മൂന്ന് അമേരിക്കന്‍ പ്രസിഡന്റുമാരുടെ കീഴില്‍ പ്രവര്‍ത്തിച്ച മലയാളിയുടെ ലീഡര്‍ഷിപ്പ് പാഠങ്ങള്‍

ഒരു മികച്ച നേതാവ് എങ്ങനെ വാര്‍ത്തെടുക്കപ്പെടുന്നു? റൊണാള്‍ഡ് റീഗന്‍, ജോ ര്‍ജ് ബുഷ്, ബില്‍ ക്ലിന്റണ്‍ എന്നിവരുടെ കീഴില്‍ അമേരിക്കയില്‍ ഉന്നത പദവിയിലിരുന്ന ഡോ. ജോയ് ചെറിയാന്‍ വര്‍ഷങ്ങള്‍ നീണ്ട അനുഭവജ്ഞാനത്തിന്റെയും നിരീ ക്ഷണത്തിന്റെയും വെളിച്ചത്തില്‍ തയാറാക്കിയ പ്രബന്ധത്തിന്റെ സംക്ഷിപ്ത രൂപം

കാലാകാലങ്ങളായി അനേകം പേര്‍ എന്നോട് ചോദിക്കുന്ന ഒന്നാണ്, എന്താണ് സാമുദായിക നേതൃത്വത്തിന്റെ പാഠങ്ങള്‍ എന്ന്? എന്തുകൊണ്ട് എന്നോട് എന്ന് പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ട്. ഞാനൊരിക്കലും സാമുദായിക നേതാവായി ചിന്തിച്ചിട്ടില്ല. എന്നാല്‍ എന്റെ പേരക്കുട്ടികളെയും ഭാവിതലമുറയേയും പറ്റി ചിന്തിക്കുമ്പോള്‍ തോന്നുകയാണ് ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിനും, ഏഷ്യന്‍ അമേരിക്കന്‍ സമൂഹത്തിനും ഇത്രയുംകാലം ഞാന്‍ ചെയ്ത സേവനങ്ങളെക്കുറിച്ച് പങ്കുവെക്കുന്നത് ഉപകാരപ്രദമാകുമെന്ന്. ഇക്കാലത്തിനിടയില്‍ ജീവിതത്തിന്റെ വിവിധ തുറകളില്‍പ്പെട്ട പ്രമുഖരായ നിരവധി ആളുകളുമായി ജോലി ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്, ഇത്തരം ആളുകള്‍ എന്നില്‍ ചെലുത്തിയ സ്വാധീനമാണ് എന്റെയുള്ളിലെ നേതാവിനെ പുറത്തുകൊണ്ടുവന്നത്. നല്ലതുപോലെ പാചകം ചെയ്യാന്‍ നിങ്ങള്‍ വലിയ ഷെഫ് ആകണമെന്നില്ല. അതുപോലെ തന്നെ നേതൃത്വത്തിന്റെ വലിയ ഉദാഹരണങ്ങളെക്കുറിച്ച് അറിയാന്‍ വലിയ നേതാവ് ആകേ ആവശ്യമില്ല. ഈ ഒരു ആശയം മനസില്‍വെച്ചുകൊാണ് ഇത്തരം വലിയ നേതാക്കന്മാരുമായി ചേര്‍ന്ന് ജോലി ചെയ്തപ്പോള്‍ എനിക്കുണ്ടായ അനുഭവങ്ങളും അതില്‍ നിന്ന് ഞാന്‍ പഠിച്ച പാഠങ്ങളും നിങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്.

ഒരു തിരിഞ്ഞുനോട്ടം: വിദ്യാര്‍ത്ഥി ജീവിതത്തിലെ ഓര്‍മകളും ചെറുപ്പകാലത്തെ പ്രവര്‍ത്തനങ്ങളും സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് എന്റെ അച്ഛനും അധ്യാപകരും, മുതിര്‍ന്നവരും എന്നെ പാഠ്യേതര വിഷയങ്ങളില്‍ പങ്കാളിയാകാന്‍ പ്രോല്‍സാഹിപ്പിച്ചിരുന്നു. അവരുടെ പിന്തുണയോടെ ഞാന്‍ നിരവധി സംസ്ഥാനതല നേതൃത്വ പരിശീലന ക്യാംപുകളിലും സ്‌കൂള്‍തല പ്രസംഗ മല്‍സരങ്ങളിലും യുവജനോല്‍സവങ്ങളിലും യുവജനങ്ങള്‍ക്കുവേിയുള്ള പ്രവര്‍ത്തനങ്ങളിലും പങ്കാളി ആയിട്ടുണ്ട്.

