പ്രതിസന്ധി ഇനിയും രൂക്ഷമാകും, സംരംഭകരും പ്രൊഫഷണലുകളും എന്ത് ചെയ്യണം? നവാസ് മീരാൻ എഴുതുന്നു

ലോകം കടുത്ത പ്രതിസന്ധി തന്നെയാണ് നേരിടുന്നത്. എന്നാല്‍ പ്രതിസന്ധി അതിന്റെ രൂക്ഷതയില്‍ ഇതുവരെ എത്തിയിട്ടില്ല, കുടുതല്‍ ദുര്‍ഘടമായ നാളുകള്‍ വരാനിരിക്കുന്നതേയുള്ളു. ജൂലെ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തോടെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകും. പല സംരംഭങ്ങളും, പ്രത്യേകിച്ച് ദുര്‍ബലമായ സ്ഥാപനങ്ങള്‍ ഇല്ലാതാകുന്ന കാഴ്ച നാം കാണേണ്ടിവരും. ധാരാളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ബാങ്കുകള്‍ക്ക് കിട്ടാക്കടം കൂടും. ലോക്ഡൗണ്‍ തുടങ്ങി ആദ്യത്തെ രണ്ടുമാസക്കാലം എല്ലാവരും ഒരു ഞെട്ടലിലായിരുന്നു. ആര്‍ക്കും എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയായിരുന്നു. എന്നാല്‍ അതിന് ശേഷമുള്ള കാലയളവിലാണ് യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.

സര്‍ക്കാരില്‍ നിന്നുള്ള സഹായങ്ങള്‍ ശാശ്വതമല്ല. കാരണം സര്‍ക്കാരിന്റെ വരുമാനത്തിലും കനത്ത ഇടിവാണ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാരും ജനങ്ങളുമെല്ലാം ചേര്‍ന്ന് കൂട്ടായ ശ്രമമാണ് ഇവിടെ വേണ്ടത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പുതിയ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരേണ്ടിവരും, കൂടുതല്‍ സുഗമമായി ബിസിനസ് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കേണ്ടിവരും, ബിസിനസുകള്‍ക്ക് ഇളവുകള്‍ കൊടുക്കേണ്ടിവരും... ഇങ്ങനെ സാമ്പത്തികവ്യവസ്ഥ തിരിച്ചുവരാന്‍ സഹായിക്കുന്ന പല നടപടികളും എടുത്താല്‍ പ്രതിസന്ധിയുടെ ആഴം കുറയ്ക്കാനാകും.

നിങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയുണ്ടോ?

ബിസിനസുകള്‍ ഇപ്പോള്‍ ചിന്തിക്കേണ്ടത് വിപണിയില്‍ തങ്ങളുടെ പ്രസക്തിയെന്താണ് എന്നാണ്. ഉദാഹരണത്തിന് ഒരു അത്യാഡംബര ഉല്‍പ്പന്നമാണ് ഞാന്‍ കൊടുക്കുന്നതെങ്കില്‍ ഇപ്പോഴത്തെയും തുടര്‍ന്നുമുള്ള പ്രതിസന്ധിനാളുകളില്‍ അതിന് ഡിമാന്റ് നഷ്ടമാകുകയും അത് വിപണിക്ക് അനുയോജ്യമല്ലാത്ത ഉല്‍പ്പന്നമായി മാറുകയും ചെയ്യും. ഉപഭോക്താക്കള്‍ പണം വളരെ സൂക്ഷിച്ചുമാത്രം ചെലവഴിക്കുന്ന കാലത്ത് അതിന്റെ പ്രസക്തി നഷ്ടമായി. ഇതുപോലെയൊരു അവസ്ഥ വരാതിരിക്കാന്‍ സംരംഭത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക.

സ്വന്തം ബിസിനസിന് പ്രസക്തി നഷ്ടപ്പെട്ടിട്ടുണ്ടെന്ന് തോന്നിയാല്‍ മാറി ചിന്തിക്കേണ്ടിവരും. സ്വന്തം മേഖലയില്‍ തന്നെ ഈ സമയത്ത് സാധ്യതയുള്ള വിഭാഗങ്ങളിലേക്ക് തിരിയേണ്ടിവരും. ഉല്‍പ്പന്നത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നവര്‍ സര്‍വീസ് മേഖലയിലേക്ക് കടക്കേണ്ടിവരും. ഉദാഹരണത്തിന് ഗൃഹോപകരണങ്ങള്‍ വിറ്റുകൊണ്ടിരുന്ന സ്ഥാപനങ്ങള്‍ ഇപ്പോള്‍ പ്രതിസന്ധി നേരിടുകയാണ്. വിലയേറിയ പുതിയ ഉപകരണങ്ങള്‍ ഈ സമയത്ത് വാങ്ങാന്‍ ഉപഭോക്താക്കള്‍ മടിക്കും. പക്ഷെ സ്ഥാപനത്തിന് മുന്നോട്ടുപോയേ പറ്റൂ. അവര്‍ക്ക് ഉപകരണങ്ങളുടെ സര്‍വീസിംഗിലേക്ക് കടക്കാം.

