സംരംഭം പ്രതിസന്ധിയിലായോ? ആയാൽ മറികടക്കാൻ മാർഗങ്ങളുണ്ട്

ചെറുകിട, ഇടത്തരം സംരംഭകര്‍ അനുഭവിക്കുന്ന എല്ലാ സാമ്പത്തിക, ധനലഭ്യത പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയായി ഗ്യാരണ്ടീഡ് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ കണക്കാക്കാന്‍ ആവില്ല. എല്ലാവരെയും ഒരുപോലെ പരിഗണിക്കുന്ന ഒരു ഫോര്‍മുല ഫലവത്താകണമെന്നില്ല; പ്രത്യേകിച്ച് ഇപ്പോള്‍ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അതീവ സമ്മര്‍ദ്ദത്തിലുള്ള എംഎസ്എംഇകളെ കണക്കിലെടുക്കുമ്പോള്‍. ഇത്തരത്തിലുള്ള പല സംരംഭങ്ങള്‍ക്കും അവയുടെ പല പേയ്‌മെന്റുകളും സമയത്ത് തിരിച്ചടയ്ക്കാന്‍ പറ്റാതെ കഷ്ടപ്പെടുകയാണ്.

അതിനിടെ മറ്റുചില ബാധ്യതകളും ഇനി കടന്നുവരും. മാര്‍ച്ച് ഒന്നുമുതല്‍ ആഗസ്ത് 31 വരെ മോറട്ടോറിയം കാലാവധിയാണ്. ഇതു കഴിഞ്ഞാല്‍ മോറട്ടോറിയം സ്വീകരിച്ച കാലത്തെ പലിശയും ജിഇസിഎല്‍ പദ്ധതി മൂലം സമാഹരിച്ചിരിക്കുന്ന അധിക തുകയുടെ പലിശയും ഒക്കെ നല്‍കേണ്ടി വരും. ഇത് ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുമേലുള്ള സമ്മര്‍ദ്ദം ഇരട്ടിപ്പിക്കും.

ഈ സാഹചര്യത്തില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ അവയുടെ വായ്പാ തിരിച്ചടവ് ശേഷിയെ കുറിച്ച് യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള സ്വയം പരിശോധനയ്ക്ക് തയ്യാറാവണം. വരും നാളുകളില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന വരുമാനം പുനഃപരിശോധിച്ചുകൊണ്ടുവേണം ഇത് ആരംഭിക്കാന്‍. കോവിഡ് 19 മൂലമുള്ള പ്രതിസന്ധികള്‍ ഇവിടെ തുടരുക തന്നെ ചെയ്യും. അടുത്ത 12 മുതല്‍ 18 മാസത്തേക്ക് അതുമൂലം വരുമാന ഇടിവ് സംഭവിക്കാനും സാധ്യതയുണ്ട്.

മാത്രമല്ല, കോസ്റ്റ് ഒപ്റ്റിമൈസേഷനുള്ള എല്ലാ വഴികളും യൂണിറ്റുകള്‍ ഊര്‍ജ്ജിതമായി സ്വീകരിക്കണം. കോസ്റ്റ് ഒപ്റ്റിമൈസേഷന്‍ എന്നാല്‍ എല്ലാ ചെലവുകളും ഒറ്റയടിക്ക് 20 -25 ശതമാനം വെട്ടിക്കുറയ്ക്കുക എന്നതല്ല. ഓരോ ചെലവും അതിന്റെ പ്രാധാന്യവും അതുമൂലമുള്ള മെച്ചങ്ങളും എല്ലാം വിലയിരുത്തി, ബുദ്ധിപൂര്‍വ്വം കുറയ്ക്കുന്നതാണ് കോസ്റ്റ് ഒപ്റ്റിമൈസേഷന്‍.