ഇത്തരം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നിരവധി അധ്യാപകരുടെയും മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെയും നേതൃത്വപാടവത്തെക്കുറിച്ച് നിരീക്ഷിക്കാനും പഠിക്കാ
നും അവസരം നല്‍കി. ഇത്തരത്തില്‍ എനിക്ക് ലഭിച്ച പ്രചോദനമാണ് സ്‌കൂള്‍ ഇലക്ഷനുകളില്‍ നില്‍ക്കാന്‍ പ്രേരിപ്പിച്ചതും ആദ്യം മിഡില്‍ സ്‌കൂള്‍ സ്റ്റുഡന്റ് അസോസിയേഷന്റെയും ഹൈസ്‌കൂള്‍ സ്റ്റുഡന്റ് അസോസിയേഷന്റെയും നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ധൈര്യം തന്നതും. ഒരു അഭിഭാഷകന്‍ ആയതിനുശേഷവും നേതൃത്വപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി കൂട്ടായ്മകളുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ ഞാന്‍ തല്‍പ്പരനായിരുന്നു.

1967ല്‍ അമേരിക്കയില്‍ എത്തിയശേഷവും ബിരുദവിദ്യാര്‍ത്ഥി എന്ന നിലയില്‍ ഞാന്‍ കഠിനപ്രയത്‌നങ്ങള്‍ നടത്തി. കലാലയത്തിലെ വിദ്യാര്‍ത്ഥി കൂട്ടായ്മകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ സമയം കണ്ടെത്തി. അതോടൊപ്പം യൂണിവേഴ്‌സിറ്റി തലത്തിലുള്ള, 'ദ ഫോറിന്‍ സ്റ്റുഡന്റ് കൗണ്‍സില്‍' എന്ന സംഘടനയിലും ഞാന്‍ പ്രവര്‍ത്തിച്ചു.

ഒരിക്കല്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ നേതൃത്വത്തെക്കുറിച്ച് സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ ഒരു പ്രാസംഗികന്‍ പറയുന്നതു കേട്ടു: 'നേതാക്കന്മാര്‍ ജനിക്കുകയാണ്, അല്ലാതെ സൃഷ്ടിക്കപ്പെടുകയല്ല'. അതെന്നെ അല്‍ഭുതപ്പെടുത്തി. എനിക്കതിനോട് യോജിക്കാന്‍ കഴിഞ്ഞില്ല. കാരണം എന്റെ നിരീക്ഷണങ്ങള്‍ എന്നെ പഠിപ്പിച്ചത് വ്യത്യസ്തമായ കാഴ്ചപ്പാടാണ്.യാതൊരുവിധ നേതൃത്വപശ്ചാത്തലവും അവകാശപ്പെടാനില്ലാത്ത കുടുംബങ്ങളില്‍ നിന്നു വന്ന നിരവധി നേതാക്കന്മാരെ ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. അവരൊക്കെ അര്‍ത്ഥവത്തായ സ്വാധീനങ്ങള്‍ നേതൃത്വമേഖലയില്‍ ചെലുത്തിയിട്ടുണ്ട്. മറ്റൊരവസരത്തില്‍ ഒരു യുവജന സമ്മേളനത്തില്‍ പ്രാസംഗികന്‍ പറയുന്നത് കേട്ടു: ''നിരവധി ആളുകളില്‍ ഉറങ്ങിക്കിടക്കുന്ന നേതൃത്വപാടവമുണ്ട്. സാഹചര്യം സംജാതമാകുമ്പോള്‍ ഇത്തരം കഴിവുകള്‍ പുറത്തുവരും.'' കഴിഞ്ഞ നാളുകളില്‍ ചില നേതാക്കന്മാരുടെ അസാമാന്യമായ കഴിവുകള്‍ എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. 1980 കളുടെ മധ്യത്തില്‍ ഏഷ്യന്‍ അമേരിക്കന്‍ അസോസിയേഷനിലെ നേതാക്കള്‍ വ്യത്യസ്ത സമൂഹത്തില്‍പ്പെട്ട ജനങ്ങളെ ഏകോപിപ്പിച്ചു. അവര്‍ അതിലെ അംഗങ്ങള്‍ക്കായി ദീര്‍ഘകാല സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്തുകയും രാഷ്ട്രീയ ബന്ധങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. വ്യക്തി താല്‍പ്പര്യങ്ങളെ സാമുദായിക താല്‍പ്പര്യങ്ങള്‍ക്കായി ബലി നല്‍കി, ജനനന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ തല്‍പ്പരരായ ഈ നേതാക്കന്മാരുടെ പ്രവര്‍ത്തനങ്ങളെ ആദരവോടുകൂടി മാത്രമേ കാണാനാകൂ. ഐക്യത്തോടെയും ആത്മാര്‍ത്ഥതയോടെയുമുള്ള അവരുടെ ക്രാന്തദര്‍ശിയായ നേതൃത്വഗുണത്തെ അഭിമാനപൂര്‍വം ഞാന്‍ വന്ദിക്കുന്നു.

