ഫ്രാഞ്ചൈസ് ബിസിനസ് മികച്ച ലൊക്കേഷന്‍ എങ്ങനെ തെരഞ്ഞെടുക്കാം?

ഫ്രാഞ്ചൈസ് ബിസിനസിലെ വളരെ നിര്‍ണ്ണായകമായൊരു ഘടകമാണ് അതിന്റെ ലൊക്കേഷന്‍. അതിനാല്‍ ഏതുതരം ബിസിനസില്‍ നിക്ഷേപം നടത്തണമെന്നും അതിന് എത്ര സ്ഥലം ആവശ്യമാണെന്നും സംരംഭകര്‍ വ്യക്തമായി മനസ്സിലാക്കിയിരിക്കണം. ലൊക്കേഷന്‍ ഏറ്റവും മികച്ചതാണെങ്കില്‍ വിപണനം പകുതി പൂര്‍ത്തിയായി എന്നാണര്‍ത്ഥം. മറിച്ച് മോശമായ ഒരു ലൊക്കേഷന്‍ മെച്ചപ്പെടുത്തുകയെന്നത് മിക്കപ്പോഴും അസാധ്യമായിരിക്കും. മികച്ച ലൊക്കേഷന്‍ കണ്ടെത്താന്‍ ചുവടെ കൊടുത്തിട്ടുള്ള ചില സുപ്രധാന ഘടകങ്ങള്‍ ശ്രദ്ധിക്കുക.

പ്രവര്‍ത്തന ശൈലി


നിങ്ങളുടെ ബിസിനസിന്റെ പ്രവര്‍ത്തനം ഔപചാരികമാണോ സാധാരണമാണോ അതോ ഉത്കൃഷ്ടമാണോ? നിങ്ങളുടെ ആ പ്രത്യേക ശൈലിക്കും പ്രതിച്ഛായക്കും അനുസരിച്ച് സ്ഥിരതയുള്ളതായിരിക്കണം തെരഞ്ഞെടുക്കുന്ന ലൊക്കേഷനും. ഉദാഹരണമായി റീട്ടെയ്‌ലിംഗ് ആണെങ്കില്‍ പരമ്പരാഗത ഷോപ്പോ, മാളിലെ ഒരു കിയോസ്‌കോ വിവിധ പ്രദേശങ്ങളിലേക്ക് സഞ്ചരിക്കാവുന്ന വാഹനമോ ഏതാണ് വേണ്ടതെന്ന് ഒരു സംരംഭകന് നിശ്ചയിക്കാവുന്നതാണ്.

ജനസംഖ്യാ ഘടന

ജനസംഖ്യ സംബന്ധിച്ച സ്ഥിതിവിവര കണക്കുകളാണ് മറ്റൊരു ഘടകം. ആരാണ് നിങ്ങളുടെ ഉപഭോക്താക്കളെന്നും അവര്‍ക്ക് നിങ്ങളുടെ ലൊക്കേഷനുമായുള്ള സാമീപ്യവും പരിഗണിക്കണം. ലക്ഷ്യമിടുന്ന വിപണിയിലെ ജനങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ വ്യക്തമായൊരു തീരുമാനം എടുക്കാന്‍ അത് നിങ്ങളെ സഹായിക്കും. റെസ്‌റ്റൊറന്റ്, പലചരക്ക് വ്യാപാരം എന്നിവയൊക്കെ ആളുകള്‍ പെട്ടെന്ന് വന്നുപോകാനാഗ്രഹിക്കുന്ന സ്ഥലങ്ങളിലായിരിക്കണം. എന്നാല്‍ ഒരു കംപ്യൂട്ടര്‍ സെന്ററോ ഇലക്ട്രോണിക്‌സ് റിപ്പയറിംഗ് ഷോപ്പോ രണ്ടാമത്തെ നിലയിലാണെങ്കില്‍പ്പോലും ആളുകള്‍ അവിടേക്ക് കയറിവരാന്‍ മടിക്കില്ല. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രദേശത്ത് താമസിക്കുന്ന ജനങ്ങള്‍ നിങ്ങളുടെ ബിസിനസിനെ എത്രമാത്രം പിന്തുണക്കുമെന്നതും വിശദമായി പരിശോധിക്കണം.

