ജെഫ് ബെസോസും ഇലോണ്‍ മസ്‌കും നമ്മെ പഠിപ്പിക്കുന്നത്

ഒരാള്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍. മറ്റേയാള്‍ ആകട്ടെ ചൊവ്വാഗ്രഹത്തില്‍ മനുഷ്യരുടെ കോളനി സ്ഥാപിക്കുന്നതുള്‍പ്പടെയുള്ള യജ്ഞങ്ങളുമായി ലോകത്തെ പുതുയുഗത്തിലേക്ക് നയിക്കുന്നയാള്‍. ആമസോണ്‍ സാരഥി ജെഫ് ബെസോസും ടെസ്ല സാരഥി ഇലോണ്‍ മസ്‌കും ലോകത്തിലെ ഏറ്റവും മികച്ച ലീഡര്‍മാരാണ്. 2019ലെ അമേരിക്കയിലെ ഏറ്റവും ഇന്നവേറ്റീവ് ലീഡര്‍മാരുടെ ഫോര്‍ബ്‌സ് പട്ടികയില്‍ ഇവര്‍ രണ്ടുപേരും ഏറ്റവും മുന്നിലെത്തിയതില്‍ അല്‍ഭുതപ്പെടാനില്ല.

ഇവര്‍ രണ്ടുപേരുടെയും നേതൃത്വശൈലികളില്‍ ചില വ്യത്യാസങ്ങളുണ്ട്. അതില്‍ നിന്ന് നമുക്ക് പഠിക്കാന്‍ ഏറെയുണ്ട്. അവരെ ഏറ്റവും മികച്ച ലീഡര്‍മാരാക്കുന്ന ചില ഗുണങ്ങള്‍:

1. ഉപഭോക്താവ് vs ടെക്‌നോളജി

ആമസോണ്‍ സാരഥി ജെഫ് ബെസോസ് നിരന്തരം ഉപഭോക്താവിനായി പുതിയ ഇന്നവേഷന്‍സ് കൊണ്ടുവരുന്നു. കസ്റ്റമര്‍ ഫസ്റ്റ് എന്നതാണ് ആമസോണിന്റെ ശൈലി. ഇതിനായി working backwards എന്ന നയമാണ് ആമസോണ്‍ സ്വീകരിച്ചിരിക്കുന്നത്. അതായത് പിന്നോട്ട് പ്രവര്‍ത്തിക്കുന്നു. ഉപഭോക്താവിന്റെ ആവശ്യത്തില്‍ കേന്ദ്രീകരിച്ച് അതിലേക്ക് എത്താന്‍ പിന്നിലേക്ക് ജോലി ചെയ്യുന്നു.

മസ്‌ക് ഉപഭോക്താവിനെക്കാള്‍ മുന്നേ ചിന്തിക്കുന്നു. ടെക്‌നോളജി ഫസ്റ്റ് എന്ന നയമാണ് സ്വീകരിക്കുന്നത്. അദ്ദേഹത്തിന്റെ രീതിയിതാണ്. ഉപഭോക്താവിന് ഇപ്പോള്‍ വേണ്ടതെന്താണെന്നും പിന്നീട് ആവശ്യമായി വരുന്നതെന്താണെന്നും ഉപഭോക്താവിന് അറിയില്ല, പക്ഷെ തങ്ങള്‍ക്കറിയാം. അതായത് ഉപഭോക്താവ് ഇതുവരെ തനിക്ക് ആവശ്യമാണെന്ന് ചിന്തിച്ചിട്ടില്ലാത്തത് കൊടുക്കാന്‍ കഴിയുന്നു. ഇതേ ശൈലി തന്നെയാണ് സ്റ്റീവ് ജോബ്‌സും പിന്തുടര്‍ന്നിരുന്നത്.

2. പ്രശ്‌നപരിഹാരത്തിന് ഫസ്റ്റ് പ്രിന്‍സിപ്പിള്‍സ് സമീപനം

ടെക്‌നോളജി മാന്‍ എന്ന് വിളിക്കാവുന്ന മസ്‌ക് ഭൗതികശാസ്ത്രത്തിലെ ഫസ്റ്റ് പ്രിന്‍സിപ്പിള്‍സ് നയമാണ് പിന്തുടരുന്നത്. ഇത് ആദ്യമായി ഉപയോഗിച്ചതും പേരിട്ടതും അരിസ്റ്റോട്ടിലാണ്. അസാമാന്യമായ ഒരു പ്രകടനം കാഴ്ചവെക്കുന്നതിനുള്ള പ്രധാന തടസങ്ങളെ ആദ്യം കണ്ടെത്തുന്നു. അവയെ മറികടക്കാനുള്ള എല്ലാ സാധ്യതകളും പരീക്ഷിക്കുന്നു- ഇതാണ് ഫസ്റ്റ് പ്രിന്‍സിപ്പിള്‍ മുന്നോട്ടുവെക്കുന്നത്. ഇത്തരത്തില്‍ വെല്ലുവിളികളെ തിരിച്ചറിഞ്ഞ് ആരും ചിന്തിക്കാത്ത മാര്‍ഗങ്ങളിലൂടെയും സാങ്കേതികവിദ്യകളിലൂടെയും അവയെ അതിജീവിക്കുന്നു.