വരുമാനത്തില്‍ വരുന്ന കുറവ് ഒരു പരിധി വരെ നികത്താന്‍ കോസ്റ്റ് ഒപ്റ്റമൈസേഷന്‍ കൊണ്ട് സാധിച്ചെന്നിരിക്കും. എന്നാലും വരുമാനത്തിലും ചെലവിലും വിടവ് കാണും. അത് നികത്താന്‍ ബദല്‍ വരുമാന മാര്‍ഗങ്ങളോ ഉല്‍പ്പന്നത്തിന്റെ മൂല്യവര്‍ധനവോ നടത്തേണ്ടി വരും.

ഇനി അതിന് സാധിച്ചില്ലെങ്കില്‍ സംരംഭങ്ങളുടെ വായ്പാ തിരിച്ചടവിന്റെ കാര്യത്തില്‍ പ്രശ്‌നം നിലനില്‍ക്കുക തന്നെ ചെയ്യും. അങ്ങനെ വരുമ്പോള്‍ ബാങ്കുകളെ സമീപിച്ച് വായ്പകള്‍ പുനഃക്രമീകരിക്കാന്‍ അഭ്യര്‍ത്ഥിക്കാം.

വായ്പകളുടെ പുനഃക്രമീകരണം അടിപൊളി സംഭവമാണെട്ടോ

വായ്പയെടുത്തവര്‍ ബുദ്ധിമുട്ടിലാകുമ്പോള്‍ വായ്പ മുന്‍നിശ്ചയ പ്രകാരം തിരിച്ചടയ്ക്കാന്‍ സാധിക്കില്ല. ആ സാഹചര്യത്തില്‍ വായ്പ നല്‍കിയവരും എടുത്തവരും തമ്മില്‍ എത്തിച്ചേരുന്ന ഒരു ധാരണയാണ് വായ്പാ പുനഃക്രമീകരണം. വായ്പയുടെ വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ വരുത്തുകയാണ് പൊതുവേ ഇതിലൂടെ ചെയ്യുന്നത്. റീ പെയ്‌മെന്റ് ഹോളിഡേ, വായ്പാ കാലാവധിയില്‍ മാറ്റം വരുത്തല്‍, തിരിച്ചടയ്‌ക്കേണ്ട തുകയില്‍ മാറ്റം വരുത്തല്‍, വായ്പാ തവണ തുകയില്‍ മാറ്റം, പലിശ നിരക്കില്‍ മാറ്റം, അധികമായി ക്രെഡിറ്റ് സൗകര്യം ലഭിക്കല്‍, നിലവിലുള്ള ക്രെഡിറ്റ് ഫെസിലിറ്റി ഉയര്‍ത്തല്‍ തുടങ്ങിയവയെല്ലാം വായ്പാ പുനഃക്രമീകരണവുമായി ബന്ധപ്പെട്ട് നടക്കാറുണ്ട്.

ചെറുകിട ഇടത്തരം ബിസിനസുകളുടെ അടിസ്ഥാനപരമായ ബിസിനസ് മോഡല്‍ ശക്തവും ലാഭകരവുമാണെങ്കില്‍ ഹ്രസ്വകാലത്തേക്കുള്ള ധനലഭ്യത പ്രശ്‌നങ്ങള്‍ മറികടക്കാന്‍ യഥായോഗ്യമായി ചെയ്യുന്ന വായ്പാ പുനഃക്രമീകരണം സഹായിക്കും.

എന്നാല്‍ വായ്പാ പുനഃക്രമീകരണം നടത്താന്‍ വ്യവസായ യൂണിറ്റുകള്‍, ബാങ്കിംഗ് പങ്കാളികളുമായി തുറന്ന ചര്‍ച്ചകള്‍ക്ക് തയ്യാറാകണം. എന്തുകൊണ്ടാണ് ധനലഭ്യത പ്രശ്‌നങ്ങള്‍ വന്നതെന്നും അതു പരിഹരിക്കാന്‍ എടുത്തിരിക്കുന്ന കാര്യങ്ങളെന്തെന്നും കൃത്യമായി ബാങ്കറെ ധരിപ്പിക്കണം.

