ബിസിനസ് നഷ്ടപ്പെടാതിരിക്കാന്‍ വന്‍കിട കമ്പനികള്‍ ചെയ്തതിതാണ്

കൊവിഡ് 19 ലോക സമ്പദ് വ്യവസ്ഥയെ തന്നെ തകര്‍ത്തു കൊണ്ടിരിക്കുകയാണ്. അടിമുടി മാറ്റത്തിന് തയാറെടുക്കുകയാണ് ലോകം. എല്ലാ മേഖലകളിലും പുതിയ രീതികളും പദ്ധതികളുമാകും ഇനിയുണ്ടാകുകയെന്ന് വിദഗ്ധര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു. പുതിയ ആവശ്യങ്ങളും ഉല്‍പ്പന്നങ്ങളുമാകും ഉപഭോക്താക്കള്‍ ആവശ്യപ്പെടുക. പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്നതിനൊപ്പം നൂതന ഭൗമമേഖലകളിലേക്ക് ബിസിനസ് പടര്‍ത്തിയാലേ മുന്നേറാനാവൂ എന്ന തിരിച്ചറിവ് സംരംഭകരിലും ഉണ്ടായിരിക്കുന്നു.

രാജ്യത്ത് പ്രമുഖ കമ്പനികളെല്ലാം ഇത് തിരിച്ചറിഞ്ഞ് നിലനില്‍പ്പിനായുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ്. പല കമ്പനികളും മൂലധന ചെലവ് വെട്ടിക്കുറയ്ക്കുക, നിലവിലെ പദ്ധതികള്‍ പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റുക, പണം സൂക്ഷിച്ച് ഉപയോഗിക്കുകയും തന്ത്രപ്രധാന മേഖലകളിലെ നിക്ഷേപം തുടരുകയും ചെയ്യുക തുടങ്ങി സംരംഭങ്ങളെ അടിമുടി മാറ്റാനുള്ള അവസരമായാണ് കൊവിഡിന്റെ വരവിനെ കാണുന്നത്.
ഇതാ ചില പ്രമുഖ കമ്പനികള്‍ കൊവിഡ് ഉയര്‍ത്തുന്ന ഭീഷണിയെ നേരിടാന്‍ നടത്തുന്ന നീക്കങ്ങള്‍.

ടാറ്റ സ്റ്റീല്‍

സ്റ്റീല്‍ ഉല്‍പ്പാദന രംഗത്ത് മുന്‍നിരയിലുള്ള സ്ഥാപനമാണിതെങ്കിലും നിലവിലെ സാഹചര്യത്തില്‍ നിര്‍മാണ മേഖല സ്തംഭിച്ചിരിക്കുമ്പോള്‍ പുതിയ ഉല്‍പ്പന്നങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നു. ഫൈബര്‍ റി ഇന്‍ഫോഴ്‌സ് പോളിമര്‍ (എഫ്ആര്‍പി) നിര്‍മാണമാണ് കമ്പനി പുതുതായി ആരംഭിച്ചിരിക്കുന്നത്. ഓട്ടോമോട്ടീവ്, ഇന്‍ഡസ്ട്രിയല്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, റെയ്ല്‍വേ മേഖലകളില്‍ ഒഴിവാക്കാനാവാത്ത വലിയ ഡിമാന്‍ഡുള്ള ഉല്‍പ്പന്നമാണിത്. വരുമാനത്തിന്റെ പത്തു ശതമാനം സ്റ്റീല്‍ ഇതര ഉല്‍പ്പന്നങ്ങളിലൂടെ 2025 ആകുമ്പോഴേക്ക് കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി.

ഭെല്‍

പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ഭെല്‍) മറ്റൊരു മാര്‍ഗമാണ് പ്രതിസന്ധി തരണം ചെയ്യുന്നതിനായി അവലംബിച്ചിരിക്കുന്നത്. വെറുതെയിട്ടിരിക്കുന്ന ഫാക്ടറികള്‍ ഉപയോഗപ്പെടുത്തുന്നതിനായി വിദേശ കമ്പനികളെ ക്ഷണിക്കുകയാണവര്‍. ഇതിലൂടെ വിദേശ കമ്പനികള്‍ക്ക് പുതിയ നിര്‍മാണ ഫാക്ടറി ഒരുക്കുന്നതിനുള്ള ബുദ്ധിമുട്ട് ഇല്ലാതാവുന്നതിനൊപ്പം ഭെല്ലിന് നിഷ്‌ക്രിയമായ ആസ്തിയിലൂടെ വരുമാനം കണ്ടെത്താനുമാകും.

