സ്റ്റാഫിന് നല്ല ട്രെയിനിംഗ് നൽകാം, ശാസ്ത്രീയമായി

റോബര്‍ട്ട് ഗാഗ്‌നെ എന്ന മാനേജ്‌മെന്റ് വിദഗ്ധന്‍ തയ്യാറാക്കിയ 9-ലെവൽ ട്രെയിനിംഗ് രീതിയെക്കുറിച്ച് മനസിലാക്കാം

Staff Training
Image credit: Freepik

ബിസിനസ് രംഗത്ത് ട്രെയ്‌നിംഗിന്റെ ആവശ്യകത കൂടി വരികയാണ്. സ്റ്റാഫിനെ ശരിയായി ട്രെയ്ന്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ ഏത് പ്രതിസന്ധിയിലും നന്നായി ബിസിനസ് ചെയ്യുന്ന കാഴ്ചയാണ് നാം കാണുന്നതും. അതിനാല്‍ തന്നെ ട്രെയ്‌നര്‍മാരുടെ എണ്ണവും ദിനംപ്രതി വര്‍ധിച്ചു വരുന്നുണ്ട്.

പക്ഷെ പലരും വാതോരാതെ സംസാരിക്കാന്‍ അറിയാം എന്നതുകൊണ്ട് മാത്രം ട്രെയ്‌നര്‍ വേഷം കെട്ടുന്നവര്‍ ആണ്! പല തവണ ട്രെയ്‌നിംഗുകള്‍ നടത്തിയിട്ടും ബിസിനസിന് ഒരു മാറ്റവും സംഭവിക്കുന്നില്ല എന്ന് പരാതി പറഞ്ഞ ഒരു സുഹൃത്താണ് മനോഷ്.

മനോഷ് ഒരു വലിയ ടെക്‌സ്റ്റൈല്‍ ഷോപ്പ് നടത്തുന്നുണ്ട്. കൂടുതല്‍ ചോദിച്ച് മനസിലാക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത്. കൂടുതലും മോട്ടിവേഷന്‍ കഥകള്‍ പറഞ്ഞുകൊണ്ടുള്ള പ്രഭാഷണങ്ങള്‍ മാത്രമാണ് ട്രെയ്‌നിംഗ് എന്ന പേരില്‍ ചെയ്തു കൊണ്ടിരുന്നത്. മോട്ടിവേഷന്‍ മോശമാണെന്നല്ല… ഇന്‍സ്ട്രക്ഷന് ശാസ്ത്രീയമായ രീതികളുണ്ട്. അത് ഉപയോഗിച്ചില്ലെങ്കില്‍ പഠനം പ്രായോഗികമാകില്ല.

ശാസ്ത്രീയ രീതികള്‍

ഓരോ തലത്തിലും ആവശ്യമായത് ഓരോ തരത്തിലുള്ള പഠനരീതികള്‍ ആണ്. എന്നാല്‍ പല ട്രെയ്‌നര്‍മാരും ഇത്തരം രീതികള്‍ മനസിലാക്കാതെയാണ് ക്ലാസുകള്‍ നടത്തുന്നത്. അതുകൊണ്ടു തന്നെ വായില്‍ തോന്നുന്നത് വിളിച്ചുപറയുകയും മൊത്തത്തില്‍ രസകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും മാത്രമാണ് ഇത്തരത്തിലുള്ള ട്രെയ്‌നര്‍മാര്‍ കൂടുതലായും ചെയ്തു കണ്ടിട്ടുള്ളത്. പക്ഷേ അതുകൊണ്ട് പ്രത്യേകിച്ച് യാതൊരു ഗുണവും ഉണ്ടാകുന്നില്ല എന്നതാണ് സത്യം. ഒരു കാര്യം മറ്റൊരാളോട് പറഞ്ഞു മനസിലാക്കുന്നതിന് പലതരത്തിലുള്ള രീതികള്‍ ഉപയോഗിക്കാവുന്നതാണ്. ഇവയെ ഇന്‍സ്ട്രക്ഷണല്‍ മെതേഡ്‌സ് എന്നുവിളിക്കാം.

