ചില നേരം 'നോ' പറയുന്നതാണ് ശരി

'സര്‍ എനിക്കൊരു അത്യാവശ്യകാര്യമുണ്ടായിരുന്നു. ഇന്നിത്തിരി നേരത്തെ പോകണമായിരുന്നു.' ഡിവിഷനോഫീസിലെ സൂപ്രണ്ടായ രമേശന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയറായ രാജന്റെ മുന്നില്‍ വന്നു ചോദിച്ചു.
രാജന്‍ വാച്ചില്‍ നോക്കി. മൂന്നരമണി കഴിഞ്ഞിട്ടേയുള്ളൂ. അടിയന്തിരമായി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പറഞ്ഞിരുന്നതാണ്. അത് ഇതുവരെയും റെഡിയാക്കിയിട്ടില്ല. ഇപ്പോള്‍ നേരത്തെ പോകാനായി അനുവാദം ചോദിക്കുന്നു.
രാജന്‍ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഈ ആഫീസില്‍ വന്നിട്ട് ആറുമാസമേ ആയിട്ടുള്ളൂ. എല്ലാവരോടും വളരെ സൗമ്യമായിട്ടാണ് പെരുമാറ്റം. ജീവനക്കാര്‍ക്കെല്ലാം അദ്ദേഹത്തെ ഇഷ്ടമാണ്. മുന്‍പുണ്ടായിരുന്ന വിശ്വനാഥന്‍ വളരെ കണിശക്കാരനായിരുന്നു. കര്‍ശനമായ നിയന്ത്രണങ്ങളും അച്ചടക്കവും വേണമെന്ന നിര്‍ബന്ധക്കാരനായിരുന്നു. പറഞ്ഞ ജോലി കൃത്യ സമയത്തു പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അയാള്‍ കോപാകുലനാകും.
രാജന്‍ വന്നതോടെ ആഫീസ് ആകെ മാറി. ജീവനക്കാര്‍ ഇത് മുതലെടുക്കാനും തുടങ്ങി.
''ആ റിപ്പോര്‍ട്ട് പൂര്‍ത്തിയായോ?'' രാജന്‍ മടിച്ചുമടിച്ച് ശബ്ദം താഴ്ത്തി ചോദിച്ചു.
''സര്‍, അത് തീരാറായിരിക്കുകയാണ്. നാളത്തന്നെ അയയ്ക്കാം. എനിക്ക് വളരെ അത്യാവശ്യമായതു കൊണ്ടാണ് ഇപ്പോള്‍ പോകുന്നത്.'' അനുവാദം കൊടുത്തില്ലെങ്കിലും പോകാന്‍ തീരുമാനിച്ച മട്ടിലാണ് അയാളുടെ സംസാരം. റിപ്പോര്‍ട്ട് തന്നതിന് ശേഷം പോയാല്‍ മതിയെന്ന് കര്‍ശനമായി പറയണമെന്നുണ്ട്. പക്ഷെ അത് പറയാന്‍ മനസനുവദിക്കാത്തതുകൊണ്ട് മനസില്ലാമനസ്സോടെ അനുവാദം കൊടുത്തു. റിപ്പോര്‍ട്ട് ഇന്നു തന്നെ കൊടുക്കണമെന്നാവശ്യപ്പെട്ട് മേലാഫീസില്‍ നിന്നും ഫോണ്‍ വന്നപ്പോള്‍ രാജന്‍ നേരിട്ട് സെക്ഷനില്‍ ചെന്ന് നോക്കി. രമേശന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് മനസിലായപ്പോള്‍ നേരത്തെ പോകാന്‍ അനുവാദം നല്‍കിയതില്‍ ദു:ഖം തോന്നി.
ഓഫീസിലെ മറ്റുള്ളവരുടെ സഹായത്തോടെ രാത്രി ഏഴുമണി വരെ ഇരുന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കി അയച്ചത്.
ഇത്തരം സംഭവങ്ങള്‍ പലപ്പോഴും നാം കാണാറുണ്ട്. തന്റെ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നതില്‍ പരാജയപ്പെടുന്നു. ജീവനക്കാരെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ കഴിയാതെ പോകുന്നു. ജീവനക്കാരോട് നോ പറയാന്‍ തന്റേടമില്ല.
അതേ സമയം വിശ്വനാഥനാണെങ്കില്‍ നേരെ വിപരീതമായ സ്വഭാവമാണ്. അയാള്‍ തന്നെ കീഴ് ജീവനക്കാരെ ഭയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തി. രണ്ടുപേരും മറ്റുള്ളവരുടെ ബഹുമാനം ആര്‍ജ്ജിക്കുന്നതില്‍ പരാജയപ്പെട്ടു. അസ്സെര്‍ട്ടീവ് ആയ പെരുമാറ്റം കാഴ്ചവയ്ക്കാന്‍ അവര്‍ക്കായില്ല.

നിങ്ങളുടെ കടമകള്‍ ശരിയായി നിര്‍വഹിക്കുന്നതിനും ജീവിതത്തില്‍ വിജയം വരിക്കുന്നതിനും അസ്സര്‍ട്ടീവ് ആയ പെരുമാറ്റം അനിവാര്യമാണ് എന്ന കാര്യം മറക്കാതിരിക്കുക.
ജോണ്‍ മുഴുത്തേറ്റിന്റെ ജീവിത വിജയത്തിന് മന:ശാസ്ത്രമന്ത്രങ്ങള്‍ എന്ന പുസ്തകത്തിലെ 24ാം അധ്യായത്തിന്റെ സംഗ്രഹം.
പ്രസാധകര്‍: സി.എസ്.എസ്. ബുക്‌സ്. വില: 200 രൂപ