മൈക്രോസോഫ്റ്റിന്റെ ‘1 ട്രില്യൺ’ നേട്ടം ആഘോഷിക്കരുതെന്ന് നദെല്ല 

2014 ഫെബ്രുവരിയിൽ നദെല്ല സിഇഒ സ്ഥാനം ഏറ്റെടുത്തതുമുതലുള്ള കണക്കു നോക്കിയാൽ കമ്പനിയുടെ വാല്യൂവേഷനിൽ 230 ശതമാനം ഉയർച്ചയാണുണ്ടായിരിക്കുന്നത്.  

Satya Nadella
Image credit: Wikimedia Commons(Flickr: LE WEB PARIS 2013)

ഇക്കഴിഞ്ഞ മാസം ആപ്പിളിനെയും ആമസോണിനെയും പിന്തള്ളി ‘ഒരു ട്രില്യൺ മാർക്കറ്റ് ക്യാപ്’ എന്ന നേട്ടം മൈക്രോസോഫ്റ്റ് കൈവരിച്ചിരുന്നു. എന്നാൽ ഇത് ആഘോഷിക്കരുതെന്ന് ജീവനക്കാരോട് അഭ്യർഥിച്ചിരിക്കുകയാണ് സിഇഒ സത്യ നദെല്ല.

തങ്ങളുടെ കമ്പനി ലോകത്തെ ഏറ്റവും മൂല്യമേറിയ ഒന്നായതിൽ സന്തോഷിക്കാതിരിക്കാനോ? ജീവനക്കാർക്ക് ആദ്യം ഒന്നും പിടികിട്ടിയില്ല. എന്നാൽ പിന്നീട് അദ്ദേഹം ഒരു അഭിമുഖത്തിൽ അക്കാര്യം വിശദീകരിച്ചു.

“എന്നാണോ 1 ട്രില്യൺ എം-ക്യാപ് നേട്ടം ജീവനക്കാർ ആഘോഷിക്കാൻ തുടങ്ങുന്നത്, അന്ന് മൈക്രോസോഫ്റ്റ് എന്ന കമ്പനിയുടെ അവസാനത്തിന്റെ തുടക്കമായിരിക്കും. ഈ നേട്ടത്തിൽ വലിയ അർത്ഥമില്ല. അങ്ങനെയൊരു ആഘോഷം എനിക്ക് സന്തോഷം തരില്ല,” നദെല്ല അഭിമുഖത്തിൽ പറഞ്ഞു.

2014 ഫെബ്രുവരിയിൽ നദെല്ല സിഇഒ സ്ഥാനം ഏറ്റെടുത്തതുമുതലുള്ള കണക്കു നോക്കിയാൽ കമ്പനിയുടെ വാല്യൂവേഷനിൽ 230 ശതമാനം ഉയർച്ചയാണുണ്ടായിരിക്കുന്നത്.

എന്നാൽ ഈ സമയം ആഘോഷിക്കാനുള്ളതല്ല എന്നദ്ദേഹം പറയാൻ ഒരു കാരണമുണ്ട്. മൈക്രോസോഫ്റ്റിലെ ജീവനക്കാർക്ക് ചെറിയ വിജയങ്ങൾ കൊണ്ട് തൃപ്തിപ്പെടുക എന്ന ഒരു ശീലമുണ്ടത്രേ. അതുകൊണ്ടുതന്നെ കൂടുതൽ മെച്ചപ്പെടാൻ അവർ ശ്രമിക്കാതെ വരും. എന്നാൽ പതുക്കെപ്പതുക്കെ ഭൂതകാലത്തിലേക്ക് തിരിഞ്ഞു നോക്കാതിരിക്കാൻ അവർ പഠിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.

ഭാവിയിലേക്ക് നോക്കിയാലേ ബിസിനസുകൾക്ക് നിലനിൽപ്പുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here