ഇപ്പോള്‍ നിക്ഷേപിക്കാന്‍ കഴിയുന്ന സൊലൂഷന്‍ ഓറിയന്റഡ് സ്‌കീമുകളുടെ പ്രത്യേകതകളും പ്രകടനവും

സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പ്രധാനമായും 5 തരത്തിലാണ് മ്യൂച്വല്‍ ഫണ്ടുകളെ വിഭജിച്ചിരിക്കുന്നത്. ഇക്വിറ്റി ഫണ്ടുകള്‍, ഡെറ്റ് ഫണ്ടുകള്‍, ഇവ രണ്ടും ചേര്‍ന്ന് വരുന്ന ഹൈബ്രിഡ് ഫണ്ടുകള്‍ എന്നിവയ്ക്ക് പുറമേ സൊലൂഷന്‍ ഓറിയന്റഡ് ഫണ്ടുകള്‍, മുകളില്‍ സൂചിപ്പിച്ചവയിലൊന്നും പെടാത്ത വിഭാഗങ്ങള്‍ക്കായി മറ്റുള്ള സ്‌കീമുകള്‍ എന്നിങ്ങനെയാണ് തരംതിരിവ്. ഇവയില്‍ സൊലൂഷന്‍ ഓറിയന്റഡ് സ്‌കീമുകളുടെ പ്രത്യേകതകളും പ്രകടനവും എങ്ങനെയെന്നുള്ളതാണ് ഇവിടെ പരിശോധിക്കുന്നത്.


എന്താണ് സൊലൂഷന്‍ ഓറിയന്റഡ് സ്‌കീമുകള്‍?

ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൈവരിക്കാനുദ്ദേശിക്കുന്ന സാമ്പത്തിക ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ നിക്ഷേപകരെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രത്യേകം രൂപകല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളാണ് സൊലൂഷന്‍ ഓറിയന്റഡ് സ്‌കീമുകള്‍. നിക്ഷേപകന്റെ റിസ്‌ക് ലെവല്‍, പ്രതീക്ഷിക്കപ്പെടുന്ന റിട്ടേണ്‍, നിക്ഷേപ കാലാവധി മുതലായ ഘടകങ്ങളെല്ലാം കണക്കിലെടുത്താണ് ഫണ്ട് മാനേജ് ചെയ്യപ്പെടുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, അതുമല്ലെങ്കില്‍ നിക്ഷേപകന് തന്റെ റിട്ടയര്‍മെന്റിനു ശേഷമുള്ള കാലഘട്ടം ചെലവഴിക്കേണ്ടതായി വരുന്ന തുക സമാഹരിക്കല്‍ മുതലായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് ഇത്തരം ഫണ്ടുകളില്‍ നിക്ഷേപം നടത്തപ്പെടുന്നത്.
ഡൈവേഴ്‌സിഫൈഡ് ഇക്വിറ്റി ഫണ്ടുകള്‍ക്കുള്ള സവിശേഷ ഗുണങ്ങള്‍ എല്ലാം ഇത്തരം ഫണ്ടുകള്‍ക്കുണ്ടെങ്കിലും പേര് സൂചിപ്പിക്കുന്ന പോലെ പ്രധാനപ്പെട്ട സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്ന വിഭാഗം എന്ന നിലയില്‍ സൊലൂഷന്‍ ഓറിയന്റഡ് ഫണ്ടുകള്‍ക്ക് അതിന്റേതായ ഗൗരവ സ്വഭാവമുണ്ട്. അഞ്ച് വര്‍ഷം ലോക്ക് ഇന്‍ പിരീയഡോടു കൂടി പുറത്തിറക്കുന്നതിനാല്‍ തന്നെ ഇത്തരം ഫണ്ടുകള്‍ക്ക് ഓഹരി വിപണിയില്‍ കാണപ്പെടുന്ന ചാഞ്ചാട്ടങ്ങളെ മറികടക്കാനുള്ള കരുത്തു കൂടി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. പ്രത്യേക ലക്ഷ്യം മുന്‍നിര്‍ത്തി മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ ഇവയിലേക്കാവശ്യമായ ആസ്തികള്‍ തെരഞ്ഞെടുക്കുന്നതിനാല്‍ തന്നെ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം അതേ ലക്ഷ്യം നിറവേറ്റുന്നതിനായി മറ്റു സ്‌കീമുകള്‍ തെരഞ്ഞെടുക്കേണ്ടി വരില്ല എന്നതും ഒരു സവിശേഷതയാണ്.

ഏതെല്ലാം ഫണ്ടുകള്‍

പ്രധാനമായും രണ്ടു തരത്തിലുള്ള സൊലൂഷന്‍ ഓറിയന്റഡ് ഫണ്ടുകളാണ് വിപണിയില്‍ ലഭ്യമാക്കുന്നത്.

