ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ ചെയ്യേണ്ട 3 കാര്യങ്ങള്‍: പേടിഎം സ്ഥാപകന്‍ പറയുന്നു

പ്രതിസന്ധികാലത്ത് 'വിത്തെടുത്ത് കുത്തല്ലേ'...

Paytm money safe
-Ad-

കൊറോണവൈറസ് ബിസിനസുകളെയും വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. ഏവിയേഷന്‍, ട്രാവല്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ ബിസിനസുകള്‍ പൂര്‍ണ്ണമായും നിശ്ചലമായപ്പോള്‍ മറ്റ് മേഖലകളുടെ അവസ്ഥയും വിഭിന്നമല്ല. ഈ സാഹചര്യത്തെ അതിജീവിക്കാന്‍ എന്തു ചെയ്യണമെന്ന് പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ സംരംഭകരോട് പറയുന്നു.

1. മൂലധനത്തില്‍ തൊടരുത്

പഴയ ആളുകള്‍ പറയാറില്ലേ? വിത്തെടുത്ത് കുത്തരുത് എന്ന്. എത്ര വലിയ പ്രതിസന്ധികള്‍ വന്നാലും ക്യാപ്പിറ്റലില്‍ തൊടരുതെന്നാണ് ശര്‍മ്മയും പറയുന്നത്. ബാങ്ക് എക്കൗണ്ടില്‍ സൂക്ഷിച്ചിരിക്കുന്ന മൂലധനമെടുത്ത് റിസ്‌ക് എടുക്കാനുള്ള സമയമല്ല ഇതെന്ന് അദ്ദേഹം പറയുന്നു. ”ബിസിനസുകള്‍ തങ്ങളുടെ മൂലധനം സൂക്ഷിച്ചുവെക്കണം.”

അതുപോലെ ചെലവുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും വിവേകത്തോടെ നിക്ഷേപിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ”നിങ്ങളുടെ ബിസിനസിന് നേരിട്ട് ഒരു പ്രയോജനവും ചെയ്യാത്ത ഒരു കാര്യത്തിന് വേണ്ടിയും ചെലവഴിക്കരുത്.” ശര്‍മ്മ പറയുന്നു.

-Ad-
2. കാഷ് ഫ്‌ളോ പ്ലാന്‍ ചെയ്യുക

വരുമാനത്തിനൊപ്പം അഡ്മിനിസ്‌ട്രേഷന്‍, ജീവനക്കാര്‍, ഇന്‍വെസ്റ്റ്‌മെന്റ്, സെയ്ല്‍സ്, ഓപ്പറേഷണല്‍ തുടങ്ങിയ മേഖലകളിലെ ചെലവുകളും കണക്കാക്കുക. നിങ്ങളുടെ ബജറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇങ്ങനെ ചെയ്യുന്നതിന്റെ ലക്ഷ്യം. ഒപ്പം നിങ്ങളുടെ വരുമാനത്തെ കാര്യമായി ബാധിക്കുന്ന അടുത്ത് രണ്ട്-മൂന്ന് മാസങ്ങള്‍ എങ്ങനെ മുന്നോട്ടുപോകുമെന്ന് പ്ലാന്‍ ചെയ്യുക. കൃത്യമായ ഒരു കാഷ് ഫ്‌ളോ പ്ലാന്‍ ചെയ്യാന്‍ മറക്കരുത്.- അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

”ഇന്ത്യയില്‍ കൊറോണ വൈറസ് ഭീതി അടുത്ത ഒരു മാസമെങ്കിലും തുടരും. സ്വയം പ്രതികൂല സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാനും നിങ്ങളുടെ സീനിയര്‍ ടീം അംഗങ്ങളുമായി ചേര്‍ന്ന് ഫിനാന്‍ഷ്യല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമുള്ള സമയമായി ഇതിനെ കാണുക.” അദ്ദേഹം പറയുന്നു.

3. ബിസിനസ് മുന്നോട്ടുപോയല്ലേ പറ്റൂ

നിങ്ങളുടെ ഓഫീസ് ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണെങ്കിലും അല്ലെങ്കില്‍ വീട്ടിലിരുന്ന് ജോലി ചെയ്തുകൊണ്ട് ഭാഗികമായി പ്രവര്‍ത്തിക്കുകയാണെങ്കിലും ബിസിനസ് ഇപ്പോഴും പ്രവര്‍ത്തനക്ഷമമായി തുടരണം. ബിസിനസ് തുടര്‍ച്ചയും കാര്യക്ഷമമായ മാനേജ്‌മെന്റും ഉറപ്പാക്കാന്‍ ചില റിമോട്ട് കൊളാബറേഷന്‍ ടൂളുകള്‍ നിങ്ങളുടെ ബിസിനസില്‍ ഉപയോഗിക്കേണ്ടിവരും.

മിക്ക പുതുതലമുറ ബിസിനസുകളും പ്രത്യേകിച്ച് ടെക് ബിസിനസുകള്‍ വിവിധയിടങ്ങളിലുള്ളവരുമായി വെര്‍ച്വല്‍ ആയി കണക്റ്റ് ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. ജോലിക്ക് തടസം വരാതിരിക്കാന്‍ നിങ്ങളും അത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പറയുന്നു. ”മള്‍ട്ടിസിറ്റി ബിസിനസ് മോഡല്‍ പിന്തുടരുന്ന ഞങ്ങളുടെ മീറ്റിംഗുകളെല്ലാം കോള്‍, വീഡിയോ കോണ്‍ഫറന്‍സുകള്‍ വഴിയാണ് ഇപ്പോള്‍ നടത്തുന്നത്.” ശര്‍മ്മ പറയുന്നു.

ഇതുവരെ നാം സ്വീകരിച്ചിട്ടില്ലാത്ത മാര്‍ഗങ്ങള്‍ അവലംബിക്കാനും ബിസിനസിന് വേണ്ടി പുതിയ കാര്യങ്ങള്‍ പഠിക്കാനുമുള്ള സമയമായി ഇതിനെ കാണണമെന്ന് ശര്‍മ്മ ഓര്‍മ്മിപ്പിക്കുന്നു. ”സൂം പോലുള്ള മികച്ച കോണ്‍ഫറന്‍സിംഗ് ഓപ്ഷനുകളെക്കുറിച്ച് ഞങ്ങള്‍ ഇപ്പോള്‍ പഠിച്ചു.” ശര്‍മ്മ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here