ബിസിനസിലും ജീവിതത്തിലും വിജയിച്ചവരുടെ 7 വീക്കെന്‍ഡ് ശീലങ്ങള്‍

ബിസിനസിലും ജീവിതത്തിലും വിജയിച്ചവരുടെ പല ശീലങ്ങളും നമുക്ക് പകര്‍ത്താനുണ്ട്. പ്രൊഫഷണല്‍ ലൈഫില്‍ ഉയരങ്ങളെത്തിയവരും പല കാര്യങ്ങളിലും നമുക്ക് റോള്‍ മോഡലുകളാണ്. അവരുടെ ഷെഡ്യൂളുകള്‍, ടു ഡു ലിസ്റ്റുകള്‍, ജോലിയില്‍ അവര്‍ പിന്‍തുടരുന്ന രീതി എന്നിവയൊക്കെ നമ്മള്‍ പകര്‍ത്താറുണ്ട്. എന്നാല്‍ അവര്‍ തങ്ങളുടെ വീക്കെന്‍ഡുകളും അവധി ദിനങ്ങളും എങ്ങനെ ചെലവഴിക്കുന്നുവെന്നു നോക്കാം. മറ്റു ദിവസങ്ങളില്‍ കരിയറിനായി സമയം ചെലവഴിക്കുന്നുവെങ്കില്‍ വീക്കെന്‍ഡ് അവരുടെ വ്യക്തിപരമായ ജീവിതം മെച്ചപ്പെടുത്തുന്നു. എന്നാല്‍ ഇത് പ്രത്യക്ഷമായോ പരോക്ഷമായോ അവരെ എല്ലാ മേഖലകളിലും വിജയിക്കാന്‍ സഹായിക്കുന്നുമുണ്ട്. ഇതാ ജീവിതത്തിലും കരിയറിലും വിജയിച്ച പ്രഗത്ഭരായ വ്യക്തികള്‍ വീക്കെന്‍ഡുകളില്‍ പിന്തുടരുന്ന 7 ശീലങ്ങള്‍ കാണാം. പകര്‍ത്താം.

നേരത്തെ ഉണരുന്നു

ആപ്പിള്‍ സിഇഒ ടിം കുക്ക് 3.45 നാണ് ഉണരുന്നത്. ഓഫീസ് ഉള്ള ദിവസം എന്നത് പോലെ അവധി ദിവസങ്ങളിലും അദ്ദേഹം ഈ സമയക്രമം പാലിക്കുന്നു. അവധിയല്ലേ എന്നു കരുതി ഉച്ചവരെ കിടന്നുറങ്ങി സമയം ചെലവഴിക്കുന്നവര്‍ മണ്ടത്തരമാണ് കാണിക്കുന്നത്. കാരണം ഏത് ദിവസമായാലും നേരത്തെ എഴുന്നേറ്റ് നോക്കൂ. കൂടുതല്‍ ഫലമുള്ള ദിവസങ്ങളാക്കി മാറ്റാം അവയെ.

വായിക്കുന്നു

'ട്രാവല്‍ ടിക്കര്‍' സിഇഒ എയ്മാന്റസ് ബാല്‍സ്യുനാസ് പറയുന്നത് ' ട്രാവല്‍ ഇന്‍ഡസ്ട്രിയെക്കുറിച്ച് വായിക്കുകയും എന്താണവിടെ സംഭവിക്കുന്നതെന്നു മനസ്സിലാക്കുകയും ചെയ്തതാണ് മത്സരങ്ങളെ അതിജീവിച്ച് ഈ പൊസിഷനില്‍ എത്താന്‍ എന്നെ സഹായിച്ചത്' എന്നാണ്. ഓരോ ആഴ്ചയിലേക്കുമുള്ള അറിവുകള്‍ നിറയ്ക്കാന്‍ വീക്കെന്‍ഡ് വായന നിങ്ങളെ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ഫാമിലി കണക്റ്റ്

സോഷ്യല്‍ മീഡിയ ഡിസ്‌കണക്റ്റും ഫാമിലി കണക്റ്റുമാണ് മറ്റൊരു വീക്കെന്‍ഡ് വിജയ മന്ത്രം. അതായത് മറ്റു തിരക്കുകളെല്ലാം മാറ്റി വച്ച് കുടുംബവും പ്രിയപ്പെട്ടവരുമായി അല്‍പ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നവര്‍ക്ക് തിരികെ പ്രൊഫഷനില്‍ എത്തുമ്പോള്‍ റീചാര്‍ജ് ആകാന്‍ കഴിയുന്നു. വളരെ കുറച്ചു സമയമാണ് വാരാന്ത്യങ്ങള്‍ നമുക്ക് തരുന്നതെങ്കിലും തല വേദന നിറഞ്ഞ മെയിലുകളില്‍ നിന്നും മെസേജുകളില്‍ നിന്നുമെല്ലാം മാറി നിന്നു നോക്കൂ. നിങ്ങള്‍ക്കും സ്വന്തമാക്കാം അതിശയകരമായ റിസള്‍ട്ട്.

