കൊറോണ: എസ്ബിഐയും ടാറ്റാ മോട്ടോഴ്‌സും ഹിന്ദുസ്ഥാന്‍ യൂണിലിവറും ചെയ്തതെന്ത്?

250 ലേറെ പേര്‍ക്ക് പടര്‍ന്ന് കൊറോണ രാജ്യത്ത് വ്യാപിച്ചു കൊണ്ടിരിക്കെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ടാറ്റാ മോട്ടോഴ്‌സും ഹിന്ദുസ്ഥാന്‍ യൂണിലിവറും അടക്കമുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ അതിനെതിരെ പോരാടാന്‍ നടപടികളുമായി മുന്നോട്ട് പോകുകയാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ പകുതി ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. ഒന്നിടവിട്ട ദിവസങ്ങളിലായി എല്ലാ ജീവനക്കാര്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അവസരമുണ്ട്. ബാങ്കിംഗ് സേവനങ്ങള്‍ ഒരു തരത്തിലും മുടങ്ങിപ്പോകരുതെന്ന സര്‍ക്കുലറും ബാങ്ക് ജീവനക്കാര്‍ക്കായി പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നു മുതല്‍ ഏപ്രില്‍ നാലു വരെയാണ് ജീവനക്കാര്‍ക്ക് വര്‍ക്ക് അറ്റ് ഹോം നല്‍കിയിരിക്കുന്നത്. കാനറാ ബാങ്കാകട്ടെ മൂന്നു ദിവസത്തെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്താല്‍ മതിയെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മാത്രമല്ല, എല്ലാ ശാഖകളിലും പാസ് ബുക്ക് പ്രിന്റ് ചെയ്ത് നല്‍കുന്ന സംവിധാനം താല്‍ക്കാലികമായി നിര്‍ത്തി വെക്കുകയും ചെയ്തു. ഇതു വഴി രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയിലാണിത്.

ഉല്‍പ്പാദനം കുറച്ച് ടാറ്റ

ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ അടക്കമുള്ള വാഹന ബ്രാന്‍ഡുകള്‍ സ്വന്തമായുള്ള ടാറ്റ മോട്ടോഴ്‌സ് ഉല്‍പ്പാദനം കുറച്ചു. ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയിലാണ് ടാറ്റയുടെ ഏറ്റവും വലിയ നിര്‍മാണ ഫാക്റ്ററിയുള്ളത്. പൂനെയിലുള്ള പ്ലാന്റ് ചൊവ്വാഴ്ചയോടെ അടച്ചിടുമെന്നാണ് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചത്. എന്നാല്‍ തൊഴിലാളികള്‍ക്ക് വേതനം പതിവു പോലെ ലഭിക്കും. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ സെല്‍ഫ് ഐസലേഷന്‍, ക്വാറന്റൈന്‍ മൂലം ജോലിക്ക് എത്താനാകാത്ത കരാര്‍ തൊഴിലാളികളടക്കമുള്ളവരുടെ വേതനം നല്‍കുമെന്നാണ് ടാറ്റ സണ്‍ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ അറിയിച്ചിട്ടുള്ളത്.

ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി നല്‍കി എച്ച് യു എല്‍

വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളിലൂടെ രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ സോപ്പ് അടക്കമുള്ള പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങളുടെയും വില 15 ശതമാനം കുറച്ചു. ലൈഫ് ബോയ് ഹാന്‍ഡ് സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ്, ഡൊമെക്‌സ് ഫ്‌ളോര്‍ ക്ലീനര്‍ എന്നിവയെല്ലാം ഇതില്‍പ്പെടുന്നു. ഇത്തരം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കൂടിയ സാഹചര്യത്തില്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചിരിക്കുകയുമാണ്. മാത്രമല്ല, രണ്ടു കോടി ലൈഫ് ബോയ് സോപ്പ് സൗജന്യമായി നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it