കോവിഡില്‍ വികെസിക്ക് സംഭവിച്ചതെന്ത്? പുതിയ തിരിച്ചറിവുകളെ കുറിച്ച് വി നൗഷാദ്

ഉല്‍പ്പന്നങ്ങളുടെ വലിയൊരു നിരയുമായി വിപണി കാത്തിരുന്ന വികെസി ഗ്രൂപ്പിനെ കോവിഡ് മഹാമാരി കുഴക്കി. ആ വെല്ലുവിളി മറികടന്നതെങ്ങനെയെന്ന് വ്യക്തമാക്കുകയാണ് മാനേജിംഗ് ഡയറക്റ്റര്‍ വി നൗഷാദ്

-Ad-

കോവിഡ് മഹാമാരി പടരുന്നതിന് മുമ്പ്, പുതിയ സീസണിനു വേണ്ടി വലിയ മുന്നൊരുക്കങ്ങളാണ് വികെസി ഗ്രൂപ്പ് നടത്തിയത്. വിപണിയില്‍ നിന്ന് മുന്‍കൂര്‍ ഓര്‍ഡര്‍ എടുക്കുകയും അതനുസരിച്ച് ഉല്‍പ്പന്ന നിര്‍മാണത്തിന് വന്‍തോതില്‍ അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുകയും ചെയ്തു. 600 ഓളം പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കുകയും ചെയ്തു. അപ്പോഴാണ് കോവിഡ് വന്നത്. അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചു പോയ അവസരമായിരുന്നു അതെന്ന്, വികെസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ വി നൗഷാദ്.

‘പക്ഷേ പിന്നീട് ഞങ്ങള്‍ പതുക്കെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു. ഏത് ബിസിനസ് ആരംഭിക്കുമ്പോഴും ആദ്യഘട്ടത്തില്‍ നാം നമ്മുടെ ഉപഭോക്താവിന്റെ ആവശ്യങ്ങളാകും ഉറ്റുനോക്കുക. അവര്‍ക്ക് വേണ്ടതെന്തെന്ന് അറിഞ്ഞ് നല്‍കാന്‍ എപ്പോഴും ശ്രമിക്കും. എന്നാല്‍ ബിസിനസ് വളരാന്‍ തുടങ്ങുമ്പോള്‍ നമുക്ക് ആ ശ്രദ്ധ പതുക്കെ കുറയാന്‍ തുടങ്ങും. പുതിയ കുറേ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരും. ലാഭവും വില്‍പ്പനയും കൂട്ടാനുള്ള വഴികള്‍ നോക്കും. അവിടെ പലപ്പോഴും ഉപഭോക്താവിന്റെ യഥാര്‍ത്ഥ ആവശ്യമെന്തെന്ന് നാം മറന്ന് പോകും. അല്ലെങ്കില്‍ അവഗണിക്കപ്പെടും.’, അദ്ദേഹം പറയുന്നു.

‘ഈ കോവിഡ് കാലം ഇക്കാര്യത്തില്‍ വലിയൊരു തിരിച്ചറിവാണ് നല്‍കിയിരിക്കുന്നത്. നിങ്ങളുടെ ഉല്‍പ്പന്നം ആര്‍ക്ക് വേണ്ടിയാണോ അവരുടെ ഇപ്പോഴത്തെ ആവശ്യത്തിന് ഉപകരിക്കുന്നതാണോ നിങ്ങള്‍ നല്‍കുന്നതെന്ന് ആഴത്തില്‍ ചിന്തിക്കണം. ഞങ്ങള്‍ പുതിയൊരു ബിസിനസ് ലൈനിന് തുടക്കമിട്ടിരുന്നു. പുതിയൊരു ബ്രാന്‍ഡ് നാമത്തോട് കൂടി. പക്ഷേ അതിന് ഇപ്പോള്‍ വലിയ വിപണിയുണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞു. അപ്പോള്‍ ആ ബ്രാന്‍ഡില്‍ ഇപ്പോള്‍ ചൂടപ്പം പോലെ വിറ്റഴിയുന്ന, ജനങ്ങള്‍ക്ക് ആവശ്യമുള്ള മാസ്‌കുകള്‍ ഞങ്ങള്‍ വിപണിയിലെത്തിച്ചു.’, നൗഷാദ് പറയുന്നു.

-Ad-

ഉപഭോക്താവ് യഥാര്‍ത്ഥത്തില്‍ അനുഭവിക്കുന്ന ഒരു പ്രശ്നത്തിന് പരിഹാരം കാണുന്നതാകണം നിങ്ങളുടെ ഉല്‍പ്പന്നമെന്നും എന്നാല്‍ മാത്രമേ അതിന് ഭാവിയുണ്ടാകൂവെന്നും അവിടെ മാത്രമേ ബിസിനസ് അവസരം ഉണ്ടാകുകയുള്ളൂവെന്നും വി നൗഷാദ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here