3. ലക്ഷ്യം ആശയവിനിമയം നടത്തുന്ന രീതി

ബെസോസ് തന്റെ സംരംഭത്തിന്റെ വിഷന്‍, ഗോള്‍ എന്നിവയെക്കുറിച്ച് കാര്യമായി സംസാരിക്കാറില്ല. എന്നാല്‍ മസ്‌ക് അവ ധൈര്യത്തോടെ ലോകത്തോട് വിളിച്ചുപറയുന്നു. ഇരുവരുടെയും വ്യക്തിത്വത്തിന്റെ പ്രത്യേകതകള്‍ കൊണ്ടാണോ ഇങ്ങനെയെന്ന് നമുക്ക് തോന്നാം. രണ്ടുപേര്‍ക്കും അവരുടേതായ ഉദ്ദേശ്യങ്ങളുണ്ട് ഇതിനുപിന്നില്‍. ബെസോസിന് തന്റെ ലക്ഷ്യങ്ങളൊന്നും ലോകത്തോട് പറയേണ്ടതില്ല. അദ്ദേഹത്തിന് അത് എതിരാളികള്‍ക്കും മുമ്പേ നടപ്പാക്കിയാല്‍ മതി. അതുകൊണ്ടുതന്നെ ഉല്‍പ്പന്നം അവതരിപ്പിക്കും മുമ്പ് ബെസോസ് അത് പറയാറില്ല.

എന്നാല്‍ ഇലോണ്‍ മസ്‌ക് ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകളാണ് കൊണ്ടുവരുന്നത്. ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ കിട്ടാനും ഭാവിയിലേക്കുള്ള ഉപഭോക്താക്കളെ കിട്ടാനും വേണ്ടി അദ്ദേഹം അത് നേരത്തെ തന്നെ പ്രഖ്യാപിക്കുന്നു. ധനസമാഹരണത്തിനും മനുഷ്യമൂലധനം ആകര്‍ഷിക്കാനുമൊക്കെ ഈ രീതി അദ്ദേഹത്തെ സഹായിക്കുന്നു.

4. ആമയും മുയലും പോലെ

ബെസോസ് തന്റെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ വളരെ ശ്രദ്ധിച്ച്, ക്ഷമയോടെ ഒരു ചുവടിന് പിന്നാലെ അടുത്ത ചുവട് വെച്ചാണ് സാക്ഷാല്‍ക്കരിക്കുന്നത്. ഓരോ ചുവടിലും അടുത്ത ചുവടിനുള്ള അടിത്തറയിട്ട് മുന്നോട്ടുപോകുന്നു.

എന്നാല്‍ മസ്‌കിന്റെ രീതി ഒരു വലിയ എടുത്തുചാട്ടമാണ്. ലോകം മുഴുവന്‍ എത്രയും വേഗത്തില്‍ ഇലക്ട്രിക് കാറുകളിലേക്ക് മാറുകയെന്നതായിരുന്നു ടെസ്ല ആരംഭിക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ ലക്ഷ്യം. അത് ഗതാഗതമേഖലയില്‍ എത്ര വലിയൊരു വിപ്ലവത്തിനാണ് തുടക്കം കുറിച്ചത്. മസ്‌കിന് തന്റെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കണമെങ്കില്‍ അത്തരമൊരു എടുത്തുചാട്ടം അനിവാര്യമാണ്.

5. ഉത്തരവാദിത്തം നല്‍കുമ്പോള്‍

കമ്പനി മീറ്റിംഗുകളില്‍ അവസാനം സംസാരിക്കുന്ന വ്യക്തി ബെസോസ് ആണ്. മറ്റുള്ളവര്‍ പറയുന്നത് അദ്ദേഹം ശ്രവിക്കുന്നു. അവരുടെ ആശയത്തോട് യോജിക്കുന്നില്ലെങ്കില്‍ക്കൂടി ആ വഴി പോകാന്‍ അവരെ അദ്ദേഹം അനുവദിക്കും. ''നിങ്ങള്‍ കാര്യങ്ങള്‍ നിര്‍ണ്ണയിക്കാന്‍ വളരെ കഴിവുള്ള വ്യക്തിയാണ്. പോകൂ, അത് ശ്രമിച്ചുനോക്കൂ' എന്നാണ് ബെസോസ് പറയുന്നത്. ഉത്തരവാദിത്തങ്ങള്‍ വീതിച്ച് കൊടുക്കുന്നതിലും ജീവനക്കാരെ ശാക്തീകരിക്കുന്നതിലും ബെസോസ് മുന്നിലാണ്.

ഇതിന് വിരുദ്ധമാണ് മസ്‌കിന്റെ നിലപാടുകള്‍. ഫസ്റ്റ് പ്രിന്‍സിപ്പിള്‍ നയത്തില്‍ വിശ്വസിക്കുന്ന മസ്‌കിനെ ആ വഴിയിലൂടെ മാത്രമേ നിങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിക്കൊടുക്കാനാകൂ. ഇവിടെ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവ്വമുള്ളതുമാണ്. കമ്പനിയുടെ റോക്കറ്റ് ശരിയായ രീതിയില്‍ പോയില്ലെങ്കില്‍ കാര്‍ നന്നായി ഡ്രൈവ് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ ആളുകള്‍ മരിക്കാം. അതുകൊണ്ടുതന്നെ തനിക്ക് തെറ്റ് എന്ന് തോന്നുന്ന അഭിപ്രായത്തെ അദ്ദേഹം ഖണ്ഡിക്കും. അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഒരു മേല്‍നോട്ടം ഉണ്ടാകുകയും ചെയ്യും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it