സ്തുത്യര്‍ഹമായ നേതൃത്വ ഗുണങ്ങള്‍

നിരവധി സാമുദായിക നേതാക്കന്മാരുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയുംകുറിച്ച് ചിന്തിക്കുമ്പോള്‍ അവര്‍ പ്രകടിപ്പിച്ച ചില നേതൃത്വഗുണങ്ങളും കഴിവുകളും മനസ്സിലേക്കോടിയെത്തുന്നു.

അര്‍പ്പണബോധവും ദൃഢനിശ്ചയവും: സാമുദായിക സംഘടനകളുടെ ലക്ഷ്യങ്ങള്‍ നേടാനായി ഏതൊരു സാമൂഹിക നേതാവും അര്‍പ്പണബുദ്ധിയോടുകൂടി പ്രവര്‍ത്തിക്കണം. ഈ പ്രക്രിയയ്ക്കിടയില്‍ ശ്രദ്ധ മറ്റൊരു ദിശയിലേക്കും വഴിമാറി പോകാതെ മനസ് ഒറ്റ ലക്ഷ്യത്തില്‍ തന്നെ ഉറച്ചുനില്‍ക്കണം.

അനുയായിയെന്ന നിലയിലുള്ള അനുഭവങ്ങള്‍: വിജയികളായ നേതാക്കന്മാരുടെ ജീവിതകഥകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍, നിങ്ങള്‍ക്ക് വളരെ രസകരമായ ഒരു പൊതുഘടകം കണ്ടെത്താം. ഇവരെല്ലാവരും മുതിര്‍ന്നവരുടെയും അധ്യാപകരുടെയും നേതാക്കളുടെയുമൊക്കെ മികച്ച അനുയായികളാണ്. ഇപ്രകാരം ആത്മാര്‍ത്ഥതയുള്ള അനുയായികളായി നിന്നുകൊണ്ട് അവര്‍ പഠിച്ച പാഠങ്ങളാണ് മറ്റുള്ളവരുടെ ആവശ്യങ്ങള്‍ മനസിലാക്കാനും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനും അവരെ പ്രാപ്തരാക്കിയത്. വിശ്വസ്തനായ ഒരു അനുയായി സ്ഥാനമാനങ്ങള്‍ക്കുവേണ്ടി തന്റെ സംഘടനാനേതാക്കളെ താഴ്ത്തിക്കെട്ടുകയില്ല.

വിജയലക്ഷ്യങ്ങള്‍: പൊതുവായി പറഞ്ഞാല്‍ എല്ലാ സംഘടനകള്‍ക്കും അവരുടേതായ ആഗ്രഹങ്ങളും ലക്ഷ്യങ്ങളുമുണ്ട്. ഇവ പൂര്‍ത്തീകരിക്കാന്‍ കൂടെയുള്ള ഭാരവാഹികളുമായി അനുയോജ്യമായ കാര്യപരിപാടികള്‍ വിഭാവനം ചെയ്യണം. സംഘടനാപ്രവര്‍ത്തനം വളരെ ആലോചിച്ച് വിഭാവനം ചെയ്ത ലക്ഷ്യങ്ങളുമായി ചേര്‍ന്നുനില്‍ക്കണം. നിശ്ചിത ലക്ഷ്യമില്ലാത്ത സംഘടന കെട്ടുപൊട്ടിയ പട്ടംപോലെയാണ്.

