സ്ഥാപനത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഉചിതമായ സമയമാണ് മാന്ദ്യകാലം; തിരിച്ചറിയണം ഈ കാര്യങ്ങള്‍

വിപണനത്തിനും പരസ്യത്തിനും കൂടുതല്‍ പണം ചെലവാക്കേണ്ട സമയാണ് മാന്ദ്യകാലം. വിപണിയില്‍ പരസ്യങ്ങള്‍ കുറവുള്ള സമയമായതിനാല്‍ നിങ്ങളുടെ സന്ദേശം ശ്രദ്ധിക്കപ്പെടും

-Ad-

ബിസിനസില്‍ തളര്‍ച്ച നേരിടുമ്പോള്‍ ഒരിക്കലും നിരാശപ്പെടരുത്. താല്‍പ്പര്യം കുറയുകയുമരുത്. ബിസിനസിനെ പ്രത്യേക ശ്രദ്ധയോടെ പരിചരിക്കാന്‍ ശ്രമിക്കണം. ഏതു കടുത്ത പ്രതിസന്ധിയിലും നിങ്ങള്‍ ആദ്യം നെഞ്ചോട് ചേര്‍ത്തുപിടിക്കേണ്ടത് ഉപഭോക്താക്കളെയാണ്. നിങ്ങളുടെ പ്രശ്നങ്ങളൊന്നും തന്നെ അവരിലേക്ക് നിങ്ങള്‍ പകരരുത്. മിക്ക ബിസിനസിലും വരുമാനത്തിന്റെ 80 ശതമാനം നല്‍കുന്നത് അവരുടെ 20 ശതമാനം ഉപഭോക്താക്കളാണെന്ന് പറയാറുണ്ട്. ഇങ്ങനെ കാലങ്ങളായി കൂടെ നില്‍ക്കുന്ന നല്ല ഉപഭോക്താക്കളെ കൂടുതല്‍ അടുപ്പിച്ചു നിര്‍ത്തി അവരില്‍ നിന്ന് പരമാവധി ബിസിനസ് നേടണം.

മാന്ദ്യകാലത്ത് നിങ്ങളുടെ ജീവനക്കാരുടെ മനോവീര്യം (morale) നഷ്ടപ്പെടാതെ നോക്കണം. വരുമാനം കുറയുമ്പോള്‍ ബോണസ്, ആനുകൂല്യങ്ങള്‍, വായ്പകള്‍ തുടങ്ങിയവ മിക്ക കമ്പനികളും മരവിപ്പിക്കും. കമ്പനി നിലനില്‍പ്പിനുവേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്ന് പലര്‍ക്കും മനസിലായെന്നു വരില്ല. തങ്ങളെ അവഗണിക്കുകയാണ് എന്ന തോന്നല്‍ അവരില്‍ ഉണ്ടാക്കാന്‍ ഇത് കാരണമാകും. ഇതാകട്ടെ ഉല്‍പ്പാദനക്ഷമതയെ കാര്യമായി ബാധിക്കുകയും കമ്പനി ഒന്നുകൂടി നഷ്ടത്തിലേക്ക് കൂപ്പുകുത്താന്‍ കാരണമാകുകയും ചെയ്യും. ഒരിക്കല്‍ കമ്പനിയിലുള്ള വിശ്വാസം ജോലിക്കാര്‍ക്ക് നഷ്ടപ്പെട്ടാല്‍ പിന്നീടത് തിരിച്ചുകിട്ടുക ബുദ്ധിമുട്ടാണ്. അതുകൊണ്ട് ആനുകൂല്യങ്ങള്‍ മരവിപ്പിക്കുന്നതുപോലുള്ള തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതിന്റെ കാരണങ്ങള്‍ കുടുംബ സംഗമങ്ങള്‍ വിളിച്ചു കൂട്ടി വ്യക്തമാക്കുന്നത് നന്നായിരിക്കും.

