ലിങ്ക്ഡ്ഇനില്‍ ഇങ്ങനെ ചെയ്യു, ജോലി നിങ്ങളെ തേടി വരും: മുരളി തുമ്മാരുകുടിയുടെ 12 മാര്‍ഗനിര്‍ദേശങ്ങള്‍

കോവിഡ് കാലത്ത് തൊഴില്‍ നഷ്ടമാണ് എവിടെയും ചര്‍ച്ചാ വിഷയം. ലോകമെമ്പാടുമുള്ള ഉദ്യോഗാര്‍ത്ഥികളുടെയും ജീവനക്കാരുടെയും ആത്മവിശ്വാസം കുത്തനെ താഴ്ന്നിരിക്കുകയാണ്.

എന്നാല്‍ തൊഴില്‍ നിങ്ങളെ തേടി വന്നാലോ? അതിനുള്ള ചില കാര്യങ്ങളാണ് യുഎന്‍ ദുരന്തലഘൂകരണ വിഭാഗം മേധാവിയും എഴുത്തുകാരനും നിരീക്ഷകനുമായ മുരളി തുമ്മാരുകുടി തന്റെ ഫേസ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

തൊഴില്‍ അന്വേഷകര്‍ക്ക് സഹായകരമാകുന്ന ആ പോസ്റ്റിന്റെ പൂര്‍ണ രൂപം ഇതാ.

ജോലി നമ്മെ തേടി എത്തുന്ന കാലം

ഗൂഗിളില്‍ നിന്നും ഒരാള്‍ക്ക് ജോലി വാഗ്ദാനം ലഭിക്കുന്നതിനെ പറ്റി ഒരു തമാശയുണ്ട്.
'അതിന് ഞാന്‍ നിങ്ങള്‍ക്ക് ജോലിക്ക് അപേക്ഷ ഒന്നും അയച്ചില്ലല്ലോ' എന്ന് ഉദ്യോഗാര്‍ത്ഥി.
'നിങ്ങളുടെ ബയോഡാറ്റയും നിങ്ങള്‍ ഇപ്പോഴത്തെ ജോലി വിടുകയാണെന്നും നിങ്ങള്‍ ജോലി അന്വേഷിക്കുകയാണെന്നും നിങ്ങള്‍ക്ക് ഇപ്പോള്‍ എന്ത് ശമ്പളം ഉണ്ടെന്നും ഒക്കെ ഞങ്ങള്‍ക്ക് അറിയാം.' ഗൂഗിള്‍.

ഇത് തല്‍ക്കാലം അല്‍പം കടന്ന തമാശയായിരിക്കാം. പക്ഷെ ഇനിയുള്ള കാലത്ത് ജോലികള്‍ നമ്മളെ തേടിയാണ് എത്താന്‍ പോകുന്നത് എന്നതില്‍ സംശയം വേണ്ട. ഇപ്പോള്‍ത്തന്നെ പല വികസിത രാജ്യങ്ങളിലും അതാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. കൊറോണക്കാലം ഇതിനെ കൂടുതല്‍ വേഗത്തിലാക്കും.
നാളത്തെ ലോകത്ത് നല്ലൊരു ജോലി കിട്ടണമെങ്കില്‍ ആദ്യം വേണ്ടത് ഒരു ലിങ്ക്ഡ് ഇന്‍ അക്കൗണ്ട് ആണ്.

പഠനത്തിന് ശേഷം ജോലിയില്‍ പ്രവേശിക്കുക, ഏതു മേഖലയിലായാലും മികച്ചൊരു കരിയര്‍ ഉണ്ടാക്കിയെടുക്കുക എന്നത് എല്ലാ പ്രൊഫഷണലുകളുടെയും ലക്ഷ്യമാണ്. എന്നാല്‍ മാറിയ കാലത്ത് സാമ്പ്രദായിക രീതിയിലൂടെ ജോലിയന്വേഷിക്കുന്നത് പലപ്പോഴും ഫലപ്രദമായിക്കൊള്ളണമെന്നില്ല.

