വില്‍പ്പന കൂട്ടാം, ലാഭവും; ഇതാ ആറ് വിജയമന്ത്രങ്ങള്‍

വില്‍പ്പന വര്‍ധിപ്പിച്ച് ലാഭം കൊയ്യാന്‍ ആഗ്രഹിക്കാത്ത സംരംഭകരില്ല. എന്നാല്‍ ഇതെങ്ങനെ സാധിക്കാം? മാര്‍ക്കറ്റിംഗിനായി ചെലവഴിക്കപ്പെടുന്ന ഓരോ ചില്ലിക്കാശില്‍ നിന്നും അനേകമിരട്ടി ലാഭം കൊയ്യാനാകും. നിര്‍ഭാഗ്യവശാല്‍ മിക്ക സംരംഭകരും അവര്‍ക്കറിയാവുന്ന പല മാര്‍ഗങ്ങളും പയറ്റിയിട്ടും അര്‍ഹിക്കുന്ന നേട്ടങ്ങള്‍ ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഒരുപക്ഷെ നിങ്ങളുടെയും അനുഭവം ഇതായിരിക്കാം. ഉപഭോക്താക്കളുടെ ഒരു നിര കെട്ടിപ്പടുക്കാനാകാതെ വരുന്നതിനും വില്‍പ്പന കാര്യമായി നടക്കാതെ വരുന്നതിനും ബിസിനസ് വളര്‍ച്ചയില്ലാതെ മുരടിച്ചുനില്‍ക്കുന്നതിനുമൊക്കെ പ്രധാന കാരണം കാര്യക്ഷമമായ മാര്‍ക്കറ്റിംഗിന്റെ അഭാവമാണ്.

ലാഭം പലമടങ്ങ് വര്‍ധിപ്പിക്കാം

ബിസിനസിനും മാര്‍ക്കറ്റിംഗിനുമായി ഇപ്പോള്‍ നിങ്ങള്‍ വിനിയോഗിക്കുന്ന അതേ സമയവും പണവും പരിശ്രമവും ഉപയോഗിച്ചുകൊണ്ടുതന്നെ ലാഭം വര്‍ധിപ്പിക്കാനാകും. ഉദാഹരണമായി സ്ഥാപനത്തിന്‍റെ പഴയ പരസ്യം മാറ്റി പകരം ആകര്‍ഷണീയമായ പുതിയ പരസ്യം നല്‍കുന്നു. പഴയതിനെക്കാള്‍ 35 ശതമാനം അധികം വില്‍പ്പന പുതിയ പരസ്യത്തിലൂടെ ലഭിക്കുകയാണെങ്കില്‍ അതിനായി യാതൊരുവിധ അധികചെലവും ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്. പരസ്യത്തിലെ ചെറിയ മാറ്റത്തിലൂടെ ലാഭത്തില്‍ 300 - 400 ശതമാനം മുതല്‍ 2100 ശതമാനം വരെ ലാഭം ഉയര്‍ന്ന ചരിത്രമുണ്ട്.

വിപണനത്തിലെ നിരവധി തലങ്ങളില്‍ ഇത്തരത്തില്‍ മാറ്റം വരുത്തുന്നതിലൂടെ അല്‍ഭുതകരമായ നേട്ടങ്ങള്‍ കൈവരിക്കാനാകും. പരസ്യങ്ങള്‍, വിവിധ മാധ്യമങ്ങള്‍, ഉല്‍പ്പന്നത്തിന്‍റെ വില, ഓഫറുകള്‍, ഷോപ്പിനുള്ളിലെയും പുറത്തുള്ള വില്‍പ്പനയുടെയും രീതികള്‍, പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവയിലൊക്കെ മാറ്റം വരുത്തുക. ഇവയില്‍ ഓരോന്നും നിങ്ങളുടെ വില്‍പ്പനയിലും ലാഭത്തിലും നേരിയ വര്‍ധനവ് മാത്രമേ നല്‍കുകയുള്ളൂവെങ്കിലും ഇവയെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ അവിശ്വസനീയമായ ലാഭം നേടിത്തരും. വില്‍പ്പന വര്‍ധിപ്പിച്ച് ലാഭം കൊയ്യാനായി മാറ്റമാണ് ആവശ്യം. ആ മാറ്റത്തിന് ഇപ്പോള്‍, ഇവിടെ തുടക്കം കുറിക്കാം.