മാന്ദ്യകാലത്ത് ഏറ്റവും കൂടുതല്‍ ഞെരുക്കം അനുഭവപ്പെടുക പ്രവര്‍ത്തന മൂലധനത്തിനാണ്. അതുകൊണ്ട് കിട്ടാനുള്ള പണം എങ്ങനെയും പിരിച്ചെടുക്കുക. കിട്ടുന്ന ചെക്കുകളില്‍ പലതും മാന്ദ്യകാലത്ത് മടങ്ങാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് പേമെന്റുകള്‍ ഡിമാന്റ് ഡ്രാഫ്റ്റായി വാങ്ങുവാന്‍ ശ്രമിക്കുക. നല്‍കാനുള്ള പണത്തിന് കഴിയാവുന്നത്ര സാവകാശം ചോദിക്കുക. സ്വന്തം പണമെടുത്തോ അമിത പലിശയ്ക്ക് വായ്പയെടുത്തോ സപ്ലയേഴ്സിന് പണം നല്‍കാന്‍ തുനിയരുത്. കിട്ടാനുള്ള പണം വാങ്ങി മാത്രം കൊടുക്കാനുള്ളവര്‍ക്ക് നല്‍കുക. മാന്യമായും സൗഹാര്‍ദപരമായും ‘നോ’ പറയാന്‍ പരിശീലിക്കുക വേഗത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുക, നിര്‍ണായക നടപടികള്‍ സ്വീകരിക്കുക: തീരുമാനങ്ങള്‍ ഉചിതമായ സമയത്ത് കൈക്കൊണ്ടില്ലെങ്കില്‍ ഒരുപക്ഷെ നിങ്ങളുടെ ബിസിനസ് തന്നെ കടുത്ത പ്രതിസന്ധിയിലായേക്കാം.

-Ad-

സ്ഥാപനത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഏറ്റവും ഉചിതമായ സമയമാണ് സാമ്പത്തിക മാന്ദ്യകാലം. കാരണം നിര്‍ണായകമായ നടപടികള്‍ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജീവനക്കാര്‍ക്കും കൂടുതല്‍ ബോധ്യപ്പെടുന്ന സമയമാണിത്. അതിനാല്‍ സമഗ്രമായ ഒരു പ്ലാന്‍ ഉണ്ടാക്കുക. എല്ലാവരുമായി ആശയ വിനിമയം നടത്തി ജീവനക്കാരുടെയെല്ലാം സഹകരണത്തോടെ അത് നടപ്പാക്കുക.

ചെലവുകള്‍ കാര്യക്ഷമമായി മാനേജ് ചെയ്യാന്‍ യഥാസമയമുള്ള റിപ്പോര്‍ട്ടിംഗും അവലോകനവും അത്യാവശ്യമാണ്. സ്ഥാപനത്തിന്റെ സാമ്പത്തിക പ്രകടനത്തിന്റെ മേല്‍ കഴുകന്റെ കണ്ണുകള്‍ പോലെ ജാഗരൂകമായിരിക്കേണ്ട സമയമാണ് മാന്ദ്യം. എല്ലാ സുപ്രധാന റിപ്പോര്‍ട്ടുകളും നിങ്ങളുടെ അടുത്ത് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക.

പണത്തിന്റെ വരവ് (കാഷ് ഫ്ളോ) നിങ്ങളുടെ വരുതിയിലാക്കാന്‍ പറ്റുന്നതിലാണ് വിജയം. ഭാവിയിലെ പണത്തിന്റെ വരവിനെക്കുറിച്ച് ധാരണ വേണം. എങ്കില്‍ മാത്രമേ അപ്രതീക്ഷിത തിരിച്ചടി ഒഴിവാക്കാനും ഫണ്ട് ഏറ്റവും ഫലപ്രദമായി വിനിയോഗിക്കാനും കഴിയൂ.

‘കാഷ് ഫ്ളോ’ വളരെ മോശമാകുന്ന ഒരവസ്ഥ മുന്നില്‍ കാണുക. ഉദാഹരണത്തിന് വില്‍പ്പന 50 ശതമാനം കുറഞ്ഞു എന്ന് കരുതുക. അങ്ങനെയൊരു സാഹചര്യം വന്നാല്‍ എങ്ങനെ പിടിച്ചുനില്‍ക്കുമെന്ന് മുന്‍കൂട്ടിത്തന്നെ പ്ലാന്‍ ചെയ്യുക. മാന്ദ്യം രൂക്ഷമായേക്കാവുന്ന സാഹചര്യം മുമ്പില്‍ കണ്ട് ആറു മാസത്തെ ചെലവുകള്‍ നേരിടാനുതകുന്ന ഒരു എമര്‍ജന്‍സി ഫണ്ട് രൂപീകരിക്കുന്നതും തകര്‍ച്ച ഒഴിവാക്കും.