സന്ദര്‍ശകരുടെ എണ്ണം

റീട്ടെയ്ല്‍ ബിസിനസുകളില്‍ സന്ദര്‍ശകരുടെ എണ്ണം വളരെ പ്രധാനമാണ്. ഷോപ്പിംഗ് നടത്തുന്നവര്‍ നിങ്ങളെ മറികടന്ന് പോകുന്ന തരത്തിലുള്ള മൂലകള്‍ തീര്‍ച്ചയായും ഒഴിവാക്കണം. കാരണം എത്ര മികച്ച റീട്ടെയ്ല്‍ കേന്ദ്രങ്ങളിലും ഇത്തരം Dead Spots ഉണ്ടായിരിക്കും. മറിച്ച് നിങ്ങളുടെ ബിസിനസിന് സ്വകാര്യത ആവശ്യമുണ്ടെങ്കില്‍ വളരെയേറെ തിരക്കുള്ള സ്ഥലങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ബിസിനസ് സാധ്യതയുണ്ടെന്ന് നിങ്ങള്‍ കണ്ടെത്തുന്ന ഒരു ലൊക്കേഷനിലെ സന്ദര്‍ശകരുടെ എണ്ണം ഒരു ദിവസത്തെ വ്യത്യസ്ത സമയങ്ങളിലും ആഴ്ചയിലെ ഏതാനും ദിവസങ്ങളിലും പരിശോധിക്കുന്നത് ഗുണകരമായിരിക്കും.

എത്തിച്ചേരാനുള്ള സൗകര്യം

ഉപഭോക്താക്കള്‍, ജീവനക്കാര്‍, സപ്ലെയര്‍മാര്‍ തുടങ്ങിയവര്‍ക്കൊക്കെ സൗകര്യപ്രദമായി വരാനുള്ള ഒരു ലൊക്കേഷനാണോ ബിസിനസിനായി തെരഞ്ഞെടുക്കുന്നത്? നിങ്ങളുടെ പാര്‍ക്കിംഗ് സ്ഥലത്തേക്ക് സുഗമമായി വരുന്നതിനും തിരികെപ്പോകുന്നതിനും സാധിക്കുമോ? ശാരീരിക വൈഷമ്യമുള്ളവര്‍ക്കും അവിടേക്ക് ബുദ്ധിമുട്ടില്ലാതെ കടന്നുവരാനാകുമോ? സപ്ലെയേഴ്‌സിന് മെറ്റീരിയല്‍സ് ഫലപ്രദമായി അവിടേക്ക് എത്തിക്കാനാകുമോ? സുന്ദരമായൊരു ഓഫീസ് ബില്‍ഡിംഗ് ഉണ്ടെങ്കിലും അവിടെ പാര്‍ക്കിംഗ് സ്ഥലം ലഭ്യമല്ലെങ്കില്‍ അതുകൊണ്ട് പ്രയോജനമില്ല. സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് പാര്‍ക്കിംഗിലെ ഏറ്റക്കുറച്ചിലുകള്‍ വിലയിരുത്തുകയും ചെയ്യണം.

മല്‍സരമുള്ള സ്ഥലം

വിലകള്‍ താരതമ്യം ചെയ്തുകൊണ്ടുള്ള ഷോപ്പിംഗ് ശക്തമായ മേഖലകളില്‍ ബിസിനസ് സ്ഥാപിക്കുന്നതിലൂടെ മറ്റ് ബിസിനസുകളുടെ ഉപഭോക്താക്കളെക്കൂടി നേടിയെടുക്കാനാകും. ഒരു എന്റര്‍ടെയ്ന്‍മെന്റ് മേഖലയും റസ്‌റ്റൊറന്റുമൊക്കെയുള്ള സ്ഥലത്ത് ഇത് സാധ്യമാണ്. എന്നാല്‍ അടുത്ത എതിരാളി നിങ്ങളുടെ വിപണനത്തെ പ്രതികൂലമായി ബാധിക്കുമെങ്കില്‍ മറ്റ് ലൊക്കേഷനുകളായിരിക്കും അഭികാമ്യം. ഉപഭോക്താക്കള്‍ക്ക് സമയ ലാഭവും സൗകര്യവുമായതിനാലാണ് ടെക്‌സ്‌റ്റൈല്‍സ് ഷോറുമുകളും സൂപ്പര്‍ മാര്‍ക്കറ്റുകളുമൊക്കെ ഒരേ റോഡിലോ അല്ലെങ്കില്‍ എതിര്‍വശങ്ങളിലോ സ്ഥിതി ചെയ്തുകൊണ്ട് പരസ്പരം മല്‍സരിക്കുന്നത്. ആര്‍ക്കാണോ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും ആകര്‍ഷകമായ വിലയും മികച്ച സേവനങ്ങളുമുള്ളത് അവരായിരിക്കും മല്‍സരക്ഷമമായ വിപണിയില്‍ വിജയം വരിക്കുക.