ശരിയായ മാധ്യമം തെരഞ്ഞെടുക്കുക

ഏതൊരു പരസ്യപ്രചരണത്തിലും മാധ്യമം ഒരു മുഖ്യഘടകമാണ്. നിങ്ങളുടെ ഉല്‍പ്പന്നം എത്ര മഹത്തായതാണെങ്കിലും ഓഫര്‍ എത്ര ആകര്‍ഷകമാണെങ്കിലും വില എത്ര കുറവാണെങ്കിലും പരസ്യം എത്ര നല്ലതാണെങ്കിലും മികച്ച മാധ്യമമല്ല നിങ്ങള്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍ അതുകൊണ്ട് പ്രയോജനം ലഭിക്കണമെന്നില്ല. അനുയോജ്യമല്ലാത്ത ഒരു മാധ്യമം നിങ്ങളുടെ പണവും സമയവും പരിശ്രമവുമൊക്കെ പാഴാക്കിക്കളയും.

വിശ്വാസ്യത ഉയര്‍ത്തുക

മറ്റൊരു പ്രധാന ഘടകം വിശ്വാസ്യതയാണ്. ഒരിക്കല്‍ ഒരു ഉല്‍പ്പന്നത്തില്‍ അഥവാ ബ്രാന്‍ഡില്‍ ഉപഭോക്താക്കള്‍ സംതൃപ്തരായാല്‍ സാധാരണ ഗതിയില്‍ അവര്‍ ആ ബ്രാന്‍ഡില്‍ നിന്ന് വിട്ടുപോകുക പ്രയാസമാണ്. ഉല്‍പ്പന്നത്തെക്കാള്‍ സ്ഥാപനത്തിന്‍റെ വിശ്വാസ്യതയ്ക്കായിരിക്കണം പ്രാമുഖ്യം നല്‍കേണ്ടത്. കാരണം കമ്പനിയെക്കുറിച്ചുള്ള വിശ്വാസത്താല്‍ നിങ്ങളുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ വരെ അവര്‍ വാങ്ങിയേക്കും. മറിച്ച് ഉല്‍പ്പന്നത്തെക്കുറിച്ച് മാത്രം ഉപഭോക്താക്കള്‍ അറിയുകയും എന്നാല്‍ കമ്പനിയെക്കുറിച്ച് അറിയാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ ഉപഭോക്തൃ പ്രതിരോധം നേരിടേണ്ടതായി വരും. ശക്തമായ മണി ബാക്ക് ഗാരന്റി സ്‌കീമുകള്‍ ഓഫര്‍ ചെയ്യുന്നത് വിശ്വാസ്യത ഉയര്‍ത്തുന്ന ഒരു ഘടകമാണ്.

തലക്കെട്ടുകള്‍ ശക്തമാക്കുക

പരസ്യങ്ങള്‍, സെയ്ല്‍സ് ലെറ്ററുകള്‍ തുടങ്ങിയവയിലൂടെ മികച്ച റിസല്‍ട്ട് നേടിയെടുക്കാന്‍ അവയിലെ തലക്കെട്ടുകള്‍ ആകര്‍ഷകമാക്കുക. കാരണം അവയാണ് പരസ്യങ്ങളിലെ ഏറ്റവും നിര്‍ണായക ഘടകം. പരസ്യത്തിലേക്ക് ആളുകളെ വലിച്ചടുപ്പിക്കുന്ന ചുമതലയാണ് തലക്കെട്ടുകള്‍ക്കുള്ളത്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വ്യത്യസ്ത തലക്കെട്ടുകളും പരീക്ഷിക്കാം. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഓഫറുകള്‍ മിക്കപ്പോഴും ഓഫറുകളായിരിക്കും പരസ്യങ്ങളുടെ തലക്കെട്ടുകളായി വരുന്നത്. ഉപഭോക്താവിന് തള്ളിക്കളയാനാകാത്ത ഓഫറുകള്‍ സൃഷ്ടിക്കുന്നതിലൊരു രഹസ്യമുണ്ട്. ഉപഭോക്താവിന്‍റെ റിസ്‌ക് നിങ്ങളുടെ ചുമലിലേക്ക് മാറ്റുന്ന ഒന്നായിരിക്കണം പ്രസ്തുത ഓഫര്‍. നിങ്ങളുടെ ഉല്‍പ്പന്നം വാങ്ങുന്നതുകൊണ്ട് അവര്‍ക്ക് നേട്ടങ്ങള്‍ മാത്രമേയുള്ളൂവെന്ന് ഉറപ്പ് നല്‍കാന്‍ സാധിക്കണം. ഓഫറുകള്‍ ശ്രദ്ധിക്കുന്ന രീതിയില്‍ തന്നെ നല്‍കണം. മറിച്ച് പരസ്യത്തിനിടയില്‍ ഓഫര്‍ മുങ്ങിപ്പോകരുത്.

