പരസ്യം കൊടുക്കുമ്പോഴും കണ്ണുവേണം, അല്ലെങ്കില്‍ ഇനി ബ്രാന്‍ഡിന് പണി കിട്ടും!

വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഉള്ളടക്കത്തിനൊപ്പം അറിഞ്ഞോ അറിയാതെയോ ബ്രാന്‍ഡ് നാമം കയറി വന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകും

stop funding hate campaign brands pull their ads

ഡിജിറ്റല്‍ മാധ്യമങ്ങളിലോ ടെലിവിഷന്‍ ചാനലുകളിലോ മറ്റ് സാമൂഹ്യമാധ്യമങ്ങളിലോ പരസ്യം നല്‍കുമ്പോള്‍ അത് എത്രപേര്‍ കണ്ടുവെന്നുമാത്രമാണോ ഇതുവരെ നോക്കിയത്? ഇനി അതുമാത്രം പോര, നിങ്ങള്‍ പരസ്യം ചെയ്യുന്ന മാധ്യമത്തിന്റെ ഉള്ളടക്കം കൂടി ശ്രദ്ധിക്കണം. മതവിദ്വേഷം, വെറുപ്പ് ഇവ പടര്‍ത്തുന്ന സ്വഭാവമുള്ള ഉള്ളടത്തിന് ഒപ്പമാണ് നിങ്ങളുടെ പരസ്യവും പ്രദര്‍ശിപ്പിക്കപ്പെടുന്നതെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. പല വന്‍കിട കമ്പനികള്‍ക്കും സമീപകാലത്ത് ഇതിന്റെ പേരില്‍ പരസ്യം പിന്‍വലിക്കുക അടക്കമുള്ള നടപടികള്‍ സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. വെറുപ്പ് പടര്‍ത്തുന്ന ഉള്ളടക്കത്തിനൊപ്പമാണ് നിങ്ങളുടെ ബ്രാന്‍ഡ് ലോഗോയും വരുന്നതെങ്കില്‍ അത്തരം ഉള്ളടക്കത്തെ പിന്താങ്ങുന്നവര്‍ എന്ന പരോക്ഷ സൂചനയും നിങ്ങളുടെ ബ്രാന്‍ഡ് പ്രതിച്ഛായയെ മോശമായി ബാധിക്കും.

പരസ്യം പിന്‍വലിച്ച് റെനോയും

അര്‍ണാബ് ഗോസ്വാമി നേതൃത്വം നല്‍കുന്ന റിപ്പബ്ലിക് ടിവിയിലെ റിപ്പബ്ലിക് ഭാരത് എന്ന പരിപാടിയുടെ മുഖ്യ പ്രായോജകരില്‍ ഒന്നായിരുന്നു റെനോ. പാല്‍ഗര്‍ ആള്‍ക്കൂട്ട കൊലപാതകത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ ഗോസ്വാമി മതവിദ്വോഷം പടര്‍ത്തുന്ന വീക്ഷണം കൊണ്ടുവന്നതാണ് റെനോയ്ക്ക് പരസ്യം പിന്‍വലിലേക്ക് നയിച്ചത്.

ലണ്ടന്‍ ആസ്ഥാനമായുള്ള കാംപെയ്ന്‍ ഗ്രൂപ്പായ സ്‌റ്റോപ്പ് ഫണ്ടിംഗ് ഹേറ്റ് ഇക്കാര്യം ജനശ്രദ്ധയില്‍ കൊണ്ടുവന്നതോടെ റെനോ പരസ്യം പിന്‍വലിച്ചുവെന്ന് ന്യൂസ് ലോണ്‍ഡ്രി എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന ലേഖനത്തില്‍ പറയുന്നു.

അതുപോലെ തന്നെ Opindia എന്ന വലതുപക്ഷ നിലപാടുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ലേഖനത്തിനൊപ്പം പ്രത്യക്ഷപ്പെട്ട ബ്രാന്‍ഡ് ഉടമകള്‍ക്കും സ്റ്റോപ്പ് ഫണ്ടിംഗ് ഹേറ്റ് നോട്ടീസുകള്‍ അയച്ചു. പലരും പരസ്യം പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ബ്ലൂംബെര്‍ഗ് ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉയര്‍ത്തിപ്പിടിക്കാം മൂല്യങ്ങള്‍

മുന്‍പെന്നത്തേക്കാളും മാനവികതയും മൂല്യങ്ങളും ധാര്‍മികതയുമെല്ലാം സമൂഹം ചര്‍ച്ച ചെയ്യുന്ന കാലമാണിത്. ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയും വിലക്കൊത്ത മൂല്യവും ബ്രാന്‍ഡുകളുടെ ജനപ്രീതിക്ക് തീര്‍ച്ചയായും വേണ്ട ഘടകങ്ങളാണെങ്കിലും ബ്രാന്‍ഡ് ലോഗോ എവിടെ, എന്തിനൊക്കെ ഒപ്പം വരുന്നു എന്നതുകൂടി പൊതുസമൂഹം ശ്രദ്ധിക്കും. അതുകൊണ്ട് ഇനി അത്തരം കാര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here