ഐബിസി: പ്രതീക്ഷയുടെ തിരിനാളം

ചെറുകിട ഇടത്തരം സംരംഭങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അങ്ങേയറ്റം ഗൗരവമേറിയതും വായ്പ പുനഃക്രമീകരണം വഴി പരിഹരിക്കാന്‍ പറ്റുന്നതും അല്ലെങ്കില്‍ വേറെ വഴിയുണ്ട്. അതാണ്, ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡ് പ്രകാരമുള്ള, സ്വമേധയാലുള്ള ബിസിനസ് പുനരുജ്ജീവനത്തിനുള്ള മാര്‍ഗം. സര്‍ക്കാരിന് നല്‍കാന്‍ ഏറെ തിരിച്ചടവുകളുള്ള സംരംഭങ്ങള്‍ക്കാണ് ഈ മാര്‍ഗം കൂടുതല്‍ ഉപകാരപ്പെടുക. സര്‍ക്കാരുകള്‍ക്ക് നല്‍കാനുള്ള പണം ഒരു പൊതിയാതേങ്ങ പോലെ നിലകൊള്ളുന്നതിനാല്‍ സാധാരണ ഗതിയിലുള്ള പുനരുജ്ജീവന നടപടിക്രമങ്ങളൊന്നും ഫലം കാണില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഐബിസി കോര്‍പ്പറേറ്റ് കടക്കാര്‍ക്കാണ് ബാധകം. അതായത് ലിമിറ്റഡ് കമ്പനികള്‍, എല്‍ എല്‍ പികള്‍ എന്നിവയ്ക്ക്.

എംഎസ്എംഇകളുടെ നിര്‍വചനം ഇപ്പോള്‍ വിപുലമാക്കിയ സ്ഥിതിക്ക്, ഏറെ എംഎസ്എംഇകള്‍ക്ക് കോര്‍പ്പറേറ്റ് ഡബ്‌റ്റേഴ്‌സ് എന്ന നിര്‍വചനം കൂടി യോജിക്കുകയും ഐബിസിയുടെ പുനരുജ്ജീവന പദ്ധതിയുടെ പരിധിയില്‍ വരാന്‍ സാധിക്കുകയും ചെയ്യും.

രാജ്യത്തെ തൊഴില്‍ സൃഷ്ടിക്കല്‍, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വഹിക്കുന്ന പങ്ക് എന്നിവയെല്ലാം പരിഗണിക്കുമ്പോള്‍ എംഎസ്എംഇകള്‍ക്ക് ഐബിസി പ്രകാരം പ്രത്യേക ഇളവുകളൊന്നും ഇതുവരെയില്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അക്കാര്യം പരിഗണിക്കുന്നതായി പ്രഖ്യാപനം വന്നിട്ടുണ്ട്.

ബിസിനസുകളുടെ വലുപ്പം, സ്വഭാവം, പ്രാദേശികമായ സാന്നിധ്യം, മറ്റ് അപേക്ഷകര്‍ക്കുള്ള താല്‍പ്പര്യക്കുറവ് തുടങ്ങിയവയെല്ലാം കണക്കിലെടുക്കുമ്പോള്‍ എംഎസ്എംഇകളുടെ പ്രമോര്‍ട്ടര്‍ക്ക് തന്നെ യൂണിറ്റുകള്‍ പുനരുജ്ജീവിപ്പിക്കാന്‍ അവസരം ലഭിച്ചേക്കും.