ജെ എസ് ഡബ്ല്യു സ്റ്റീല്‍

പ്രമുഖ സ്റ്റീല്‍ ഉല്‍പ്പാദകരായ ജെഎസ്ഡബ്ല്യു ആഭ്യന്തര വിപണിയിലെ പ്രതിസന്ധി മറികടക്കാന്‍ കയറ്റുമതിയിലേക്ക് ശ്രദ്ധ തിരിച്ചിരിക്കുകയാണ്. ഏപ്രിലില്‍ ഉല്‍പ്പാദന ശേഷിയുടെ 38 ശതമാനം മാത്രമാണ് കമ്പനി ഉപയോഗിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ രണ്ടു പാദങ്ങളിലും കയറ്റുമതിയിലാകും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുക. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, പശ്ചിമേഷ്യ, യൂറോപ്പ് തുടങ്ങിയിടങ്ങളില്‍ നിന്നും പുതിയ ഓര്‍ഡറുകളും കമ്പനി നേടി. പുതിയ വിപണികള്‍ കണ്ടെത്തുന്നതിനൊപ്പം മൂന്നാം പാദത്തില്‍ ആഭ്യന്തര വിപണി കൂടി ശക്തിപ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടാറ്റ പവര്‍

റിന്യൂവ്ബ്ള്‍ എനര്‍ജിയിലും ഊര്‍ജ വിതരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഊര്‍ജ മേഖലയിലെ വമ്പന്‍ സ്ഥാപനമായ ടാറ്റ പവറിന്റെ തീരുമാനം. കൊവിഡിന് ശേഷം എന്തെന്ന് വിലയിരുത്തിയ ശേഷം മൂലധന ചെലവ് കുറച്ച് കൂടുതല്‍ നേട്ടമുണ്ടാക്കാനുള്ള സാധ്യതകള്‍ തേടും.

എല്‍ ആന്‍ഡ് ടി

കൊവിഡ് അത്രയേറെ ആഘാതം ഏല്‍പ്പിച്ചിട്ടില്ലാത്ത ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം ശക്തമാക്കുന്നതിനാണ് എല്‍ ആന്‍ഡ് ടിയുടെ തീരുമാനം. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ മിക്കതും എണ്ണവിലയിലെ ഇടിവിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്നതും ആ രാജ്യങ്ങളില്‍ ശക്തമായ സാന്നിധ്യമുള്ള കമ്പനിയെ മറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം റോഡുകളും പാലങ്ങളും ആശുപത്രികളും കൂടുതലായി ഉണ്ടാകുമെന്നും അത് പ്രയോജനപ്പെടുത്താമെന്നുമാണ് എല്‍ ആന്‍ഡ് ടിയുടെ പ്രതീക്ഷ. പുതിയ ഭൗമ മേഖലകള്‍ തേടുന്നത് എല്‍ ആന്‍ഡ് ടി മാത്രമല്ല, മിക്ക ഓട്ടോമൊബീല്‍ കമ്പനികളും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കടക്കമുള്ള കയറ്റുമതിക്ക് ശ്രമം തുടങ്ങിയിട്ടുണ്ട്.

മഹീന്ദ്ര ഗ്രൂപ്പ്

സാമ്പത്തിക അച്ചടക്കം പാലിക്കാനുള്ള ശ്രമാണ് മഹീന്ദ്ര ഗ്രൂപ്പ് പ്രധാനമായും നടത്തുന്നത്. അനാവശ്യമായ ചെലവുകള്‍ കുറയ്ക്കുന്നതിനും പണം അനുവദിക്കുന്നതില്‍ കടുത്ത നിബന്ധനകള്‍ വെച്ചും പണം ലാഭിക്കാനുള്ള വഴികളെ കുറിച്ച് കമ്പനിക്കുള്ളില്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it