അത്തരത്തിലുള്ള ഒരു ഇന്‍സ്ട്രക്ഷണല്‍ മെത്തേഡ് ആണ് റോബര്‍ട്ട് ഗാഗ്‌നെ എന്ന മാനേജ്‌മെന്റ് വിദഗ്ധന്‍ തയ്യാറാക്കിയ GAGNE’S NINE EVENTS എന്ന രീതി.

ഏതെങ്കിലും ഒരു കാര്യം ശരിയായി പഠിച്ചെടുക്കണം എങ്കില്‍ അതിന് കുറച്ച് മുന്‍ വ്യവസ്ഥകള്‍ ഉണ്ട് എന്ന് ഗാഗ്‌നെ പറയുന്നു ഉദാഹരണത്തിന് ബൗദ്ധികമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനുവേണ്ടി ഒരു പ്രത്യേക ഓര്‍ഡറില്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കേണ്ടതുണ്ട്.

ഏതൊക്കെയാണ് ഈ ഒന്‍പത് ലെവലുകള്‍ എന്ന് നോക്കാം. ടീച്ചര്‍മാരും ട്രെയ്‌നര്‍മാരും മാത്രമല്ല, എന്ത് കാര്യം മറ്റൊരാളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നവരും ഈ സ്‌റ്റെപ്പുകള്‍ മനസിലാക്കുന്നത് നല്ലതാണ്.

മനസിലാക്കാന്‍ 9 ലെവലുകള്‍

1. ആദ്യ ലെവലില്‍ പഠിക്കുന്ന ആളുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ് ചെയ്യേണ്ടത്. ഇതിനായി രസകരമായ ഒരു ഉദാഹരണമോ, കഥയോ പറയാം. അല്ലെങ്കില്‍ ഓര്‍ത്തുവെയ്ക്കാന്‍ സാധിക്കുന്ന ഒരു ആക്ടിവിറ്റി ആകാം. ഉദാഹരണത്തിന് മൈക്രോസോഫ്റ്റ് എക്‌സെല്‍ എന്താണെന്ന് പഠിപ്പിക്കുന്ന ഒരു ക്ലാസ് ആണെന്നിരിക്കട്ടെ. ആദ്യപടിയെന്നോണം ശ്രദ്ധ പിടിച്ചുപറ്റുന്നതിനുവേണ്ടി കംപ്യൂട്ടറില്‍ ഉണ്ടാക്കിയെടുത്ത പലതരത്തിലുള്ള ഡാറ്റ കുട്ടികളെ കാണിച്ചുകൊടുക്കുന്നു. ഓര്‍ഗനൈസ് ചെയ്യാത്ത ഡാറ്റ വെച്ച് അവരെ കുഴപ്പിക്കാം!

2. അടുത്തതായി പഠിപ്പിക്കുന്നതിന്റെ ലക്ഷ്യങ്ങള്‍ പറഞ്ഞു മനസിലാക്കുന്നതാണ്. അതിനെ വേണമെങ്കില്‍ ഒരു ചോദ്യരൂപത്തില്‍ തന്നെ കുട്ടികളുടെ മുന്നില്‍ അവതരിപ്പിക്കാം. എന്താണ് ഒരു ഡാറ്റ ടേബിൾ എന്ന് അവരോട് ചോദിക്കാം. ഡാറ്റ ക്രമീകരിക്കാന്‍ മൈക്രോ സോഫ്റ്റ് എക്‌സെല്‍ ഉപയോഗിക്കുന്നു എന്ന് പറഞ്ഞു കൊടുക്കാം. അത് പൂര്‍ണമായി മനസിലാക്കിയെടുക്കലാണ് ഇന്നത്തെ ക്ലാസിന്റെ ഉദ്ദേശ്യം എന്ന് പഠിക്കാന്‍ ഇരിക്കുന്നവര്‍ക്ക് മനസിലാകണം. പലപ്പോഴും നടക്കുന്ന ട്രെയ്‌നിംഗുകളില്‍ എന്താണ് ഉദ്ദേശ്യം എന്ന് ആദ്യമോ അവസാനമോ മനസിലാകാറില്ല.