എങ്ങനെയാണ് ജോലി കണ്ടെത്തുക? കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ പത്രങ്ങളിലും മറ്റു പബ്ലിക്കേഷനുകളിലും പരസ്യങ്ങള്‍ നല്‍കിയിരുന്നു. ഇപ്പോഴുമുണ്ട്. പിന്നീട് ഇന്റര്‍നെറ്റിന്റെ കാലമായപ്പോള്‍ അതാത് സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകള്‍ വഴിയും ഇമെയില്‍ വഴിയും അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങി. മറ്റു ജോബ് പോര്‍ട്ടലുകളും ഇന്നുണ്ട്. ഇപ്പോള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളും അതിനായി ഉപയോഗിച്ചുവരുന്നു. അവിടെയാണ് ലിങ്ക്ഡ്ഇന്‍ ന്റെ പ്രസക്തി.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളെക്കുറിച്ച് നമുക്കെല്ലാം അറിയാം. ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ പോലെതന്നെ ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സംവിധാനമാണ് ലിങ്ക്ഡ്ഇന്‍. ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പോലെ ഉല്ലാസത്തിനുവേണ്ടിയുള്ളതല്ല. മറിച്ച്, ബിസിനസ് കണക്ഷനുകള്‍ വിപുലീകരിക്കുക, പ്രവൃത്തിപരിചയം, ബയോഡാറ്റ എന്നിവ പങ്കുവെയ്ക്കുക, തൊഴില്‍ അന്വേഷിക്കുക എന്നീ കാര്യങ്ങള്‍ക്കായുള്ള പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റാണ് ലിങ്ക്ഡ്ഇന്‍.

ഫേസ്ബുക് പ്രൊഫൈല്‍ പോലെ എളുപ്പത്തില്‍ ഒരു ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ നിങ്ങള്‍ക്കുതന്നെ ഉണ്ടാക്കിയെടുക്കാം. എന്നാല്‍ അവിടെ നല്‍കേണ്ടത് നിങ്ങളുടെ പ്രൊഫഷണല്‍ വിവരങ്ങളാണ്. ഉദാഹരണത്തിന് നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത, പ്രൊഫഷന്‍, താല്‍പ്പര്യമുള്ള മേഖലകള്‍, പ്രവൃത്തിഗവേഷണ പരിചയങ്ങള്‍, തൊഴില്‍ വൈദഗ്ദ്ധ്യം, കൂടെ ജോലിചെയ്തിരുന്നവരില്‍ നിന്നുള്ള റെഫെറല്‍ (referrals) എന്നിവയെല്ലാം ലിങ്ക്ഡ്ഇന്‍ പ്രൊഫൈലില്‍ ഉള്‍പ്പെടുത്താം.

പ്രൊഫൈല്‍ ഉണ്ടാക്കി കഴിഞ്ഞാല്‍?

പലവിധ പ്രൊഫെഷനുകളിലുള്ള ആളുകളുടെയും സ്ഥാപനങ്ങളുടെയും പ്രൊഫൈലുകള്‍ ലിങ്ക്ഡ്ഇന്‍ ല്‍ ഉണ്ട്. താല്പര്യമുള്ള മേഖലകളില്‍നിന്നുള്ളവര്‍ക്ക് കണക്ഷന്‍ റിക്വസ്റ്റ് അയക്കുകയും ഫോളോ ചെയ്യുകയുമാവാം. മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പോലെതന്നെ നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും പങ്കുവെക്കാം.

ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ ഉണ്ടാക്കിയാല്‍ ജോലി ലഭിക്കുമോ?
ലിങ്ക്ഡ്ഇന്‍ നെ പറ്റി പറയുമ്പോള്‍ പലരും ആദ്യം ചോദിക്കുന്ന ചോദ്യമാണിത്. ഇല്ല. പക്ഷെ, തീര്‍ച്ചയായും നിങ്ങളുടെ അവസരങ്ങള്‍ കൂട്ടാന്‍ ഉപകരിക്കും, എന്നതാണുത്തരം. അതിനായി നമ്മള്‍ അറിഞ്ഞു പ്രവര്‍ത്തിക്കണം എന്നുമാത്രം.

എങ്ങനെ?

വിവിധ മേഖലകളില്‍നിന്നുള്ള മികച്ച അദ്ധ്യപകര്‍, ഗവേഷകര്‍, സംരംഭകര്‍, ശാസ്ത്രജ്ഞര്‍ എന്നിവരൊക്കെ ലിങ്ക്ഡ്ഇന്നിലുണ്ടാകും. ഒരു ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ ഉണ്ടെങ്കില്‍ താല്പര്യമുള്ള മേഖലകളിലെ വിദഗ്ദ്ധരുമായും സമാന മേഖലകളില്‍ ജോലി ചെയ്യുന്നവരുമായും ബന്ധപ്പെടാനുള്ള അവസരങ്ങളുണ്ടാകുമെന്നതാണ് പ്രധാന നേട്ടം. അങ്ങനെ അവരുമായി ആശയവിനിമയം നടത്താനും അവരുടെ പ്രവര്‍ത്തനമേഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ മനസിലാക്കാനും സാധിക്കും.