കുറ്റമറ്റതും പ്രചോദനപരവുമായ സത്യസന്ധത: ഒരു നല്ല നേതാവിന് വേണ്ട അവശ്യ ഗുണമാണ് സത്യസന്ധത. ഔന്നത്യവും സ്വഭാവഗുണവും ഒത്തുചേര്‍ന്ന ഒരു നേതാവ് ആദര്‍ശവും കൃത്യനിഷ്ഠയും ഉത്തരവാദിത്തവും ഉള്ള ആളായിരിക്കും. ഇതോടൊപ്പം ഇത്തരം മാതൃകാ നേതാക്കന്മാര്‍ സത്യസന്ധവും എളിമ നിറഞ്ഞതുമായ മൂല്യങ്ങള്‍ മുറുകെ പിടിക്കുകയും അഴിമതി പോലെയുള്ള പ്രവണതകളെ ചെറുക്കുകയും ചെയ്യും. സത്യസന്ധതയും എളിമയും പോലുള്ള മൂല്യങ്ങളാണ് ഒരു നേതാവിനെ വിശ്വസ്തനാക്കുന്നത്. ഇത് അദ്ദേഹത്തോട് അസൂയ നിറഞ്ഞ ആദരവ് തോന്നാന്‍ പ്രേരിപ്പിക്കും.

ക്ഷമയോടുകൂടിയുള്ള പാഷന്‍: സംഘടനയുടെ ദൗത്യം നേടിയെടുക്കാന്‍ ഒരു നേതാവിന് സ്വാഭാവികമായ താല്‍പ്പര്യം ഉണ്ടാവണം. ഒരു പ്രമുഖ സ്ഥാപനത്തിന്റെ തലപ്പത്ത് എത്താനോ മേധാവിയാകാനോ വേണ്ടി എന്തും ചെയ്യുന്ന പലരെയും നമ്മള്‍ കണ്ടിട്ടുണ്ട്. ഇത്തരം വ്യക്തികളുടെ ഒരേയൊരു ലക്ഷ്യം സമുദായത്തിന്റെ അംഗീകാരം നേടുകയോ അല്ലെങ്കില്‍ പത്രങ്ങളില്‍ ഇടംനേടുന്നതു വഴി വ്യക്തിഗത നേട്ടങ്ങള്‍ ഉണ്ടാക്കുകയോ ആണ്. ഇത്തരം നേതാക്കന്മാര്‍ പദവി രാജിവെച്ച്, സംഘടനയുടെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍, തക്ക നേതൃത്വഗുണമുള്ള വ്യക്തികളെ തെരഞ്ഞെടുക്കാന്‍ സഹായിക്കണം എന്നാണ് എന്റെ ഉപദേശം. സംഘടനയ്ക്കുവേണ്ടി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കാന്‍ തയാറുള്ള ഏതൊരു നേതാവിനും വേണ്ട മറ്റൊരു ഗുണമാണ് ക്ഷമാശീലം.

അക്ഷീണ പരിശ്രമം: നിരന്തര പരിശ്രമത്തിലൂടെ ഏതൊരു കഠിനമായ സാഹചര്യത്തെയും നേതൃസ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് മറികടക്കാനാകും. നേതാവ് സംഘടനയുടെ ലക്ഷ്യപ്രാപ്തിക്കായി വിവേകപൂര്‍ണമായ നിര്‍ബന്ധബുദ്ധിയോടെ മുന്നേറണം.