3. മുന്‍പ് പഠിച്ച കാര്യങ്ങളെക്കുറിച്ച് പഠിതാക്കളെ ഓര്‍മിപ്പിക്കലാണ് അടുത്ത സ്റ്റെപ്പ്. ഉദാഹരണത്തിന് ഡാറ്റ എന്നാല്‍ എന്താണ്, കംപ്യൂട്ടറിന്റെ ഉപയോഗം എന്താണ് എന്നുള്ള കാര്യങ്ങള്‍ പൊടിതട്ടിയെടുത്ത് വീണ്ടും അവരെ ഓര്‍മപ്പെടുത്തി അവര്‍ക്ക് പഠനത്തിനായുള്ള ഒരു അന്തരീക്ഷം ഒരുക്കിക്കൊടുക്കണം. അതിനാല്‍ത്തന്നെ ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന്
മുന്‍പായി, അത് പഠിക്കാനായി വേണ്ട അടിസ്ഥാനം അവര്‍ക്ക് ഉണ്ടോ എന്ന് ഉറപ്പു വരുത്തണം.

4. പഠനത്തിലേക്കുള്ള അടുത്ത ആദ്യപടി വിശദമാക്കാം. അതിനുവേണ്ടി എക്‌സെല്‍ എന്താണെന്നുള്ള വ്യാഖ്യാനം നമുക്ക് കുട്ടികള്‍ക്കുവേണ്ടി നല്‍കാം. പക്ഷേ പലപ്പോഴും ഇവിടെയാണ് നമുക്ക് പ്രശ്‌നങ്ങള്‍ പറ്റുന്നത്. അതിന്റെ പ്രത്യേകതകളും, അത് സാധാരണ രീതികളില്‍ നിന്ന് എങ്ങനെ വ്യത്യസ്തമായിരിക്കുന്നു എന്നും പറഞ്ഞു കൊടുക്കണം.

5. നമ്മള്‍ കമ്പനിക്ക് അകത്ത്, പല മാനേജ്‌മെന്റെ് രീതികളുടെയും വ്യാഖ്യാനങ്ങള്‍ നല്‍കുമെങ്കിലും അതെങ്ങനെയാണ് ചെയ്യേണ്ടതെ ന്ന് മറ്റുള്ളവരെ പറഞ്ഞു മനസിലാക്കാന്‍ പലപ്പോഴും ശ്രമിക്കാറില്ല. അതിനാല്‍തന്നെ എങ്ങനെയാണ് ഒരു എക്‌സെല്‍ ഓപ്പണ്‍ ചെയ്യേണ്ടത്, പുതിയ ഫയല്‍ ഉണ്ടാക്കേണ്ടത്, ഡാറ്റ ടൈപ്പ് ചെയ്യേണ്ടത് എന്നിവയെല്ലാം വളരെ വ്യക്തമായി കാണിച്ചു കൊടുക്കുക എന്നുള്ളത് വളരെ പ്രസക്തമാണ്.

6. ആറാമത്തെ പടി അവരെക്കൊണ്ട് അത് ചെയ്യിപ്പിക്കുക എന്നുള്ളതാണ്. സ്വന്തമായി പരിശീലിച്ചാല്‍ മാത്രമേ ഏത് വിദ്യയും സ്വായത്തമാക്കാന്‍ സാധിക്കൂ. അതിനാല്‍ എക്‌സെല്‍ സോഫ്റ്റ്‌വെയര്‍ അവരെക്കൊണ്ടുതന്നെ ചെയ്യിപ്പിക്കുക എന്നുള്ളത് തന്നെയാണ് അടുത്തപടി. അത് അഞ്ചോ ആറോ തവണ പലതരത്തില്‍, പല രീതിയില്‍ ചെയ്യിപ്പിച്ചു നോക്കിയാല്‍ മാത്രമേ ഒരുപക്ഷേ ആ പഠനം ഉറച്ച രീതിയില്‍ ആവുകയുള്ളൂ. ഇതിനായി ഓരോരുത്തര്‍ക്കും കംപ്യൂട്ടര്‍ നല്‍കി, എക്‌സെലുമായി ബന്ധപ്പെട്ട് പഠിപ്പിച്ച ഓരോ കാര്യങ്ങളും അവരെക്കൊണ്ട് ചെയ്യിപ്പിക്കണം.

