മാന്ദ്യകാലമാണെന്ന് കരുതി പരസ്യ ബജറ്റ് വെട്ടിച്ചുരുക്കുന്നത് ഉപകാരപ്പെടില്ല; കാരണം ഇതാണ്

എങ്ങോട്ടു നോക്കിയാലും അവിടെയെല്ലാം മാന്ദ്യം. നേരിടാന്‍ എന്തൊക്കെ ചെയ്യുന്നു എന്ന് ചോദിച്ചാല്‍ മിക്കവര്‍ക്കും പറയാനുള്ളത് പരസ്യ ബജറ്റ് 10 മുതല്‍ 35 ശതമാനം വരെ വെട്ടിക്കുറച്ചിട്ടുണ്ട് എന്നാണ്. എന്തുകൊണ്ട് പരസ്യ ബജറ്റുതന്നെ ആദ്യം വെട്ടിക്കുറയ്ക്കുന്നു? പരസ്യബജറ്റില്‍ നിന്ന് വെട്ടിക്കുറച്ച ഈ തുക നേരിട്ട് ആദായത്തില്‍ എത്തിച്ചേരുന്നു എന്നതുതന്നെ കാരണം. അതുകൊണ്ടുതന്നെ മിക്ക കമ്പനികളും പരസ്യചെലവ് കുറച്ച ശേഷമാണ് മറ്റ് ചെലവ് ചുരുക്കലുകള്‍ക്ക് ആഹ്വാനം നല്‍കുക.

ഇത് ശരിയാണോ? എല്ലാവരും നിശബ്ദരായിരിക്കുന്ന ഒരു സദസില്‍ ഒരാള്‍ ഉറക്കെ ചിരിച്ചാല്‍ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടാകര്‍ഷിക്കും. ഇത് തിയറിയല്ല, പച്ച പരമാര്‍ത്ഥമാണ്. മാന്ദ്യകാലം എപ്പോഴും ഉണ്ടാകില്ല. ഉണ്ടാകുമ്പോള്‍ ആ കാലം നിങ്ങളുടെ ബ്രാന്‍ഡ് വളര്‍ത്തുന്നതിന് ഏറ്റവും നല്ല കാലമാണ്. മാന്ദ്യത്തില്‍ നിന്നും രക്ഷപെടാനുള്ള കുറുക്കുവഴിയായി പരസ്യം കുറച്ചാല്‍ നിങ്ങളുടെ ബ്രാന്‍ഡ് ഓരോ ദിവസം കഴിയുന്തോറും ഉപഭോക്താവിന്റെ ചിന്തയില്‍ നിന്നും പിന്നീട് മനസില്‍ നിന്നും മാഞ്ഞുപോകും.

ഒഴുക്കുള്ള ഒരു പുഴയില്‍ ഇക്കരെ നിന്നും അക്കരെ കടക്കാന്‍ ഒഴുക്കിനെതിരെ കുറച്ചുദൂരം നീന്തിയാല്‍ മതി. അല്ലെങ്കില്‍ ഒഴുക്കിനൊപ്പം താഴേക്കുപോയി പുഴ അവസാനിക്കുന്നിടത്തെത്തി അവിടെനിന്നും അക്കരെ കടന്ന് മൈലുകള്‍ താണ്ടി, നടന്നും കിടന്നും വണ്ടി പിടിച്ചും ആദ്യം നിന്ന സ്ഥലത്തിന്റെ അക്കരെ എത്താം! ഏത് തന്ത്രം വേണം?

ചെലവ് ചുരുക്കാന്‍ അനവധി മാര്‍ഗങ്ങള്‍ ഉണ്ട്. നിങ്ങളുടെ ബ്രാന്‍ഡിനെ തൊടാത്ത, നിങ്ങളുടെ തൊഴിലാളികളെ അസന്തുഷ്ടരാക്കാത്ത, മാന്ദ്യകാലത്ത് കൈക്കൊള്ളേണ്ട ഇതുവരെയും ശ്രദ്ധിക്കെപ്പടാത്ത ഒട്ടനവധി മേഖലകള്‍ നിങ്ങളുടെ കമ്പനിയില്‍ ഉണ്ട്. ഒരു ശക്തമായ ബ്രെയ്ന്‍ സ്റ്റോമിംഗിലൂടെ, കൂട്ടായ ചര്‍ച്ചകളിലൂടെ ഇതെല്ലാം കണ്ടുപിടിക്കാവുന്നതേയുള്ളൂ.

