കൊറോണ കാലത്തും ആസ്തിയില്‍ വന്‍ വര്‍ധനവ്; ഈ ബിസിനസുകാര്‍ പഠിപ്പിക്കുന്നു ചില പാഠങ്ങള്‍

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോളിസി സ്റ്റഡീസിന്റെ (ഐപിഎസ്) റിപ്പോര്‍ട്ട് അനുസരിച്ച് കോവിഡ് മഹാമാരിയിലും ആസ്തിയില്‍ വന്‍ വര്‍ധനവ് നേടിയിരിക്കുകയാണ് ആമസോണ്‍ ഡോട്ട് കോം സ്ഥാപകന്‍ ജെഫ് ബെസോസും ടെസ്ല ഇന്‍കോര്‍പ്പറേഷന്‍ മേധാവി ഇലോണ്‍ മസ്‌കും സൂം സ്ഥാപകന്‍ എറിക് യുവാനും. ഇവരുടെ ആകെ സമ്പത്ത് കൊറോണ ലോക്ഡൗണ്‍ വന്നതിനു ശേഷം 10 ശതമാനം വര്‍ധിച്ചതായാണ് ഐപിഎസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. 22 ദശലക്ഷം അമേരിക്കക്കാര്‍ തൊഴിലില്ലായ്മ നേരിടുന്ന സമയത്താണ് ഈ ധനികരുടെ സമ്പത്ത് കുതിച്ചുയര്‍ന്നതെന്നതാണ് ലോകമെമ്പാടുമുള്ള സാമ്പത്തിക നിരീക്ഷകരെ പോലും അതിശയിപ്പിക്കുന്നത്.

ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുമ്പോഴും, വീഡിയോ കോണ്‍ഫറന്‍സിംഗിന്റെയും വര്‍ക്ക് ഫ്രം ഹോമിനായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യയുടെ ഉപയോഗത്തില്‍ ഉണ്ടായ കുതിച്ചുചാട്ടവും സൂം പോലുള്ള കമ്പനികളുടെ ഓഹരികള്‍ കുതിച്ചുയര്‍ന്നതിനു കാരണമായി. ഇവയില്‍ നിക്ഷേപം നടത്തിയിട്ടുള്ളവരുടെ മൊത്തം ആസ്തിയും വര്‍ധിച്ചു. ഈ വര്‍ഷം ജനുവരി 1 മുതല്‍ ഏപ്രില്‍ 10 വരെയുള്ള കാലയളവില്‍ രാജ്യത്തെ സമ്പന്നരായ ശതകോടീശ്വരന്മാരില്‍ 34 പേരുടെ ആസ്തി പതിനായിരക്കണക്കിന് ഡോളര്‍ വര്‍ധിച്ചിരിക്കുകയാണെന്ന് ഐപിഎസ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നു.

ഐപിഎസ് റിപ്പോര്‍ട്ട് അനുസരിച്ച്, ബെസോസ്, സൂം വീഡിയോ കമ്മ്യൂണിക്കേഷന്‍സ് സ്ഥാപകന്‍ എറിക് യുവാന്‍, മസ്‌ക് എന്നിവരുള്‍പ്പെടെ എട്ട് ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തിയില്‍ ഒരു ബില്യണ്‍ ഡോളര്‍ വര്‍ധനവുണ്ടായി. ടെസ്ല ഓഹരികളില്‍ 18.5 ശതമാനം ഓഹരികള്‍ ഇലോണ്‍ മസ്‌കിന് സ്വന്തമാണ്. ഈ വര്‍ഷം തുടക്കം മുതല്‍ ടെസ്ലയുടെ ഓഹരി മൂല്യം 73 ശതമാനത്തിലധികം ഉയര്‍ന്നു.

ആമസോണിന്റെ അവശ്യസാധനങ്ങളുടെയും മറ്റും ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ വര്‍ദ്ധിച്ചതിനാല്‍ ഈ വര്‍ഷം ഏകദേശം 31% നേട്ടമുണ്ടാക്കി ആമസോണ്‍ ഓഹരികള്‍. അത്തരത്തില്‍ ജെഫിന് 15.1% ഓഹരികളുടെ അവകാശം ലഭിച്ചു.

ഇവര്‍ പഠിപ്പിക്കുന്ന പാഠങ്ങള്‍

  • തങ്ങളുടെ ബിസിനസ് നേരത്തെ ഡിജിറ്റലാക്കി
  • ഭാവിയിലെ ബിസിനസ് മുന്‍കൂട്ടി പഠിച്ച് അതില്‍ നിക്ഷേപമിറക്കി
  • പ്രതിസന്ധികളിലെ അവസരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി
  • ചെറിയ നഷ്ടങ്ങളില്‍ തളര്‍ന്നില്ല
  • നഷ്ടങ്ങള്‍ സംഭവിച്ചപ്പോഴും ദീര്‍ഘകാല നിക്ഷേപങ്ങള്‍ കുറച്ചില്ല
  • ഉപഭോക്താക്കള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ പ്രയോജനപ്പെടുത്താവുന്ന സേവനം നല്‍കി
  • ലൈഫ് സിംപിള്‍ ആക്കാനുള്ള ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു.
  • എല്ലാ പ്രതിസന്ധിയിലും സേവനങ്ങള്‍ നല്‍കുന്ന തരത്തില്‍ ബിസിനസിനെ സജ്ജമാക്കി.
  • ശുഭാപ്തി വിശ്വാസത്തോടെ മുന്നേറി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it