പരിചയപ്പെടാം, ചെറുകിട ബിസിനസുകളുടെ ഭാവി രൂപപ്പെടുത്തുന്ന സാങ്കേതിക വിദ്യകളെ

ലോകത്തെ നിരവധി സംരംഭങ്ങൾ ടെക്നോളജികൾ ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്തി വിജയം കണ്ടിട്ടുണ്ട്. ഒരു പിടി നവീന സാങ്കേതിക വിദ്യകളെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ ബിസിനസ് തന്ത്രങ്ങളും തീരുമാനങ്ങളും രൂപം കൊള്ളുന്നത്. അവയെ പരിചയപ്പെടാം.

ഓഗ്മെന്റെഡ് ആൻഡ് വെർച്വൽ റിയാലിറ്റി

പ്രധാനമായും റീറ്റെയ്ൽ, എന്റർടൈൻമെന്റ് എന്നീ മേഖലകളിലാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതെങ്കിലും മറ്റ് വ്യവസായ മേഖലകളിലും ഇതിന്റെ സാധ്യത വളരെ വലുതാണ്. ജീവനക്കാർക്ക് കൃത്യമായ പരിശീലനം നല്കുന്നതുമുതൽ ഉപഭോക്താവിന്റെ ശ്രദ്ധ പിടിച്ചു പറ്റുന്നതുവരെയുള്ള വളരെയധികം കാര്യങ്ങൾ ചെയ്യാൻ ഓഗ്മെന്റെഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR) സാങ്കേതിക വിദ്യകൾ ഉപയോഗിക്കാം.

കാർ നിർമ്മാതാക്കളായ കാർഡിലാക് വിആർ ടെക്നോളജി ഉപയോഗിച്ച് വെർച്വൽ ഡീലർഷിപ്പുകൾ സൃഷ്ടിച്ചിരിക്കുന്നത് ഇതിനൊരു ഉദാഹരണമാണ്. ഇപ്പോൾ 360-ഡിഗ്രി വിഡിയോകൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ സാധിക്കും. നിങ്ങളുടെ ഉല്പന്നത്തിന്റെ ഒരു 360 ഡിഗ്രി വീഡിയോ നിങ്ങളുടെ വെബ്‌സൈറ്റിൽ ചേർത്താൽ എങ്ങനെയുണ്ടാകും?

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിംഗ് (ML), ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് (IoT)...നാം ദിവസേന കേൾക്കുന്ന വാക്കുകളാണിവ. ഈ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള നിരവധി ഉത്പന്നങ്ങൾ നാം ഓഫീസിലും വീട്ടിലും പൊതു ഇടങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ബിസിനസിൽ ഇവയുടെ നേരിട്ടുള്ള ഇടപെടൽ ഉണ്ടാകുന്ന കാലം അത്ര വിദൂരമല്ല. അങ്ങനെ വന്നാൽ എസ്എംഇകൾക്ക് വരുമാനം കൂട്ടാനും ചെലവ് ചുരുക്കാനും ഇവ സഹായിക്കും. ഉപഭോക്താക്കളുടെ പെരുമാറ്റം, താല്പര്യങ്ങൾ എന്നിവ പഠിക്കാൻ ഇപ്പോൾ തന്നെ പല കമ്പനികളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നുണ്ട്. ഫിനാൻസ്, എച്ച്ആർ, മാർക്കറ്റിങ് തുടങ്ങിയ രംഗങ്ങളിൽ കൂടുതൽ വേഗത്തിലും കൃത്യതയോടും ജോലികൾ കൈകാര്യം ചെയ്യാൻ ബിസിനസുകളെ ഇവ സഹായിക്കും.

