്നെയാണ് ഏറ്റവും ചിലവ് കുറഞ്ഞതും ഉചിതവുമായ മാര്‍ഗം.

ഡെയ്ലി ന്യൂസ് അപ്ഡേറ്റുള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline