ഉല്‍പ്പാദനക്ഷമത ഇരട്ടിയാക്കാം, 7 ലളിതമായ മാര്‍ഗങ്ങളിലൂടെ

1. മുന്‍ഗണനാക്രമം നിശ്ചയിക്കുക

ജോലികള്‍ കുന്നുകൂടിക്കിടക്കുന്ന അവസ്ഥ. എവിടെനിന്ന് തുടങ്ങണമെന്നറിയില്ല. രാവിലെ ഇതാണ് അവസ്ഥയില്ലെങ്കില്‍ ജോലി ചെയ്യാനുള്ള എല്ലാ മൂഡും പോയിക്കിട്ടും. അതിന് പകരം നേരത്തെതന്നെ ചെയ്യാനുള്ള ജോലികള്‍ തരംതിരിച്ച് അതിന്റെ പ്രാധാന്യമനുസരിച്ച് മുന്‍ഗണനാക്രമം തീരുമാനിക്കുക. ഉല്‍പ്പാദനക്ഷമതയുടെ ഏറ്റവും പ്രാഥമികമായ മന്ത്രമാണ് മുന്‍ഗണനാക്രമം തീരുമാനിക്കുന്നത്.

2. പ്ലാന്‍ ചെയ്യുക

മുന്‍ഗണനാക്രമം തീരുമാനിച്ചുകഴിഞ്ഞാല്‍ ഏതൊക്കെ ജോലികള്‍ എപ്പോള്‍ ചെയ്യുമെന്ന് പ്ലാന്‍ ചെയ്യണം. ദിവസത്തില്‍ എല്ലാ സമയവും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കണമെന്നില്ല. ദിവസത്തില്‍ നിങ്ങള്‍ക്ക് ഏറെ ഉല്‍പ്പാദനക്ഷമതയുള്ള സമയത്താണ് കൂടുതല്‍ ശ്രദ്ധ വേണ്ട ജോലികള്‍ ചെയ്യേണ്ടത്. എന്നാല്‍ മനസ് ഒന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാത്ത സമയത്താണ് നാം ഇ-മെയ്ല്‍ പരിശോധിക്കുകയും ഫോണ്‍ കോളുകള്‍ ചെയ്യുകയുമൊക്കെ വേണ്ടത്. ഏറ്റവും പ്രൊഡക്റ്റീവ് ആയ സമയം ഇതിനൊന്നും വേണ്ടി ഉപയോഗിക്കരുത്.

3. ചെക്ക്‌ലിസ്റ്റ് കാലഹരണപ്പെട്ടിട്ടില്ല

പണ്ടുകാലം മുതലേ നാം കേള്‍ക്കുന്നതാണ് ചെക്ക്‌ലിസ്റ്റ് ഉണ്ടാക്കണമെന്ന്. അതുകൊണ്ട് ഈ ആശയത്തിന് പ്രസക്തി നഷ്ടപ്പെടുന്നില്ല. ഒരു കാര്യവും വിട്ടുപോകാതെ ചെയ്യാന്‍ ഇവ നമ്മെ സഹായിക്കും. പ്രത്യേകിച്ച് പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങള്‍. ചെയ്തുകഴിഞ്ഞ കാര്യങ്ങള്‍ വെട്ടിക്കളയുമ്പോള്‍ കൂടുതല്‍ പ്രൊഡക്റ്റീവ് ആയി നമുക്ക് തോന്നും. അത് പ്രചോദനം തരും.

4. സോഷ്യല്‍ മീഡിയ ഉപയോഗം പരിമിതപ്പെടുത്താം

ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത കുറയ്ക്കുന്നതിലെ പ്രധാന ഘടകമാണ് സോഷ്യല്‍ മീഡിയയെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സോഷ്യല്‍ മീഡിയയിലുള്ള അനാവശ്യ ചര്‍ച്ചകളും മറ്റും നിങ്ങളുടെ ജോലി ചെയ്യാനുള്ള മൂഡ് നശിപ്പിക്കുകയും ശ്രദ്ധ തിരിക്കുകയും ചെയ്‌തേക്കാം. അതുകൊണ്ടുതന്നെ ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.

5. ചെറിയ ബ്രേക്കുകള്‍

തുടര്‍ച്ചയായി ജോലി ചെയ്തുകൊണ്ടേയിരിക്കുന്നത് നല്ല ശീലമല്ല. അഞ്ചുമിനിറ്റ് നീളുന്ന ചെറിയ ഇടവേളകളെടുത്ത് എഴുന്നേറ്റ് നടക്കുന്നതും കൈകാലുകള്‍ സ്‌ട്രെച്ച് ചെയ്യുന്നതുമൊക്കെ ഉല്‍പ്പാദനക്ഷമതയ്ക്ക് മാത്രമല്ല ആരോഗ്യത്തിനും നല്ലതാണ്.

6. തൊഴിലിടം വൃത്തിയായി സൂക്ഷിക്കുക

പേപ്പറുകളും ഫയലുകളും കുന്നുകൂടിക്കിടക്കുന്ന ഡെസ്‌ക് വല്ലാത്തൊരു മടുപ്പ് ഉളവാക്കും. നിങ്ങളറിയാതെ അത് നിങ്ങളുടെ ഉല്‍പ്പാദനക്ഷമത നശിപ്പിക്കും. ഡെസ്‌കും കബോര്‍ഡുകളും വൃത്തിയായി സൂക്ഷിക്കുക. ആവശ്യമില്ലാത്ത ഒന്നും അതിലില്ലെന്ന് ഉറപ്പുവരുത്തുക.

7. വാരാന്ത്യങ്ങള്‍ ആഘോഷിക്കുക

പുതിയ ആഴ്ചയില്‍ ഏറ്റവും നന്നായി ജോലി ചെയ്യാന്‍ വേണ്ട ഊര്‍ജ്ജം നിറയ്ക്കാനുള്ളവയാണ് വാരാന്ത്യങ്ങള്‍. മനസിന് ഏറ്റവും സന്തോഷം കിട്ടുന്ന രീതിയിലാണ് അവ ചെലവഴിക്കേണ്ടത്. കായികവിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും ദിവസവും വ്യായാമം ചെയ്യുന്നതുമെല്ലാം ജോലിയില്‍ ഉല്‍പ്പാദനക്ഷമത കൂട്ടുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it