ഉപഭോക്താക്കള്‍ ആവര്‍ത്തിച്ച് വരട്ടെ

നിങ്ങളുടെ ലാഭം അതിവേഗത്തിലും സുഗമമായും 25 മുതല്‍ 75 ശതമാനം വരെ വര്‍ധന നേടണമെന്നുെങ്കില്‍ ആവര്‍ത്തിച്ചുള്ള വില്‍പ്പനയിലാണ് ശ്രദ്ധ പതിപ്പിക്കേ ണ്ടത്. അതായത് നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് മറ്റുള്ള ഉല്‍പ്പന്നങ്ങളും നല്‍കിക്കൊണ്ട് വില്‍പ്പന കൂട്ടാം. ഒരിക്കല്‍ ഒരു വില്‍പ്പന നടത്തിക്കഴിഞ്ഞാല്‍ ഉപഭോക്താവിന് നിങ്ങളിലുണ്ടാകുന്ന വിശ്വാസമാണ് വീണ്ടും വരാന്‍ അവരെ പ്രേരിപ്പിക്കുന്ന ഘടകം. ഇത്തരത്തിലുള്ള വില്‍പ്പന നടത്താന്‍ മാര്‍ക്കറ്റിംഗിനായോ ഉപഭോക്താവിനെ കണ്ടെത്തുന്നതിനായോ ഒരു രൂപ പോലും അധികമായി മുടക്കേണ്ടിവരുന്നില്ല. പക്ഷെ നിലവിലുള്ള ഉപഭോക്താക്കളെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ മിക്ക ബിസിനസുകാര്‍ക്കും സാധിക്കുന്നില്ലെന്നതാണ് വാസ്തവം.

ഓരോ വില്‍പ്പനയിലെയും ശരാശരി ലാഭം ഉയര്‍ത്തുക

ഉപഭോക്താക്കള്‍ നിങ്ങളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ അവര്‍ ചെലവഴിക്കുന്ന ശരാശരി തുക വര്‍ധിപ്പിക്കുന്നതിലൂടെ 15 മുതല്‍ 40 ശതമാനം വരെ ലാഭം വര്‍ധിപ്പിക്കാവുന്നതാണ്. ഇതിനായി ബിസിനസില്‍ ചെറിയ ചില മാറ്റങ്ങള്‍ മാത്രം വരുത്തിയാല്‍ മതി. ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഡിസ്‌കൗണ്ട് നിരക്കില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള ഓഫര്‍ നല്‍കാം. ഇത്തരത്തില്‍ ഡിസ്‌കൗണ്ട് നിരക്കില്‍ കൊടുക്കുന്ന ഉല്‍പ്പന്നങ്ങള്‍ വേഗത്തില്‍ വിറ്റഴിക്കപ്പെടുന്നതും ഉയര്‍ന്ന പ്രോഫിറ്റ് മാര്‍ജിനോട് കൂടിയതുമായിരിക്കണം. 'അപ്‌സെല്‍' എന്നറിയപ്പെടുന്ന ഈ മാര്‍ഗത്തിന് കൂടുതല്‍ ചെലവോ, പരിശ്രമമോ ആവശ്യമില്ലെന്ന് മാത്രമല്ല വന്‍ ലാഭം നേടിത്തരുകയും ചെയ്യും.

ലേഖകന്‍- രാമചന്ദ്ര ബന്ദേക്കര്‍, (ലേഖനം 2012 ല്‍ ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചു വന്നത്. )

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it