മാന്ദ്യകാലം വരുമ്പോള്‍ ഏറ്റവും ഊന്നല്‍ കൊടുക്കേണ്ടതും പ്രോല്‍സാഹനം കിട്ടേണ്ടതും ആയ വിഭാഗം മാര്‍ക്കറ്റിംഗ് ആണ്. കൂടുതല്‍ ഇന്‍സെന്റീവുകളും ശമ്പള വര്‍ധനവും അവര്‍ക്ക് നല്‍കണം. ഉല്‍പ്പന്നങ്ങളുടെ പരസ്യവും പ്രൊമോഷനും വിപുലമായ രീതിയില്‍ രൂപകല്‍പ്പന ചെയ്യേണ്ട അവസരവും അപ്പോഴാണ്.

മാര്‍ക്കറ്റിംഗ് വിഭാഗം കൂടുതല്‍ സമയം കഠിനമായി ജോലിചെയ്താല്‍ മാത്രമേ മാന്ദ്യകാലത്ത് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കുറയാതെ പിടിച്ചുനിര്‍ത്താന്‍ കഴിയൂ.

അതുകൊണ്ട് ഈ സമയത്ത് എല്ലാവിധ പ്രാല്‍സാഹനങ്ങളും ഏറ്റവും കൂടുതല്‍ നല്‍കി മാര്‍ക്കറ്റിംഗ് വിഭാഗത്തെ മോട്ടിവേറ്റ് ചെയ്താല്‍ മാത്രമേ അവര്‍ കൂടുതല്‍ വില്‍പ്പനക്കാരെ കാണനും മാര്‍ക്കറ്റില്‍ കൂടുതല്‍ സമയം ചെലവഴിക്കാനും തയാറാകൂ.

ഓര്‍ത്തിരിക്കാന്‍ ചില കാര്യങ്ങള്‍

പരസ്യം കുറയ്ക്കുമ്പോള്‍ താല്‍ക്കാലികമായി വില്‍പ്പന കുറയുന്നില്ലെങ്കിലും രണ്ടോ മൂന്നോ മാസം കഴിയുമ്പോള്‍ വില്‍പ്പന കുറഞ്ഞുവരുന്നതായാണ് എല്ലാ പ്രമുഖ കണ്‍സ്യൂമര്‍ സര്‍വേകളും വിരല്‍ചൂണ്ടുന്നത്. സാമ്പത്തിക മാന്ദ്യത്തെ നേരിടുമ്പോള്‍ നിങ്ങള്‍ സ്വയം ഉത്തരം കണ്ടെത്തേണ്ട 10 ചോദ്യങ്ങള്‍ ഇതാ.