തിരിഞ്ഞു നോട്ടം

സോക്രട്ടീസിന്റെ അഭിപ്രായത്തില്‍ 'ആത്മപരിശോധനയില്ലാത്ത ജീവിതം ജീവിക്കാന്‍ അര്‍ഹമല്ലാത്തതാ'ണ്. വിജയിച്ച വ്യക്തികള്‍ ഈ ഫിലോസഫി പിന്തുടരുന്നു. ഒരു വാരാന്ത്യ അവധിയില്‍ സ്വസ്ഥമായി ഇരുന്ന് ചെയ്യാന്‍ കഴിഞ്ഞ കാര്യങ്ങളും കഴിയാതെ പോയ കാര്യങ്ങള്‍ ശരിയായി നടത്താനുള്ള മാര്‍ഗങ്ങളും ചിന്തിച്ചു നോക്കൂ. തിങ്കളാഴ്ചകള്‍ ഏറ്റവും പ്രൊഡക്റ്റീവ് ആക്കാം. ഒപ്പം നിങ്ങള്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളും കരിയറിലും ജീവിതത്തിലും കൊണ്ടുവരാം. എന്നാല്‍ ഈ പുന:പരിശോധന ഒരിക്കലും സ്വയം കുറ്റപ്പെടുത്തലാകരുത്.

ഹോബിക്കായും സമയം

ഹോബികള്‍, വ്യായാമങ്ങള്‍, സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകള്‍, ഇഷ്ട സ്ഥലം സന്ദര്‍ശിക്കല്‍ അങ്ങനെ സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി ഒഴിവു ദിവസങ്ങള്‍ മാറ്റിവയ്ക്കണം. മാത്രമല്ല സമൂഹത്തിനായി എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനും വീക്കെന്‍ഡുകളിലെ സമയം ചെലവഴിക്കാമെന്നാണ് റൈറ്റിന്റെ(Write) സിഇഒ അലക്‌സി ഷക്ലിന്‍ അഭിപ്രായപ്പെടുന്നത്. വിജയികള്‍ ഓരോ മാസത്തെയും അഞ്ചുമണിക്കൂര്‍ എങ്കിലും ഇതിനായി സമയം ചെലവഴിക്കാറുണ്ടെന്നാണ് 'ദ് ഡെയ്‌ലി സക്‌സസ് ഹാബിറ്റ്‌സ് ഓഫ് വെല്‍ത്തി ഇന്‍ഡിവിഡ്വല്‍സ്' രചയ്താവ് തോമസ്. സി കോര്‍ലി അഭിപ്രായപ്പെടുന്നത്.

പ്ലാന്‍ ചെയ്യുന്നു

വരുന്ന ആഴ്ചകളിലേക്ക് ഓര്‍ഗനൈസ്ഡ് ആകാന്‍ വീക്കെന്‍ഡ് മികച്ച ഹോംവര്‍ക്ക് ടൈം ആക്കാവുന്നതാണ്. പ്രസന്റേഷനുകള്‍, മീറ്റിംഗുകള്‍, പ്ലാനിംഗ് ടൂള്‍സ് ശരിയാക്കല്‍ ഇവയ്‌ക്കെല്ലാം ഒരു മുന്നൊരുക്കമെന്നോണം വാരാന്ത്യ അവധികളില്‍ സമയം കണ്ടെത്താം. ട്വിറ്റര്‍ സിഇഒയും സഹസ്ഥാപകനുമായ ജാക്ക് ഡോര്‍സി പറയുന്നത് തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ 16 മണിക്കൂറോളം ജോലിക്കായി സമയം ചെലവഴിക്കുകയും ശനിയാഴ്ചകള്‍ ജോലിയെല്ലാം ഒഴിവാക്കാന്‍ ഈ ശീലം അദ്ദേഹത്തെ സഹായിക്കുന്നുവെന്നുമാണ്. മാത്രമല്ല അടുത്ത ആഴ്ചയിലേക്ക് പ്ലാനിംഗ് നടത്താന്‍ ആണ് അദ്ദേഹം തന്റെ ഞായറാഴ്ചകള്‍ ചെലവഴിക്കുന്നതും.

മൊമെന്റം ബില്‍ഡ് ചെയ്യുന്നു

വിജയികള്‍ ആവറേജ് ചിന്താഗതിക്കാരല്ല. അവരുടെ ഫോക്കസ് സദാ വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നതിലേക്കായിരിക്കും. അത്‌കൊണ്ട് തന്നെ കൂടുതല്‍ ഫോക്കസ്ഡ് ആകാന്‍ അവര്‍ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ വീക്കെന്‍ഡുകള്‍ ചെലവഴിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it