പേഴ്സണൽ ബ്രാൻഡിംഗ്: അവഗണിക്കരുത് ഇതിന്റെ പ്രാധാന്യത്തെ

'ബ്രാൻഡിങ്' എന്ന വാക്ക് കേൾക്കുമ്പോൾ ഉടനെ മനസ്സിൽ തെളിയുന്നത് നമ്മുടെ സ്ഥാപനത്തിന്റെയും ഉൽപ്പന്നത്തിന്റെയും ചിത്രമാണ്. ശരിയാണ്, നമ്മുടെ സ്ഥാപനത്തിന്റെ ബ്രാൻഡ് ഉപഭോക്താക്കളുടെ മനസ്സിൽ പതിയേണ്ടത് അത്യാവശ്യമാണ്.
എന്നാൽ, മാറുന്ന കാലഘട്ടം നമ്മുടെ മുന്നിൽ പുതിയ വെല്ലുവിളികൾ നിരത്തുമ്പോൾ അൽപം വിശാലമായിത്തന്നെ ചിന്തിക്കണം. സ്ഥാപനത്തിന്റെ ഉടമ അല്ലെങ്കിൽ പ്രധാന റോൾ കൈകാര്യം ചെയ്യുന്നയാൾ എന്ന നിലയിൽ നമ്മെത്തന്നെ ബ്രാൻഡ് ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി.
ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗിന്റെ ഭാഗമായി പല ബ്രാൻഡുകളും തങ്ങളുടെ ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ സെലിബ്രിറ്റികളെ തേടാറുണ്ട്. എങ്ങനെയാണ് സെലിബ്രിറ്റികൾ തങ്ങളെത്തന്നെ ഒരു ബ്രാൻഡായി വളർത്തിയത് എന്നാലോചിച്ചിട്ടുണ്ടോ? പേഴ്സണൽ ബ്രാന്ഡിങ്ങിലൂടെ തന്നെ. ഡിജിറ്റൽ വിപ്ലവത്തിന്റെ കാലത്ത് ഇത് മുമ്പത്തേതിനേക്കാളും എളുപ്പമായിരിക്കുകയാണ്.
സെലിബ്രിറ്റികളുടെയത്ര വരില്ലെങ്കിലും നാമോരോരുത്തരും ഒരു ബ്രാൻഡ് തന്നെയാണ്. നമ്മുടെ വ്യക്തിത്വം, സ്വഭാവം, ഐഡന്റിറ്റി, പെരുമാറ്റം എല്ലാം നമുക്ക് മാത്രമുള്ള പ്രത്യേകതകളാണ്. ഇവയെ എങ്ങനെ മാർക്കറ്റ് ചെയ്യാം. നമ്മുടെ ബിസിനസിന്റെ വളർച്ചയ്ക്ക് നമ്മുടെ സവിശേഷതകളെ, കഴിവുകളെ ഒരു ബ്രാൻഡായി എങ്ങനെ വളർത്താം.
നിങ്ങൾ 'ഓൺലൈൻ' ആണോ?
ആദ്യമായി നമ്മുടെ ഓൺലൈൻ സാന്നിധ്യം എത്രമാത്രമുണ്ടെന്ന് പരിശോധിക്കാം. ഇത് നമുക്ക് തന്നെ ചെയ്യാവുന്ന ഒരു കാര്യമാണ്. നമ്മുടെ പേര് ഗൂഗിളിൽ ഒന്ന് സെർച്ച് ചെയ്തു നോക്കൂ. എന്താണ് കാണുന്നത്? നിങ്ങളുടെ പേര്, അല്ലെങ്കിൽ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ എന്നിവ ഗൂഗിളിന്റെ ഒന്നാം പേജിൽ വരുന്നുണ്ടോ? ഇല്ലെങ്കിൽ ഉടൻ തന്നെ ചെയ്യേണ്ട ഒരു കാര്യം നിങ്ങളുടെ പേഴ്സണൽ സോഷ്യൽ മീഡിയ എക്കൗണ്ടുകൾ ക്രിയേറ്റ് ചെയ്യുക എന്നുള്ളതാണ്. ട്വിറ്റർ, ലിങ്ക്ഡ് ഇൻ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവ ഇതിനായി ഉപയോഗിക്കാം.
റെപ്യൂട്ടേഷൻ സ്കോർ
ഡിജിറ്റൽ ലോകത്ത് നിങ്ങളുടെ പ്രതിച്ഛായ എന്താണ്? ഇത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. നമ്മുടെ സോഷ്യൽ മീഡിയ ആക്ടിവിറ്റികൾ നമ്മുടെ വ്യക്തിത്വത്തിന്റെ കണ്ണാടിയായാണ് ഇന്ന് വിശേഷിപ്പിക്കപ്പെടുന്നത്. എന്നെങ്കിലും പോസ്റ്റ് ചെയ്ത് മറന്നുപോയ ഒരു കമെന്റോ സന്ദേശമോ പിന്നീട് നിങ്ങൾ മറ്റൊരു ജോലിയിൽ അല്ലെങ്കിൽ ബിസിനസിൽ ചേരുമ്പോൾ നിങ്ങൾക്കുതന്നെ തലവേദനയാകാം. ഇത്തരം പഴയ ആക്ടിവിറ്റികൾ സ്‌കാൻ ചെയ്ത് പ്രശ്നമുള്ളവ കണ്ടുപിടിക്കാൻ സഹായിക്കുന്ന ഓൺലൈൻ സേവങ്ങൾ ഇപ്പോൾ ലഭ്യമാണ്.
