ബിസിനസില്‍ മുന്നേറാന്‍ വി കെ മാത്യൂസ് മുന്നോട്ട് വെക്കുന്ന ആറു നിര്‍ദ്ദേശങ്ങള്‍

കോവിഡ് എന്ന് ലോകത്തുനിന്ന് അപ്രത്യക്ഷമാകുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. മഹാമാരി അതിന്റെ തീഷ്ണതയിലെത്തുന്നതേയുള്ളുവെന്ന നിഗമനങ്ങളുമുണ്ട്. ആഗോള സമ്പദ് വ്യവസ്ഥയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും കേരളത്തിന്റെ സാമ്പത്തിക രംഗവുമെല്ലാം കോവിഡ് സൃഷ്ടിച്ച ആഘാതത്തില്‍ പെട്ട് ഉഴലുകയാണ്. കോവിഡിന് മുമ്പുള്ള കാലത്തേക്ക് കാര്യങ്ങള്‍ തിരിച്ചുപോകാന്‍ 2022 വരെയെങ്കിലും കാത്തിരിക്കണമെന്ന അനുമാനങ്ങളുമുണ്ട്. എന്നിരുന്നാലും മക്്കിന്‍സി അടുത്തിടെ ലോകമെമ്പാടുമുള്ള 200 ചീഫ് എക്സിക്യുട്ടീവുമാര്‍ക്കിടയില്‍ ഒരു സര്‍വെ നടത്തി. മൂന്ന് കാര്യങ്ങളില്‍ അവരുടെ പ്രതീക്ഷകളെ കുറിച്ചുള്ള അഭിപ്രായം തേടുകയായിരുന്നു സര്‍വെയുടെ ഉദ്ദേശം. ജിഡിപി, സമ്പദ് വ്യവസ്ഥ, അവരുടെ സ്വന്തം കമ്പനിയുടെ പ്രകടനം എന്നിവയായിരുന്നു അവ. കുറച്ചുനാളുകളായി തുടരുന്നതാണ് ഈ സര്‍വെ. ഏറ്റവും പുതിയ സര്‍വെയില്‍ 30 ശതമാനം പേര്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവരുന്നതായാണ് അഭിപ്രായപ്പെട്ടത്.

ബിസിനസുകളുടെയും രാഷ്ട്രങ്ങളുടെയും നിയന്ത്രണത്തിന് അപ്പുറമുള്ള ഷോക്കാണ് ഇപ്പോഴത്തേതെന്നാണ് ഐബിഎസ് സ്ഥാപക ചെയര്‍മാന്‍ വി കെ മാത്യൂസിന്റെ അഭിപ്രായം. 'അതുകൊണ്ട് തന്നെ അതു സൃഷ്ടിച്ച ആഘാതവും തീവ്രമാണ്. ലോകത്തെ പ്രമുഖ സമ്പദ് വ്യവസ്ഥകള്‍ ചുരുങ്ങുകയാണ്. സര്‍ക്കാര്‍ ചെലവിടലുകളും ഗണ്യമായി കുറയുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് ഇപ്പോഴും ഉല്‍പ്പന്നങ്ങളും സേവനങ്ങളും ആവശ്യമാണ്. പക്ഷേ അവരുടെ താല്‍പ്പര്യങ്ങളില്‍ ഗണ്യമായ മാറ്റങ്ങളുണ്ട്.', അദ്ദേഹം പറയുന്നു.

ബിസിനസുകളുടെയും സമ്പദ് വ്യവസ്ഥയുടെയും തിരിച്ചുകയറ്റം ഒരിക്കലും 'V' ഷേപ്പിലാകാന്‍ സാധ്യതയില്ലെന്നും മിക്കവാറും അത് 'W' ഷേപ്പിലാകുമെന്നും. ഇക്കണോമിക് സെന്റിമെന്റ് കുറച്ചുകൂടി മെച്ചപ്പെട്ടുവരുന്നതായാണ് കാണുന്നതെന്നും വി കെ മാത്യൂസ് അഭിപ്രായപ്പെടുന്നു.