  1. നിങ്ങളുടെ ഉല്‍പ്പന്നം നിര്‍മിക്കാന്‍ ആവശ്യമായ വസ്തുക്കള്‍ ഇപ്പോഴത്തേതിലും വിലക്കുറവില്‍ ലഭിക്കാന്‍ സാധ്യതയുണ്ടോ? (ഇവിടെ ലാഭം കുടികൊള്ളുന്നു!)
  2. അതിസമര്‍ത്ഥരായ ഉദ്യോഗസ്ഥരടങ്ങിയ ഒരു ടീമാണോ വിലപേശല്‍ നടത്തി ഉല്‍പ്പന്ന നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍
    വാങ്ങുന്നത്? (അങ്ങനെയല്ല എങ്കില്‍ ഇവിടെ നിങ്ങളുടെ ലാഭത്തിന്റെ മുക്കാല്‍പങ്കും നഷ്ടെടുന്നു)
  3. കൃത്യമായ പേയ്മെന്റ ് രീതികള്‍ അവലംബിക്കുക (ഏറ്റവും കുറഞ്ഞ വിലയ്ക്ക് വസ്തുക്കള്‍ ഇതുമൂലം ലഭിക്കുന്നു)
  4. ഉല്‍പ്പന്നത്തിന്റെ ഗുണമേന്മ പരിശോധന കുറേക്കൂടി കഠിനമാക്കാന്‍ പറ്റുമോ? (നല്ലൊരു തുക വാറന്റി കാലയളവില്‍ ഫ്രീ സര്‍വീസ് കൊടുക്കാതെ ലാഭിക്കാം)
  5. ഉല്‍പ്പാദനത്തിന്റെ പ്ലാനിംഗ് മുന്‍കൂട്ടി നിശ്ചയിച്ച് കൃത്യതയോടെ സമയാസമയങ്ങളില്‍ നടപ്പിലാക്കാന്‍ സാധിക്കുമോ? (സ്റ്റോക്ക് കുമിഞ്ഞുകൂടുന്നത് ഒഴിവാക്കാം)
  6. ഉല്‍പ്പന്നത്തിന്റെ വില അല്‍പ്പം കുറച്ച് മാന്ദ്യകാലത്ത് ഉപഭോക്താക്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അത് പരസ്യം വഴി പ്രചരിപ്പിക്കാന്‍ കഴിയുമോ? (പ്രത്യക്ഷത്തില്‍ ലാഭം കുറഞ്ഞാലും പരോക്ഷമായി വില്‍പ്പന കുത്തനെ കൂടുകയും ലാഭം വര്‍ധിക്കുകയും ചെയ്യും)
  7. വിതരണക്കാരുടെയും വില്‍പ്പനക്കാരുടെയും സമ്മേളനങ്ങള്‍ നടത്തി അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുവാന്‍ സാധിക്കുമോ? (വില്‍പ്പന കൂട്ടാന്‍ വേണ്ട എല്ലാവിധ സഹായങ്ങളും നിര്‍ദേശങ്ങളും തീര്‍ച്ചയായും അവരില്‍ നിന്നും ലഭിക്കും!)
  8. ആവശ്യത്തിനു മാത്രം ഉല്‍പ്പന്നങ്ങള്‍ നല്‍കി വില്‍പ്പന വിതരണക്കാരുടെ ക്രെഡിറ്റ് കുറയ്ക്കാന്‍ സാധിക്കുമോ?
  9. വിതരണം ചെയ്യുന്ന ഉല്‍പ്പന്നം വില്‍പ്പനക്കാരില്‍ നിന്ന് വിറ്റുപോയതിന്റെ കണക്ക് കൃത്യമായി എടുത്ത് ഉല്‍പ്പാദന വകുപ്പുമായി സംവദിക്കാറുണ്ടോ? (ഉല്‍പ്പാദനത്തിന്റെ പ്ലാനിംഗ് കൃത്യമായി ചെയ്ത് ലാഭം നേടാം!)
  10. മാര്‍ക്കറ്റിലെ ഷെല്‍ഫില്‍ നിങ്ങളുടെ ബ്രാന്‍ഡ് മൊത്തമായി വിറ്റുപോകാനുള്ള പരസ്യതന്ത്രങ്ങളും ആവര്‍ത്തിച്ചുള്ള പരസ്യപ്രചാരങ്ങളും നിങ്ങള്‍ കുറച്ചുവോ? (പരസ്യബജറ്റ് കട്ട് ചെയ്തതു വഴി നിങ്ങളുടെ മാര്‍ക്കറ്റ് ഷെയര്‍ കുറഞ്ഞാല്‍ പിന്നീടത് പരസ്യം ചെയ്ത് കൂട്ടാന്‍ ഇപ്പോള്‍ കട്ട് ചെയ്ത ബജറ്റിന്റെ അഞ്ചിരട്ടി ഉണ്ടായാല്‍പ്പോലും ചിലപ്പോള്‍ പറ്റാതെ വരും)

ലേഖകന്‍ ജിബു പോള്‍ ബ്രാന്‍ഡ് എന്‍ജിനീയറും ബ്രാന്‍ഡ് കണ്‍സള്‍ട്ടന്റുമാണ്. ( ഇമെയ്ല്‍: jibupaulm@gmail.com)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it