1. റിട്ടയര്‍മെന്റ് പ്ലാനിംഗ് ഫണ്ടുകള്‍: സ്ഥിര വരുമാനമില്ലാതാവുന്ന റിട്ടയേഡ് കാലഘട്ടത്തില്‍, പ്രത്യേകിച്ച വ്യവസ്ഥാപിത പെന്‍ഷന്‍ ആനുകൂല്യം ഒന്നുമില്ലാത്ത വ്യക്തികള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇത്തരം ഫണ്ടുകളില്‍ നേരത്തെ നിക്ഷേപിച്ചു തുടങ്ങാം. അഞ്ച് വര്‍ഷമാണ് റിട്ടയര്‍മെന്റ് പ്ലാനിംഗ് ഫണ്ടുകള്‍ക്കുള്ള ലോക്ക് ഇന്‍ പിരീയഡ്. നിക്ഷേപത്തിന്റെ പ്രാരംഭഘട്ടത്തില്‍ റിസ്‌ക് കൂടിയ ഓഹരികളിലും മറ്റും നിക്ഷേപിച്ച് പരമാവധി നേട്ടം എടുക്കുകയും തുടര്‍ന്ന് നിക്ഷേപകന്‍ റിട്ടയര്‍മെന്റ് പ്രായത്തോടടുക്കുമ്പോള്‍ സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങളിലേക്ക് മാറാന്‍ സൗകര്യമൊരുക്കുകയും ചെയ്യുന്ന സ്‌കീമുകള്‍ നിലവിലുണ്ട്.
ദീര്‍ഘകാലത്തേത്ത് നിക്ഷേപിക്കപ്പെട്ട തുക മികച്ച റിട്ടേണ്‍ നല്‍കി വരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുതന്നെ എത്രയും നേരത്തെ, കഴിയുമെങ്കില്‍ ജോലി ലഭിച്ചു കഴിഞ്ഞ് ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കകം തന്നെ റിട്ടയര്‍മെന്റ് പ്ലാനിംഗ് ഫണ്ടുകളില്‍ നിക്ഷേപിച്ചു തുടങ്ങുക എന്നതാണ് അഭികാമ്യമായ രീതി.

2 ചില്‍ഡ്രന്‍ ഫണ്ടുകള്‍: കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, അവരുടെ വിവാഹം തുടങ്ങിയ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനാവശ്യമായ പണം സ്വരൂപിക്കാന്‍ സഹായിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളാണിവ. അഞ്ച് വര്‍ഷമാണ് ലോക്ക് ഇന്‍ പിരീയഡ് എങ്കിലും കുഞ്ഞ് ജനിച്ച ഉടനെ നിക്ഷേപം ആരംഭിക്കുകയാണെങ്കില്‍ നിക്ഷേപ കാലാവധിയുടെ ദൈര്‍ഘ്യം കൂടുന്ന മുറയ്ക്ക് (പ്രത്യേകിച്ച് ഓഹരി വിപണിയില്‍ നടത്തുന്ന നിക്ഷേപമായതിനാല്‍) മികച്ച റിട്ടേണ്‍ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
ഒരു പക്ഷേ കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്ന സമ്മാനങ്ങളില്‍ പില്‍ക്കാലത്ത് അവര്‍ക്ക് ഉപകാരപ്രദമാവുന്നത് ഇത്തരം ഫണ്ടുകളില്‍ അവര്‍ക്ക് വേണ്ടി നടത്തപ്പെടന്ന നിക്ഷേപമാവാം. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ചെലവാക്കേണ്ടി വരുന്ന തുക പ്രതിവര്‍ഷം വര്‍ധിച്ചു കൊണ്ടേയിരിക്കുന്നു എന്ന കാര്യം ഈയവസരത്തില്‍ പ്രത്യേകിച്ച് ഓര്‍ക്കുക.
ഘടന, നിക്ഷേപിക്കപ്പെടുന്ന ആസ്തികളുടെ സ്വഭാവം എന്നീ ഘടകങ്ങളാണ് പ്രധാനമായും മ്യൂച്വല്‍ ഫണ്ടുകളുടെ തരംതിരിവില്‍ സെബി അവലംബമാക്കിയെടുത്തിരിക്കുന്നത്. വ്യക്തവും സംശുദ്ധവുമായ നിക്ഷേപ ലക്ഷ്യങ്ങളെ മാത്രം മുന്‍ നിര്‍ത്തി പ്രവര്‍ത്തിച്ചു വരുന്ന ഒരു വിഭാഗമാണ് സൊലൂഷന്‍ ഓറിയന്റഡ് ഫണ്ടുകളെന്നും വിലയിരുത്താം. ഇപ്പോള്‍ ലഭ്യമാകുന്നതും മികച്ച പ്രകടനം കാഴ്ചവെക്കുന്നതുമായ ഏതാനും ചില റിട്ടയര്‍മെന്റ് ഫണ്ടുകളുടെയും ചില്‍ഡ്രന്‍ ഫണ്ടുകളുടെയും വിവരങ്ങള്‍ ഇതോടൊപ്പമുള്ള പട്ടികയില്‍ നല്‍കിയിരിക്കുന്നു.

(ലേഖകന്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഇന്‍വെസ്റ്റ്‌മെന്റ് അഡ്‌വൈസറി വിഭാഗത്തിന്റെ തലവനാണ്. email: jeevan@geojit.com)


Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it