പൊതുവേ ഐബിസി പ്രകാരമുള്ള തീര്‍പ്പ് കല്‍പ്പിക്കല്‍/ ലിക്വിഡിറ്റി നടപടിക്രമങ്ങളില്‍ പ്രമോര്‍ട്ടര്‍മാര്‍ക്ക് സംബന്ധിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന ചില ഇളവുകള്‍ പ്രകാരം ലിക്വിഡേഷന്‍ പ്രോസസില്‍ പ്രമോര്‍ട്ടര്‍ക്കും ദര്‍ഘാസുകള്‍ സമര്‍പ്പിക്കാനും സംബന്ധിക്കാനും സാധിക്കും. മാത്രമല്ല രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം തിരിച്ചടവില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ ഐബിസി പ്രകാരം കേസ് ഫയല്‍ ചെയ്യുന്നതിലും ചില ഇളവുകള്‍ കൊണ്ടുവന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്ന ഓര്‍ഡിന്‍സ് പ്രകാരം, മാര്‍ച്ച് 25ന് ശേഷം പണമടവില്‍ വരുത്തിയ വീഴ്ചയുടെ പേരില്‍ ഒരു ക്രെഡിറ്റര്‍ക്കോ അല്ലെങ്കില്‍ കമ്പനിക്കോ എതിരെ ആറുമാസത്തേക്ക് (ഒരു വര്‍ഷം വരെ കാലാവധി ദീര്‍ഘിപ്പിക്കാം) പെറ്റീഷന്‍ സമര്‍പ്പിക്കാന്‍ പാടില്ല.
ഈ മോറട്ടോറിയം മാര്‍ച്ച് 25ന് മുമ്പുള്ള കാര്യങ്ങളില്‍ ബാധകമല്ല. മാര്‍ച്ച് 25ന് ശേഷം ഒരു ലക്ഷത്തിന് മുകളിലുള്ള പണം തിരിച്ചടവില്‍ വന്ന വീഴ്ചയുടെ കാര്യത്തില്‍ എംഎസ്എംഇ യൂണിറ്റുകള്‍ക്ക് സ്വമേധയായ ഉള്ള തീര്‍പ്പാക്കലിന് അപേക്ഷ സമര്‍പ്പിക്കാം.

എങ്ങനെ വൊളണ്ടറി റെസല്യൂഷന്‍ ഫയല്‍ ചെയ്യാം?

ബന്ധപ്പെട്ട അതോറിറ്റിക്ക് മുമ്പാകെ നിശ്ചിത ഫോമില്‍, നിഷ്‌കര്‍ഷിച്ചിരിക്കുന്ന ഫീസ് ഒടുക്കിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പണമടവില്‍ വരുത്തിയ വീഴ്ചകളുടെ രേഖകള്‍, എക്കൗണ്ട്‌സ് സംബന്ധമായ കാര്യങ്ങള്‍ തുടങ്ങി നിരവധി വിവരങ്ങള്‍ അപേക്ഷയോടൊപ്പം നല്‍കണം.

സ്വമേധയാ റെസല്യൂഷന്‍ പ്രോസസില്‍ പ്രമോര്‍ട്ടര്‍ അപേക്ഷ സമര്‍പ്പിച്ച പങ്കെടുക്കുമ്പോള്‍ സംരംഭം ഒരു പക്ഷേ അദ്ദേഹത്തിന് തന്നെ പുനഃരുജ്ജീവിപ്പിക്കാന്‍ സാധിച്ചെന്നിരിക്കും. അതുപോലെ തന്നെ ഈ സംരംഭം പുനഃരുജ്ജീവിപ്പിക്കാന്‍ കൃത്യമായ പ്ലാനോടെ മറ്റാരെങ്കിലും വന്നാല്‍ ടേക്ക് ഓവര്‍ ചെയ്യപ്പെടാനുള്ള സാധ്യതയുമുണ്ട്.

അതുകൊണ്ട് ഇതൊരു ഇരുതല മൂര്‍ച്ചയുള്ള വാളാണ്. ബുദ്ധിപൂര്‍വ്വം തന്ത്രപരമായി ഇത് ഉപയോഗിച്ചാല്‍ സംരംഭങ്ങളെ പുനഃരുജ്ജീവിപ്പിക്കാനുള്ള നല്ല വഴിയാണ്.

(ലേഖകന്‍ യെസ്‌കലേറ്റര്‍ മാനേജ്‌മെന്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്‌സിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറാണ്. മൊബീല്‍ നമ്പര്‍: 75588 91177, ഇ മെയ്ല്‍: jizpk@yescalator.com)

Related Articles

Next Story

Videos

Share it