പ്രായോഗികമായ സമീപനം: ഏത് സംരംഭവും ഏറ്റെടുക്കുന്ന നേതാവ് നേതൃത്വപരമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുവാന്‍ പ്രായോഗികമായ സമീപനം സ്വീകരിക്കണം. അയഥാര്‍ത്ഥമായ ലക്ഷ്യങ്ങള്‍ ഒരിക്കലും ഒരു നേതാവ് ഏറ്റെടുക്കരുത്. പ്രായോഗിക ബുദ്ധിയുള്ള നേതാവ് സംഘടനയുടെ ലക്ഷ്യങ്ങള്‍ പ്രശംസനീയമായ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ എപ്പോഴും പ്രാവര്‍ത്തികമാകുന്ന പദ്ധതിയുമായിട്ടായിരിക്കും നീങ്ങുന്നത്. പ്രായോഗിക ജ്ഞാനമുള്ളവരുടെ ഉപദേശം ഇവര്‍ സ്വീകരിക്കും.

പബ്ലിക് റിലേഷന്‍സ്: സംഘടനയിലെ എല്ലാ അംഗങ്ങളോടും, ജീവനക്കാരോടും തല്‍പ്പര കക്ഷികളോടും പൊതുസമൂഹത്തോടും ഒരു സുസ്ഥിര ബന്ധം വളര്‍ത്തിയെടുക്കേത് സാമുദായിക നേതൃത്വപദവിയില്‍ വിജയം കൈവരിക്കാന്‍ ആഗ്രഹിക്കുന്ന നേതാവിന് വേണ്ട അവശ്യ ഗുണങ്ങളില്‍ ഒന്നാണ്. സഹപ്രവര്‍ത്തകരുമായി ഇടപഴകാന്‍ താല്‍പ്പര്യമില്ലാത്ത ഏതൊരു വ്യക്തിയും സാമുദായിക നേതൃത്വപദവികള്‍ക്ക് അയോഗ്യനാണ്. ഒരു നല്ല നേതാവ് അംഗങ്ങളുടെ ഇടയിലേക്കിറങ്ങി അവരുടെ മനസും ആത്മാവും ഒരുപോലെ സ്പര്‍ശിക്കും. ഊര്‍ജസ്വലനായ നേതാവ് വ്യക്തികളും സമൂഹവും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധം വളര്‍ത്തിയെടുക്കാനും സ്ഥാപിക്കാനും എപ്പോഴും പുതിയ വഴികളും രീതികളും കെണ്ടത്തും.

സേവനതല്‍പ്പരമായ മനസ്: സംഘടനയുടെയും അംഗങ്ങളുടെയും നന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന ഒരു നേതാവിന് സേവനതല്‍പ്പരമായ മനസ് അത്യന്താപേക്ഷിതമാണ്. സ്തുത്യര്‍ഹമായ സംഭാവനകള്‍ സമൂഹത്തിന് ചെയ്ത ഏതൊരു പ്രമുഖ സമുദായിക നേതാവിന്റെയും പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ സേവനതല്‍പ്പരമായ മനസാണ് അതിന്റെ പിന്നിലെന്ന് വ്യക്തമാണ്.

പ്രമുഖ സാമുദായിക സംഘടനകളുടെ മുഖ്യ കസേരയിലെത്താന്‍ ബിസിനസിലോ തൊഴിലിലോ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുള്ള വ്യക്തികള്‍ കടന്നുവരുന്നത് നമ്മള്‍ കാണാറുണ്ട്. വ്യക്തിപരമായ പ്രാമുഖ്യം നേടുക എന്നതാണ് ഇത്തരം സമ്പന്നരായ വ്യക്തികളുടെ മുഖ്യ ലക്ഷ്യം. ഇത്തരം നേതാക്കന്മാര്‍ സമ്പന്നരായിരിക്കും, പക്ഷേ സേവന തല്‍പ്പരര്‍ ആയിരിക്കില്ല. മാധ്യമങ്ങളുടെ ശ്രദ്ധ നേടാനായിരിക്കും ഇവരുടെ ആഗ്രഹം.ഇത്തരക്കാരെ നേതൃസ്ഥാനത്തിരിക്കാന്‍ അനുവദിക്കുന്ന സംഘടനകള്‍ കാലാന്തരത്തില്‍ ദുര്‍ബലമായി, നശിക്കുന്നു. അതുകൊണ്ടുതന്നെ സമുദായ സംഘടനകളിലെ അംഗങ്ങള്‍, സംഘടനയുടെ തലപ്പത്തേക്ക് സേവനതല്‍പ്പരരായ വ്യക്തികളെ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