ബിസിനസ് വിലാസം

ഒരു പ്രാദേശിക വിപണിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഒരു പ്രതിച്ഛായ തന്നെയാണ് നിങ്ങളുടെ ലൊക്കേഷന്‍ പ്രതിഫലിപ്പിക്കുന്നതെന്ന് ഉറപ്പാക്കണം. ഇതിന് ആ സ്ഥലത്തിന്റെ ചരിത്രം മനസിലാക്കുകയാണ് വേണ്ടത്. ഉദാഹരണമായി മുമ്പ് ഒരു റെസ്റ്റൊറന്റ് പരാജയപ്പെട്ട സ്ഥലത്താണ് നിങ്ങള്‍ പുതിയൊരു റെസ്റ്റൊറന്റ് തുടങ്ങുന്നതെന്ന് കരുതുക. അപ്പോള്‍ ആ ലൊക്കേഷന്റെ പോരായ്മ മനസിലാക്കാത്തതിന് പുറമേ നിങ്ങളുടെ സംരംഭത്തിനും പഴയ ഗതി ഉണ്ടാകുമെന്ന് ആളുകള്‍ കരുതുകയും ചെയ്യും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബിസിനസിന്റെയാണോ അതോ ലൊക്കേഷന്റെയാണോ പ്രശ്‌നമെന്ന വസ്തുത സംരംഭകന്‍ ഉറപ്പാക്കേണ്ടതാണ്.

നിയമപരമായ നിയന്ത്രണങ്ങള്‍

ഒരു ലൊക്കേഷന്‍ തെരഞ്ഞെടുക്കുന്നതിന് മുമ്പ് നിങ്ങളുടെ ബിസിനസിനെ ബാധിച്ചേക്കാവുന്ന തരത്തിലുള്ള നിയമപരമായ നിയന്ത്രണങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്തണം. തെരഞ്ഞെടുക്കുന്ന ബില്‍ഡിംഗിന് വേണ്ടത്ര മുന്‍ഭാഗം ലഭ്യമാണെങ്കില്‍ മാത്രമേ ബ്രാന്‍ഡിന്റെ നിബന്ധനകള്‍ക്ക് അനുസൃതമായുള്ള സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനാകൂ. ഇത് മാര്‍ക്കറ്റിംഗ് ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

കെട്ടിടത്തിന്റെ അടിസ്ഥാനസൗകര്യം

ഇന്നത്തെ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ മിക്ക പഴയ കെട്ടിടങ്ങളിലും ഉണ്ടാകണമെന്നില്ല. അതിനാല്‍ ഇപ്പോഴത്തേക്കും ഭാവിയിലേക്കും ആവശ്യമായ വൈദ്യുതി, എയര്‍ കണ്ടീഷനിംഗ്, ടെലികമ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍ തുടുങ്ങിയവ ഉണ്ടെന്നത് ഉറപ്പാക്കണം. ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ ഒരു എന്‍ജിനീയറുടെ സേവനം തേടുന്നത് പ്രയോജനകരമായിരിക്കും.

വാടകയും അനുബന്ധ ചെലവുകളും

ലൊക്കേഷനുള്ള ഒരു സുപ്രധാന ചെലവാണ് വാടക. അതിനു വേണ്ടിവരുന്ന സെക്യൂരിറ്റി ഡിപ്പോസിറ്റ്, പ്രതിമാസ ചെലവുകള്‍ എന്നിവയെക്കുറിച്ചും അന്വേഷിക്കണം. അതിലൂടെ ഒരു കൃത്യമായ ബജറ്റ് രൂപീകരിക്കുന്നതിന് സംരംഭകന് സാധിക്കുന്നതാണ്.

(ഫ്രാഞ്ചൈസ് ബിസിനസില്‍ കാല്‍ നൂറ്റാണ്ടുകാലത്തെ അനുഭവ സമ്പത്തുള്ള പ്രൊഫഷണലും തിരുവനന്തപുരത്തെ ഐ.റ്റി എഡ്യൂക്കേഷന്‍ സ്ഥാപനമായ നെറ്റ്‌വര്‍ക്ക് സിസ്റ്റംസിന്റെ ഡയറക്ടറും ഫ്രാഞ്ചൈസിംഗ് റൈറ്റ്‌വേ.കോമിന്റെ സ്ഥാപകനുമാണ് ലേഖകന്‍. ഫോണ്‍: 9884051455)

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it