7. ഓരോരുത്തരും ചെയ്ത പ്രവൃത്തികള്‍ക്ക് ഫീഡ്ബാക്ക് നിര്‍ബന്ധമായും കൊടുത്തിരിക്കണം. ശരിയാണോ തെറ്റാണോ എന്നുള്ള ഫീഡ് ബാക്ക് ഓരോ പഠിതാവും ആഗ്രഹിക്കുന്നുണ്ട് എന്നതാണ് സത്യം. ഓരോ തവണയും ഈ ഫീഡ്ബാക്ക് കൊടുക്കുന്നതിലൂടെ പഠനത്തിന് കൂടുതല്‍ ഉറപ്പ് കൈവരും. ചെയ്ത ഓരോ ഡാറ്റയുടെയും, കണക്കുകൂട്ടലിന്റേയും തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതും, നന്നായി ചെയ്ത കാര്യങ്ങളെ അഭിനന്ദിക്കുന്നതും ഇതില്‍ പെടും.

8. അടുത്ത സ്റ്റെപ്പ് പ്രകടനം വിലയിരുത്തലാണ്. പ്രകടനം വിലയിരുത്തുക മാത്രമല്ല മാര്‍ക്കുകള്‍ അലോട്ട് ചെയ്യുക കൂടി വേണം. അതിലൂടെ തങ്ങളുടെ പ്രകടനം ഇനി എത്ര മാത്രം നന്നാക്കേണ്ടതുണ്ടെന്ന് സ്വയം വിലയിരുത്താനും, തെറ്റുകള്‍ തിരുത്താനും സാധിക്കും. പലപ്പോഴും തെറ്റുകളിലൂടെയാണ് പഠനം സാധ്യമാവുക. എക്‌സലുമായി ബന്ധപ്പെട്ട് ഒരു പരീക്ഷ നടത്താം. (ട്രെയ്‌നിംഗില്‍ ആണെങ്കില്‍ ഒരു ക്വിസ് പോലെ സംഘടിപ്പിക്കുകയും ആകാം).

9. അവസാനപടി, പഠനത്തെ ഊട്ടിയുറപ്പിക്കലാണ്. ആദ്യം മുതലുള്ള കാര്യങ്ങള്‍ റിവൈസ് ചെയ്തു നോക്കുന്നതും, സംഗ്രഹങ്ങള്‍ ഉണ്ടാക്കുന്നതും ഇതിന് വേണ്ടിത്തന്നെയാണ്. വ്യാഖ്യാനങ്ങള്‍ പഠിക്കുകയും, പ്രായോഗികമായി എക്‌സല്‍ വീണ്ടും ചെയ്തു നോക്കുകയും, തെറ്റുകള്‍ പറ്റുമ്പോള്‍ വീണ്ടും എടുത്തു പഠിക്കുകയും ഒക്കെ ഇതിന്റെ ഭാഗമാണ്. ഇതിനാലാണ് ട്രെയ്‌നിംഗുകള്‍ ഒരൊറ്റ സെഷനില്‍ അവസാനിപ്പിക്കരുത് എന്ന് പറയുന്നത്. പല ഫോളോ അപ്പ് സെഷനുകളിലൂടെ മാത്രമേ പരിശീലനങ്ങള്‍ പൂര്‍ണമാകുകയുള്ളൂ…!

(സംശയങ്ങള്‍ [email protected] എന്ന മെയ്‌ലില്‍ അയയ്ക്കാം)

ധനം ഓൺലൈനിന്റെ പുതിയ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ https://bit.ly/2sGjKNQ

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here