മഹത്തരമായതിനുവേണ്ടിയുള്ള പ്രയത്‌നം: മാതൃകാ നേതാവ് എപ്പോഴും തന്റെ പ്രവര്‍ത്തനങ്ങള്‍ സംഘടനയ്ക്ക് മികച്ച ഗുണഫലങ്ങള്‍ നേടുന്നതിനായി കേന്ദ്രീകരിക്കും. ചുരുക്കത്തില്‍ ഉല്‍കൃഷ്ടമായതിനുവേണ്ടിയുള്ള നിരന്തര പ്രയത്‌നം ആയിരിക്കും അയാളുടെ ജീവിതം. ഇത്തരത്തിലുള്ളവര്‍ സ്വന്തമായി ഒരു വികസന മണ്ഡലം സൃഷ്ടിക്കുകയും അത് അവരുടെ അനുയായികളുമായി പങ്കുവെക്കുകയും ചെയ്യും. ഇത്തരത്തിലുള്ള യഥാര്‍ത്ഥ നേതാക്കന്മാര്‍ മറ്റ് പരാജയപ്പെട്ട നേതാക്കന്മാരുടെ കര്‍മ്മങ്ങള്‍ക്കു മുകളില്‍ തങ്ങളുടെ വിജയം കെട്ടിപ്പടുക്കും.

കൂട്ടായ്മ സൃഷ്ടിക്കല്‍: ഐക്യമുള്ള ഒരു കൂട്ടായ്മ സൃഷ്ടിക്കുക എന്നുള്ളതാണ് സംഘടനാ നേതാവിന് വേണ്ട മറ്റൊരു ഗുണം. അനുയായികളെ ഒരു പൊതുമണ്ഡലത്തിലേക്ക് എത്തിക്കാനുള്ള പദ്ധതികള്‍ എപ്പോഴും ഒരു നേതാവ് ആവിഷ്‌ക്കരിക്കണം. എങ്ങനെയാണ് അയാളത് നേടിയെടുക്കുക? വിജയികളായ നേതാക്കന്മാര്‍ ആവിഷ്‌കരിച്ച തന്ത്രങ്ങളില്‍ നിന്നും, കര്‍മപഥങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. സംഘടനയുടെ വിജയത്തിന്റെ കീര്‍ത്തി നേതാവ് ഒറ്റയ്ക്ക് സ്വന്തമാക്കുകയില്ല.

ഒരു നല്ല ടീം - ബില്‍ഡറിന് സഹപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള സൂക്ഷ്മബോധവും ദയയും വേണം. ഒരു വിജയിയായ നേതാവിന്റെ ശബ്ദം കൂട്ടായ്മയുടെ ഏകകണ്ഠ ശബ്ദമാകണം. ആത്യന്തികമായ ഈ കൂട്ടായ്മ സംഘടനയുടെ ലക്ഷ്യത്തിനായി ഉയര്‍ന്ന ഫലപ്രാപ്തി നേടുന്നു. ഇതിനെ സാധൂകരിക്കുന്ന ഒരു ഉദാഹരണമുണ്ട്.

1980 കളുടെ മധ്യത്തില്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ വൈറ്റ് ഹൗസിലെ ജീവനക്കാര്‍ നാഷണല്‍ ഏഷ്യന്‍, അമേരിക്കന്‍ സംഘടനയിലെ ഒരു പ്രത്യേക കൂട്ടായ പ്രവര്‍ത്തനം ശ്രദ്ധിച്ചു. വൈറ്റ് ഹൗസിലെ അംഗങ്ങള്‍ ഈ സംഘടനാ പ്രസിഡന്റിന്റെ, കൂട്ടായ്മ രൂപീകരിക്കാനുള്ള തന്ത്രങ്ങള്‍ നിരീക്ഷിച്ചു. ഇതു
കൂടാതെ യു.എസ് കോണ്‍ഗ്രസ് നേതാക്കളും ഈ വ്യക്തിയെയും അദ്ദേഹത്തോടൊപ്പം സേവന സന്നദ്ധരായി പ്രവര്‍ത്തിക്കുന്ന സഹപ്രവര്‍ത്തകരെയും വീക്ഷിച്ചു. തുടര്‍ന്ന് ഏഷ്യന്‍, അമേരിക്കന്‍ ഗ്രൂപ്പിന്റെ മേധാവിയായ ഈ വ്യക്തിയെ പ്രസിഡന്റ് റീഗന്‍ തന്നെ സബ്-കാബിനറ്റ് തലത്തില്‍ ദേശീയ കമ്മീഷന്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചു. താമസിയാതെ യു.എസ് സെനറ്റ് അംഗങ്ങള്‍ ഇദ്ദേഹത്തെ ഐക്യകണ്‌ഠേന കമ്മീഷന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. സഹപ്രവര്‍ത്തകര്‍ക്കും അനുയായികള്‍ക്കും വേ പ്രാമുഖ്യം നല്‍കിക്കൊണ്ട് ഏഷ്യന്‍ അമേരിക്കന്‍ സംഘടന നടത്തിയ കൂട്ടായ പ്രവര്‍ത്തനം വൈറ്റ് ഹൗസ് അംഗങ്ങളുടെ മനസില്‍ പതിഞ്ഞു.

