നന്നായി ഉറങ്ങുന്നതിനും പ്രതിഫലം; ഇങ്ങനെയുമുണ്ടോ കമ്പനികൾ! 

'സുഖമായി ഒന്ന് ഉറങ്ങണം'. നമ്മുടെ സഹപ്രവർത്തകരിൽ ചിലരെങ്കിലും വീക്കെൻഡുകളിൽ പറഞ്ഞുകേൾക്കുന്ന കാര്യമാണിത്. ജോലിയും തിരക്കേറിയ ജീവിത സാഹചര്യങ്ങളും സമയം തെറ്റിയ ഭക്ഷണക്രമങ്ങളും നമുക്ക് സമ്മാനിച്ചതാണ് ഉറക്കക്കുറവ് എന്ന 'അസുഖം'.

ഭക്ഷണം പോലെതന്നെ പ്രധാനമാണ് ഉറക്കവും. നന്നായി ഉറങ്ങുന്ന ഒരു വ്യക്തിയുടെ പ്രൊഡക്ടിവിറ്റി മറ്റുള്ളവരെക്കാൾ 50 ശതമാനം കൂടുതലായിരിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

ഇത്തരത്തിൽ ഉറക്കക്കുറവ് മൂലം ജീവനക്കാരുടെ പ്രൊഡക്ടിവിറ്റി കുറയുന്നതുകൊണ്ട് വർഷത്തിൽ 63.2 ബില്യൺ ഡോളറാണത്രേ അമേരിക്കയിലെ കമ്പനികൾക്ക് നഷ്ടപ്പെടുന്നത്.

ഇതൊക്കെ വായിച്ചു മനസിലാക്കിയ ജപ്പാനിലെ ഒരു കമ്പനി ഉടമ ജീവനക്കാരുടെ ഉറക്കത്തിൽ 'നിക്ഷേപം' നടത്താൻ തീരുമാനിച്ചു. ജപ്പാൻകാർ പൊതുവെ വളരെ അധ്വാനശീലരാണ്. അതുകൊണ്ട് തന്നെ ജോലിത്തിരക്കിനിടയിൽ ഉറക്കം വേണ്ടെന്ന് വെക്കുന്നത് അവർക്ക് ശീലമായി.

നന്നായി വിശ്രമിക്കുന്ന ജീവനക്കാരാണ് കമ്പനിയുടെ മുതൽക്കൂട്ടെന്ന് വിശ്വസിക്കുന്നയാളാണ് വെഡ്‌ഡിങ് ഓർഗനൈസർ കമ്പനിയായ 'ക്രേസി ഇൻക്' ഉടമ കാസുഹികോ മോറിയാമ. അദ്ദേഹം എന്തുചെയ്തെന്നോ? പുതിയ ഒരു പദ്ധതി ആവിഷ്കരിച്ചു.

ഇതനുസരിച്ച് രാത്രിയിൽ ആറു മണിക്കൂറെങ്കിലും ഉറങ്ങുന്ന ജീവനക്കാർക്ക് റിവാർഡ് പോയ്‌ന്റുകൾ നൽകും. ഇത് ഓഫീസിലെ ഫുഡ് കോർട്ടിൽ റെഡീം ചെയ്യാം. ഒരു വർഷം പരമാവധി 64,000 യെൻ (41,500 രൂപയോളം) ഇത്തരത്തിൽ നേടാം.

ഒരു ജീവനക്കാരൻ ഉറങ്ങിയോ ഇല്ലയോ എന്ന് കമ്പനിക്കെങ്ങനെ മനസിലാകുമെന്നാണോ? അതിനുണ്ട് വഴി. കിടക്കകൾ നിർമ്മിക്കുന്ന എയർവീവ് എന്ന കമ്പനി ഉറക്കം ട്രാക്ക് ചെയ്യാനായി ഒരു ആപ്പ് നിർമിച്ച് നൽകിയിട്ടുണ്ട്.

20 വയസിനുള്ള 92 ശതമാനം ജപ്പാൻകാരും പറയുന്നത് അവർക്ക് വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ല എന്നാണ്. ജപ്പാനിലെ പരമ്പരാഗത ശൈലി അനുസരിച്ച് ജോലിക്ക് വേണ്ടി ജീവിതം ഹോമിക്കുന്നത് ശ്രേഷ്ഠമായ പ്രവൃത്തിയായാണ് അവിടത്തുകാർ കാണുന്നത്. അതുകൊണ്ടുതന്നെ അധിക ജോലി മൂലമുള്ള മരണ ('ഡെത്ത് ഫ്രം ഓവർവർക്ക്') ത്തിന് കുപ്രസിദ്ധിയാർജ്ജിച്ച ഇടംകൂടിയാണിത്. 2015 ൽ ഒരു പരസ്യ ഏജൻസി ജീവനക്കാരൻ ഇത്തരത്തിൽ മരണപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഈയവസ്ഥയ്ക് ഒരു മാറ്റം വരണമെന്ന ആഗ്രഹമാണ് മോറിയാമയെ ഇത്തരത്തിൽ ഒരു പദ്ധതി ആവിഷ്കരിക്കാൻ പ്രേരിപ്പിച്ചത്. അദ്ദേഹത്തിന്റെ കമ്പനിയിൽ പോഷകസമൃദ്ധമായ ഭക്ഷണ ശീലം, വ്യായാമം, കൂടുതൽ പോസിറ്റീവ് ആയ ഓഫീസ് അന്തരീക്ഷം എന്നിവയും പ്രോത്സാഹിപ്പിക്കുന്നുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it