ബ്രാന്‍ഡിനെ സ്വതന്ത്രമാക്കിയോ? എങ്കില്‍ വളര്‍ച്ചയും നിലനില്‍പ്പും ഉറപ്പാക്കാം

നിങ്ങളില്ലാതെ നിങ്ങളുടെ ബ്രാന്‍ഡിന് നിലനില്‍ക്കാനാകുമോ? ഓരോ സംരംഭകരും ബ്രാന്‍ഡ് ഉടമകളും സ്വയം ചോദിക്കേണ്ട ഒരു ചോദ്യമാണിത്. ഏതാനും വര്‍ഷങ്ങളുടെ അല്ലെങ്കില്‍ പതിറ്റാണ്ടുകളുടെ ശ്രമഫലമായിട്ടായിരിക്കും ഒരു സംരംഭകന്‍ ഒരു ബ്രാന്‍ഡിനെ സൃഷ്ടിച്ച് വളര്‍ത്തി വലുതാക്കുന്നത്. എന്നാല്‍ ബ്രാന്‍ഡ് ഉടമയെന്ന നിലയില്‍ നിങ്ങളൊന്ന് മാറിനിന്നാല്‍ എന്തായിരിക്കും അതിന്റെ അവസ്ഥയെന്നത് സംരംഭകര്‍ പരിശോധിക്കേണ്ടതുണ്ട്.

കേരളത്തിലെ ഭൂരിഭാഗം സംരംഭങ്ങളും കുടുംബ ബിസിനസുകളാണ്. മിക്കപ്പോഴും ഗൃഹനാഥനായിരിക്കും അതിന്റെ സ്ഥാപകന്‍. ഭാര്യയും മക്കളുമൊക്കെ അതില്‍ സജീവമായിരിക്കുകയും ചെയ്യും. ചിലപ്പോള്‍ കുടുംബത്തിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ തലമുറയായിരിക്കും ഇപ്പോള്‍ ആ ബ്രാന്‍ഡിനെ നയിക്കുന്നത്. പക്ഷെ ബിസിനസിലുള്ള അവരുടെ വ്യക്തിപരമായ സ്വാധീനം വളരെ വലുതായിരിക്കും.

ബ്രാന്‍ഡിനെ വേര്‍പെടുത്തുക

കുടുംബ ബിസിനസുകളില്‍ പെതുവെ സംരംഭകര്‍ക്ക് അവരുടെ ബിസിനസ് അഥവാ ബ്രാന്‍ഡിനോടുള്ള ആത്മബന്ധം വളരെയേറെ ഉയര്‍ന്നതാണ്. അക്കാരണത്താല്‍ അവരുടെ ദൈനംദിന ഇടപെടലുകളില്ലാതെ ബിസിനസിന്റെ ചക്രം മുന്നോട്ട് കറങ്ങുകയില്ല. പരമ്പരാഗത ശൈലിയിലുള്ള കുടുംബ ബിസിനസുകളുടെ ഒരു സ്വഭാവമാണിത്. എന്നാല്‍ ഈയൊരു പോരായ്മയെ അതിജീവിക്കുന്നതിനുള്ള ബോധപൂര്‍വ്വമായൊരു ശ്രമം സംരംഭകര്‍ നടത്തിയേ മതിയാകൂ.

സംരംഭകന്റെ അഭാവത്തിലും ബിസിനസും ബ്രാന്‍ഡും സുഗമമായി മുന്നോട്ട് പോകുന്നതിനുള്ള വഴികളാണ് അതിലേക്കായി ഒരുക്കേണ്ടത്. സംരംഭത്തില്‍ ഒരു മൊട്ടുസൂചി വാങ്ങുന്നത് മുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ വരെയുള്ള എല്ലാ ഭാരവും സ്വന്തം തലയിലേറ്റി ശ്വാസംമുട്ടി നടക്കുന്ന നിരവധി സംരംഭകരുണ്ട്. മക്കള്‍ക്കും മറ്റും തങ്ങള്‍ കെട്ടിപ്പടുത്ത സംരംഭത്തിനോട് താല്‍പര്യമില്ലെന്ന് പരാതിപ്പെടുന്ന സംരംഭകരും അനേകമാണ്. സംരംഭകനായ വ്യക്തിയുടെ പിടിയില്‍ നിന്നും ്ബ്രാന്‍ഡിനെ വേര്‍പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ഇവയൊക്കെ വെളിപ്പെടുത്തുന്നത്.