ബ്ലോക്ക് ചെയിൻ ടെക്നോളജി

ചെറുകിട ബിസിനസുകൾക്ക് ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ കയ്യെത്താദൂരത്താണെന്ന് തോന്നുമെങ്കിലും അതിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് ഭാവിയിൽ ഗുണം ചെയ്യും. ബ്ലോക്ക് ചെയിൻ ജനകീയമാകുന്നതിന് അധികം നാൾ വേണ്ടിവരില്ല. ഒരു ഡിജിറ്റൽ ലെഡ്ജർ നിർമ്മിക്കാൻ നമ്മെ സഹായിക്കുന്ന തരത്തിലുള്ള സാങ്കേതിക വിദ്യയാണ് ബ്ലോക്ക് ചെയിൻ. കൂടുതൽ സുരക്ഷിതവും, സുതാര്യവും, സുസ്ഥിരവുമായിരിക്കും ഈ ലെഡ്ജർ. ആരോഗ്യം, ബാങ്കിംഗ്, മാനുഫാക്ച്വറിങ്, ഷിപ്പിംഗ്, കയറ്റിറക്കുമതി എന്നീ മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഇവയ്ക്ക് കഴിയും.

ഡേറ്റ സുരക്ഷ, പ്രോസസ്സിംഗ് വേഗത എന്നിവയുള്ളതുകൊണ്ട് എസ്എംഇകൾക്കും സർക്കാർ സ്ഥാപങ്ങൾക്കും ബ്ലോക്ക് ചെയിൻ ടെക്നോളജി ഒരു മുതൽകൂട്ടായിരിക്കും .

സൈബർ സെക്യൂരിറ്റി & ഇൻഫോർമേഷൻ സെക്യൂരിറ്റി

ഉപഭോക്താവിന്റെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് ബിസിനസുകളുടെ കടമയാണ്. ഡേറ്റ ചോർത്തൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. സ്റ്റോറേജ് ഉപകരണങ്ങളിലോ മറ്റ് സംവിധാനങ്ങളിലോ വിവരങ്ങൾ സൂക്ഷിക്കുന്നതിനേക്കാൾ ക്‌ളൗഡ്‌ അധിഷ്ഠിതമായ പ്ലാറ്റ് ഫോമുകളിൽ സ്റ്റോർ ചെയ്യുന്നതായിരിക്കും നല്ലത്. കാരണം പ്രകൃതി ദുരന്തങ്ങൾ, അപകടങ്ങൾ തുടങ്ങിയവയിൽ നിന്ന് ഡേറ്റ സംരക്ഷിക്കാൻ സുരക്ഷിതമായ ക്‌ളൗഡ്‌ പ്ലാറ്റ് ഫോമുകളാണ് കൂടുതൽ നന്ന്.

സാസ് & ക്‌ളൗഡ്‌ കംപ്യൂട്ടിങ്‌

സ്പെഷ്യലൈസ്ഡ് സോഫ്റ്റ്‌വെയർ സർവീസ് (Specialised Software-As-A-Service or SaaS) നിലവിൽ കമ്പനികൾ ഉപയോഗിക്കുന്ന ഒരു സംവിധാനമാണ്. എന്നാൽ എസ്എംഇകൾളെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും ചെലവ് കുറഞ്ഞതുമായ ഒരു സംവിധാനമാണിത്. സാസ് പോലെത്തന്നെ പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് ക്ലൗഡ്. സാസ് നിയന്ത്രിക്കുന്നത് പുറമെ നിന്നുള്ള ഏജൻസിയാണെങ്കിൽ ക്ലൗഡിന്റെ നിയന്ത്രണം നമ്മുടെതന്നെ കൈകളിലായിരിക്കും.

ബിഗ് ഡേറ്റ

ബിഗ് ഡേറ്റ എസ്എംഇകളുടെ കൈകളിൽ എത്തിപ്പെടാൻ ഇനി അധികം വൈകില്ല. വലിയ കോർപറേറ്റുകൾക്ക് മാത്രം ലഭ്യമായിരുന്ന ബിസിനസ് ടൂൾസ് എസ്എംഇകൾക്ക് ലഭ്യമാകാൻ ബിഗ് ഡേറ്റ സഹായിക്കും. മികച്ച പ്രൊഡക്ടിവിറ്റി, ഉയർന്ന ഉപഭോക്‌തൃ സംതൃപ്തി എന്നിവ ഇതിന്റെ ചില നേട്ടങ്ങളാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it