ലോകത്തുള്ള ഒട്ടുമിക്ക ഓര്‍ഗനൈസേഷനുകള്‍ക്കും ലിങ്ക്ഡ്ഇനില്‍ സാന്നിധ്യമുണ്ട്. അവരുടെ 'job updates' നിരീക്ഷിക്കാനും ലിങ്ക്ഡ്ഇന്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാനും സാധിക്കും. ഇവിടെ നിങ്ങള്‍ പ്രത്യേകം resume തയ്യാറാക്കേണ്ട ആവശ്യമില്ല.

ആര്‍ക്കൊക്കെ ലിങ്ക്ഡ്ഇന്‍ ല്‍ അംഗമാകാം?

പന്ത്രണ്ടാം ക്ലാസ് കഴിയുന്‌പോള്‍ത്തന്നെ തുടങ്ങാം. താല്പര്യമുള്ള വിഷയങ്ങളില്‍/മേഖലകളില്‍ ഉള്ളവരുമായി കണക്ഷന്‍ ഉണ്ടാക്കിത്തുടങ്ങാം. പഠിക്കുന്ന കുട്ടികള്‍ക്കും (പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കുന്നവരും അല്ലാത്തവരും), തൊഴില്‍ മേഖലയിലെ തുടക്കക്കാര്‍ക്കും, നിലവില്‍ ജോലിചെയ്യുന്നവര്‍ക്കും എല്ലാം ഇവിടെ അംഗങ്ങളാകാം.

എന്തൊക്കെ ശ്രദ്ധിക്കണം?

1. തീര്‍ച്ചയായും ആക്റ്റീവ് ആയ ഒരു ഇമെയില്‍ ഐഡി ഉണ്ടായിരിക്കണം. ഈ ഇമെയില്‍ ഐഡി പ്രൊഫഷണല്‍ ആയി തോന്നുന്ന ഒന്നായിരിക്കണം. superman64@gmail.com അല്ലെങ്കില്‍ hotmale@hotmail.com എന്നൊക്കെയുള്ള ഐഡി ഉപയോഗിക്കുന്നത് തൊഴിലന്വേഷത്തിന് നല്ലതല്ല. നിങ്ങള്‍ ആക്റ്റീവ് ആയി തൊഴില്‍ അന്വേഷിക്കുന്ന സമയമാണെങ്കില്‍ ഓരോ ദിവസവും രണ്ടു പ്രാവശ്യം ഇമെയില്‍ ചെക്ക് ചെയ്യണം.

2. ഒരു ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ ഫോട്ടോ ഉണ്ടായിരിക്കണം. ഇതിനായി പൂക്കള്‍, കിളികള്‍, ലാന്‍ഡ്‌സ്‌കേപ്പുകള്‍ എന്നിവയുടെ ചിത്രങ്ങള്‍ തെരഞ്ഞെടുക്കരുത്. സ്വന്തം ഫോട്ടോ തന്നെ ഉപയോഗിക്കണം. എന്നാല്‍ ഫേസ്ബുക്കിലോ ഇന്‍സ്റ്റഗ്രാമിലോ ഉപയോഗിക്കുന്നതരം പടങ്ങള്‍ വേണ്ട. തമാശ രൂപേണെയുള്ളതോ ലഹരി ഉപയോഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതോ ആയ ചിത്രങ്ങളും ഒഴിവാക്കുക. വളരെ ഫോര്‍മലായ, നിങ്ങളുടെ മുഖം വ്യക്തമായി കാണുന്ന തരത്തിലുള്ള ഫോട്ടോകള്‍ ഉപയോഗിക്കുക. കല്യാണങ്ങള്‍ക്കോ പാര്‍ട്ടികള്‍ക്കോ പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ഉപയോഗിക്കരുത്. സെല്‍ഫിയും ഗ്രൂപ്പ് ഫോട്ടോകളും തീര്‍ച്ചയായും ഒഴിവാക്കണം.

