ബിസിനസില്‍ വിജയിക്കണോ; 'വണ്‍ മാന്‍ ഷോ'യ്ക്ക് പകരം പ്രൊഫഷണലൈസ് ചെയ്യൂ

ബിസിനസിനെ പ്രൊഫഷണലൈസ് ചെയ്യിക്കുക എന്നതാണ് അടുത്ത അഞ്ചു വര്‍ഷത്തെ തങ്ങളുടെ പ്രധാന വെല്ലുവിളിയെന്ന് ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന 40 ശതമാനം കുടുംബ ബിസിനസുകളും വിശ്വസിക്കുന്നുവെന്ന് ഈയിടെ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു. മല്‍സരം സൃഷ്ടിക്കുന്ന സമ്മര്‍ദ്ദവും ചെലവുകള്‍ ഉയരുന്നതും മൂലം ബിസിനസിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കാന്‍ സംരംഭകര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഈ തിരിച്ചറിവ് കേരളത്തിലെയും ഇന്ത്യയിലെയും മാത്രമല്ല, യു.എ.ഇയിലെയും ബിസിനസുകാര്‍ക്കുണ്ട്. ബിസിനസിലെ 'വണ്‍ മാന്‍ ഷോ' യ്ക്ക് പകരം പ്രൊഫഷണലിസം കൊണ്ടുവരണമെന്ന് ഇപ്പോള്‍ അവര്‍ ആഗ്രഹിക്കുന്നു.

വെല്ലുവിളിയുണര്‍ത്തുന്ന ഇപ്പോഴത്തെ ബിസിനസ് സാഹചര്യത്തില്‍ മല്‍സരക്ഷമതയോടെ നിലനില്‍ക്കാന്‍ മിക്ക ബിസിനസ് സ്ഥാപനങ്ങളും കുടുംബത്തിന് പുറത്തുനിന്നുള്ള എക്സിക്യൂട്ടിവുകളെയും ഡയറക്ടര്‍മാരെയും നിയമിക്കുന്നു. ബിസിനസിന്റെ ധനപരവും തന്ത്രപ്രധാനവുമായനിയന്ത്രണം കുടുംബത്തിനുള്ളില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ മല്‍സരക്ഷമമായ ഒരു സ്ഥാപനത്തെ നയിക്കുന്നതിന് ആവശ്യമായ പ്രൊഫഷണല്‍ മേഖലയിലുള്ള അനുഭവസമ്പത്തും സ്‌കില്ലുകളും പുറത്തുനിന്ന് കടമെടുക്കാം എന്ന് കുടുംബ ബിസിനസുകള്‍ ഇപ്പോള്‍ തിരിച്ചറിയുന്നു.

പ്രൊഫഷണലൈസ് ചെയ്താല്‍

സ്ഥാപനം കാത്തുസൂക്ഷിക്കുന്ന സംസ്‌കാരവും കുടുംബത്തിന്റെ മൂല്യങ്ങളും കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ മല്‍സരക്ഷമമായി നിലനില്‍ക്കുന്നതിനുള്ള സിസ്റ്റവും സ്ട്രക്ചറും ഉള്‍ക്കൊള്ളിക്കുകയെന്നതാണ് പ്രൊഫഷണലൈസ് ചെയ്യുന്നതില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്. സ്ഥാപനത്തെ കൂടുതല്‍ ലാഭക്ഷമവും മല്‍സരക്ഷമവും വളര്‍ച്ചാസാധ്യതയുള്ളതും ആക്കുന്ന തരത്തിലാണ് ഈ പ്രോസസ് രൂപപ്പെടുത്തുന്നത്. ഇതില്‍ ബിസിനസ് മാനേജ്മെന്റില്‍ നിന്ന് കുടുംബ ഉടമസ്ഥത പലപ്പോഴും വേര്‍പെടുത്തേണ്ടതായി വരും. ഇതിലൂടെ ധനപരമായ മെച്ചങ്ങളും നിയന്ത്രണങ്ങളും കുടുംബാംഗങ്ങള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുകയും ഒപ്പം ബിസിനസ് മുന്നോട്ടുപോകുകയും ചെയ്യും.

ഔചചാരികവും നിയമപരവും ധനപരവുമായ ഘടനകള്‍ സൃഷ്ടിച്ച് കുടുംബ ആധിപത്യത്തെ വേര്‍പെടുത്തുക, കുടുംബ ഭരണ സംവിധാനങ്ങള്‍ സ്ഥാപിക്കല്‍, തടസങ്ങള്‍ തിരിച്ചറിയുക, അറിവിലും അനുഭവസമ്പത്തിലുമുള്ള വിടവുകള്‍ കണ്ടെത്തുക, കുടുംബത്തില്‍ നിന്നുള്ള ജീവനക്കാര്‍ക്ക് പരിശീലനപരിപാടികളും പിന്തുടര്‍ച്ചാ പദ്ധതികളും ആവിഷ്‌കരിക്കുക, ബിസിനസ് ആവശ്യങ്ങള്‍ക്ക് ഇണങ്ങുന്ന ഘടനകള്‍ രൂപപ്പെടുത്തുക….. ഇവയെല്ലാം അല്ലെങ്കില്‍ ഇവയില്‍ ചിലത് പ്രൊഫഷണലൈസേഷനില്‍ ഉള്‍പ്പെടുന്നു.