നിലപാടുകൾ ശക്തവും യുക്തിസഹവുമാകണം
സമൂഹം ഒന്നടങ്കം ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ വികാരപരമായി പ്രതികരിക്കുക എന്നത് നമ്മിൽ പലരും ചെയ്തിട്ടുണ്ടാകാം. വലിയ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾക്കും തർക്കങ്ങൾക്കും വഴിവക്കാറുണ്ട്. ഈ സാഹചര്യത്തിൽ മൗനം പാലിക്കുന്നതിനേക്കാൾ നല്ലത് നമ്മുടെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുകയാണ്. എന്നാൽ വളരെ സംയമനം പാലിച്ചുകൊണ്ട്, നിയമങ്ങൾക്കുള്ളിൽ നിന്നു കൊണ്ട്, ശക്തവും യുക്തിസഹവുമായ നിലപാടുകൾ എടുക്കണം. ഇത്തരക്കാരെ സമൂഹം എന്നും ബഹുമാനിക്കും. എപ്പോഴും വളരെ ശ്രദ്ധിച്ച് വേണം നിലപാടുകൾ എടുക്കാൻ.
നിങ്ങളെത്തന്നെ പ്രൊമോട്ട് ചെയ്യുക
സ്വയം പ്രൊമോട്ട് ചെയ്യുക എന്ന് പറയുന്നത് നമ്മളിൽ ചിലർക്കെങ്കിലും മടിയുള്ള കാര്യമാണ്. പരമ്പരാഗതമായി അതൊരു തെറ്റായ കാര്യമാണെന്ന് വിശ്വസിക്കുന്നവരാണ് നാം. എന്നാൽ ഇന്നത്തെ കടുത്ത മത്സരം നിറഞ്ഞ അന്തരീക്ഷത്തിൽ ഇതൊരു സ്ട്രാറ്റജി ആയി കാണണം. സെൽഫ്-പ്രൊമോഷന് പല വഴികളുണ്ട്.
- ഒരു പൊതുവേദിയിൽ സ്പീക്കർ ആകാം. വേദി എത്ര ചെറുതായാലും ക്ഷണം നിരസിക്കരുത്.
- പ്രമുഖ മാധ്യമങ്ങൾക്ക് ഇന്റർവ്യൂ നൽകാം. ഇതിന് മടി വിചാരിക്കേണ്ട കാര്യമില്ല. കാരണം, നിങ്ങൾക്ക് ഇതിന് എന്തുകൊണ്ടും അർഹതയുണ്ട്.
- കോൺഫറൻസുകൾ, നെറ്റ്വർക്കിംഗ് സാധ്യമാകുന്ന പൊതു ചടങ്ങുകൾ എന്നിവ ഒരിക്കലും ഒഴിവാക്കരുത്. എത്രയധികം ആളുകളെ പരിചയപ്പെടുന്നോ അത്രയും നല്ലതാണ്.
- നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിന് പുറത്ത് കലാപരമായി എന്തെങ്കിലും കഴിവുകൾ ഉണ്ടെങ്കിൽ അത് നിങ്ങളുടെ ഫോളോവേർസുമായി പങ്കുവെക്കുന്നതും നന്നായിരിക്കും.
- സോഷ്യൽ മീഡിയകളിൽ ലൈവ് വീഡിയോ സംവിധാനം പ്രയോജനപ്പെടുത്താം. ഒരു പൊതു പ്രശ്നത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമോ, പൊതുവേദിയിലുള്ള പ്രസംഗമോ, അല്ലെങ്കിൽ നിങ്ങളുടെ പുതിയ ഉൽപ്പന്നത്തെക്കുറിച്ചുള്ള രണ്ട് വാക്കോ ഈ ലൈവ് വീഡിയോ വഴി ആളുകളിലേക്ക് എത്തിക്കാം.
- നിങ്ങളുടെ കമ്പനിയെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ എഴുതാം. വെബ്സൈറ് ഉണ്ടെങ്കിൽ അതിന്റെ ലിങ്കും മറ്റും നൽകാം. നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോയും നിങ്ങളുടെ ഇമേജിനെ സ്വാധീനിക്കുന്ന ഘടകമാണ്.
പ്രമുഖ ബ്രാൻഡുകളുമായി കൈകോർക്കാം
വിശ്വാസ്യതയുള്ള പ്രമുഖ ബ്രാന്ഡുകളുമായി ചേർന്ന് പ്രവർത്തിക്കുന്നത് നിങ്ങളുടെ വിശ്വാസ്യതയും വർധിപ്പിക്കും. അങ്ങനെയുള്ള കമ്പനിയുടെ ആളുകളുമായി നല്ല വ്യക്തിബന്ധം വളർത്തിയെടുക്കുന്നതും ഒരു പേഴ്‌സണൽ ബ്രാൻഡ് എന്ന നിലയിൽ വളരാൻ നിങ്ങളെ സഹായിക്കും.