3. നിങ്ങളുടെ പ്രൊഫൈലില്‍ വിദ്യാഭ്യാസം, തൊഴില്‍ പരിചയം, ഗവേഷണം, നൈപുണ്യം എന്നിവ വ്യക്തമായി ചേര്‍ക്കണം. ഒരു നല്ല പ്രൊഫൈല്‍ ഉണ്ടാക്കാന്‍ ഒരാഴ്ച എടുത്താലും കുഴപ്പമില്ല. പ്രൊഫൈലില്‍ സ്‌പെല്ലിങ് മിസ്‌റ്റേക്ക് ഒന്നും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം, വേണമെങ്കില്‍ ഒരു സുഹൃത്തിനോട് അതൊന്ന് ചെക്ക് ചെയ്യാന്‍ പറയുന്നതും നല്ലതാണ്.
ഇനിയുള്ളത് പ്രൊഫൈല്‍ എങ്ങനെ നിലനിര്‍ത്തിക്കൊണ്ടുപോകണം എന്നതാണ്.

4. പതിയെ കണക്ഷനുകള്‍ ഉണ്ടാക്കണം. നിങ്ങളുടെ മേഖലയില്‍ നിന്നുള്ളവരെ ലിങ്ക്ഡ്ഇന്നില്‍ തിരയാനും കണ്ടുപിടിക്കാനും കഴിയും. നിങ്ങള്‍ പഠിച്ച സ്ഥാപനത്തില്‍ പഠിച്ചവര്‍, നിങ്ങളുടെ സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ ഇവരെയൊക്കെ നിങ്ങളുടെ ലിങ്ക്ഡ് ഇന്‍ പ്രൊഫൈലില്‍ ചേര്‍ക്കാവുന്നതാണ്. ഫേസ്ബുക്ക് പോലെ അയ്യായിരത്തിന്റെ പരിധിയൊന്നുമില്ല. കൂടുതല്‍ നല്ല കണക്ഷനുകള്‍ നിങ്ങള്‍ക്ക് ഉണ്ടാകുന്നത് നിങ്ങളെ പില്‍ക്കാലത്ത് ജോലിക്കെടുക്കാന്‍ പോകുന്നവര്‍ ശ്രദ്ധിക്കും. ലിങ്ക്ഡ്ഇന്‍ നു പുറത്ത് പരിചയപ്പെടുന്നവര്‍ക്കും ഇവിടെ കണക്ഷന്‍ റിക്വസ്റ്റ് അയക്കാന്‍ മടിക്കേണ്ട! ശ്രദ്ധിക്കേണ്ട കാര്യം, ഇവരില്‍ തീര്‍ച്ചയായും കേരളത്തിനും ഇന്ത്യക്കും പുറത്തുനിന്നുള്ളവരുണ്ടായിരിക്കണം. കൂടുതല്‍ വിശാലമായ ലോകത്തേക്കുള്ളൊരു സാധ്യതയാണ് ലിങ്ക്ഡ്ഇന്‍. (ഈ പോസ്റ്റ് വായിക്കുന്നവരില്‍ താല്പര്യമുള്ളവര്‍ക്ക് ഞങ്ങള്‍ക്ക് കണക്ഷന്‍ റിക്വസ്റ്റ് അയക്കാം).

5. ലിങ്ക്ഡ് ഇന്നില്‍ പ്രൊഫഷണല്‍ ആയി ഗുണകരമായ അനവധി ഗ്രൂപ്പുകള്‍ ഉണ്ട്. അതില്‍ നിങ്ങള്‍ക്ക് താല്പര്യമുള്ളവയില്‍ എല്ലാം പോയി ഫോളോ ചെയ്യണം. അവിടെ നടക്കുന്ന കമന്റുകള്‍ ശ്രദ്ധിക്കണം, ചര്‍ച്ചകളില്‍ പങ്കെടുക്കണം.

6. ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ ഇടയ്ക്കിടെ അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കണം. കൂടാതെ നിങ്ങളുടെ വിഷയത്തില്‍ എഴുതാന്‍ കഴിവുള്ളവരാണെങ്കില്‍ ആര്‍ട്ടിക്കിളുകള്‍ എഴുതാവുന്നതാണ്. നിങ്ങളുടെ ചിന്തകളും അറിവുകളും പങ്കുവെക്കുവാനുള്ള ഇടവുമാണ് ലിങ്ക്ഡ്ഇന്‍. ഭാഷാപരമായി പിശകുവരാതെ നോക്കണം. അതില്‍ ആരുടെയെങ്കിലും സഹായം തേടുന്നതില്‍ തെറ്റില്ല. ഉപയോഗിക്കുന്ന ഭാഷ എപ്പോഴും വ്യക്തവും സഭ്യവുമായിരിക്കണം. നിങ്ങള്‍ക്ക് എഴുതുവാന്‍ കഴിവില്ലെങ്കില്‍ മറ്റുള്ള ആളുകള്‍ എഴുതുന്നത് ശ്രദ്ധിക്കുക, അതിനടിയില്‍ പോയി കമന്റ്‌റ് ചെയ്യുക, ചോദ്യങ്ങള്‍ ചോദിക്കുക, നിങ്ങളുടെ പ്രൊഫഷനില്‍ പുതിയതായി വരുന്ന ട്രെന്‍ഡുകളെ പറ്റിയുള്ള ലേഖനങ്ങള്‍ പോസ്റ്റ് ചെയ്യുക. അതിന് ആരെങ്കിലും കമന്റ് ഇട്ടാല്‍ ഉടന്‍ മറുപടി കൊടുക്കുക. തൊഴിലന്വേഷിക്കുന്ന കാലത്ത് ദിവസവും രാവിലെ ഒരു മണിക്കൂര്‍ ലിങ്ക്ഡ് ഇന്നില്‍ ചിലവാക്കുന്നതില്‍ തെറ്റില്ല.

7. ദിവസവും നിങ്ങള്‍ക്ക് ലിങ്ക്ഡ് ഇന്നില്‍ നിന്നും വരുന്ന ഇമെയില്‍ ചെക്ക് ചെയ്യുകയും വേണം. ഏതെങ്കിലും ജോലികള്‍ക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ ഈ റൂള്‍ തീര്‍ച്ചയായും മറക്കരുത്. ലിങ്ക്ഡ്ഇന്നിലോ ഇമെയില്‍ വഴിയോ ലഭിക്കുന്ന മെസ്സേജുകള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കാന്‍ ശ്രമിക്കണം. മറുപടി വ്യക്തവും സഭ്യവുമായിരിക്കണം. വാട്‌സ്ആപ്പിലോ മെസ്സഞ്ചറിലോ ചാറ്റ് ചെയ്യുന്ന ലാഘവത്തോടെ മറുപടി അയക്കരുത്.

8. നിങ്ങളുടെ സഹപ്രവര്‍ത്തകരെ കൊണ്ട് അല്ലെങ്കില്‍ അധ്യാപകരെക്കൊണ്ട് നിങ്ങള്‍ക്ക് ഏതൊക്കെ വിഷയത്തില്‍ പ്രാവീണ്യം ഉണ്ട് എന്ന് ലിങ്ക്ഡ് ഇന്നില്‍ എന്‍ഡോര്‍സ് ചെയ്യിക്കാന്‍ പറ്റിയാല്‍ നല്ലത്. മറ്റുള്ളവര്‍ ഇതൊക്കെയാണ് ശ്രദ്ധിക്കുന്നത്.

9. പുതിയതായി ഒരു ലിങ്ക്ഡ് ഇന്‍ കോണ്‍ടാക്ട് കിട്ടിയാല്‍ ഉടന്‍ തന്നെ പോയി നമ്മുടെ ബയോഡേറ്റ അയച്ചു കൊടുത്ത് 'സാര്‍ എനിക്കൊരു ജോലി ശരിയാക്കി തരണം' എന്ന് പറയരുത്. മറിച്ച് ആദ്യം ഒരു ഹലോ പറയാം, എങ്ങനെയാണ് അവരുടെ പ്രൊഫൈലില്‍ എത്തിയതെന്ന് പറയാം, അത് നന്നായിട്ടുണ്ട് എന്നും പറയാം (ചുമ്മാ പുകഴ്ത്തുന്നത് എല്ലാവര്‍ക്കും ഇഷ്ടമാണ്). പിന്നീട് കുറച്ചു നാള്‍ കഴിയുന്‌പോള്‍ കരിയര്‍ രംഗത്ത് ചില സംശയങ്ങളുമായി ചെല്ലാം. അവസരം അവിടെയും ചോദിക്കരുത്. നമ്മുടെ പ്രൊഫൈല്‍ നല്ലതും, പെരുമാറ്റം പ്രൊഫഷണലും ആണെങ്കില്‍ അവസരമുണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും നിങ്ങളോട് പറയും.