പഴയത് മാറ്റി പുതിയ ഉപകരണങ്ങള്‍ വാങ്ങാന്‍ മടിച്ചിരിക്കുന്ന ഉപഭോക്താവിന് അവരുടെ കേടായ പഴയ ഉപകരണങ്ങള്‍ നന്നാക്കി കൊടുക്കാം. ഉപഭോക്താക്കളെ സംബന്ധിച്ച് അവര്‍ക്കത് വലിയ ഉപകാരവുമായിരിക്കും. വളരെ നേരിയ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍, ലാപ്‌ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക്‌സ് ഷോപ്പുകള്‍ക്ക് ഇത് മികച്ചൊരു വരുമാനമാര്‍ഗ്ഗവും ആകും. മാത്രവുമല്ല ഉപഭോക്താക്കളുമായി ഗാഢമായി ഒരു ബന്ധം സ്ഥാപിക്കാനുള്ള അവസരവും. ഷോപ്പുകള്‍ക്ക് മാത്രമല്ല ഉല്‍പ്പാദകര്‍ക്കും ഇങ്ങനെയൊരു മാര്‍ഗത്തെക്കുറിച്ച് ചിന്തിക്കാവുന്നതാണ്.

സംരംഭകര്‍ എന്താണ് ചെയ്യേണ്ടത്?

ചുരുക്കത്തില്‍ താഴെപ്പറയുന്ന കാര്യങ്ങളില്‍ ഈ ഘട്ടത്തില്‍ സംരംഭകര്‍ ഏറെ ശ്രദ്ധ പതിപ്പിക്കുക:

$ നിങ്ങളുടെ ബിസിനസ് മോഡലില്‍ മാറ്റം വരുത്തേണ്ടതുണ്ടോ? അതോ ഇങ്ങനെ തന്നെ പോയാല്‍ മതിയോ എന്ന് ചിന്തിക്കുക.

$ സ്ഥാപനങ്ങള്‍ 'ലീന്‍ അപ്രോച്ച്' പാലിക്കുക. അതായത് ആവശ്യമുള്ള വിഭവങ്ങള്‍ മാത്രം ഉപയോഗിച്ച് മുന്നോട്ടുപോകുക.

$ പ്രതിസന്ധിഘട്ടത്തില്‍ സംരംഭകര്‍ ലിക്വിഡിറ്റി ഉറപ്പുവരുത്തുക.

$ വലിയ നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുമ്പ് നൂറുവട്ടം ആലോചിക്കുക.

$ സാഹചര്യങ്ങള്‍ക്കൊത്ത് പെട്ടെന്നും എളുപ്പത്തിലും മാറാനുള്ള കഴിവ് (Agility) കൂട്ടുക. മാറ്റങ്ങളോട് വേഗം പ്രതികരിക്കുക.

$ ഈ സാഹചര്യം നാം പാരമ്പര്യമായി ചെയ്തിരുന്ന നല്ലതും ചീത്തയുമായ പല കാര്യങ്ങളും തുറന്നുകാണിക്കുന്നു. ഇതുവരെ നാം അതൊക്കെ യാന്ത്രികമായി ചെയ്ത് പോന്നിട്ടുണ്ടാകും. അതില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ ഒരു ആക്ഷന്‍ എടുക്കാന്‍ പറ്റിയ സമയമാണിത്.

പ്രൊഫഷണലുകള്‍ എന്ത് ചെയ്യണം?

ബിസിനസുകള്‍ ചിന്തിക്കേണ്ട അതേ കാര്യം തന്നെ പ്രൊഫഷണലുകള്‍ക്കും ബാധകമാണ്. ഞാന്‍ എന്റെ സ്ഥാപനത്തിന് എത്രത്തോളം പ്രസക്തനാണ്. എന്റെ ആവശ്യം എന്റെ സ്ഥാപനത്തില്‍ എത്രത്തോളമുണ്ട്? കമ്പനി അത് നോക്കുന്നതിനെ മുന്നേ നാം അത് ശ്രദ്ധിക്കണം. അത്തരത്തില്‍ നമുക്ക് സ്ഥാപനത്തില്‍ കാര്യമായ പ്രസക്തിയില്ലെങ്കില്‍ നമുക്ക് പ്രസക്തി കിട്ടുന്ന ഇടം എവിടെയാണോ അതിലേക്ക് നാം മാറണം. അവിടെയായിരിക്കണം നാം പ്രവര്‍ത്തിക്കേണ്ടത്.

എങ്ങനെയാണ് ഒരു പ്രൊഫഷണല്‍ മാറേണ്ടത്? തൊഴില്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ വരും. അതിനനുസരിച്ച് മാറാന്‍ കഴിയണം. ഈ വര്‍ഷം നിങ്ങളൊന്ന് നന്നായി പരിശ്രമിച്ചാല്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയും. പ്രൊഫഷണലുകള്‍ക്ക് തങ്ങളുടെ സ്‌കില്‍ കൂട്ടാനും ജോലിയില്‍ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെക്കാനും സഹായിക്കുന്ന ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തെരഞ്ഞെടുത്ത് പരിശീലനം നേടുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it