അനുയോജ്യമായ തന്ത്രം കണ്ടെത്തുക

അടുത്ത മൂന്ന് മാസത്തേക്ക് അല്ലെങ്കില്‍ ഒരു ആറ് മാസത്തേക്ക് ബിസിനസില്‍ യാതൊരു ഇടപെടലും നടത്താതിരുന്നാല്‍ എന്ത് സംഭവിക്കുമെന്നത് സംരംഭകര്‍ പരിശോധിക്കണം. ബ്രാന്‍ഡ് ഇപ്പോഴുള്ളതുപോലെ തുടരുമോ, മികച്ച വളര്‍ച്ചയിലേക്ക് അത് കുതിക്കുമോ അതോ പാടെ തകര്‍ന്നടിഞ്ഞ് വലിയൊരു പരാജയത്തില്‍ കലാശിക്കുമോ? നിങ്ങളുടെ പിന്തുണയില്ലാതെ ബ്രാന്‍ഡ് വളര്‍ച്ചയിലേക്ക് നീങ്ങില്ലെന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അതിന് തടസമാകുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും അവക്ക് ശാശ്വതവും ഫലപ്രദവുമായ പരിഹാരം വികസിപ്പിച്ചെടുക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്.

ബിസിനസില്‍ അഥവാ ബ്രാന്‍ഡിലുള്ള സംരംഭകന്റെ വ്യക്തിപരമായ സ്വാധീനം കുറക്കുകയെന്നതാണ് പ്രധാനം. അതിലേക്കായി മികച്ച ടീം ലീഡര്‍മാരെ കണ്ടെത്തി അവര്‍ക്ക് ചുമതലകള്‍ വിഭജിച്ച് നല്‍കാവുന്നതാണ്. സംരംഭകന്റെ ചുമതലകളില്‍ എത്ര ശതമാനം വരെ ഇത്തരത്തില്‍ വിഭജിച്ച് നല്‍കുന്നോ അത്രത്തോളം തന്നെ സംരംഭത്തിന് സ്വയം പ്രവര്‍ത്തിക്കാനുള്ള ക്ഷമതയുണ്ടാകും. ബ്രാന്‍ഡിന്റെ വളര്‍ച്ചക്കുള്ള പദ്ധതി നിശ്ഛയിച്ച് ലീഡര്‍മാരെ ഏല്‍പ്പിക്കുകയും അവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം നല്‍കുകയും വേണം. അതിലൂടെ സംരംഭകന്റെ വിലയേറിയ സമയം വളരെയധികം ലാഭിക്കാമെന്നതാണ് നേട്ടം.

മികച്ചൊരു സിസ്റ്റം വികസിപ്പിക്കുക

നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ബിസിനസിന്റെയും ബ്രാന്‍ഡിന്റെയും മുന്നോട്ടുള്ള പോക്ക് സദാ നിരീക്ഷിക്കാനും ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിനും സംരംഭകര്‍ തയ്യാറാകണം. എല്ലാ തലത്തിലും പ്രൊഫഷണലിസം നടപ്പാക്കുകയും വേണം. സംരംഭകര്‍ക്ക് ഇത്തരത്തിലുള്ള ഒരു മാറ്റം സ്വയം നിര്‍വ്വഹിക്കാനാകുന്നില്ലെങ്കില്‍ അതിനായി പ്രമുഖ കണ്‍സള്‍ട്ടന്റുമാരുടെ സഹായം തേടുന്നതും ഉചിതമാണ്.

ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ചൊരു സിസ്റ്റവും അതിലേക്കായി കൃത്യമായ നടപടിക്രമങ്ങളും വളര്‍ച്ചക്കായി മികച്ചൊരു പദ്ധതിയും ഉണ്ടെങ്കില്‍ ബിസിനസിനെയും ബ്രാന്‍ഡിനെയും സംരംഭകനില്‍ നിന്നും സ്വതന്ത്രമാക്കാനാകും. കേരളത്തിലെ കുടുംബ ബിസിനസുകള്‍ ഇത്തരമൊരു പരിവര്‍ത്തനത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെന്നത് ഭാവിയില്‍ സംരംഭങ്ങളുടെ വളര്‍ച്ചക്കും വികാസത്തിനും വളരെയേറെ ഗുണകരമായേക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it