10. ബയോഡാറ്റയില്‍ നുണ പറയുന്നത് പോലെ ലിങ്ക്ഡ് ഇന്‍ പ്രൊഫൈലില്‍ നുണ പറയരുത്. ഞാന്‍ നിര്‍മ്മിത ബുദ്ധിയുടെ രംഗത്ത് ആക്റ്റീവ് ആണെന്നൊക്കെ വെള്ള പേപ്പറിലോ പി ഡി എഫിലോ അടിക്കുന്നത് പോലെ അല്ല ലിങ്ക്ഡ് ഇന്‍ പ്രൊഫൈലില്‍ പറയുന്നത്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ നിങ്ങള്‍ നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട എത്ര ലേഖനങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട് എന്നൊക്കെ മറ്റുള്ളവര്‍ക്ക് വേഗം കണ്ടുപിടിക്കാന്‍ പറ്റും.

11. ലിങ്ക്ഡ് ഇന്‍ ഇപ്പോള്‍ ഒരു പരിശീലനക്കളരി കൂടിയാണ്. അനവധി വിഷയങ്ങളില്‍ പരിശീലനവും സര്‍ട്ടിഫിക്കറ്റും ഒക്കെ അവിടെ ലഭിക്കും. നിങ്ങള്‍ക്ക് ആവശ്യമുള്ള കോഴ്‌സുകള്‍ പഠിക്കുക. നിങ്ങള്‍ പുതിയ വിഷയങ്ങള്‍ പഠിക്കുന്നുണ്ട് എന്നുള്ളതും മറ്റുളളവര്‍ ശ്രദ്ധിക്കും.

12. ആക്റ്റീവ് ആയി തൊഴില്‍ അന്വേഷിക്കുന്ന സമയത്ത് ഒരു പ്രീമിയം അക്കൗണ്ട് എടുക്കുന്നതില്‍ തെറ്റില്ല. നിങ്ങള്‍ ലിങ്ക്ഡ് ഇന്നില്‍ ആക്റ്റീവ് ആണെങ്കില്‍ ലിങ്ക്ഡ് ഇന്‍ തന്നെ നിങ്ങള്‍ക്ക് സൗജന്യമായി ഇത് ഒരു മാസത്തേക്ക് വാഗ്ദാനം ചെയ്യും. ഉപയോഗിക്കുക. നിങ്ങളുടെ പ്രൊഫൈല്‍ പേജ് ആരൊക്കെ നോക്കിയിട്ടുണ്ട് എന്നുള്ള വിവരം കൂടി ലഭ്യമാകുമെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത്.

ലിങ്ക്ഡ് ഇന്‍ സംവിധാനത്തില്‍ നമ്മള്‍ കാണുന്നതിന് ഒരു മറുപുറമുണ്ട്. തൊഴില്‍ അന്വേഷകരെ തേടി ആളുകള്‍ അവിടെ ഉണ്ട്. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ അവര്‍ ശ്രദ്ധിക്കുന്നുണ്ട്. ഇനിയുള്ള കാലത്ത ബിഗ് ഡേറ്റ അനലിറ്റിക്‌സ് ഒക്കെ വച്ചായിരിക്കും തൊഴില്‍ അന്വേഷകര്‍ ആളുകളെ തിരയുന്നത്. അപ്പോള്‍ നമ്മള്‍ അറിഞ്ഞും അറിയാതെയും ചെയ്യുന്നതെല്ലാം നമ്മുടെ തൊഴിലിനെ ബാധിക്കും. നമ്മുടെ പ്രൊഫൈലും രീതികളും സ്ഥാപനത്തിന് അനുയോജ്യം എന്ന് കണ്ടാല്‍ അവര്‍ തന്നെ ഇങ്ങോട്ട് വന്നു നമ്മളോട് അവരുടെ സ്ഥാപനത്തില്‍ അപേക്ഷിക്കാന്‍ താല്പര്യമുണ്ടോ എന്ന് ചോദിക്കും (ഇപ്പോള്‍ തന്നെ അനവധി രാജ്യങ്ങളില്‍ ഇതാണ് രീതി).

അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ. നിങ്ങള്‍ക്ക് ഒരു ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ ഇല്ലെങ്കില്‍ ഇന്ന് തന്നെ ഉണ്ടാക്കുക. ഉണ്ടെങ്കില്‍ അത് കൂടുതല്‍ ആക്റ്റീവ് ആക്കുക. Mentorz4u എന്ന ലിങ്ക്ഡ് ഇന്‍ പേജ് ഫോളോ ചെയ്യാന്‍ മറക്കേണ്ട. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ തൊഴിലിന്റെ രീതി, തൊഴില്‍ അന്വേഷണത്തിനുള്ള പൊടിക്കൈകള്‍ എല്ലാം ആ പേജില്‍ ഞങ്ങള്‍ എല്ലാ ദിവസവും അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it