വരുമാന സ്രോതസുകള്‍ കഴിയുന്നതും വൈവിധ്യവല്‍ക്കരിക്കുക. ഓന്നോ രണ്ടോ പ്രധാന ഇടപാടുകാരെ ബന്ധപ്പെട്ടാണ് ബിസിനസ് നില്‍ക്കുന്നതെങ്കില്‍ സൂക്ഷിക്കണം. മാന്ദ്യം നിങ്ങളുടെ ബിസിനസിനെ തന്നെ തുടച്ചുമാറ്റും. അതുകൊണ്ട് ഒരു വഴി അടഞ്ഞാല്‍ പല വഴിയിലൂടെ വരുമാനം ഉറപ്പാക്കുന്ന വിധം കാര്യങ്ങളെ പുനര്‍വിന്യസിച്ചേ മതിയാകൂ.

മാന്ദ്യം എല്ലാ വിപണിയെയും എല്ലാ മേഖലകളെയും ഒരുപോലെയല്ല ബാധിക്കുക. മാന്ദ്യം തളര്‍ത്താത്ത മേഖലകള്‍ കണ്ടെത്തി പ്രയോജനപ്പെടുത്തുക. ഉദാഹരണത്തിന് ജീവനക്കാരെ പിരിച്ചുവിട്ടതുകൊണ്ടോ അല്ലെങ്കില്‍ പുതിയവരെ എടുക്കാനുള്ള മടി കൊണ്ടോ വന്‍കിട കമ്പനികളുടെ കരാര്‍ ജോലികളും അവര്‍ക്കായി ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചു നല്‍കലുമൊക്കെ ചെറുകിട കമ്പനികള്‍ക്ക് ഏറ്റെടുത്ത് നിര്‍വഹിക്കാനാകും. ആ വഴി തേടണം.

ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് അവസാനിപ്പിക്കുക, പകരം ‘മൂല്യം’ വില്‍ക്കുക. ആവശ്യത്തേക്കാളുപരി ആഡംബരമായി ആളുകള്‍ കണക്കാക്കിയേക്കാവുന്ന സേവനങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും വിപണനത്തില്‍ അതീവ ശ്രദ്ധ ആവശ്യമാണ്; പ്രത്യേകിച്ച് മാന്ദ്യകാലത്ത്. തികച്ചും ആവശ്യമായ ഉല്‍പ്പന്നമാണ് അല്ലെങ്കില്‍ സേവനമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് ഈ മൂല്യവര്‍ധനയിലൂടെ ഉപഭോക്താവിന് തോന്നണം. കാരണം തികച്ചും ആവശ്യമായ കാര്യത്തിനേ ഈ സാമ്പത്തിക സാഹചര്യത്തില്‍ ഉപഭോക്താവ് പണം ചെലവിടൂ.

ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണമേന്മയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കേണ്ട സമയമാണ് മാന്ദ്യകാലം. ഏറെ ശ്രദ്ധിക്കപ്പെടുന്ന വിധത്തില്‍ മികച്ച ഗുണമേന്മ പ്രദാനം ചെയ്യുകയും ഉപഭോക്താക്കളുടെ പ്രതീക്ഷകളെ കടത്തിവെട്ടുകയും ചെയ്യുന്നവര്‍ മാത്രമാകും പിടിച്ചുനില്‍ക്കുക.

നിലവിലുള്ള കസ്റ്റമേഴ്സിനെ നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുക. കാരണം അതിന്റെ പതിന്മടങ്ങ് ബുദ്ധിമുട്ടാണ്, പുതിയ ഒരാളെ കണ്ടെത്താന്‍.

വിപണനം ശക്തിപ്പെടുത്തുക. വിപണനത്തിനും പരസ്യത്തിനും കൂടുതല്‍ പണം ചെലവാക്കേണ്ട സമയാണ് മാന്ദ്യകാലം. വിപണിയില്‍ പരസ്യങ്ങള്‍ കുറവുള്ള സമയമായതിനാല്‍ നിങ്ങളുടെ സന്ദേശം ശ്രദ്ധിക്കപ്പെടും. വ്യത്യസ്തമായ ശ്രമങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് ശ്രദ്ധിക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here