ക്രാന്തദര്‍ശിത്വം: ഒരു ആദരണീയനായ നേതാവിന്റെ പ്രത്യേകമായ സ്വഭാവഗുണമാണ് ക്രാന്തദര്‍ശിത്വം. ഇത്തരം നേതാക്കന്മാര്‍ ഭാവിയില്‍ അവര്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെ സാങ്കല്‍പ്പികവും, എന്നാല്‍ പ്രാവര്‍ത്തികവുമായ കാഴ്ചപ്പാടുകളിലൂടെ സമീപിക്കുന്നു. രണ്ട് തരത്തിലുള്ള നേതാക്കന്മാരാണുള്ളത്. 1. പ്രസ്ഥാനത്തിന്റെ സ്രഷ്ടാക്കള്‍, 2. പദ്ധതികളുടെ മേല്‍നോട്ടക്കാര്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളായ നേതാക്കന്മാര്‍ ഇത്തരം ക്രാന്തദര്‍ശിത്വം ഉള്ളവരാണ്. ഏത് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനു മുമ്പും അവര്‍ രണ്ടുവട്ടം ചിന്തിക്കും. പദ്ധതികളുടെ കാര്യക്കാരായ നേതാക്കന്മാര്‍ മറ്റുള്ളവരുടെ മാര്‍ഗദര്‍ശനത്തിലായിരിക്കും മികവോടെ പ്രവര്‍ത്തിക്കുക. ചിന്തകളെ ഉത്തേജിപ്പിക്കാന്‍ ഏകാന്തതയെ ആണ് പ്രസ്ഥാനത്തിന്റെ സ്രഷ്ടാക്കള്‍ കൂട്ടുപിടിക്കുക. അതിലൂടെ അവരുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ പറ്റുന്ന കാഴ്ച്ചപ്പാടുകള്‍ അവര്‍ കണ്ടെത്തുന്നു.

ശ്രീബുദ്ധന്‍ അനുയായികളെ ഏകാന്തമായ ധ്യാനത്തിന്റെ മഹത്വം പഠിപ്പിച്ചു. മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ഗ്രീക്ക് തത്ത്വചിന്തകന്‍ ഡയോജീന്‍സില്‍ നിന്നും ധ്യാനത്തിന്റെ ഉപദേശങ്ങള്‍ സ്വീകരിച്ചിരുന്നു. മഹാത്മാഗാന്ധി, ഏബ്രഹാം ലിങ്കണ്‍, മദര്‍ തെരേസ എന്നിവരും നിശബ്ദമായ പ്രാര്‍ത്ഥനയുടെയും ധ്യാനത്തിന്റെയും മഹത്വം അറിഞ്ഞവരായിരുന്നു. ഇത്തരം ക്രാന്തദര്‍ശികളായ നേതാക്കന്മാരുടെ അനുഭവങ്ങള്‍ വളര്‍ന്നുവരുന്ന യുവതലമുറയ്ക്ക് പ്രചോദനമാണ്.

ലേഖനം 2012 ല്‍ ധനം ബിസിനസ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു വന്നത്.

ഡെയ്‌ലി

ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ

ലഭിക്കാൻ join Dhanam

Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it