ഓഹരി വിപണിയില്‍ സമുന്നത ശ്രേണിയിലെ, അതായത് ടോപ്പ് 20 ശതമാനം കമ്പനികള്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് മുന്നേറുകയും ഏറ്റവും താഴെക്കിടയിലെ കമ്പനികള്‍ അടിത്തറ നഷ്ടമായി വീണ്ടും വീണ്ടും താഴേക്ക് പോകുകയും ചെയ്യുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്്. അതായത് വിജയികള്‍ കൂടുതല്‍ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ ദുര്‍ബലര്‍ കൂടുതല്‍ ദുര്‍ബലര്‍ ആകുന്നു. ഇവര്‍ക്കിടയിലെ അന്തരവും കൂടിക്കൂടി വരുന്നു.

'ഫ്യൂച്ചര്‍ റെഡി' യായ സംരംഭങ്ങള്‍ ഇക്കാലത്ത് വളരെ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയാണ്. ഓണ്‍ലൈന്‍ ഡെലിവറി, ടെലി മെഡിസിന്‍, ഓണ്‍ലൈന്‍ എഡ്യുക്കേഷന്‍ തുടങ്ങിയ രംഗങ്ങളില്‍ അടുത്ത നാളുകളില്‍ സമാനകളില്ലാത്ത വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.

വി കെ മാത്യൂസിന്റെ അഭിപ്രായത്തില്‍ ഇതില്‍ നിന്നെല്ലാം മനസ്സിലാക്കേണ്ട ആറുകാര്യങ്ങള്‍ ഇവയാണ്.

1. ടെക്നോളജിയാണ് ഇനി എന്തിന്റെയും കേന്ദ്രബിന്ദു. അതിന്റെ മുന്‍തൂക്കം നേട്ടിയെടുക്കാന്‍ ഗൗരവമായി ശ്രമിക്കുക.

2. ഞങ്ങള്‍ ട്രാവല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. കോവിഡ് മൂലം ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ട മേഖല കൂടിയാണ്. എന്നാല്‍ ഏത് രംഗത്തും ഇപ്പോള്‍ പുതിയ അവസരങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അത് കണ്ടെത്തുക.

3. കരുത്തന്മാര്‍ കൂടുതല്‍ കരുത്തര്‍ ആകുകയും ദുര്‍ബലര്‍ കൂടുതല്‍ ദുര്‍ബലര്‍ ആകുകയും ചെയ്യുകയാണ്. വരുമാനത്തിലും ഈ അന്തരം പ്രകടമാകും. ഇതെല്ലാം കൃത്യമായി മനസ്സിലാക്കുക.

4. മുന്‍ധാരണ പ്രകാരം ഇപ്പോള്‍ കാര്യങ്ങള്‍ നടക്കണമെന്നില്ല. ലക്ഷ്യത്തിലേക്ക് വഴി മാറി സഞ്ചരിക്കാന്‍ ബിസിനസുകാര്‍ തയ്യാറാകണം.

5. കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് എത്താന്‍ അടുത്ത അഞ്ച് ത്രൈമാസങ്ങളെങ്കിലും എടുത്തേക്കും. ആ വസ്തുത മനസ്സിലാക്കി ബിസിനസിലും ജീവിതത്തിലും യാഥാര്‍ത്ഥ്യബോധത്തോടെയുള്ള വീക്ഷണം കൊണ്ടുവരിക. മികച്ച വാങ്ങല്‍ അവസരങ്ങള്‍ ഇതിനിടെ ഉയര്‍ന്നുവന്നേക്കാം. കൈയില്‍ പണം കരുതി വെയ്ക്കുക.

6. ഏറ്റവും പ്രധാനം സാമൂഹികമായി പ്രതിബദ്ധതയോടെ നിലകൊള്ളുക എന്നതാണ്. ഇക്കാലത്ത് അത് അനിവാര്യമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it