ബിസിനസും ബ്രാന്‍ഡും കൈവിട്ടുപോയോ? തിരിച്ചുപിടിക്കാം ഈ വഴികളിലൂടെ!

ഡിസ്റപഷനും മാര്‍ക്കറ്റ് ട്രാന്‍സിഷനുമൊക്കെ പരമ്പരാഗത ബിസിനസുകളെ ഒന്നടങ്കം പിടിച്ചുലയ്ക്കുകയാണ്. പരമ്പരാഗത സംരംഭങ്ങളുടെ ലാഭം കുറയുന്നുവെന്ന് മാത്രമല്ല ബ്രാന്‍ഡുകളുടെ പ്രതിച്ഛായക്കും മങ്ങലേറ്റിരിക്കുകയാണ്. വിപണിയില്‍ ഉരുണ്ടുകൂടുന്ന ഇത്തരമൊരു പ്രതിസന്ധി സംരംഭകരിലും പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.
വില്‍പനയും ലാഭവും കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നതാണ് ബിസിനസുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഉല്‍പാദന സേവന മേഖലകളിലുള്ള മിക്ക സംരംഭങ്ങളും ഇത്തരമൊരു പ്രതിസന്ധിയിലാണ്. 'ഒരിക്കലും നഷ്ടത്തില്‍ അല്ല കച്ചവടം നടത്തേണ്ടത്, മറിച്ച് ലാഭത്തിലാണ്. അതാണ് ബിസിനസിന്റെ അടിസ്ഥാനതത്വം. എന്തക്കെ സമ്മര്‍ദ്ദങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വന്നാലും ബിസിനസിനെ ലാഭത്തിലേക്ക് നയിക്കാനും വില്‍പനയുടെ തോത് (Volume of sales) വര്‍ദ്ധിപ്പിക്കാനുമാണ് സംരംഭകര്‍ ശ്രദ്ധിക്കേണ്ടത്' ബ്രാന്‍ഡ് & ബിസിനസ് സൊലൂഷന്‍സ് കണ്‍സള്‍ട്ടിംഗ് കമ്പനിയായ ബ്രേക്ക്ത്രൂവിന്റെ സ്ഥാപകന്‍ മനോജ് മത്തായി ചൂണ്ടിക്കാട്ടി.
പരമ്പരാഗത സംരംഭങ്ങള്‍ക്ക് അവരുടെ ഉപഭോക്താക്കളെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കസ്റ്റമാര്‍ ഈസ് കിംഗ് എന്ന മഹാത്മാഗാന്ധിയുടെ പ്രസ്താവനക്ക് ഇപ്പോഴാണ് പ്രസക്തി വര്‍ദ്ധിച്ചിരിക്കുന്നതെന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടുംതന്നെ അതിശയോക്തിയില്ല. ബിസിനസിലെ വില്‍പനയും ലാഭവും മാത്രമല്ല ഉപഭോക്താക്കളെയും തിരിച്ചുപിടിക്കുന്നതിനായി പരമ്പരാഗത മാര്‍ഗങ്ങള്‍ക്ക് പകരം നൂതനമായ തന്ത്രങ്ങളാണ് സംരംഭകര്‍ സ്വീകരിക്കേണ്ടതെന്നും മനോജ് മത്തായി പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ധനത്തിന്റെ ആഗസ്റ്റ് 31 ലക്കത്തിലെ കവര്‍ സ്റ്റോറി ശ്രദ്ധിക്കുക.
ഫില്‍റ്ററിടുക, നിങ്ങളുടെ ബ്രാന്‍ഡുകള്‍ക്ക്
വിപണിയില്‍ ഉടലെടുത്ത പുതിയ മാറ്റങ്ങള്‍ ബ്രാന്‍ഡുകളുടെ പ്രതിച്ഛായയെയും തകര്‍ത്തിരിക്കുകയാണ്. പ്രോഡക്ട് ബ്രാന്‍ഡുകളെയും ഇന്‍സ്റ്റിറ്റിയൂണഷല്‍ ബ്രാന്‍ഡുകളെയുമൊക്കെ ഈയൊരു പ്രശ്നം ബാധിച്ചിട്ടുണ്ട്. മൊബീലുകളിലൂടെ നിമിഷംതോറും മലവെള്ളപ്പാച്ചില്‍പോലെ എത്തുന്ന ഇന്‍ഫര്‍മേഷനുകള്‍ കസ്റ്റമറുടെ ബ്രാന്‍ഡ് ലോയല്‍റ്റിയെ ഇല്ലാതാക്കിയെന്ന് മാത്രമല്ല അവരുടെ ബിഹേവിയറിനെയും മാറ്റിമറിച്ചിരിക്കുകയാണ്. മുന്‍പ് ഒരു ബ്രാന്‍ഡിന്റെ കമ്മ്യൂണിക്കേഷന്‍ 100 ശതമാനവും ആ സംരംഭകന്റെ കൈകളിലായിരുന്നെങ്കില്‍ ഇന്നതിന്റെ 10 ശതമാനം പോലും ഇല്ലാത്തത് ഇക്കാരണത്താലാണ്.
ഇവിടെയും ബ്രാന്‍ഡ് പ്രതിച്ഛായ തിരികെപ്പിടിക്കാതെ മറ്റ് പോംവഴികളില്ലെന്ന് മനോജ് മത്തായി പറയുന്നു. 'ബ്രാന്‍ഡ് കമ്മ്യൂണിക്കേഷനില്‍ സംരംഭകന്റെ കണ്‍ട്രോള്‍ വര്‍ദ്ധിപ്പിക്കുകയാണ് പ്രധാനം. ഒപ്പം നിങ്ങളുടെ ബ്രാന്‍ഡിനു മുന്നില്‍ മനപൂര്‍വ്വം നിങ്ങളൊരു ഫില്‍റ്റര്‍ ഇട്ടുകൊടുക്കുകയും ചെയ്യണം' അദ്ദേഹം പറഞ്ഞു. ഉദാഹരണമായി ഒരു ബ്രാന്‍ഡിന് മുന്നില്‍ പച്ചനിറത്തിലുള്ള ഒരു ഫില്‍റ്ററാണ് ഇടുന്നതെങ്കില്‍ അതിലൂടെയും ചുവപ്പ് നിറത്തിലുള്ള ഫില്‍റ്ററാണെങ്കില്‍ അതിലൂടെയും മാത്രമേ ആളുകള്‍ ആ ബ്രാന്‍ഡിനെ കാണുകയുള്ളൂ. എന്നാല്‍ യാതൊരുവിധ ഫില്‍റ്ററും സൃഷ്ടിച്ചില്ലെന്ന് കരുതുക. അപ്പോള്‍ ഓരോരുത്തരും അവര്‍ക്ക് തോന്നുന്ന വിധത്തില്‍ നിങ്ങളുടെ ബ്രാന്‍ഡിനെ കാണാന്‍ തുടങ്ങും. ഇന്നത്തെ മാറിയ വിപണി സാഹചര്യങ്ങളില്‍ അത് തീര്‍ത്തും അപകടകരമായൊരു സ്ഥിതിയുണ്ടാക്കുമെന്നും മനോജ് മത്തായി അഭിപ്രായപ്പെട്ടു.