ലക്ഷ്യങ്ങള്‍

  • സംരംഭകന്റെ വിഷന് ഘടന നല്‍കി, ഭാവി വളര്‍ച്ചയ്ക്കുള്ള അരങ്ങൊരുക്കുക.
  • കുടുംബ ബിസിനസിന്റെ ത്വരിതവളര്‍ച്ചയ്ക്കുള്ള സാഹചര്യമൊരുക്കുക.
  • ഉയര്‍ന്ന യോഗ്യതകളുള്ള ജീവനക്കാരെ സ്ഥാപനത്തിലേക്ക് ആകര്‍ഷിക്കുക. സ്ഥാപനത്തെ മികച്ച രീതിയില്‍ നയിക്കാന്‍ സാധിക്കുന്ന വിധം കുടുംബാംഗങ്ങള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസം നല്‍കുക.
  • വാല്യുവേഷന് തയാറെടുക്കാനോ അല്ലെങ്കില്‍ പ്രൈവറ്റ് ഇക്വിറ്റി, പേഷ്യന്റ് ക്യാപ്പിറ്റല്‍, വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് മൂലധനം സമാഹരിക്കാനോ സ്ഥാപനത്തിന് പിന്തുണ നല്‍കുക.
  • പിന്തുടര്‍ച്ചാവകാശ പദ്ധതി ആസൂത്രണം ചെയ്യുക. നിങ്ങളുടെ സ്ഥാപനം പ്രൊഫഷണലൈസ് ചെയ്യാന്‍ സമയമായോ എന്നറിയാന്‍ ചില സൂചനകള്‍
  • ബിസിനസ് വളര്‍ത്താന്‍ പുറത്തുനിന്ന് മൂലധനം ആവശ്യമായി വരുന്ന സാഹചര്യം
  • ബിസിനസ് സ്ഥാപകന് അല്ലെങ്കില്‍ ബിസിനസ് മേധാവിക്ക് ബിസിനസിന്റെ തന്ത്രപ്രധാനമായ കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനോ സ്ഥാപനത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാനോ സമയം ഇല്ലാത്ത/കുറവുള്ള അവസ്ഥ
  • കുടുംബത്തിലെ പ്രശ്നങ്ങള്‍ ബിസിനസിന്റെ വളര്‍ച്ചയെ ബാധിക്കുന്നു.
  • കുടുംബത്തിന് പുറത്തുനിന്നുള്ള ജീവനക്കാരുടെ, കൂടിയ നിരക്കിലുള്ള കൊഴിഞ്ഞുപോക്ക്.

ഈ പ്രശ്നങ്ങള്‍ നിങ്ങളുടെ ബിസിനസിനെ ബാധിക്കുന്നുണ്ടെങ്കില്‍ പ്രൊഫഷണലൈസേഷന്‍ പ്രോസസിന്റെ ആദ്യപടി നിങ്ങള്‍ക്ക് തുടങ്ങാം:

  • നിങ്ങളുടെ സ്ഥാപനത്തിന്റെ പ്രധാന ഓഹരിയുടമകളെ തന്ത്രപ്രധാനമായ ഒരു ചര്‍ച്ചയ്ക്കായി (brainstorming) ഒന്നിച്ചുകൂട്ടുക.
  • സ്ഥാപനത്തിന്റെ ഭാവിയിലേക്കുള്ള വിഷന്‍ ചര്‍ച്ച ചെയ്യുക. ബിസിനസ് മേധാവിയെന്ന നിലയില്‍ ചര്‍ച്ചയില്‍ നിങ്ങള്‍ മേധാവിത്വം പുലര്‍ത്തേണ്ടതില്ല. പകരം സ്ഥാപനത്തോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്ന മറ്റുള്ളവരുടെ വാക്കുകള്‍ ആഴത്തില്‍ ശ്രദ്ധിക്കുക.
  • നിങ്ങളുടെ വിഷന്‍ സാക്ഷാല്‍ക്കരിക്കുന്നതിലേക്കുള്ള വഴിയില്‍ നില്‍ക്കുന്ന വെല്ലുവിളികളെയും തടസങ്ങളെയും തിരിച്ചറിയുക.
  • ഇത്തരം പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള വഴികളെക്കുറിച്ച് ചര്‍ച്ച ചെയ്യുക.

    ഒരു ഫാമിലി ബിസിനസ് കണ്‍സള്‍ട്ടന്റും കോച്ചും എന്ന നിലയില്‍ പറയട്ടെ- സ്ഥാപനത്തിന്റെ ഭാവിക്ക് അടിസ്ഥാനപരമായ ഒരു പദ്ധതി നടത്തുമ്പോള്‍ പുറത്തുനിന്നുള്ള ഒരു വിദഗ്ധന്റെ സഹായം തേടുന്നതായിരിക്കും അഭികാമ്യം. ഒരു കുടുംബ ബിസിനസിനെ പ്രൊഫഷണലൈസ് ചെയ്യാനായി എല്ലാവര്‍ക്കും അനുയോജ്യമായ ഒരൊറ്റ പ്ലാന്‍ ഇല്ല. ഓരോ സ്ഥാപനത്തിനും തനതായ ചുറ്റുപാടുകളുണ്ട്, തടസങ്ങളുണ്ട്,വളര്‍ച്ചാസാധ്യതകളുണ്ട്… ഇവയെല്ലാം പ്രൊഫഷണലൈസേഷനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

വാല്‍ക്കഷണം: ബിസിനസിനെ പ്രൊഫഷണലൈസ് ചെയ്യുമ്പോള്‍ സ്ഥാപനത്തെ സംബന്ധിച്ച കഠിനമായ യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നേക്കാം. മാറ്റത്തെ സ്വീകരിക്കുക, അതിനെ ആശ്രയിച്ചാകാം നിങ്ങളുടെ ബിസിനസിന്റെ ഭാവി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it